മീശ ചെറുതാക്കുന്നതിന് രണ്ട് രൂപങ്ങളുണ്ട്. അവയിൽ ഏതും ഒരാൾക്ക് സ്വീകരിക്കാം. കാരണം ഈ രണ്ട് രൂപങ്ങളും ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഹമ്പലീ മദ്‌ഹബിലെ അഭിപ്രായം ഇപ്രകാരമാണ്. [1] ഇമാം ത്വബരി -رَحِمَهُ اللَّهُ- മുൻഗണന നൽകിയിട്ടുള്ള അഭിപ്രായമാണ് ഇത്. [2] ലജ്നതുദ്ദാഇമഃയുടെ ഫത്‌വയും ഈ വീക്ഷണത്തോട് യോജിച്ചു കൊണ്ടാണ്. [3]

മീശ ചെറുതാക്കുന്നതിന്റെ രണ്ട് രൂപങ്ങൾ താഴെ പറയുന്നവയാണ്.

രൂപം ഒന്ന്: മീശയുടെ അറ്റം വെട്ടിയൊതുക്കുകയും, മേൽചുണ്ടിന്റെ അറ്റം പുറത്തേക്ക് കാണുന്ന രൂപത്തിൽ മീശരോമങ്ങൾ നിർത്തുകയും ചെയ്യുക. [4] ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഈ രീതിയോട് യോജിച്ചു കൊണ്ടാണ്.

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ -ﷺ- قَالَ: «الْفِطْرَةُ خَمْسٌ -أَوْ خَمْسٌ مِنَ الْفِطْرَةِ-: الْخِتَانُ، وَالِاسْتِحْدَادُ، وَتَقْلِيمُ الْأَظْفَارِ، وَنَتْفُ الْإِبِطِ، وَقَصُّ الشَّارِبِ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അഞ്ചു കാര്യങ്ങൾ ഫിത്വ് റതാണ്. ചേലാകർമ്മം, ഗുഹ്യസ്ഥാനത്തെ രോമങ്ങൾ വടിക്കൽ, നഖം വെട്ടൽ, കക്ഷത്തിലെ രോമങ്ങൾ പറിക്കൽ, മീശ ചെറുതാക്കൽ.” (ബുഖാരി: 5889, മുസ്‌ലിം: 257)

മുറിക്കുക എന്ന അർത്ഥം വരുന്ന ഖസ്വ് (القَصُّ) എന്ന പദമാണ് മീശ ചെറുതാക്കുന്നതിനെ കുറിച്ചുള്ള ബഹുഭൂരിപക്ഷം ഹദീഥുകളിലും വന്നിട്ടുള്ളത്. മറ്റു ഹദീഥുകളിൽ മീശ തീരെ ചെറുതാക്കണമെന്ന അർത്ഥത്തിൽ വന്നിട്ടുള്ള കൽപ്പനകളും ചില പണ്ഡിതന്മാർ ഈ ഹദീഥിലെ പദത്തിന് അനുയോജ്യമായി മനസ്സിലാക്കണമെന്ന് അഭിപ്രായപ്പെട്ടതായി കാണാം.

عَنْ زَيْدِ بْنِ أَرْقَمَ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «مَنْ لَمْ يَأْخُذْ مِنْ شَارِبِهِ فَلَيْسَ مِنَّا»

സൈദു ബ്നു അർഖം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “മീശയിൽ നിന്ന് എടുക്കാത്തവൻ നമ്മിൽ പെട്ടവനല്ല.” (തിർമിദി: 2761, നസാഈ: 13, അഹ്മദ്: 19283, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ഈ ഹദീഥിലും മീശ മുഴുവനായി വടിച്ചു കളയാൻ നബി -ﷺ- നിർദേശിക്കുന്നില്ല. മറിച്ച്, മീശയിൽ നിന്ന് എടുക്കുക എന്ന് മാത്രമേ അവിടുന്ന് കൽപ്പിക്കുന്നുള്ളൂ. മീശ ചുണ്ടിനെ മറക്കുന്ന രൂപത്തിൽ വളരാൻ വിടാതെ വെട്ടിയൊതുക്കുന്നുണ്ട് എങ്കിൽ അത് മീശ എടുക്കുക എന്നതിന്റെ പ്രാവർത്തിക രൂപമായി തന്നെയാണ് മനസ്സിലാക്കാൻ കഴിയുക. വല്ലാഹു അഅ്ലം.

സ്വഹാബികളിൽ നിന്നും ഇതേ രൂപം സ്ഥിരപ്പെട്ടു വന്നതായി കാണാം.

عَنْ شُرَحْبِيلَ بْنِ مُسْلِمٍ الخَوْلَانيِّ قَالَ: «رَأَيْتُ خَمْسَةً مِنْ أَصْحَابِ رَسُولِ اللَّهِ -ﷺ- يَقُصُّونَ شَوَارِبَهُمْ وَيُعْفُونَ لِحَاهُمْ وَيُصَفِّرُونَهَا: أَبُو أُمَامَةَ البَاهِلِيُّ، وَعَبْدُ اللَّهِ بْنُ بُسْرٍ، وَعُتْبَةُ بْنُ عَبْدِ السُّلَمِيُّ، وَالحَجَّاجُ بْنُ عَامِرٍ الثُّمَالِيُّ، وَالمِقْدَامُ بْنُ مَعْدِ يَكْرِبَ الكِنْدِيُّ؛ كَانُوا يَقُصُّونَ شَوَارِبَهُمْ مَعَ طَرَفِ الشَّفَةِ»

ശുറഹ്ബീൽ ബ്നു മുസ്‌ലിം പറയുന്നു: “നബി -ﷺ- അഞ്ചു സ്വഹാബിമാർ അവരുടെ മീശ ചെറുതാക്കുകയും, താടി (വെട്ടാതെ) വെറുതെ വിടുകയും അവ മഞ്ഞ നിറമുള്ളതാക്കുകയും ചെയ്യുന്നതായി ഞാൻ കണ്ടിട്ടുണ്ട്. അബൂ ഉമാമതുൽ ബാഹിലി, അബ്ദുല്ലാഹി ബ്നു ബുസ്‌ർ, ഉത്ബതു ബ്നു അബ്ദിസ്സുലമി, ഹജ്ജാജു ബ്നു ആമിർ അത്തമീമീ, മിഖ്ദാമു ബ്നു മഅ്ദീകരിബ് എന്നിവരാണവർ. ചുണ്ടിന്റെ അറ്റത്തോട് ചേർത്തു കൊണ്ടായിരുന്നു അവർ തങ്ങളുടെ മീശ ചെറുതാക്കാറുണ്ടായിരുന്നത്.” (അൽ ആഹാദു വൽ മഥാനീ / ഇബ്‌നു അബീ ആസ്വിം: 1236, ത്വബ്റാനീ: 617, ബയ്ഹഖി: 1/151, അൽബാനി സനദ് ഹസനാണെന്ന് വിലയിരുത്തിയിട്ടുണ്ട്.)

രൂപം രണ്ട്: മീശ തീർത്തും എടുക്കുന്ന രൂപത്തിൽ -വടിച്ചു കളയാതെ- വെട്ടുക. [5]

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ -ﷺ- قَالَ: «أَحْفُوا الشَّوَارِبَ وَأَعْفُوا اللِّحَى»

عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «انْهَكُوا الشَّوَارِبَ، وَأَعْفُوا اللِّحَى»

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «جُزُّوا الشَّوَارِبَ، وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ»

മേലെ നൽകിയ ഹദീഥുകളിൽ മീശ എടുക്കാൻ കൽപ്പിച്ചു കൊണ്ട് വന്നിട്ടുള്ള പദങ്ങൾ ‘അഹ്ഫൂ’ (أَحْفُوا), ‘അൻഹികൂ’ (أَنْهِكُوا), ‘ജുസ്സൂ’ (جُزُّوا) എന്നിവയാണ്. ഇവയെല്ലാം മീശ തീർത്തും എടുക്കുക എന്ന അർത്ഥം നൽകുന്ന പദങ്ങളാണ്. എന്നാൽ മീശ വടിച്ചു കളയുക എന്ന അർത്ഥം ഈ പദങ്ങൾക്കൊന്നുമില്ല എന്ന് പ്രത്യേകം ഓർക്കുക. [6]

قَالَ الْبُخَارِيُّ : «وَكَانَ ابْنُ عُمَرَ يُحْفِي شَارِبَهُ حَتَّى يُنْظَرَ إِلَى مَوْضِعِ الْحَلْقِ»

ഇമാം ബുഖാരി -സനദില്ലാതെ (മുഅല്ലഖായി)- നൽകിയ അഥറിൽ ഇപ്രകാരം വന്നിട്ടുണ്ട്. “ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- തന്റെ മീശ -അദ്ദേഹത്തിന്റെ തൊലിയുടെ വെളുപ്പ് കാണാവുന്നത്ര- തീരെ ചെറുതാക്കി വെട്ടാറുണ്ടായിരുന്നു.” (ബുഖാരി: 7/159)

عَنْ عَبْدِ اللَّهِ بْنِ رَافِعٍ قَالَ: «رَأَيْتُ أَبَا سَعِيدٍ الْخُدْرِيَّ وَسَلَمَةَ بْنَ الْأَكْوَعِ وَجَابِرَ بْنَ عَبْدِ اللَّهِ وَابْنَ عُمَرَ وَأَبَا أُسَيْدٍ: يَجُزُّونَ شَوَارِبَهُمْ، أَخَا الْحَلْقِ»

അബ്ദുല്ലാഹി ബ്നു റാഫിഅ് നിവേദനം: “(സ്വഹാബിമാരായ) അബൂ സഈദ് അൽ ഖുദ്‌രി, സലമതു ബ്നുൽ അക്‌വഅ്, ജാബിറു ബ്നു അബ്ദില്ലാഹ്, ഇബ്‌നു ഉമർ, അബൂ ഉസൈദ് എന്നിവർ തങ്ങളുടെ മീശ ചെറുതാക്കിയതായി ഞാൻ കണ്ടിട്ടുണ്ട്; വടിച്ചു കളയുന്നതിനോട് അടുത്തു നിൽക്കുന്ന രൂപത്തിലായിരുന്നു അവർ മീശ എടുത്തിയിരുന്നത്.” (ശർഹുൽ ഉംദഃ / ഇബ്‌നു തൈമിയ്യഃ: 1/222)

ആരംഭത്തില്‍ പറഞ്ഞതു പോലെ -മേലെ നല്‍കിയ രണ്ട് രൂപങ്ങളില്‍ ഏതും- ഒരാള്‍ക്ക് സ്വീകരിക്കാവുന്നതാണ്. കാരണം രണ്ടും ഹദീസുകളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. വല്ലാഹു അഅ്ലം.

[1]  الإنصاف للمرداوي (1/96)، كشاف القناع للبهوتي (1/198). والحفُّ عندهم أَولى.

[2]  نقله عنه الحافظ ابن حجر في فتح الباري (10/347).

[3]  فتاوى اللَّجنة الدَّائمة- المجموعة الأولى (5/131-132).

[4]  انظر: فتح القدير لابن الهمام (3/34)، المجموع للنووي (1/287) 

[5] شرح معاني الآثار (5/320-322) .

[6]  انظر: فتح الباري (10/346).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: