താടി വടിക്കുന്നത് ഹറാമാണ് (നിഷിദ്ധം). ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാകുന്നു. ശാഫിഈ മദ്‌ഹബിലെ ചിലരുടെ അഭിപ്രായം ഒഴിച്ചു നിർത്തിയാൽ നാല് മദ്‌ഹബുകളും ഈ വിഷയത്തിൽ ഏകോപിച്ചിരിക്കുന്നു.

عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «خَالِفُوا الْمُشْرِكِينَ أَحْفُوا الشَّوَارِبَ، وَأَوْفُوا اللِّحَى»

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ മുശ്രിക്കുകളോട് എതിരാവുക; മീശ നന്നായി ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക.” (മുസ്‌ലിം: 259)

عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «انْهَكُوا الشَّوَارِبَ، وَأَعْفُوا اللِّحَى»

ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ മീശ നല്ലവണ്ണം ചെറുതാക്കുക; താടി വെറുതെ വിടുകയും ചെയ്യുക.” (ബുഖാരി: 5893, മുസ്‌ലിം: 259)

عَنْ أَبِي أُمَامَةَ قَالَ: خَرَجَ رَسُولُ اللَّهِ -ﷺ- عَلَى مَشْيَخَةٍ مِنَ الْأَنْصَارٍ … فَقُلْنَا: يَا رَسُولَ اللَّهِ إِنَّ أَهْلَ الْكِتَابِ يَقُصُّونَ عَثَانِينَهُمْ وَيُوَفِّرُونَ سِبَالَهُمْ، فَقَالَ النَّبِيُّ -ﷺ-: «قُصُّوا سِبَالَكُمْ، وَوَفِّرُوا عَثَانِينَكُمْ وَخَالِفُوا أَهْلَ الْكِتَابِ»

താടി നരച്ച വൃദ്ധന്മാരായ ചില അന്‍സ്വാറുകള്‍ക്കിടയിലേക്ക് നബി -ﷺ- വന്നു… ഞങ്ങള്‍ പറഞ്ഞു: “വേദക്കാര്‍ അവരുടെ താടി ചെറുതാക്കുകയും, മീശ (വെട്ടാതെ) വെറുതെ വിടുകയും ചെയ്യുന്നു.” നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക. വേദക്കാരോട് എതിരാവുകയും ചെയ്യുക.” (അഹ്മദ്, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «جُزُّوا الشَّوَارِبَ، وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ മീശ നല്ലവണ്ണം മുറിക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക. മജൂസികളോട് എതിരാവുകയും ചെയ്യുക.” (മുസ്‌ലിം: 260)

താടി വളർത്താൻ കൽപ്പിച്ചു കൊണ്ടുള്ള നബി -ﷺ- യുടെ ഹദീഥുകളിൽ വ്യത്യസ്ത പദങ്ങൾ വന്നിട്ടുണ്ട്. ഔഫൂ (أَوْفُوا), വഫ്ഫിറൂ (وَفِّرُوا), അഅ്ഫൂ (أَعْفُوا), അർഖൂ (أَرْخُوا), അർജൂ (أَرْجُوا) എന്നീ പദങ്ങളെല്ലാം അതിൽ പെട്ടതാണ്. വ്യത്യസ്ത ഹദീഥുകളില്‍ വന്ന ഇത്തരം പദങ്ങളെയെല്ലാം ഒരുമിപ്പിച്ചതിന് ശേഷം ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: “താടി വളര്‍ത്തുന്നതിന്റെ വിഷയത്തില്‍ അഞ്ചു പദങ്ങള്‍ വന്നിട്ടുണ്ട്. അവയെല്ലാം താടി അതിന്റെ അവസ്ഥയില്‍ വെറുതെ വിടണമെന്നാണ് അറിയിക്കുന്നത്. ഹദീഥിന്റെ പദങ്ങളുടെയെല്ലാം ബാഹ്യാര്‍ഥം ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.” (ശര്‍ഹു മുസ്‌ലിം: 3/151)

താടി വളർത്തുന്നത് നിർബന്ധമാണെന്നും, അത് വടിച്ചു കളയുന്നത് ഹറമാണെന്നും മേലെ നൽകിയ ഹദീഥുകൾ വ്യക്തമാക്കുന്നുണ്ട്. രണ്ട് രൂപത്തിൽ ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കും.

