പന്നിയുടെ നജസ് മറ്റെല്ലാ നജസായ വസ്തുക്കളും കഴുകുന്നത് പോലെ വെള്ളം കൊണ്ട് കഴുകിയാൽ മാത്രം മതിയാകും. നായയുടെ നജസ് ഏഴു തവണ കഴുകുകയും, മണ്ണ് കലർത്തിയ വെള്ളം കൊണ്ട് കഴുകുകയും ചെയ്യുന്നത് പോലെ പന്നിയുടെ നജസ് കഴുകേണ്ടതില്ല എന്നതാണ് ശരിയായ അഭിപ്രായം.
ഹനഫീ മദ്ഹബിലെയും, മാലികീ മദ്ഹബിലെയും അഭിപ്രായം ഇപ്രകാരമാകുന്നു. [1] ഇമാം ശാഫിഇയുടെ പഴയ വീക്ഷണവും, ഇമാം അഹ്മദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട അഭിപ്രായങ്ങളിലൊന്നുമാണിത്. [2] ഇമാം നവവി, ഇബ്നു ഹസ്മ്, ഇബ്നു ബാസ്, ഇബ്നു ഉഥൈമീൻ [3] തുടങ്ങിയവർ ഈ വീക്ഷണമാണ് ശരിയായി സ്വീകരിച്ചിട്ടുള്ളത്.
കാരണം നായയുടെ നജസ് ശുദ്ധീകരിക്കുന്നത് പോലെ പന്നിയുടെ നജസും ശുദ്ധീകരിക്കണമെന്ന് നബി -ﷺ- ഏതെങ്കിലും ഹദീഥുകളിൽ നിർദേശിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല. അതിനാൽ മറ്റെല്ലാ നജസുകളുടെയും കാര്യത്തിലുള്ള പൊതുനിയമം ഇക്കാര്യത്തിലും ബാധകമാണ്.
ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “പന്നിയുടെ നജസ് ഒരു തവണ -മണ്ണ് ഉൾപ്പെടുത്താതെ- കഴുകിയാൽ മതിയാകും എന്നതാണ് തെളിവിന്റെ അടിസ്ഥാനത്തിൽ ശരിയാവുക. പന്നിയുടെ മാംസം നജസാണെന്ന് അഭിപ്രായപ്പെട്ടവരിൽ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്. അത് തന്നെയാണ് സ്വീകാര്യമായ വീക്ഷണവും. കാരണം (ഏഴു തവണ കഴുകലും, മണ്ണ് ഉൾപ്പെടുത്തലും നജസ് ശുദ്ധീകരിക്കാൻ നിർബന്ധമാകുന്നു എന്നറിയിക്കുന്ന) തെളിവ് സ്ഥിരപ്പെടുന്നത് വരെ അക്കാര്യം ഒന്നിലും നിർബന്ധമില്ല എന്നതാണ് അടിസ്ഥാനം.” (മജ്മൂഅ്: 2/586)
വല്ലാഹു അഅ്ലം.
[1] الحنفية: المبسوط للسرخسي (1/48)، وينظر: بدائع الصنائع للكاساني (1/63).
المالكية: حاشية الدسوقي (1/78)، وينظر: (بداية المجتهد لابن رشد (1/29-30).
[2] الإمام الشافعي: روضة الطالبين للنووي (1/32)، المجموع للنووي (2/586).
الإمام أحمد: الفروع لابن مفلح (1/316)، الإنصاف للمرداوي (1/224).
[3] المجموع للنووي (2/586)، المحلى لابن حزم (1/123)، اختيارات الشيخ ابن باز الفقهيَّة لخالد آل حامد (1/277)، الشرح الممتع لابن عثيمين (1/418).