നബി -ﷺ- ജനിച്ചത് ഒരു തിങ്കളാഴ്ച്ച ദിവസമായിരുന്നു. അക്കാര്യം അവിടുന്ന് തന്നെ സ്വഹാബികളെ അറിയിച്ചിട്ടുണ്ട്.
عَنْ أَبِي قَتَادَةَ أَنَّ رَسُولَ اللَّهِ -ﷺ- سُئِلَ عَنْ صَوْمِ يَوْمِ الاثْنَيْنِ فَقَالَ: «فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَيَّ»
അബൂ ഖതാദ -رَضِيَ اللَّهُ عَنْهُ- പറയുന്നു: “നബി -ﷺ- യോട് തിങ്കളാഴ്ച്ച ദിവസത്തെ നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: “ആ ദിവസമാണ് ഞാൻ ജനിച്ചത്. ആ ദിവസം തന്നെയാണ് എനിക്ക് (ആദ്യമായി) ഖുർആൻ അവതരിപ്പിക്കപ്പെട്ടതും.” (മുസ്‌ലിം: 1162)
അവിടുന്ന് ജനിച്ച വർഷം ഏതാണ് എന്നതിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ആനക്കലഹം നടന്ന വർഷമാണ് അവിടുന്ന് ജനിച്ചത് എന്നതാണ് ഏറ്റവും പ്രബലമായ അഭിപ്രായം.
عَنْ قَيْسِ بْنِ مَخْرَمَةَ قَالَ: وُلِدْتُ أَنَا وَرَسُولُ اللَّهِ -ﷺ- عَامَ الْفِيلِ.
ഖയ്സു ബ്നു മഖ്റമഃ പറയുന്നു: “ഞാനും നബി -ﷺ- യും ജനിച്ചത് ആനക്കലഹത്തിന്റെ വർഷമാണ്.” (അഹ്മദ്: 17891, ഈ ഹദീഥിന്റെ പരമ്പരയിൽ ദുർബലതയുണ്ട് എന്ന് ശൈഖ് അൽബാനി വിലയിരുത്തിയിട്ടുണ്ട്.)
നബി -ﷺ- ജനിച്ച മാസവും ദിവസവും ഏതാണെന്നതിലും ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. റബീഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് അവിടുന്ന് ജനിച്ചതെന്ന അഭിപ്രായമാണ് ഏറ്റവും പ്രസിദ്ധമായ അഭിപ്രായമെന്ന് ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- വിലയിരുത്തിയിട്ടുണ്ട്. (ബിദായ വന്നിഹായഃ: 1/663)
മൗലിദാഘോഷം
നബി -ﷺ- യുടെ ജന്മദിനം അറിയുന്നത് കൊണ്ട് മാത്രം അനുഷ്ഠിക്കാവുന്ന ഒരു മതകർമ്മവും ഇസ്‌ലാമിലില്ല. ദീനുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇബാദത് നിർവ്വഹിക്കേണ്ട ദിവസമായി അവിടുന്ന് ജനിച്ച ദിവസത്തെ സ്വഹാബികൾ മനസ്സിലാക്കിയിരുന്നെങ്കിൽ അവർ അത് ചോദിച്ചു മനസ്സിലാക്കുകയും, തങ്ങൾക്ക് ശേഷമുള്ള തലമുറകൾക്ക് കൈമാറുകയും ചെയ്യുമായിരുന്നു. അങ്ങനെ അവർ ചെയ്തിരുന്നെങ്കിൽ -മേൽ പറഞ്ഞതു പോലെ- നബി -ﷺ- ജനിച്ച ദിവസവും മാസവും പോലും ഉറപ്പിച്ചു പറയാൻ കഴിയാത്ത രൂപത്തിൽ ഒരു അഭിപ്രായവ്യത്യാസം ആ വിഷയത്തിൽ ഉടലെടുക്കുകയില്ലായിരുന്നു.
മുഹറം പത്തിന് ആശൂറാഅ് നോമ്പ് നോൽക്കണമെന്നും, ദുൽഹിജ്ജ ഒൻപതിന് അറഫാ നോമ്പ് അനുഷ്ഠിക്കണമെന്നും, തിങ്കളും വ്യാഴവും സുന്നത്ത് നോമ്പുകളുണ്ടെന്നും കൃത്യമായി അറിഞ്ഞു വെക്കുകയും, താബിഈങ്ങൾക്ക് പഠിപ്പിച്ചു നൽകുകയും ചെയ്ത സ്വഹാബികൾ നബി -ﷺ- യുടെ ജന്മദിനം പ്രത്യേകമായി പറഞ്ഞു നൽകാതെ വിട്ടു എന്നതിൽ നിന്ന് തന്നെ നബി -ﷺ- യുടെ ജന്മദിവസത്തിൽ പ്രത്യേകിച്ച് എന്തെങ്കിലുമൊരു ഇബാദത് നിശ്ചയിക്കപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കാം.
എന്നാൽ ധാരാളം നാടുകളിൽ അനേകം മുസ്‌ലിമീങ്ങൾ കൊണ്ടാടുന്ന നബിദിനാഘോഷം എന്ന പ്രവൃത്തിയാകട്ടെ, ഇസ്‌ലാമിൽ സ്ഥിരപ്പെടാത്ത കർമ്മവും, തീർച്ചയായും ഒഴിവാക്കിയിരിക്കേണ്ട പുത്തനാചാരവുമാണ്. കാരണം:
ഒന്ന്: നബി -ﷺ- ജനിച്ച ദിവസം ഏതാണെന്ന് വ്യക്തമായി ഉറപ്പിച്ചു പറയാവുന്ന ഒരു തെളിവുമില്ല. റബീഉൽ അവ്വലിൽ തന്നെയാണോ അവിടുന്ന് ജനിച്ചത് എന്നതിൽ വരെ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇസ്‌ലാമിൽ ഇബാദതായി നിശ്ചയിക്കപ്പെടുന്ന ഒരു കാര്യം ഈ രൂപത്തിൽ അവ്യക്തമാവുകയില്ല.
രണ്ട്: നബി -ﷺ- അവിടുത്തെ ജീവിതകാലഘട്ടത്തിൽ ഒരിക്കൽ പോലും തന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ജന്മദിനം ആഘോഷിക്കുക എന്നത് മുസ്‌ലിംകളുടെ രീതിയുമായിരുന്നില്ല. 63 വർഷക്കാലത്തിൽ ഒരിക്കൽ പോലും അവിടുന്ന് ആഘോഷിക്കാത്ത ജന്മദിനം എങ്ങനെ ഇസ്‌ലാമിന്റെ ഭാഗമായിത്തീരും?
മൂന്ന്: നബി -ﷺ- ജീവനേക്കാൾ സ്നേഹിച്ച സ്വഹാബികളിൽ ഒരാൾ പോലും നബിദിനം ആഘോഷിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല. അവർക്ക് ശേഷം താബിഈങ്ങളോ, തബഉത്താബിഈങ്ങളോ, നാല് മദ്‌ഹബിന്റെ ഇമാമുമാരോ ഇങ്ങനെയൊരു ആഘോഷം നടത്തിയിട്ടില്ല. നബിദിനാഘോഷം എന്തെങ്കിലും നന്മയുള്ളതായിരുന്നു എങ്കിൽ അവർ നമ്മേക്കാൾ മുൻപ് അത് പ്രവർത്തിക്കുമായിരുന്നു.
നാല്: നബി -ﷺ- വഫാത്തായത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് എന്നത് പണ്ഡിതന്മാർ പൊതുവെ യോജിച്ച കാര്യമാണ്. നബി -ﷺ- വഫാതായ ദിവസം ആഘോഷിക്കുക എന്നത് ഒരിക്കലും ദീനിന്റെ ഭാഗമാവുകയില്ല. അവിടുന്ന് വിടവാങ്ങി എന്നതിനേക്കാൾ വലിയ ഒരു പ്രയാസവും ഒരു മുസ്‌ലിമിന് ബാധിക്കാനുമില്ല. (കുനൂസുസ്സീറ: 18-19)
നബി -ﷺ- യുടെ ജനനവേളയിൽ പ്രകടമായ അത്ഭുതങ്ങൾ
നബി -ﷺ- യുടെ ജനനവേളയിൽ ചില അടയാളങ്ങളും അത്ഭുതങ്ങളും പ്രകടമാവുകയുണ്ടായി.
1- നബി -ﷺ- യുടെ മാതാവ് കണ്ട സ്വപ്നം:
عَنِ العِرْبَاضِ بنِ سَارِيَةَ قَالَ: سَمِعْتُ رسُولَ اللَّهِ -ﷺ- يَقُولُ: «إنِّي عِنْدَ اللَّهِ مَكْتُوبٌ بِخَاتَمِ النَّبِيِّينَ، وَإنَّ آدَمَ عَلَيهِ السَّلامُ لَمُنْجَدِلٌ في طِينَتِهِ، وسَأُخْبِرُكُمْ بِأَوَّلِ ذَلِكَ: دَعْوَةُ أَبِي إبْرَاهِيمَ، وبِشَارَةُ أخِي عِيسَى، ورُؤْيَا أُمِّي التِي رَأَتْ حِينَ وَضَعَتْنِي أَنَّهُ خَرَجَ مِنْهَا نُورٌ أضَاءَتْ لَهَا مِنْهُ قُصُورُ الشَّامِ»
ഇർബാദ്വു ബ്നു സാരിയ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആദം -عَلَيْهِ السَّلَامُ- കളിമണ്ണിൽ പുതഞ്ഞു കിടക്കുന്ന സന്ദർഭത്തിൽ നബിമാരിൽ അന്തിമനബിയാണ് ഞാൻ എന്നത് അല്ലാഹുവിങ്കൽ രേഖപ്പെടുത്തപ്പെട്ട നിലയിലുണ്ട്. അതിന്റെ ആരംഭത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു നൽകാം: എന്റെ പിതാവായ ഇബ്രാഹീമിന്റെ പ്രാർത്ഥനയും, എന്റെ സഹോദരനായ ഈസയുടെ സന്തോഷവാർത്തയും, എന്നെ പ്രസവിച്ച വേളയിൽ എന്റെ ഉമ്മ കണ്ട സ്വപ്നവുമാണത്. ഉമ്മയിൽ നിന്ന് ഒരു പ്രകാശം പുറപ്പെടുകയും, അത് മുഖേന ശാമിലെ *** കൊട്ടാരങ്ങൾ പ്രകാശിക്കുകയും ചെയ്യുന്നതായിരുന്നു ഉമ്മയുടെ സ്വപ്നം.” (അഹ്മദ്: 17163, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
*** ശാം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സിറിയ, ലബ്‌നാൻ, ഫിലസ്ത്വീൻ, ജോർദാൻ എന്നീ നാടുകൾ ചേരുന്ന ഭൂപ്രദേശമാണ്. ഇസ്‌ലാം വന്നെത്തിയ ശേഷം വളരെയധികം കാലഘട്ടം ഒരേ ഭരണാധികാരിക്ക് കീഴിൽ വന്നിരുന്ന പ്രദേശങ്ങളായിരുന്നു ഇതെല്ലാം. എന്നാൽ പിന്നീട് പാശ്ചാത്യ അധിനിവേശങ്ങളുടെ ഭാഗമായി ഈ നാട് നാല് കഷ്ണങ്ങളായി വീതിക്കപ്പെടുകയാണുണ്ടായത്. അല്ലാഹു മുസ്‌ലിമീങ്ങളുടെ പ്രതാപവും ആധിപത്യവും തിരിച്ചു നൽകുകയും, ആ നാടുകളിലേക്ക് സമാധാനവും ശാന്തിയും തിരിച്ചെത്തിക്കുകയും ചെയ്യട്ടെ. (ആമീൻ)
ഹദീഥിൽ ഇബ്രാഹീമിന്റെ -عَلَيْهِ السَّلَامُ- പ്രാർത്ഥന എന്നത് കൊണ്ട് ഉദ്ദേശിച്ചത് കഅ്ബ പണിതുയർത്തിയ വേളയിൽ അദ്ദേഹം നടത്തിയ പ്രാർത്ഥനയാണ്. വിശുദ്ധ ഖുർആനിൽ അത് പരാമർശിക്കപ്പെട്ടിട്ടുണ്ട്.
رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿١٢٩﴾
“ഞങ്ങളുടെ റബ്ബേ! അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദഗ്രന്ഥവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ മഹാപ്രതാപവാനും (അസീസ്) അതീവയുക്തിമാനും (ഹകീം) ആകുന്നു.” (ബഖറ: 129)
ഈസ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ സന്തോഷവാർത്തയെ കുറിച്ചും ഖുർആനിൽ വിവരണമുണ്ട്.
وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّـهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُم بِالْبَيِّنَاتِ قَالُوا هَـٰذَا سِحْرٌ مُّبِينٌ ﴿٦﴾
“മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ! ഞാൻ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുകയും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നവനായാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.” (സ്വഫ്ഫ്: 6)
നബി -ﷺ- യുടെ കൈകളിലൂടെ ജനങ്ങളിലേക്ക് എത്താനിരിക്കുന്ന അല്ലാഹുവിന്റെ മതമായ ഇസ്‌ലാമാണ് നബി -ﷺ- യുടെ മാതാവ് സ്വപ്നത്തിൽ ദർശിച്ച വെളിച്ചം. ആ വെളിച്ചം ശിർകിന്റെയും കുഫ്റിന്റെയും ഇരുട്ടുകളെ വകഞ്ഞു നീക്കുകയും, ഇസ്‌ലാമിന്റെയും ഈമാനിന്റെയും പ്രകാശം പരത്തുകയും ചെയ്തു. (ലത്വാഇഫുൽ മആരിഫ്/ഇബ്‌നു റജബ്: 79)
സ്വപ്നത്തിൽ ശാം പ്രദേശം പ്രത്യേകമായി പരാമർശിക്കപ്പെട്ടതിനെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- യുടെ പ്രകാശം ശാമിനെ പ്രകാശപൂരിതമാക്കുമെന്ന് പ്രത്യേകമായി സ്വപ്നത്തിൽ ദർശിച്ചതിൽ ഇസ്‌ലാം ശാമിൽ നിലയുറപ്പിക്കുമെന്ന സൂചനയുണ്ട്. അവസാന കാലഘട്ടത്തിൽ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കേന്ദ്രമായി ശാം മാറുന്നതാണ്. ശാമിൽ തന്നെയാണ് ഈസ ബ്നു മർയം ഇറങ്ങുന്നതും.” (തഫ്സീർ ഇബ്നി കഥീർ: 1/317)
2- പ്രവചനങ്ങളുടെ പുലർച്ച:
عَنْ حَسَّانَ بنِ ثَابِتٍ قَالَ: واللَّهِ إنِّي لَغُلَامٌ يَفَعَةٌ ابنُ سَبْعٍ أَوْ ثَمَانٍ، أعْقِلُ كُلَّ مَا سَمِعْتُ، إذْ سَمِعْتُ يَهُودِيًّا يَصْرَخُ بِأَعْلَى صَوْتِهِ عَلَى أُطُمٍ بِيَثْرِبَ: يا مَعْشَرَ يَهُودَ، حتَّى إِذَا اجْتَمَعُوا إِلَيْهِ، قَالُوا لَهُ: وَيْلَكَ مَالَكَ؟ قَالَ: طَلَعَ اللَّيْلَةَ نَجْمُ أَحْمَدَ الذِي وُلِدَ بِهِ.
ഹസ്സാനു ബ്നു ഥാബിത് -رَضِيَ اللَّهُ عَنْهُ- പറയുന്നു: അല്ലാഹു സത്യം! എനിക്ക് ഏഴോ എട്ടോ വയസ്സ് പ്രായമുള്ള സമയം. പ്രായപൂർത്തി എത്താനായിട്ടുള്ളുവെങ്കിലും കേൾക്കുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ള പ്രായം. അങ്ങനെയിരിക്കെ, ഒരു യഹൂദൻ യഥ്രിബിലെ (മദീനയുടെ പഴയ പേരാണ് യഥ്‌രിബ്) ഉയരമുള്ള ഒരിടത്ത് നിന്നുകൊണ്ട് ഉച്ചത്തിൽ യഹൂദരെ വിളിച്ചു കൂട്ടുന്നത് ഞാൻ കേട്ടു. അവരെല്ലാം അയാളുടെ അരികിൽ ഒരുമിച്ചു കൂടി. കാര്യമന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു: “ഇന്ന് രാത്രി ജനിച്ച അഹ്മദിന്റെ നക്ഷത്രം ഇതാ ഉദിച്ചിരിക്കുന്നു.” (സീറതു ഇബ്നി ഹിശാം: 1/196, അൽബാനി സനദ് ഹസൻ ആണ് എന്ന് വിലയിരുത്തി.)
യഹൂദരുടെയും നസ്വാറാക്കളുടെയും വേദഗ്രന്ഥങ്ങളിൽ നബി -ﷺ- യുടെ ആഗമനത്തെ കുറിച്ചുള്ള അനേകം സൂചനകളും അടയാളങ്ങളുമുണ്ടായിരുന്നു. ഈ നക്ഷത്രത്തെ കുറിച്ചുള്ള വിവരം അതിൽ പെട്ടതായിരിക്കാം.
സ്ഥിരപ്പെടാത്ത ചില അടയാളങ്ങൾ:
നബി -ﷺ- യുടെ ജനനവേളയിൽ സംഭവിച്ചതായി പ്രചരിപ്പിക്കപ്പെട്ട ചില അത്ഭുതസംഭവങ്ങൾ സ്ഥിരപ്പെട്ടവയല്ല. ജനങ്ങൾക്കിടയിൽ പ്രചരിച്ച അത്തരം ചില -സ്ഥിരപ്പെടാത്ത- അത്ഭുതസംഭവങ്ങൾ താഴെ പറയാം.
1- നബി -ﷺ- ജനിച്ച ദിവസം കിസ്റായുടെ കൊട്ടാരം വിറച്ചു.
2- കിസ്റയുടെ കൊട്ടാരത്തിലെ പതിനാല് മിനാരങ്ങൾ വിറകൊണ്ടു.
3- അഗ്നിയാരാധകരായിരുന്ന മജൂസികളുടെ അഗ്നി കെട്ടുപോയി.
4- ബുഹൈറാ തടാകം വറ്റിവരണ്ടു.
5- ബുഹൈറാ തടാകത്തിന് ചുറ്റുമുണ്ടായിരുന്ന വിഗ്രഹങ്ങൾ താഴെവീണു.
ഈ സംഭവങ്ങളൊന്നും നബി -ﷺ- ജനിച്ച ദിവസം നടന്നതായി സ്ഥിരപ്പെട്ടിട്ടില്ല എന്ന് ഇമാം ദഹബി രേഖപ്പെടുത്തിയിട്ടുണ്ട്. അനീതിയുടെ ചങ്ങലക്കെട്ടുകളിൽ നിന്ന് മനുഷ്യർ പുറത്തു കടന്നത് ചിത്രീകരിക്കാൻ ആഗ്രഹിച്ച ചിലരുടെ നിർമ്മിതകളാണ് ഈ കഥകളെല്ലാം. അല്ലാഹുവിന്റെ റസൂൽ -ﷺ- യുടെ മഹത്വത്തിന് ഇത്തരം കഥകളുടെ ആവശ്യമില്ല. ചരിത്രത്തിൽ അവിടുത്തേക്കുള്ള മഹത്തരമായ സ്ഥാനം തന്നെ നമുക്ക് മതിയാകുവോളമുണ്ട്.