ഭക്ഷണം കഴിക്കുക എന്നതും വെള്ളം കുടിക്കുക എന്നതും നോമ്പ് മുറിക്കുന്ന പ്രധാന കാരണങ്ങളിൽ പെട്ടതാണ്. അതിനുള്ള തെളിവുകൾ വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീഥിലും വന്നിട്ടുണ്ട്. അതോടൊപ്പം മുസ്ലിം ഉമ്മതിനിടയിൽ ഏകാഭിപ്രായമുള്ള -ഇജ്മാഉള്ള- കാര്യങ്ങളിൽ പെട്ടതുമാണ് അത്. അത്തരം ഏകാഭിപ്രായങ്ങൾ ഇസ്ലാമിന്റെ തെളിവാണല്ലോ?
ഖുർആനിൽ നിന്നുള്ള തെളിവ് അല്ലാഹുവിന്റെ വാക്കാണ്:
وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ
“നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. ” (ബഖറ: 187)
റമദാൻ മാസത്തിൽ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യാൻ അല്ലാഹു പുലരി വരെ അനുവാദം നൽകി എന്നതിൽ നിന്ന് അതല്ലാത്ത സമയം ഇക്കാര്യം അനുവദനീയമല്ല എന്നും, അങ്ങനെ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ നോമ്പ് മുറിയുമെന്നും മനസ്സിലാക്കാം. നബി -ﷺ- യുടെ ഹദീഥുകളിലും ധാരാളം സൂചനകൾ വന്നിട്ടുണ്ട്. പ്രബലമായ ഒരു ഹദീഥ് മാത്രം നൽകാം.
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: ««يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي، الصِّيَامُ لِي، وَأَنَا أَجْزِي بِهِ»
നബി -ﷺ- പറഞ്ഞു: “അല്ലാഹു പറഞ്ഞിരിക്കുന്നു: നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുക. അവന്റെ ദേഹേഛയും ഭക്ഷണവും പാനീയവും അവൻ എനിക്ക് വേണ്ടി ഉപേക്ഷിക്കുന്നു.” (ബുഖാരി: 1864, മുസ്ലിം: 1151)