1- താടി വളർത്തണമെന്ന് ഈ ഹദീഥുകളിലെല്ലാം നബി -ﷺ- കൽപ്പനാസ്വരത്തിലാണ് പറഞ്ഞിരിക്കുന്നത്. നബി -ﷺ- ഒരു കാര്യം കൽപ്പിച്ചാൽ -അത് നിർബന്ധമല്ലെന്ന് അറിയിക്കുന്ന മറ്റു സൂചനകൾ ഒന്നുമില്ലെങ്കിൽ- അവിടുത്തെ കൽപ്പനകൾ നിർബന്ധമായും പാലിക്കുകയാണ് വേണ്ടത്. കർമ്മശസ്ത്ര അടിസ്ഥാനങ്ങളിൽ അറിയപ്പെട്ട അടിസ്ഥാനമാണിത്.

2- താടി വടിക്കുക എന്നത് ഇസ്‌ലാമിന്റെ ശത്രുക്കളുടെ പൊതു രീതിയായാണ് നബി -ﷺ- അറിയിച്ചിരിക്കുന്നത്. ബഹുദൈവാരാധകരുടെ മാർഗം പിൻപറ്റുക എന്നത് നിഷിദ്ധമാണ്. താടി വടിക്കൽ അതിൽ പെടുന്ന പ്രവൃത്തിയാണെന്ന് നബി -ﷺ- വ്യക്തമായി അറിയിച്ചിരിക്കുന്നതിനാൽ അത് ഉപേക്ഷിക്കൽ നിർബന്ധമാണ്.

താടി വടിക്കുന്നത് നിഷിദ്ധമാണെന്നതിൽ നാല് മദ്‌ഹബിലെ പണ്ഡിതന്മാരും യോജിച്ചിട്ടുണ്ട് എന്ന കാര്യം തുടക്കത്തിൽ ഓർമ്മപ്പെടുത്തുകയുണ്ടായി. മദ്‌ഹബിലെ പണ്ഡിതന്മാർ ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് പറഞ്ഞ ചില വാക്കുകൾ കൂടെ താഴെ ഉൾപ്പെടുത്തുന്നു; വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടാൻ അവ സഹായകമാണ്.

وَأَمَّا الْأَخْذُ مِنْهَا وَهِيَ دُونَ ذَلِكَ كَمَا يَفْعَلُهُ بَعْضُ الْمَغَارِبَةِ وَمُخَنَّثَةُ الرِّجَالِ فَلَمْ يُبِحْهُ أَحَدٌ، وَأَخْذُ كُلِّهَا فِعْلُ يَهُودِ الْهِنْدِ وَمَجُوسِ الْأَعَاجِمِ.

ഹനഫീ പണ്ഡിതനായ മുഹമ്മദ് ബ്നു അലി ഹഫ്സ്വകി പറയുന്നു: “താടി ഒരു പിടിക്ക് മുകളിൽ വെട്ടുക എന്നത് ഒരാളും അനുവദിച്ചിട്ടില്ല. മഗാരിബകളും (വടക്കൻ ആഫ്രിക്ക), സ്ത്രൈണതയുള്ള പുരുഷന്മാരും ചെയ്യുന്ന പ്രവൃത്തികളിൽ പെട്ടതാണത്. താടി മുഴുവനായി എടുക്കുക എന്നതാകട്ടെ, ഇന്ത്യയിലെ യഹൂദരുടെയും അനറബികളായ അഗ്നിയാരാധകരുടെയും രീതിയിൽ പെട്ടതുമാണ്.” (ദുർറുൽ മുഖ്താർ: 2/418)

وَحَلْقُ اللِّحْيَةِ لَا يَجُوزُ وَكَذَلِكَ الشَّارِبُ، وَهُوَ مُثْلَةٌ وَبِدْعَةٌ، وَيُؤَدَّبُ مَنْ حَلَقَ لِحْيَتَهُ أَوْ شَارِبَهُ إِلَّا أَنْ يُرِيدَ الإِحْرَامَ بِالحَجِّ وَيَخْشَى طُولَ شَارِبِهِ.

മാലികീ പണ്ഡിതനായ അൽ ഹത്വാബ് പറയുന്നു: “താടി വടിക്കുക എന്നത് അനുവദനീയമല്ല. അതു പോലെ തന്നെയാണ് മീശ വടിക്കുന്നതും. അല്ലാഹുവിന്റെ സൃഷ്ടിപ്പിന് രൂപമാറ്റം വരുത്തലും, ഇസ്‌ലാമിൽ കടത്തിക്കൂട്ടപ്പെട്ട ബിദ്അതുമാണ് അത്. താടിയും മീശയും വടിച്ചു കളയുന്നവരെ (ഇസ്‌ലാമിക നാടുകളിൽ) ശിക്ഷക്ക് വിധേയമാക്കുകയും, നല്ലനടപ്പ് പഠിപ്പിക്കുകയും വേണ്ടതുണ്ട്…” (മവാഹിബുൽ ജലീൽ: 1/216)

ശാഫിഈ മദ്‌ഹബിലെ പൗരാണികരായ പണ്ഡിതന്മാരുടെ അഭിപ്രായം താടി വടിക്കുന്നത് ഹറാമാണെന്നാണ്.

قَالَ الشَّيْخَانِ: يُكْرَهُ حَلْقُ اللِّحْيَةِ، وَاعْتَرَضَ ابْنُ الرِّفْعَةِ فِي حَاشِيَتِهِ الكَافِيَةِ بِأَنَّ الشَّافِعِيَّ -رَحِمَهُ اللَّهُ- نَصَّ فِي الأُمِّ عَلَى التَّحْرِيمِ، قَالَ الزَّرْكَشِيُّ، وَكَذَا الحُلَيْمِيُّ فِي شُعَبِ الإِيمَانِ، وَأُسْتَاذُهُ القَفَّالُ فِي مَحَاسِنِ الشَّرِيعَةِ، وَقَالَ الأَذْرَعِيُّ: الصَّوَابُ تَحْرِيمُ حَلْقِهَا جُمْلَةً؛ لِغَيْرِ عِلَّةٍ بِهَا.

ശാഫിഈ പണ്ഡിതനായ ഇബ്‌നു ഹജർ അൽ ഹയ്തമീ പറയുന്നു: “ഇമാം റാഫിഇയും ഇമാം നവവിയും താടി വടിക്കുന്നത് മക്റൂഹാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ ഇബ്‌നു രിഫ്അഃ ഇതിനെ എതിർത്തിട്ടുണ്ട്. ഇമാം ശാഫിഈ അദ്ദേഹത്തിന്റെ അൽ ഉമ്മ് എന്ന ഗ്രന്ഥത്തിൽ താടി വടിക്കുന്നത് നിഷിദ്ധമാണെന്ന് ഖണ്ഡിതമായി പ്രസ്താവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്… താടി വടിക്കുന്നത് നിഷിദ്ധമാണ് എന്ന അഭിപ്രായം ഇമാം സർകശി, ഇമാം ഹുലൈമി, ഇമാം ഖഫ്ഫാൽ, ഇമാം അസ്റഈ എന്നിവരും പറഞ്ഞിട്ടുണ്ട്.” (തുഹ്‌ഫതുൽ മുഹ്താജ്: 9/376)

فَأَمَّا حَلْقُهَا فَمِثْلُ حَلْقِ الْمَرْأَةِ رَأْسَهَا وَأَشَدُّ؛ لِأَنَّهُ مِنَ الْمُثْلَةِ الْمَنْهِيِّ عَنْهَا وَهِيَ مُحَرَّمَةٌ.

ഹമ്പലീ മദ്‌ഹബിലെ പ്രസിദ്ധ ഗ്രന്ഥമായ ഉംദഃയുടെ വിശദീകരണത്തിൽ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللَّهُ- പറയുന്നു: “സ്ത്രീകൾ തങ്ങളുടെ തലമുടി വടിച്ചു കളയുന്നത് പോലെയാണ് പുരുഷൻ അവന്റെ താടി വടിക്കുക എന്നത്. അല്ല, അതിനേക്കാൾ കടുപ്പമേറിയ കാര്യമാണത്. കാരണം സൃഷ്ടിപ്പിൽ മാറ്റം വരുത്തുക എന്ന വിലക്കപ്പെട്ട പ്രവൃത്തിയിലാണ് അത് ഉൾപ്പെടുക. അത് നിഷിദ്ധമാണ്.” (ശർഹുൽ ഉംദഃ: 236)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: