അബ്ദുല്ലയുടെ വിവാഹം:
ഭംഗിയും സൗന്ദര്യവും വേണ്ടുവോളമുള്ള യുവാവായിരുന്നു അബ്ദുല്ല. നാട്ടിൽ പേരു കേട്ട തറവാട്ടിലാണ് ജനനം. ഖുറൈശികളുടെ നേതാവായ അബ്ദുൽ മുത്വലിബിന്റെ ഏറ്റവും പ്രിയ്യപ്പെട്ട സന്താനവുമാണ്. അബ്ദുല്ലക്ക് ഇരുപത്തിഅഞ്ച് വയസ്സെത്തിയപ്പോൾ അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാമെന്ന് അബ്ദുൽ മുത്വലിബ് തീരുമാനിച്ചു.
അബ്ദു മനാഫിന്റെ പുത്രനായ വഹബിന്റെ മകൾ ആമിനയെ വിവാഹമാലോചിക്കുന്നത് അങ്ങനെയാണ്. മക്കയിൽ ഏറ്റവും നല്ല തറവാടും ആദരവുമുള്ള കുടുംബത്തിലാണ് ആമിനയുടെയും ജനനം. ബനൂ സഹ്റക്കാരുടെ നേതാവാണ് ആമിനയുടെ പിതാവ്.
സ്ഥിരപ്പെടാത്ത ഒരു കള്ളക്കഥ:
അബ്ദുല്ല വിവാഹം കഴിക്കുന്നതിന് മുൻപ് നടന്നതായി പറയപ്പെടുന്ന ഒരു കഥയുണ്ട്. ഒരിക്കൽ ഒരു സ്ത്രീ അബ്ദുല്ലയെ വ്യഭിചാരത്തിന് ക്ഷണിക്കുകയും, അദ്ദേഹം അതിന് ഉത്തരം നൽകാതെ തിരിഞ്ഞു പോവുകയും ചെയ്തുവെന്നും, പിന്നീട് ആമിനയുമായുള്ള വിവാഹശേഷം അബ്ദുല്ല ഈ സ്ത്രീയുടെ അരികിലേക്ക് ചെന്ന് മുൻപുള്ള കാര്യം ഓർമ്മിപ്പിക്കുകയും ചെയ്തത്രെ. എന്നാൽ ആ സ്ത്രീ അബ്ദുല്ലയുടെ ആവശ്യം നിരസിക്കുകയും, ‘വിവാഹത്തിന് മുൻപ് താങ്കളുടെ മുഖത്ത് ഒരു പ്രകാശമുണ്ടായിരുന്നു; ഇപ്പോൾ അത് കാണാനില്ല. അതിനാൽ താങ്കളെ എനിക്ക് താല്പര്യമില്ല’ എന്ന് പറയുകയും ചെയ്തുവെന്നാണ് കഥ.
നബി -ﷺ- യുടെ ചരിത്രം വിവരിക്കുന്ന പല ഗ്രന്ഥങ്ങളിലും ഈ കഥ പറയപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ സനദും (നിവേദകപരമ്പരയും) മത്‌നും (ആശയവും) തീർത്തും ദുർബലവും അവിശ്വസനീയവുമാണ്. ധാരാളം അവ്യക്തതകളും ആശയക്കുഴപ്പങ്ങളും ഈ ഹദീഥിന്റെ സനദിലും മത്‌നിലും നിറഞ്ഞു നിൽക്കുന്നതായി കാണാം. (സീറതുന്നബി / അക്റം ദ്വിയാഅ്: 1/95)
നബി -ﷺ- യുടെ പ്രകാശമാണ് അല്ലാഹു ആദ്യം പടച്ചതെന്നും, പിന്നീട് ആ പ്രകാശം ആദം നബി മുതലുള്ള വംശപരമ്പരകളിലൂടെ കൈമാറി വരികയാണുണ്ടായത് എന്നുമുള്ള അടിസ്ഥാനമില്ലാത്ത വിശ്വാസത്തിന്റെ ഭാഗമായി പറയപ്പെടുന്ന കഥകളിലൊന്നാണ് ഇത് എന്നതിനാലാണ് ഈ വിഷയം ഇവിടെ പ്രത്യേകം ഉണർത്തിയത്.
അബ്ദുല്ലയുടെ മരണം:
ഖുറൈഷികളുടെ കച്ചവട സംഘത്തിൽ ഒരു അംഗമായി അബ്ദുല്ല ശാമിലേക്ക് യാത്രയായി. കച്ചവടം കഴിഞ്ഞ് മക്കയിലേക്ക് മദീനയിലൂടെയാണ് അവർ തിരിച്ചു സഞ്ചരിച്ചത്. മദീനയിലെത്തിയപ്പോൾ അബ്ദുല്ലയെ രോഗം ബാധിച്ചു. അബ്ദുല്ലയുടെ കുടുംബമായ ബനൂ അദിയ്യുകാർ മദീനയിലുണ്ട്. അവരുടെ അടുക്കൽ കുറച്ച് ദിവസം തങ്ങിയ ശേഷം ഞാൻ മക്കയിലേക്ക് എത്തിക്കൊള്ളാം എന്നു പറഞ്ഞു കൊണ്ട് അബ്ദുല്ല ഒപ്പമുള്ളവരെ യാത്രയാക്കി.
യാത്രാസംഘം മക്കയിലെത്തിയപ്പോൾ അബ്ദുൽ മുത്വലിബ് മകനെ കുറിച്ച് അന്വേഷിച്ചു. ബനൂ അദിയ്യുകാരുടെ അടുക്കലാണ് അബ്ദുല്ലയുള്ളത് എന്നും, അവിടെ വിശ്രമിക്കുകയാണ് എന്നും അവർ പറഞ്ഞു. ഉടനെ തന്റെ മൂത്ത മകനായ ഹാരിഥയെ അബ്ദുൽ മുത്വലിബ് മദീനയിലേക്ക് അയച്ചു. എന്നാൽ ഹാരിഥ മദീനയിലെത്തിയപ്പോൾ ദുഖകരമായ വാർത്തയാണറിഞ്ഞത്. അബ്ദുല്ല മരണപ്പെട്ടിരിക്കുന്നു. ദുഖവാർത്തയുമായി മക്കയിലേക്ക് ഹാരിഥ തിരിച്ചു ചെന്നു. അബ്ദുൽ മുത്വലിബിനും, അബ്ദുല്ലയുടെ സഹോദരങ്ങൾക്കും ഈ വാർത്ത സൃഷ്ടിച്ച സങ്കടം വളരെ വലുതായിരുന്നു.
അഞ്ച് ഒട്ടകങ്ങൾ, കുറച്ച് ആട്ടിൻപറ്റം, ബറകയെന്ന് പേരുള്ള അബ്സീനിയക്കാരിയായ ഒരു അടിമ സ്ത്രീ; ഇതായിരുന്നു അബ്ദുല്ല മരണപ്പെടുമ്പോൾ ബാക്കിയുണ്ടായിരുന്ന സ്വത്തുകൾ.
നബി -ﷺ- യെ അവിടുത്തെ മാതാവ് ആമിനഃ ഗർഭം ധരിച്ച വേളയിലായിരുന്നു അബ്ദുല്ലയുടെ മരണം. നബി -ﷺ- അവിടുത്തെ പിതാവിനെയോ, പിതാവ് തന്റെ മകനെയോ കണ്ടിട്ടില്ലെന്ന് ചുരുക്കം. നബി -ﷺ- ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് പിതാവ് മരണപ്പെട്ടത് എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ശരിയായ അഭിപ്രായം ആദ്യം പറഞ്ഞതാണ്. ഇമാമുസ്സീറഃ എന്നറിയപ്പെട്ട ഇബ്‌നു ഇസ്‌ഹാഖിന്റെ അഭിപ്രായം ഇതാണ്. ഇബ്‌നു സഅ്ദ്, ദഹബി, ഇബ്‌നു കഥീർ തുടങ്ങിയവരുടെയും അഭിപ്രായം ഇപ്രകാരം തന്നെ. [സാദുൽ മആദ്: 1/75]
*** നബി -ﷺ- യുടെ പോറ്റുമ്മയായിരുന്ന ഉമ്മു അയ്മനായിരുന്നു ആ അബ്സീനിയക്കാരിയായ അടിമ സ്ത്രീ. നബി -ﷺ- വലുതായപ്പോൾ അവരെ മോചിപ്പിക്കുകയും, സ്വതന്ത്രയാക്കുകയും ചെയ്തു. അവിടുത്തെ പ്രബോധനം ആദ്യകാലത്തേ സ്വീകരിച്ചവരിൽ പെട്ട, മഹതിയായ സ്വഹാബീ വനിത കൂടിയാണവർ. നബി -ﷺ- യുടെ പ്രിയ്യപ്പെട്ട വളർത്തു പുത്രനായിരുന്ന സയ്ദു ബ്നു ഹാരിഥ -رَضِيَ اللَّهُ عَنْهُ- ഉമ്മു അയ്മനെ -رَضِيَ اللَّهُ عَنْهَا- വിവാഹം കഴിക്കുകയും, ആ വിവാഹത്തിൽ ഉസാമതു ബ്നു സൈദ് -رَضِيَ اللَّهُ عَنْهُمَا- ജനിക്കുകയും ചെയ്തു. ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിന്റെ ഭരണകാലഘട്ടത്തിലാണ് ഉമ്മു അയ്മൻ മരണപ്പെട്ടത്.