മീശ ചെറുതാക്കുക എന്നത് സുന്നതാണ്. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ പൊതുവെ യോജിച്ചിരിക്കുന്നു. വിഷയത്തിൽ ഇജ്മാഉണ്ട് എന്നും ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ -ﷺ- قَالَ: «الْفِطْرَةُ خَمْسٌ -أَوْ خَمْسٌ مِنَ الْفِطْرَةِ-: الْخِتَانُ، وَالِاسْتِحْدَادُ، وَتَقْلِيمُ الْأَظْفَارِ، وَنَتْفُ الْإِبِطِ، وَقَصُّ الشَّارِبِ»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അഞ്ചു കാര്യങ്ങൾ ഫിത്വ് റതാണ്. ചേലാകർമ്മം, ഗുഹ്യസ്ഥാനത്തെ രോമങ്ങൾ വടിക്കൽ, നഖം വെട്ടൽ, കക്ഷത്തിലെ രോമങ്ങൾ പറിക്കൽ, മീശ ചെറുതാക്കൽ.” (ബുഖാരി: 5889, മുസ്‌ലിം: 257)
എന്നാൽ ഫിത്റതിന്റെ ഭാഗമായി എണ്ണപ്പെട്ട എല്ലാ കാര്യങ്ങളും നിർബന്ധമാണെന്ന് അഭിപ്രായപ്പെട്ട ഇബ്‌നുൽ അറബിയെ പോലുള്ള ചില പണ്ഡിതന്മാരുമുണ്ട്. അവരുടെ അഭിപ്രായത്തിൽ മീശ ചെറുതാക്കുക എന്നത് നിർബന്ധമാകുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഹാഫിദ്വ് ഇബ്‌നു ഹജർ -رَحِمَهُ اللَّهُ- രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹം പറഞ്ഞു: “ഇബ്‌നുൽ അറബി -رَحِمَهُ اللَّهُ- യുടെ അഭിപ്രായം ഇപ്രകാരമാണ്: “സുനനുൽ ഫിത്റയെ കുറിച്ച് പരാമർശിക്കുന്ന ഈ ഹദീഥിൽ വന്ന അഞ്ചു കാര്യങ്ങളും നിർബന്ധമാകുന്നു. അവ ഒരാൾ ഉപേക്ഷിച്ചാൽ മനുഷ്യരുടെ രൂപത്തിലല്ല അവൻ ജീവിക്കുന്നത്; എങ്കിൽ പിന്നെ മുസ്‌ലിംകളുടെ കൂട്ടത്തിൽ അവൻ എങ്ങനെ ഉൾപ്പെടാനാണ്?!” …
എന്നാൽ ഇമാം അബൂ ശാമഃ ഇദ്ദേഹത്തിന് മറുപടി നൽകിയിരിക്കുന്നു. രൂപം മനോഹരമാക്കുന്നതിന്റെ ഭാഗമായും, ശുദ്ധിയുടെ ഭാഗമായുമെല്ലാം നിർദേശിക്കപ്പെട്ട കാര്യങ്ങളാണ് ഈ ഹദീഥിൽ വന്ന വിഷയങ്ങളെല്ലാം. അവ നിർബന്ധമാക്കപ്പെടുക എന്നതിന്റെ ആവശ്യമില്ല. കാരണം പൊതുവെ മനുഷ്യപ്രകൃതി തന്നെ ഇവ പാലിക്കാൻ സ്വയം ഇഷ്ടപ്പെടുന്നതാണ്. അതിനാൽ അവ മുസ്തഹബ്ബ് (സുന്നത്) ആണെന്ന് പറയുന്നത് തന്നെ മതിയായതാണ്.” (ഫത്‌ഹുൽ ബാരി: 10/340)