യതീം!

നബി -ﷺ- ക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ വിവരിക്കുന്ന സൂറ. ദ്വുഹായിൽ അല്ലാഹു പറയുന്നു:

أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾

“നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും , എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?” (ദ്വുഹാ: 6)

നബി -ﷺ- യെ അവിടുത്തെ മാതാവ് ഗർഭം ധരിച്ച സന്ദർഭത്തിൽ അവിടുത്തെ പിതാവ് അബ്ദുല്ലാഹ് മരണപ്പെട്ടു. അബ്ദുല്ലയുടെ പിതാവായ അബ്ദുൽ മുത്വലിബ് ആണ് നബി -ﷺ- യുടെ കാര്യങ്ങൾ ഏറ്റെടുത്തത്.

നബി -ﷺ- ക്ക് ആറു വയസ്സായപ്പോൾ അവിടുത്തെ മാതാവും മരണപ്പെട്ടു. ആമിനയുടെ പിതാവിന്റെ ബന്ധത്തിൽ പെട്ട ബനൂ അദിയ്യ് ബ്നു നജ്ജാറുകാരെ സന്ദർശിച്ച ശേഷം മക്കയിലേക്ക് തിരിച്ചു വരുമ്പോൾ -അബവാഅ് എന്ന പ്രദേശത്തു വെച്ചാണ്- അവർ മരണപ്പെട്ടത്.

ഇതോടെ തീരേ ചെറുപ്രായത്തിൽ തന്നെ നബി -ﷺ- പൂർണ്ണമായും അനാഥനായി. നബി -ﷺ- യെ സ്നേഹത്തോടെ എടുത്തു വളർത്തിയ അബ്ദുൽ മുത്വലിബ് അവിടുത്തേക്ക് എട്ടു വയസ്സെത്തിയപ്പോൾ മരണപ്പെട്ടു.

തീരെ ചെറുപ്രായത്തിൽ അല്ലാഹുവിന്റെ റസൂൽ -ﷺ- അനാഥനാകണമെന്ന് അല്ലാഹു നിശ്ചയിച്ചതിന് പിന്നിൽ മഹത്തരമായ ചില ഉദ്ദേശങ്ങളുണ്ട് എന്നതിൽ സംശയമില്ല. അതിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ താഴെ പറയാം:

1- നബി -ﷺ- യുടെ പിതാവായ അബ്ദുല്ലയും, അവിടുത്തെ പ്രപിതാവായ അബ്ദുൽ മുത്വലിബും അറബികളുടെ നേതാക്കന്മാരായിരുന്നു. അറബികളുടെ നേതൃത്വം ഏറ്റെടുത്ത ഇവർ രണ്ടു പേരും തങ്ങളുടെ അടുത്ത തലമുറയിലേക്ക് ഈ സ്ഥാനം കൈമാറാൻ എന്തു കൊണ്ടും ആഗ്രഹിക്കാതിരിക്കില്ല.

എന്നാൽ അവർ രണ്ടു പേരും നബി -ﷺ- യുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതോടെ, പിൽക്കാലഘട്ടത്തിൽ അല്ലാഹുവിന്റെ റസൂൽ -ﷺ- കൊണ്ടുവന്ന ഇസ്‌ലാമിക ആദർശവും താൻ പ്രവാചകനാണെന്ന അവകാശവാദവും അറേബ്യൻ നാടുകളുടെ ഭരണവും നേതൃത്വവും വെട്ടിപ്പിടിക്കാൻ അവിടുന്ന് കണ്ടെത്തിയ വഴിയോ, തന്റെ പിതാക്കന്മാരിൽ നിന്ന് ലഭിച്ച ഉപദേശനിർദേശങ്ങളുടെ ഫലമോ ആണെന്ന് ആക്ഷേപിക്കാൻ ഒരാൾക്കും വഴി തുറന്നു നൽകുന്നില്ല.

2- എല്ലാ കാലഘട്ടത്തിലും അനാഥരായി ജനിച്ചു വീഴുന്ന അനേകം പേർക്ക് നബി -ﷺ- യുടെ ജീവിതത്തിൽ മാതൃകയും, അവർക്കുള്ള സ്വാന്തനവുമുണ്ട്. ഉന്നതമായ പദവികൾ നേടിയെടുക്കുന്നതിൽ നിന്ന് അനാഥത്വം ആരെയും തടയുന്നില്ല എന്ന മഹത്തരമായ ഓർമ്മപ്പെടുത്തൽ നബി -ﷺ- യുടെ ഈ ചരിത്രത്തിലുണ്ട്. റസൂൽ -ﷺ- യുടെ ജീവിതത്തിൽ അല്ലാഹു നിശ്ചയിച്ചതിന് സമാനമായ പരീക്ഷണമാണ് തനിക്കും ബാധിച്ചിരിക്കുന്നത് എന്ന ചിന്ത കൂടുതൽ ക്ഷമിക്കാനും, സഹനത്തോടെ നിലയുറപ്പിക്കാനും അവനെ സഹായിക്കുന്നതാണ്.

അനാഥരായി ജനിക്കുകയും, ഇസ്‌ലാമിക ചരിത്രത്തിൽ പാണ്ഡിത്യവും പ്രവർത്തനവും കൊണ്ട് മഹത്തരമായ അടയാളങ്ങൾ ബാക്കി വെക്കുകയും ചെയ്ത പണ്ഡിതന്മാരുടെ നിര വളരെ നീണ്ടതാണ്. ശൈഖുൽ ഇസ്‌ലാം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇമാം ഔസാഈ, ഇസ്‌ലാമിക വിജ്ഞാനത്തിന് തുല്ല്യതകളില്ലാത്ത സേവനങ്ങളർപ്പിച്ച ഇമാം ശാഫിഈ, അഹ്ലുസ്സുന്നത്തിന്റെ നേതാവായ ഇമാം അഹ്മദ്, ഹദീഥ് വിജ്ഞാനീയത്തിൽ ഒന്നാമനായ ഇമാം ബുഖാരി, മഹാപണ്ഡിതന്മാർക്ക് പോലും ഒഴിച്ചു നിർത്താനാകാത്ത അനേകം വൈജ്ഞാനിക ഗ്രന്ഥങ്ങൾ രചിച്ച ഹാഫിദ് ഇബ്‌നു ഹജർ, ആധുനിക കാലഘട്ടത്തിൽ മുസ്‌ലിം ഉമ്മത്തിന് വൈജ്ഞാനിക നേതൃത്വം നൽകിയ ശൈഖ് ഇബ്‌നു ബാസ്… പൂർവ്വികരുടെ കാലഘട്ടം മുതൽ ആരംഭിച്ച ഈ നിര -അനാഥരായി ജനിച്ചിട്ടും മുസ്‌ലിം ഉമ്മത്തിന്റെ നേതൃത്വം വഹിച്ച മഹാന്മാരുടെ പരമ്പര- നീണ്ടു കൊണ്ടേയിരിക്കുന്നു.

അനാഥനായി ജനിച്ചു വീണ അല്ലാഹുവിന്റെ റസൂൽ -ﷺ- യുടെ മാർഗം ഈ പറഞ്ഞ ഓരോരുത്തരുടെയും ജീവിതത്തെ സ്വാധീനിക്കുകയും, അവരനുഭവിച്ച നഷ്ടത്തിന് സ്വാന്തനമാവുകയും ചെയ്തിട്ടുണ്ട് എന്നതിൽ സംശയമില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: