സുനനുൽ ഫിത്വ് റ എന്ന വാക്ക് നബി -ﷺ- യുടെ പ്രസിദ്ധമായ ചില ഹദീഥുകളിൽ പറയപ്പെട്ട ചില കാര്യങ്ങളെ ഉദ്ദേശിച്ചു കൊണ്ട് ഉപയോഗിക്കുന്ന വാക്കാണ്.

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ -ﷺ- قَالَ: «الْفِطْرَةُ خَمْسٌ -أَوْ خَمْسٌ مِنَ الْفِطْرَةِ-: الْخِتَانُ، وَالِاسْتِحْدَادُ، وَتَقْلِيمُ الْأَظْفَارِ، وَنَتْفُ الْإِبِطِ، وَقَصُّ الشَّارِبِ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അഞ്ചു കാര്യങ്ങൾ ഫിത്വ് റതാണ്. ചേലാകർമ്മം, ഗുഹ്യസ്ഥാനത്തെ രോമങ്ങൾ വടിക്കൽ, നഖം വെട്ടൽ, കക്ഷത്തിലെ രോമങ്ങൾ പറിക്കൽ, മീശ ചെറുതാക്കൽ.” (ബുഖാരി: 5889, മുസ്‌ലിം: 257)

ഈ ഹദീഥിലും സമാനമായ മറ്റു ഹദീഥുകളിലും എണ്ണിപ്പറയപ്പെട്ട ചില പ്രവൃത്തികളെയാണ് സുനനുൽ ഫിത് റഃ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. സുനൻ എന്നാൽ ചര്യകൾ എന്നാണ് അർത്ഥം. ഫിത്വ് റഃ (الفِطْرَةُ) എന്നാലാകട്ടെ, സൃഷ്ടിപ്പ് എന്നാണ് അതിന്റെ ഭാഷാർത്ഥം. മനുഷ്യർ സൃഷ്ടിക്കപ്പെട്ട ശരിയായ സൃഷ്ടിപ്രകൃതിയുടെ ഭാഗമായ കാര്യങ്ങളെയാണ് ‘സുനനുൽ ഫിത്റഃ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇബ്‌നു ഹജർ -رَحِمَهُ اللَّهُ- ‘ഫിത്‌റഃ’ എന്ന പദത്തെ വിശദീകരിച്ചു കൊണ്ട് പറഞ്ഞു: “‘എല്ലാ കുട്ടികളും ‘ഫിത്റഃ’ (ശുദ്ധപ്രകൃതി) യിലാണ് ജനിക്കുന്നത് എന്ന് നബി -ﷺ- പറഞ്ഞിട്ടുണ്ട്. അതായത് അല്ലാഹു അവന്റെ സൃഷ്ടിപ്പ് ആരംഭിച്ചപ്പോൾ ഉണ്ടായ അവസ്ഥയിലാണ് അവർ ജനിക്കുന്നത്.

വിശുദ്ധ ഖുർആനിലെ അല്ലാഹുവിന്റെ ആയതിലേക്കാണ് നബി -ﷺ- യുടെ വാക്ക് സൂചന നൽകുന്നത്.

فِطْرَتَ اللَّـهِ الَّتِي فَطَرَ النَّاسَ عَلَيْهَا

“അല്ലാഹു മനുഷ്യരെ ഏതൊരു ഫിത്‌റതിൽ (പ്രകൃതിയിൽ) സൃഷ്ടിച്ചിരിക്കുന്നുവോ ആ ഫിത്റതാകുന്നു അത്‌.” (റൂം: 30)

ഒരു മനുഷ്യനെ ജനിച്ച സമയം മുതൽ സ്വതന്ത്രമായി ഉപേക്ഷിക്കുകയും, അവന്റെ ചിന്തയും ബുദ്ധിയും നയിക്കുന്നതിലേക്ക് അവൻ മുന്നോട്ടു പോവുകയും ചെയ്താൽ ഇസ്‌ലാം ദീനിലേക്ക് അത് അവനെ എത്തിക്കുന്നതാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിലേക്ക് അവൻ എത്തിപ്പെടുന്നതാണ്. (കാരണം അത് അവന്റെ പ്രകൃതിക്ക് തീർത്തും യോജിച്ചതാണ്.)

അല്ലാഹുവിന്റെ വചനം ഈ പറഞ്ഞതിനെ കൂടുതൽ പിന്തുണക്കുന്നു. അല്ലാഹു പറയുന്നു:

فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّـهِ

“ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ ഇസ്‌ലാം മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക; അല്ലാഹു (നിശ്ചയിച്ച) സൃഷ്ടിപ്രകൃതിയത്രെ അത് (ഇസ്‌ലാം)‌.” (റൂം: 30)

… ഹദീഥുകളിൽ പരാമർശിക്കപ്പെട്ട ‘ശുദ്ധപ്രകൃതിയുടെ ഭാഗമായ ചര്യകൾ’ (സുനനുൽ ഫിത്വ് റ) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച പ്രകൃതിയാണ്. ഹദീഥിൽ പറയപ്പെട്ട പ്രസ്തുത കാര്യങ്ങൾ ഒരാൾ പ്രാവർത്തികമാക്കിയാൽ അവൻ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച ശുദ്ധപ്രകൃതിയോട് യോജിച്ചിരിക്കുന്നു. മാനുഷികമായ പൂർണ്ണതയും, ഏറ്റവും ശ്രേഷ്ഠമായ രൂപവും ഈ ഗുണങ്ങൾ പാലിക്കുന്നതിലൂടെ അവന് നേടിയെടുക്കാൻ കഴിയുന്നു.” (ഫത്‌ഹുൽ ബാരീ: 10/339)

ഇതല്ലാതെ മറ്റൊരു വിശദീകരണവും ചില പണ്ഡിതന്മാർ നൽകിയിട്ടുണ്ട്.

ഇമാം ഖത്താബി -رَحِمَهُ اللَّهُ- പറയുന്നു: “ഹദീഥിൽ പരാമർശിക്കപ്പെട്ട ഫിത്റഃ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സുന്നത് (നബിചര്യ) ആണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അതായത് ഫിത്റതിന്റെ ഭാഗമാണ് എന്ന് പറയപ്പെട്ട പ്രവർത്തികളെല്ലാം നബിമാരുടെ ചര്യയിൽ പെട്ടതാണ് എന്നതാണ് അതിന്റെ ഉദ്ദേശം. അവരെയാണ് നമ്മോട് മാതൃകയാക്കാൻ കൽപ്പിച്ചിരിക്കുന്നത്.” (മആലിമുസ്സുനൻ: 1/31)

മേൽ പറഞ്ഞ രണ്ട് അഭിപ്രായങ്ങളും ഒരേ കാര്യത്തിലേക്ക് തന്നെയാണ് വന്നുചേരുന്നത്. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതിയിലായിരുന്നു എല്ലാ നബിമാരും നിലകൊണ്ടത്. നബിമാരെല്ലാം നിലകൊണ്ട ആ മാർഗം തന്നെയാണ് ഓരോ മുസ്‌ലിമും പിൻപറ്റേണ്ടതായിട്ടുള്ളതും.

വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: