21
إِنَّ جَهَنَّمَ كَانَتْ مِرْصَادًا ﴿٢١﴾

തീർച്ചയായും ‘ജഹന്നം’ പതിയിരിക്കുന്ന സ്ഥലമാകുന്നു.

തഫ്സീർ മുഖ്തസ്വർ :

إِنَّ جَهَنَّمَ كَانَتْ رَاصِدَةً مُرْتَقِبَةً.

തീർച്ചയായും നരകം പതിയിരിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതാകുന്നു.

വിശദീകരണം:

“നരകത്തിന് ധാരാളം പേരുകളുണ്ട്. ‘ജഹന്നം’ എന്നത് അതിലൊന്നാണ്. കൂരാകൂരിരുട്ടും വലിയ ആഴവുമുള്ളതിനാലാണ് ഈ പേര് നരകത്തിന് നൽകപ്പെട്ടത്. അല്ലാഹുവിനെ ധിക്കരിച്ചവർക്കായി ഒരുക്കി വെക്കപ്പെട്ട നിലയിൽ നരകം നിലകൊള്ളുന്നു.” (ഉഥൈമീൻ: 26)

22
لِّلطَّاغِينَ مَآبًا ﴿٢٢﴾

അതിരുകവിഞ്ഞവർക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.

തഫ്സീർ മുഖ്തസ്വർ :

لِلظَّالِمِينَ مَرْجِعًا يَرْجِعُونَ إِلَيْهِ.

നരകം അതിക്രമികൾക്ക് മടങ്ങിച്ചെല്ലാനുള്ള സങ്കേതമായിരിക്കും.

വിശദീകരണം:

“ആയത്തിൽ പരാമർശിക്കപ്പെട്ട അതിരുകവിച്ചിൽ രണ്ട് രൂപത്തിലുണ്ട്.

ഒന്ന്: അല്ലാഹുവിനോടുള്ള ബാധ്യതകളിൽ സംഭവിക്കുന്നത്. അല്ലാഹു നിർബന്ധമാക്കിയ കാര്യം ഉപേക്ഷിക്കുന്നതിലൂടെയും, നിഷിദ്ധമാക്കിയവ പ്രവർത്തിക്കുന്നതിലൂടെയുമാണ് ഇത് സംഭവിക്കുക.

രണ്ട്: സൃഷ്ടികളോടുള്ള ബാധ്യതകളിൽ സംഭവിക്കുന്നത്. മറ്റുള്ളവൻ്റെ സമ്പാദ്യത്തിലും രക്തത്തിലും അഭിമാനത്തിലും അതിരുകവിയുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.” (ഉഥൈമീൻ: 27)

23
لَّابِثِينَ فِيهَا أَحْقَابًا ﴿٢٣﴾

അവർ അതിൽ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.

തഫ്സീർ മുഖ്തസ്വർ :

مَاكِثِينَ فِيهَا أَزْمِنَةً وَدُهُورًا لَا نِهَايَةَ لَهَا.

അവരതിൽ അവസാനമില്ലാതെ കാലങ്ങളോളം വസിക്കുന്നവരായിരിക്കും.

വിശദീകരണം:

“ഈ ആയത്തിൽ പരാമർശിക്കപ്പെട്ട കാലങ്ങളോളമുള്ള നരകവാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അവസാനമില്ലാത്ത, ശാശ്വതമായ നരകവാസമാണ്. നരകവും സ്വർഗവും അല്ലാഹു സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു എന്നും, അവ ഒരിക്കലും നശിച്ചു പോകാത്ത സൃഷ്ടികളാണെന്നുമാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅതിൻ്റെ വിശ്വാസം.

സ്വർഗനരകങ്ങളുടെ വിഷയത്തിൽ നിർബന്ധമായും നാം വിശ്വസിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്.

ഒന്ന്: സ്വർഗവും നരകവും സൃഷ്ടിക്കപ്പെട്ട നിലയിൽ ഇപ്പോൾ നിലകൊള്ളുന്നുണ്ട്. ഖുർആനിലും സുന്നത്തിലും ഇക്കാര്യം അറിയിക്കുന്ന അനേകം തെളിവുകളുമുണ്ട്.

രണ്ട്: സ്വർഗവും നരകവും ശാശ്വതഗേഹങ്ങളാണ്. സ്വർഗത്തിൽ പ്രവേശിച്ചവർ അതിൽ ശാശ്വതമായി വസിക്കുന്നതാണ്. എന്നാൽ തിന്മകൾ പ്രവർത്തിച്ചതിനാൽ നരകത്തിൽ പ്രവേശിക്കപ്പെടുന്ന -ഇസ്ലാമിൽ വിശ്വസിച്ച മുഅ്മിനീങ്ങൾ-; അവർ അല്ലാഹു ഉദ്ദേശിക്കുന്ന കാലം വരെ നരകത്തിൽ ശിക്ഷിക്കപ്പെടുകയും, ശേഷം സ്വർഗത്തിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നതാണ്.” (ഉഥൈമീൻ: 28-29)

24
لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا ﴿٢٤﴾

കുളിർമയോ കുടിനീരോ അവർ അവിടെ ആസ്വദിക്കുകയില്ല.

തഫ്സീർ മുഖ്തസ്വർ :

لَا يَذُوقُونَ فِيهَا هَوَاءً بَارِدًا يَبْرُدُ حَرَّ السَّعِيرِ عَنْهُمْ، وَلَا يَذُوقُونَ فِيهَا شَرَابًا يُتَلذَّذُ بِهِ.

കത്തിജ്വലിക്കുന്ന നരകത്തിൻ്റെ ചൂടിൽ നിന്ന് തണുപ്പ് നൽകുന്ന കുളിർമ്മയുള്ള കാറ്റോ, ആസ്വദിക്കാൻ കഴിയുന്ന എന്തെങ്കിലുമൊരു പാനീയമോ അവർക്കവിടെ ലഭിക്കുകയില്ല.

വിശദീകരണം:

“നരകത്തെ കുറിച്ച് ഖുർആനിലും സുന്നത്തിലും പരാമർശിക്കപ്പെട്ട താക്കീതുകൾ വായിച്ചാൽ സലഫുകളിൽ ചിലർ പറഞ്ഞ വാക്ക് നമുക്കോർമ്മ വരും. അവർ പറഞ്ഞു: “നരകത്തിൻ്റെ കാര്യം അത്ഭുതം തന്നെ; എങ്ങനെയാണ് അതിൽ നിന്ന് ഓടിരക്ഷപ്പെടുന്നവന് ഉറങ്ങാൻ കഴിയുക? സ്വർഗത്തിൻ്റെ കാര്യവും അത്ഭുതം തന്നെ; എങ്ങനെയാണ് അത് തേടുന്നവന് ഉറങ്ങാൻ കഴിയുക?!”

ചിന്തിച്ചു നോക്കൂ! ഭൂമിയുടെ അങ്ങേയറ്റത്ത് നിങ്ങൾക്കായി വലിയൊരു കൊട്ടാരവും അതിൽ അരുവികളും ഇണകളും പഴവർഗങ്ങളും ഒരുക്കി വെച്ചിരിക്കുന്നു എന്ന് പറയപ്പെട്ടാൽ എന്തായിരിക്കും നമ്മുടെ സ്ഥിതി?!

ജനങ്ങളെ നോക്കൂ! ഒന്നോ രണ്ടോ ദീനാറുകൾ നേടിയെടുക്കുന്നതിന് അവർ കിഴക്കും പടിഞ്ഞാറും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ഈ പരിശ്രമങ്ങൾക്കെല്ലാം ശേഷം അവർ ആഗ്രഹിക്കുന്നത് ലഭിച്ചേക്കാം; ചിലപ്പോൾ ലഭിക്കാതിരുന്നേക്കാം!

എന്നാൽ നാമാകട്ടെ, സ്വർഗം അന്വേഷിക്കുന്നതിലും, നരകത്തിൽ നിന്ന് രക്ഷപ്പെടുന്നതിലും ഇപ്രകാരം അലസത പുലർത്തുകയും ചെയ്യുന്നു. നരകത്തിൽ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. നമ്മെയും നിങ്ങളെയും അവൻ സ്വർഗക്കാരിൽ ഉൾപ്പെടുത്തുകയും ചെയ്യട്ടെ.” (ഉഥൈമീൻ: 29-30)

25
إِلَّا حَمِيمًا وَغَسَّاقًا ﴿٢٥﴾

കൊടുംചൂടുള്ള വെള്ളമോ ‘ഗസ്സാഖോ’ അല്ലാതെ.

തഫ്സീർ മുഖ്തസ്വർ :

لَا يَذُوقُونَ إِلَّا مَاءً شَدِيدَ الحَرَارَةِ، وَمَا يَسِيلُ مِنْ صَدِيدِ أَهْلِ النَّارِ.

ചുട്ടുതിളക്കുന്ന വെള്ളമോ, നരകക്കാരുടെ ചലങ്ങളിൽ നിന്നൊലിക്കുന്ന ‘ഗസ്സാഖോ’ അല്ലാതെ അവർ അവിടെ രുചിക്കുകയില്ല.

26
جَزَاءً وِفَاقًا ﴿٢٦﴾

അനുയോജ്യമായ പ്രതിഫലമത്രെ അത്.

തഫ്സീർ മുഖ്തസ്വർ :

جَزَاءً مُوَافِقًا لِمَا كَانُوا عَلَيْهِ مِنَ الكُفْرِ وَالضَّلَالِ.

(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) അവർ നിഷേധിച്ചതിനും, വഴികേട് സ്വീകരിച്ചതിനുമുള്ള യോജിച്ച പ്രതിഫലമത്രെ അത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: