നബി -ﷺ- യുടെ പേരിടൽ:

നബി -ﷺ- ജനിച്ച്, ഏഴാം ദിവസം അബ്ദുൽ മുത്വലിബ് അവിടുത്തേക്ക് മുഹമ്മദ് എന്ന പേര് നൽകി. അറബികൾക്കിടയിൽ നിലനിന്നിരുന്ന മര്യാദ പ്രകാരം അവിടുത്തെ ചേലാകർമ്മം നിർവ്വഹിക്കുകയും, ഒരു ആണാടിനെ അഖീഖഃയായി അറുക്കുകയും ചെയ്തു. അതോടൊപ്പം ഈ സന്തോഷം പങ്കിടുന്നതിന്റെ ഭാഗമായി ഒരു സദ്യയുമൊരുക്കി.

മുഹമ്മദ് എന്ന പേര് അറബികൾക്കിടയിൽ പൊതുവെ പരിചിതമായിരുന്നില്ല. നബി -ﷺ- യുടെ സമപ്രായക്കാരായി ഇരുപതിൽ താഴെയുള്ളവർക്ക് മാത്രമേ ഈ പേര് ഉണ്ടായിരുന്നുള്ളൂ എന്ന് ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. (ഫത്‌ഹുൽ ബാരി: 7/247)

സ്വാഭാവികമായും അറബികളിലെ ഉന്നതരായ ഖുറൈഷീ കുടുംബത്തിൽ ജനിച്ച ഒരു കുട്ടിക്ക് തീർത്തും അപരിചിതമായ ഒരു പേര് നൽകപ്പെട്ടതായി കണ്ടപ്പോൾ ഖുറൈഷികളിൽ പലരും വിസ്മയം പ്രകടിപ്പിച്ചു. ‘നാട്ടിലോ കുടുംബത്തിലോ പരിചയമില്ലാത്ത ഈ പേര് എന്തിനാണ് ഇവന് ഇട്ടു കൊടുത്തത്?!’ – അവരിൽ ചിലർ ചോദിച്ചു.

അദ്ദേഹം പറഞ്ഞു: ‘ആകാശങ്ങളിലും ഭൂമിയിലുമുള്ളവർ പുകഴ്ത്തുന്നവനായി ഈ കുട്ടി മാറട്ടെ എന്ന ആഗ്രഹത്തിലാണ് ഞാനീ പേര് നൽകിയിരിക്കുന്നത്.” [ദലാഇലുന്നുബവ്വഃ: 1/113]

മുഹമ്മദ് എന്ന പേരിന്റെ അർത്ഥം പ്രശംസിക്കപ്പെടാൻ അർഹതയുള്ള വിശേഷണങ്ങൾ ഒരുമിച്ചു കൂടിയവൻ എന്നാണ്. അല്ലാഹുവിന്റെ റസൂലിനേക്കാൾ ആ പേര് അർഹതപ്പെട്ട മറ്റാരാണുള്ളത്?! പേരിന് യോജിച്ച വ്യക്തിയും, വ്യക്തിക്ക് യോജിച്ച പേരും.

ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- പറയുന്നു: “ചില പണ്ഡിതന്മാർ പറഞ്ഞു: “മുഹമ്മദ് എന്ന് അവിടുത്തേക്ക് പേര് നൽകാൻ അല്ലാഹുവാണ് അവർക്ക് തോന്നിപ്പിച്ചത്. കാരണം സ്തുത്യർഹമായ അനേകം വിശേഷണങ്ങളുടെ ഉടമയായിരുന്നു അവിടുന്ന്. അവിടുത്തെ പേരും പ്രവർത്തനവും ഒന്നിച്ചു ചേർന്നു; ആ നാമവും അതിന് പിന്നിലെ രൂപവും യോജിപ്പുള്ളതായിരുന്നു.

ഹസ്സാനു ബ്നു ഥാബിതിന്റെ കവിതയിൽ പറഞ്ഞതു പോലെ:

وَشََقَّ لَهُ مِنِ اسْمِهِ لِيُجِلَّهُ … فَذُو العَرْشِ مَحْمُودٌ وَهَذا مُحَمَّدُ

[സാരം: അല്ലാഹു അവന്റെ നാമത്തിൽ നിന്ന് തന്റെ റസൂലിന്റെ പേര് പകുത്തു നൽകിയിരിക്കുന്നു. സിംഹാസനത്തിന്റെ ഉടമസ്ഥനായ അല്ലാഹു മഹ്മൂദാണെങ്കിൽ ഇത് മുഹമ്മദല്ലോ” (ബിദായവന്നിഹായ: 1/669)

നബി -ﷺ- യുടെ പേരുകൾ:

നബി -ﷺ- ക്ക് മുഹമ്മദ് എന്ന പേരിന് പുറമെ മറ്റു ചില പേരുകൾ കൂടിയുണ്ട്.

عَنْ جُبَيْرِ بْنِ مُطْعِمٍ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لِي خَمْسَةُ أَسْمَاءٍ: أَنَا مُحَمَّدٌ، وَأَحْمَدُ وَأَنَا المَاحِي الَّذِي يَمْحُو اللَّهُ بِي الكُفْرَ، وَأَنَا الحَاشِرُ الَّذِي يُحْشَرُ النَّاسُ عَلَى قَدَمِي، وَأَنَا العَاقِبُ» [خ: 3532، م: 2354]

ജുബൈർ ബ്നു മുത്ഇം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എനിക്ക് അഞ്ചു പേരുകളുണ്ട്. ഞാൻ മുഹമ്മദാണ്; അഹ്മദുമാണ്. ഞാൻ മാഹീ ആണ്; എന്നെ കൊണ്ട് അല്ലാഹു കുഫ്‌ർ (മതനിഷേധം) തുടച്ചു നീക്കുന്നു. ഞാൻ ഹാശിർ ആണ്; എന്റെ പിറകിലാണ് ജനങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുക. ഞാൻ ആഖിബുമാണ്.” (ബുഖാരി: 3532, മുസ്‌ലിം: 2354)

عَنْ أَبِي مُوسَى الْأَشْعَرِيِّ، قَالَ: كَانَ رَسُولُ اللهِ -ﷺ- يُسَمِّي لَنَا نَفْسَهُ أَسْمَاءً، فَقَالَ: «أَنَا مُحَمَّدٌ، وَأَحْمَدُ، وَالْمُقَفِّي، وَالْحَاشِرُ، وَنَبِيُّ التَّوْبَةِ، وَنَبِيُّ الرَّحْمَةِ» [م: 2355]

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഞങ്ങൾക്ക് അവിടുത്തെ പേരുകൾ പറഞ്ഞു തരാറുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: “ഞാൻ മുഹമ്മദാണ്. ഞാൻ അഹ്മദും, മുഖഫ്ഫിയും, നബിയ്യുത്തൗബയും, നബിയ്യു റഹ്മയുമാണ്.” (മുസ്‌ലിം: 2355)

ഇതോടൊപ്പം നബി -ﷺ- ക്ക് അബുൽ ഖാസിം എന്ന കുൻയതും (പിതാവ് എന്നർത്ഥമുള്ള അബൂ, മകൻ എന്നർത്ഥമുള്ള ഇബ്‌നു എന്നിങ്ങനെയുള്ള പദങ്ങളോടെ ആരംഭിക്കുന്ന വിളിപ്പേരുകളാണ് കുൻയതുകൾ) ഉണ്ടായിരുന്നു. അവിടുത്തേക്ക് ഖാസിം എന്ന പേരുള്ള ഒരു മകൻ ജനിച്ചിരുന്നു. വീതം വെക്കുന്നവൻ എന്നാണ് ഖാസിമിന്റെ അർത്ഥം. അല്ലാഹുവിന്റെ സന്ദേശം ജനങ്ങൾക്ക് കൈമാറുകയും, വിഹിതം വെച്ചു നൽകുകയും ചെയ്യുന്നവൻ എന്ന അർത്ഥത്തിൽ അവിടുന്ന് സ്വയം ‘ഖാസിം’ എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്.

عَنْ مُعَاوِيَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ، وَاللَّهُ المُعْطِي وَأَنَا القَاسِمُ» [خ: 3116]

മുആവിയ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു ഇസ്‌ലാം ദീനിൽ അവഗാഹം നൽകുന്നതാണ്. അല്ലാഹുവാണ് നൽകുന്നവൻ; ഞാൻ വീതം വെക്കുന്ന ഖാസിമാകുന്നു.” (ബുഖാരി: 3116)

മേൽ പറഞ്ഞ പേരുകളുടെ ആശയം ചുരുങ്ങിയ രൂപത്തിൽ വിശദീകരിക്കാം:

1- മുഹമ്മദ്: നബി -ﷺ- യുടെ പേരുകളിൽ ഏറ്റവും പ്രസിദ്ധമായ നാമം ഇതാണ്. വിശുദ്ധ ഖുർആനിൽ നാല് സ്ഥലങ്ങളിൽ ഈ നാമം പരാമർശിക്കപ്പെട്ടിട്ടുണ്ട്. (ആലു ഇംറാൻ: 144, അഹ്സാബ്: 40, മുഹമ്മദ്: 2, ഫത്‌ഹ്: 29) സ്തുത്യർഹമായ വിശേഷണങ്ങൾ ഒരുമിച്ചു ചേർന്നവൻ എന്നാണ് മുഹമ്മദ് എന്ന നാമത്തിന്റെ ഉദ്ദേശം. ആവർത്തിച്ച് പ്രശംസിക്കപ്പെടുന്നവർ എന്ന അർത്ഥവും പറയപ്പെട്ടിട്ടുണ്ട്.

2- അഹ്‌മദ്: വിശുദ്ധ ഖുർആനിൽ പറയപ്പെട്ട നാമങ്ങളിലൊന്നാണ് ഇത്. ഈസാ -عَلَيْهِ السَّلَامُ- ബനൂ ഇസ്രാഈലുകാരോട് അന്തിമ നബിയെ കുറിച്ച് സന്തോഷവാർത്ത അറിയിച്ചപ്പോൾ ഈ പേരാണ് പറഞ്ഞത്. (സ്വഫ്ഫ്: 6) ജനങ്ങളിൽ ഏറ്റവുമധികം അല്ലാഹുവിന് സ്തുതി പറയുന്നവർ എന്ന അർത്ഥമാണ് ഈ നാമത്തിനുള്ളത്.

3- മാഹീ: ഈ നാമത്തിന്റെ അർത്ഥം നബി -ﷺ- തന്നെ വിശദീകരിച്ചിട്ടുണ്ട്. നിഷേധവും ബഹുദൈവാരാധനയും തുടച്ചു നീക്കുന്നവരാണ് നബി -ﷺ- എന്ന അർത്ഥത്തിലാണ് ഈ നാമം അവിടുത്തേക്ക് നൽകപ്പെട്ടിട്ടുള്ളത്. നബി -ﷺ- യുടെ വഫാത്തിന് മുൻപായി അറേബ്യൻ ഉപദ്വീപിൽ നിന്ന് ശിർകിന്റെയും കുഫ്‌റിന്റെയും അടയാളങ്ങൾ തുടച്ചു നീക്കപ്പെട്ടു. അന്ത്യനാൾ വരെ ബഹുദൈവാരാധനയുടെയും നിഷേധത്തിന്റെയും ന്യായവാദങ്ങളെ തകർത്തു കളയുന്നതാണ് അവിടുത്തെ മതമായ ഇസ്‌ലാം. അവസാനകാലഘട്ടത്തിൽ ഈസാ -عَلَيْهِ السَّلَامُ- ന്റെ ആഗമനത്തോടെ ഇസ്‌ലാമിന്റെ ശക്തി ലോകമാകമാനം വ്യാപിക്കുകയും, മറ്റെല്ലാ മതങ്ങൾക്കു മേലും ഇസ്‌ലാം പരിപൂർണ്ണ ശക്തിയും വിജയവും കൈവരിക്കുകയും ചെയ്യും.

4- ഹാശിർ: നബി -ﷺ- യുടെ പിറകിലായാണ് ജനങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുക എന്നതിനാൽ അവിടുന്ന് ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നവരാണ്; ഈ അർത്ഥമാണ് ഹാശിർ എന്ന നാമത്തിനുള്ളത്. അന്ത്യനാളിൽ ഒരു നബിയോ റസൂലോ ജനങ്ങൾക്ക് വേണ്ടി ശുപാർശ പറയുകയില്ല; അല്ലാഹുവിന്റെ റസൂൽ -ﷺ- യാണ് സർവ്വ മനുഷ്യർക്കും വേണ്ടി അല്ലാഹുവിനോട് ശുപാർശ പറയുക.

5- ആഖിബ്: നബിമാരിലും റസൂലുകളിലും അന്തിമരാണ് അവിടുന്ന് എന്നതാണ് ആഖിബ് എന്നതിന്റെ അർത്ഥം. ചില ഹദീഥുകളിൽ നബി -ﷺ- തന്നെ അക്കാര്യം വിവരിച്ചിട്ടുണ്ട്: “എനിക്ക് ശേഷം മറ്റൊരു നബിയില്ലാത്തവനായ ആഖിബാകുന്നു ഞാൻ” എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.

6- മുഖഫ്ഫീ: ആഖിബ് എന്ന നാമത്തിന്റെ സമാനമായ അർത്ഥം തന്നെയാണ് ഈ നാമത്തിനുമുള്ളത്. മുൻകഴിഞ്ഞ നബിമാരുടെ പാതപിന്തുടരുന്നവൻ എന്ന അർത്ഥവും മുഖഫ്ഫീ എന്നതിന്റെ ഉദ്ദേശത്തിൽ പെട്ടതാണ്.

7- നബിയ്യുത്തൗബ: തൗബ എന്നാൽ പാപങ്ങളിൽ നിന്നുള്ള പശ്ചാത്താപമാണ്. എല്ലാ നബിമാരും തങ്ങളുടെ സമൂഹത്തെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിക്കാൻ പഠിപ്പിച്ചുണ്ട്. എന്നാൽ അല്ലാഹുവിന്റെ റസൂൽ -ﷺ- യുടെ ഉമ്മത്താണ് ഏറ്റവുമധികം തൗബ ചെയ്യുന്നവരും, ഏറ്റവുമധികം തൗബ സ്വീകരിക്കപ്പെടുന്നവരും. മുൻകാല സമൂഹങ്ങൾക്ക് അവരുടെ തൗബ കാരണത്താൽ പരലോകത്തെ ശിക്ഷ ഒഴിവാക്കപ്പെടുമായിരുന്നു എങ്കിലും ഇഹലോകത്തുള്ള ശിക്ഷ അവരെ ബാധിക്കാറുണ്ടായിരുന്നു. എന്നാൽ നബി -ﷺ- യുടെ ഉമ്മത്തിന് തൗബ കാരണത്താൽ ഇഹലോകത്തും പരലോകത്തും ശിക്ഷ ഒഴിവാക്കപ്പെടുന്നതാണ്. അവിടുന്ന് തന്നെ പറഞ്ഞതു പോലെ: “തന്റെ തെറ്റുകളിൽ നിന്ന് തൗബ ചെയ്തവൻ തെറ്റ് ചെയ്യാത്തവനെ പോലെയാണ്.”

8- നബിയ്യുർ-റഹ്മഃ: ചില രിവായതുകളിൽ ‘നബിയ്യുൽ മർഹമഃ’ എന്നും വന്നിട്ടുണ്ട്. രണ്ടും ഒരേ അർത്ഥത്തിലുള്ള പദങ്ങളാണ്. അല്ലാഹുവിന്റെ റസൂൽ -ﷺ- യെ കൊണ്ട് അവിടുത്തെ ഉമ്മത്തിന് ലഭിച്ച കാരുണ്യം മറ്റൊരു സമുദായത്തിനോ സമൂഹത്തിനോ ലഭിച്ചിട്ടില്ല.

അവിടുത്തെ പ്രബോധനം സ്വീകരിച്ചവർക്ക് ഇഹലോകത്തും പരലോകത്തും ലഭിക്കുന്ന കാരുണ്യം ഏറ്റവും വലിയ അനുഗ്രഹവും കാരുണ്യവുമാണ്. പരലോകത്ത് അവിടുത്തെ ശുപാർശയിലൂടെ ലഭിക്കാനിരിക്കുന്ന കാരുണ്യം ഏറ്റവും വിശാലമായ അനുഗ്രഹവുമാണ്. പാപങ്ങൾ ചെയ്തവർക്ക് അവിടുത്തെ ശുപാർശയിലൂടെ നരകമോചനം ലഭിക്കുന്നു എന്നത് ഏറ്റവും അമൂല്യമായ അനുഗ്രഹവും. ഇവയുടെയെല്ലാം പരിസമാപ്തിയെന്നോണം സ്വർഗക്കാരുടെ പദവികൾ നബി -ﷺ- യുടെ ശുപാർശയാൽ ഉയർത്തപ്പെടുന്നതാണ് എന്നതും അവിടുത്തെ കൊണ്ടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അടയാളമാണ്.

അല്ലാഹു നബി -ﷺ- യിലൂടെ ചൊരിഞ്ഞ കാരുണ്യത്തിന്റെ വിശാലത ബോധ്യപ്പെടാൻ ഖുർആനിലെ ഒരു ആയത്ത് മാത്രം മതിയാകും.

وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ﴿١٠٧﴾

“ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല.” (അമ്പിയാഅ്: 107)

9- നബിയ്യുൽ മൽഹമഃ: യുദ്ധം എന്നാണ് മൽഹമഃ എന്ന വാക്കിന്റെ അർത്ഥം. നബി -ﷺ- യുടെ കാലഘട്ടത്തിൽ നടന്നതും, അവിടുത്തെ ശേഷം ഇസ്‌ലാമിന്റെ ശത്രുക്കൾക്കെതിരെ നടന്നതുമായ അനേകം യുദ്ധങ്ങളുണ്ട്. ഇസ്‌ലാമിന്റെ വെളിച്ചം -കൈക്കരുത്തും ധിക്കാരവും കൊണ്ട്- തടഞ്ഞു നിർത്താൻ ശ്രമിച്ചവർക്കുള്ള മറുപടിയായിരുന്നു അവയെല്ലാം.

കാരുണ്യത്തിന്റെ നബിയെ യുദ്ധത്തിന്റെ നബിയെന്ന് കൂടി വിശേഷിക്കുന്നത് എങ്ങനെയാണ് യോജിക്കുക എന്ന് ചിലർ സംശയിച്ചേക്കാം. ഇമാം ഖത്താബി ഈ ചോദ്യത്തിന് നൽകിയ മറുപടിയുടെ ചുരുക്കം ഇപ്രകാരമാണ്: ‘മുൻകാല സമൂഹങ്ങൾ അവരുടെ നബിമാരെ നിഷേധിച്ചപ്പോൾ അവരിൽ ഒരാളെയും ബാക്കി വെക്കാത്ത രൂപത്തിലുള്ള ശിക്ഷകളാണ് അല്ലാഹു അയച്ചത്. എന്നാൽ നബി -ﷺ- യുടെ ഉമ്മത്തിൽ ഈ രൂപത്തിലുള്ള ശിക്ഷകൾ ഇറങ്ങിയില്ല. മറിച്ച്, അവരെ തങ്ങളുടെ നിഷേധത്തിൽ തന്നെ തുടരുന്നതിൽ നിന്നും, ഇസ്‌ലാമിനെതിരെ കുതന്ത്രങ്ങൾ മെനയുന്നതിൽ നിന്നും തടുക്കുന്ന രൂപത്തിലുള്ള യുദ്ധങ്ങൾ മാത്രമാണ് നിശ്ചയിക്കപ്പെട്ടത്. ഇത് അവർക്ക് സത്യം സ്വീകരിക്കാനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുകയും, അവരുടെ ഇഹപര ലോകങ്ങളിലെ വിജയം നേടാനുള്ള വഴി എളുപ്പമാക്കുകയും ചെയ്യുന്നു. ഈ അർത്ഥത്തിൽ അവിടുത്തെ യുദ്ധങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തിലേക്കുള്ള വഴി തന്നെയാണ്. (നബി -ﷺ- യുടെ നാമങ്ങളും അവയുടെ വിശദീകരണങ്ങളും പണ്ഡിതോദ്ധരണികളോടെ വായിക്കുക: അൽ ബഹ്റുൽ മുഹീത്വ് / അഥ്യൂബീ: 23/200-236)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: