നബി -ﷺ- യുടെ പിതൃപരമ്പരയുടെ ശ്രേഷ്ഠതയും, അവിടുത്തെ പിതാക്കളിൽ ചിലരുടെ ചരിത്രവും നാം മനസ്സിലാക്കി. ബലി നൽകപ്പെടാൻ നിശ്ചയിക്കപ്പെട്ട രണ്ടു പേർ നബി -ﷺ- യുടെ പിതൃപരമ്പരയിലുണ്ട്. എന്നാൽ അവരെ രണ്ടു പേരെയും അല്ലാഹു അതിൽ നിന്ന് രക്ഷപ്പെടുത്തുകയും, നബി -ﷺ- യുടെ കുടുംബപരമ്പര അവരിലൂടെ കൈമാറി വന്നെത്തുകയും ചെയ്യുകയാണുണ്ടായത്.

ഒന്നാമത്തെയാൾ ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ മകൻ ഇസ്മാഈൽ -عَلَيْهِ السَّلَامُ- യാണ്. ഇസ്മാഈലിനെ ബലി നൽകണമെന്ന് ഇബ്രാഹീമിന് സ്വപ്നത്തിൽ കൽപ്പന ലഭിച്ചതും, അതിന് അദ്ദേഹം തയ്യാറായതും, മകനെ ബലി നൽകുന്നതിനായി അവന്റെ കഴുത്തിൽ കത്തി വെച്ചപ്പോൾ അല്ലാഹുവിന്റെ കൽപ്പന വന്നെത്തുകയും, ഇസ്മാഈലിന് പകരം ഒരാടിനെ ബലി നൽകാൻ അല്ലാഹു കൽപ്പിക്കുകയും ചെയ്ത സംഭവം ഖുർആനിൽ വിശദമായി വന്നിട്ടുണ്ട്. അതിന്റെ ഓർമ്മയിൽ എല്ലാ വർഷങ്ങളിലും ബലിപെരുന്നാൾ ദിനം മുസ്‌ലിമീങ്ങൾ കന്നുകാലികളെ ബലിയർപ്പിക്കുകയും ചെയ്യുന്നു.

فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ ﴿١٠٢﴾ فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ ﴿١٠٣﴾ وَنَادَيْنَاهُ أَن يَا إِبْرَاهِيمُ ﴿١٠٤﴾ قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿١٠٥﴾ إِنَّ هَـٰذَا لَهُوَ الْبَلَاءُ الْمُبِينُ ﴿١٠٦﴾ وَفَدَيْنَاهُ بِذِبْحٍ عَظِيمٍ ﴿١٠٧﴾

“എന്നിട്ട് ആ ബാലന്‍ (ഇസ്മാഈൽ) അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.

അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്‌) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം, തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌. അവന്ന് (ഇസ്മാഈലിന്) പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.” (സ്വാഫാത്: 102-107)

ഇസ്മാഈൽ -عَلَيْهِ السَّلَامُ- മിന്റെ വംശപരമ്പരയിലാണ് നബി -ﷺ- ജനിച്ചത്. ബലി നൽകപ്പെടാൻ നിശ്ചയിക്കപ്പെട്ട ഒന്നാമത്തെയാൾ ഇസ്മാഈൽ -عَلَيْهِ السَّلَامُ- യാണ്. രണ്ടാമത്തെയാൾ നബി -ﷺ- യുടെ നേർപിതാവായ അബ്ദുല്ലയാണ്.

അബ്ദുല്ലാഹി ബ്നു അബ്ദിൽ മുത്വലിബ്

അബ്ദുല്ലയുടെ പിതാവായ അബ്ദുൽ മുത്വലിബ് സംസം കിണർ കുഴിച്ച സംഭവം കഴിഞ്ഞ അദ്ധ്യായത്തിൽ നാം വായിക്കുകയുണ്ടായി. സംസം കുഴിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം മകനായിരുന്ന ഹാരിഥ മാത്രമാണ് ഉണ്ടായിരുന്നത്. ഖുറൈശികളുടെ ഭാഗത്ത് നിന്ന് കടുത്ത എതിർപ്പും ആക്ഷേപവും കേൾക്കേണ്ടി വന്നപ്പോൾ തന്നോടൊപ്പം നിലകൊള്ളാൻ വേറെയും ആൺമക്കളുണ്ടായിരുന്നെങ്കിൽ എന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു.

ആൺമക്കളെ ലഭിക്കാനുള്ള കഠിനമായ ആഗ്രഹത്താൽ അദ്ദേഹം കഅ്ബയുടെ അരികിൽ വെച്ച് ഒരു നേർച്ച നേർന്നു. ‘എനിക്ക് അല്ലാഹു പത്ത് ആൺമക്കളെ നൽകിയാൽ അതിലൊരാളെ ഞാൻ കഅ്ബയുടെ അരികിൽ വെച്ച് ബലി നൽകുന്നതാണ്!’ നേർച്ചയായും മറ്റുമെല്ലാം മക്കളെ ബലിയർപ്പിക്കുക എന്നത് നന്മയായും, അല്ലാഹുവിലേക്ക് സാമീപ്യം നൽകുന്ന കാര്യമായുമാണ് അവർ മനസ്സിലാക്കിയിരുന്നത്!

അബ്ദുൽ മുത്വലിബിനാകട്ടെ, ആഗ്രഹിച്ചത് പോലെ അദ്ദേഹത്തിന് പത്തു മക്കൾ ജനിച്ചു. നബി -ﷺ- യുടെ പിതാവ് അബ്ദുല്ലയും, അബ്ദുല്ലയുടെ ഒൻപത് സഹോദരങ്ങളും. അവരുടെ പേരുകൾ ക്രമത്തിൽ താഴെ നൽകാം.

1- ഹാരിഥ്. അബ്ദുൽ മുത്വലിബിന്റെ മൂത്തമകൻ.

2- സുബൈർ.

3- ഹംസഃ -رَضِيَ اللَّهُ عَنْهُ-.

4- അബൂ ലഹബ് അബ്ദുൽ ഉസ്സ.

5- മുഖവ്വം.

6- ദ്വിറാർ.

7- അബൂ ത്വാലിബ്.

8- അബ്ദുല്ലാഹ്.

9- അബ്ബാസ് -رَضِيَ اللَّهُ عَنْهُ-.

10- ഹജൽ.

നബി -ﷺ- യുടെ പിതാവ് അബ്ദുല്ലയുടെ ഉമ്മ ഫാത്വിമ ബിൻത് അംറാണ്. അബ്ദുല്ലയുടെ പിതാവും മാതാവും ഒത്ത സഹോദരങ്ങൾ രണ്ടു പേരാണ്. സുബൈറും അബൂ ത്വാലിബും. മറ്റുള്ളവർ പിതാവിൽ നിന്നു മാത്രമുള്ള സഹോദരങ്ങളാണ്; അവരുടെ ഉമ്മമാർ വ്യത്യസ്തരായിരുന്നു. ഹാരിഥിന്റെ ഉമ്മ സ്വഫിയ്യ ബിൻത് ജുൻദുബ്. ഹംസ, മുഖവ്വം, ഹജൽ എന്നിവരുടെ ഉമ്മ ഹാലഃ ബിൻത് വുഹൈബ്. അബൂ ലഹബിന്റെ ഉമ്മ ആമിന ബിൻത് ഹാജർ. അബ്ബാസിന്റെ ഉമ്മ നത്‌ല; ഇപ്രകാരമാണ് മറ്റുള്ളവരുടെ കുടുംബം. ഇതോടൊപ്പം അബ്ദുൽ മുത്വലിബിന് ആറു പെണ്മക്കളും ഉണ്ടായിരുന്നു. സ്വഫിയ്യഃ, ഉമ്മു ഹകീം, ആതികഃ, ഉമയ്മഃ, അർവാ, ബർറഃ എന്നിവരാണവർ. (ബിദായ വന്നിഹായ: 2/267)

പത്തു ആൺമക്കൾ പിറക്കുകയും, തനിക്ക് പിൻബലമേകാവുന്ന ഒരു സംഘമായി അവർ മാറിയിട്ടുണ്ട് എന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോൾ അബ്ദുൽ മുത്വലിൻ തന്റെ മക്കളെ വിളിച്ചു കൂട്ടി. തന്റെ നേർച്ചയെ കുറിച്ച് അദ്ദേഹം അവരെ അറിയിച്ചു. പിതാവിന്റെ നേർച്ച നടപ്പിലാക്കാൻ മക്കളെല്ലാവരും സമ്മതം മൂളി.

അവർ ചോദിച്ചു: ഞങ്ങളിൽ ആരെയാണ് ബലി നൽകേണ്ടത് എന്ന് എങ്ങനെ തീരുമാനിക്കും?!

അബ്ദുൽ മുത്വലിബ് പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും അവരവരുടെ പേരുകൾ ഒരു കൊള്ളിയിൽ രേഖപ്പെടുത്തിയ ശേഷം എന്റെയരികിൽ കൊണ്ടുവരിക.”

ചൂതാട്ടത്തിനും ശകുനം മനസ്സിലാക്കുന്നതിനും വേണ്ടി അറബികൾ നിശ്ചയിച്ചിരുന്ന കൊള്ളികളാണ് അബ്ദുൽ മുത്വലിബിന്റെ ഉദ്ദേശം. ജാഹിലിയ്യതിലെ അന്ധവിശ്വാസങ്ങളുടെ ഭാഗമായിരുന്നു ഇത്. ഉദാഹരണത്തിന് ഒരാൾ യാത്ര പോകാൻ ഉദ്ദേശിക്കുകയാണെങ്കിൽ ‘അതെ’, ‘അല്ല’ എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ട് കൊള്ളികൾ ഒരു പാത്രത്തിൽ ഇടും. അതിൽ നിന്ന് കയ്യിൽ തടയുന്ന കൊള്ളിയിൽ രേഖപ്പെടുത്തിയതെന്താണോ, അത് പ്രകാരമാണ് അവർ പ്രവർത്തിക്കുക.

പത്തു മക്കളും അവരവരുടെ പേരുകൾ രേഖപ്പെടുത്തിയ കൊള്ളികൾ കൊണ്ടുവന്നു. ശേഷം അവരുടെ വിഗ്രഹമായിരുന്ന ഹുബ്‌ലിന്റെ ക്ഷേത്രത്തിൽ ചെല്ലുകയും, അവിടെയുള്ള പൂജാരിയുടെ കൈകളിൽ ഈ കൊള്ളികൾ നൽകിയ ശേഷം അതു കൊണ്ട് നറുക്കെടുക്കാൻ കൽപ്പിക്കുകയും ചെയ്തു. അബ്ദുൽ മുത്വലിബിന്റെ മനസ്സിൽ ഒരിക്കലും നറുക്കു വീഴരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നത് അബ്ദുല്ലയായിരുന്നു. മക്കളിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം അബ്ദുല്ലയോടാണ്.

എന്നാൽ ആദ്യത്തെ നറുക്ക് തന്നെ വീണത് അബ്ദുല്ലയുടെ പേരിലാണ്. അബ്ദുൽ മുത്വലിബ് അബ്ദുല്ലയെയും കൂട്ടി കഅ്ബയുടെ അരികിൽ പ്രവേശിച്ചു, തന്റെ കത്തി കയ്യിലെടുത്തു. ഇത് കണ്ട ഖുറൈശികൾ ഓടിവന്ന് അബ്ദുൽ മുത്വലിബിനെ തടുത്തു വെച്ചു. അബ്ദുല്ലയുടെ സഹോദരങ്ങളും അബ്ദുൽ മുത്വലിബിനോട് ഈ നേർച്ച ഉപേക്ഷിക്കാൻ പറഞ്ഞു കൊണ്ടിരുന്നു. അവസാനം അദ്ദേഹം തന്റെ നേർച്ച നിർവ്വഹിക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞു.

ഈ നേർച്ചയിൽ നിന്ന് രക്ഷപ്പെടാൻ ഖുറൈശികൾ തന്നെ അദ്ദേഹത്തിന് ഒരു വഴി പറഞ്ഞു കൊടുത്തു. ഹിജാസിലുള്ള പ്രസിദ്ധയായ ഒരു ജോത്സ്യയുണ്ട്. അവളുടെ അരികിൽ ചെന്നാൽ എന്തെങ്കിലുമൊരു മാർഗം അവർ പറഞ്ഞു തരാതിരിക്കില്ല. കാര്യങ്ങളെല്ലാം വിശദമായി കേട്ടപ്പോൾ അവൾ പറഞ്ഞു: “നിങ്ങളുടെ നാട്ടിൽ ഒരാൾ കൊല്ലപ്പെട്ടാൽ അതിന് പകരമായി നൽകേണ്ടുന്ന നഷ്ടപരിഹാരത്തുക എത്രയാണ്?” അവർ പറഞ്ഞു: “പത്തു ഒട്ടകങ്ങളാണ് നഷ്ടപരിഹാരം.”

അവർ പറഞ്ഞു: “എങ്കിൽ അബ്ദുല്ലയുടെ പേരിൽ ഒരു ഭാഗ്യക്കോലും, പത്ത് ഒട്ടകങ്ങളുടെ പേരിൽ ഒരു ഭാഗ്യക്കോലും എഴുതിയുണ്ടാക്കുക. ശേഷം നറുക്കെടുക്കുക. അബ്ദുല്ലയുടെ പേരിൽ നറുക്ക് വീണാൽ പത്ത് ഒട്ടകങ്ങൾ വീണ്ടും വർദ്ധിപ്പിക്കുക. അങ്ങനെ ഒട്ടകങ്ങൾക്ക് നറുക്ക് വീഴുന്നത് വരെ ചെയ്യുക.”

കേട്ടപ്പോൾ അതൊരു ബുദ്ധിപരമായ തീരുമാനമായി അവർക്ക് തോന്നി! അങ്ങനെ നറുക്കെടുപ്പ് ആരംഭിച്ചു. ആദ്യത്തെ പത്തു തവണ നറുക്കെടുത്തപ്പോഴും നറുക്ക് വീണത് അബ്ദുല്ലയുടെ പേരിൽ തന്നെ. ഒട്ടകങ്ങളുടെ എണ്ണം നൂറെണ്ണമായി! അവസാനം പതിനൊന്നാമത്തെ നറുക്കിലാണ് ഒട്ടകങ്ങളുടെ നറുക്ക് വീഴുന്നത്.

ഖുറൈശികൾ ആശ്വാസത്തിന്റെ നെടുവീർപ്പു വിട്ടു. അവർ പറഞ്ഞു: “അബ്ദുൽ മുത്വലിബ്! അവസാനം നിന്റെ ദൈവം തൃപ്തിപ്പെട്ടിരിക്കുന്നു!” എന്നാൽ അബ്ദുൽ മുത്വലിബ് അവിടെയും നിർത്താൻ തയ്യാറായിരുന്നില്ല. അദ്ദേഹം പറഞ്ഞു: “ഒട്ടകങ്ങളുടെ നറുക്ക് മൂന്നു തവണ വീഴുന്നത് വരെ -എനിക്ക് ഉറപ്പാകുന്നത് വരെ- ഞാനിത് നിർത്തുകയില്ല.” അടുത്ത മൂന്നു തവണയും നറുക്ക് വീണത് ഒട്ടകത്തിന്റെ മുകളിൽ തന്നെ. അതോടെ അദ്ദേഹം നറുക്കെടുപ്പ് അവസാനിപ്പിച്ചു.

തന്റെ നേർച്ചയുടെ ഭാഗമായി നൂറ് ഒട്ടകങ്ങളെ അദ്ദേഹം ബലിയർപ്പിച്ചു. മക്കക്കാരും പുറം നാട്ടിൽ നിന്ന് വന്നവരുമെല്ലാം വേണ്ടുവോളം ഭക്ഷിച്ചു. അവസാനം പക്ഷികളും മൃഗങ്ങളും വരെ ആ നേർച്ചഭക്ഷണം കഴിച്ചുവെന്നാണ് ചരിത്രം! നബി -ﷺ- യുടെ പിതാവ് അബ്ദുല്ല ബലിയർപ്പിക്കപ്പെടാൻ നിശ്ചയിക്കപ്പെട്ട വ്യക്തിയായിരുന്നു എന്ന് തുടക്കത്തിൽ പറഞ്ഞതിന്റെ കാരണം ഇതോടെ വ്യക്തമായിരിക്കുമല്ലോ?!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: