മനുഷ്യരുടെ ചർദ്ദിൽ നജസാണ് എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. കഴിച്ച ഭക്ഷണ പാനീയങ്ങളുടെ രൂപത്തിന് മാറ്റം സംഭവിച്ച നിലയിലാണ് ചർദ്ദിലെങ്കിൽ പ്രത്യേകിച്ചും. കഴിച്ച ഭക്ഷണം അതു പോലെ ചർദ്ദിക്കുകയാണ് ചെയ്തതെങ്കിലും നജിസാണെന്ന് തന്നെയാണ് വലിയ വിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. നാല് മദ്‌ഹബുകളുടെയും അഭിപ്രായം ഇപ്രകാരമാണ്. [1] ഇബ്‌നു തൈമിയ്യഃ, ഇബ്‌നുൽ ഖയ്യിം, ഇബ്‌നു ബാസ് തുടങ്ങിയവരും ഈ അഭിപ്രായം ശരിയാണെന്ന് വിലയിരുത്തിയവരാണ്. [2]

ഈ വീക്ഷണം ശരിയാണെന്ന് വിലയിരുത്താനുള്ള കാരണങ്ങൾ പലതുണ്ട്.

1- ചർദ്ദിൽ മലത്തിനോട് സമാനതയുള്ളതാണ്. രണ്ടും ശരീരത്തിനുള്ളിൽ പ്രവേശിച്ച ഭക്ഷണം മാറ്റം വന്നതിന് ശേഷം പുറത്തു വരികയാണ് ചെയ്തിട്ടുള്ളത്.

2- നബി -ﷺ- ചർദ്ദിച്ച ശേഷം വുദുവെടുത്തു എന്നത് സ്ഥിരപ്പെട്ടിരിക്കുന്നു. ഇത് ചർദ്ദിൽ നജസാണെന്നതിലേക്ക് സൂചന നൽകുന്നു.

ലജ്നതുദ്ദാഇമയോട് ഈ വിഷയത്തിൽ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു: “ചർദ്ദിൽ നജിസാണ്. ചെറിയ കുട്ടികളുടേതോ വലിയവരുടേതോ ആകട്ടെ; അത് നജിസാണ്. കാരണം ആമാശയത്തിൽ പ്രവേശിച്ച ശേഷം മാറ്റം സംഭവിച്ച ഭക്ഷണമാണ് ചർദ്ദിൽ. മലത്തിനോടും രക്തത്തിനോടുമാണ് അതിന് സദൃശ്യതയുള്ളത്. അതിനാൽ വസ്ത്രത്തിലോ മറ്റോ ചർദ്ദിൽ ആയാൽ അത് വെള്ളം കൊണ്ട് ഉരച്ചുതേച്ചു കഴുകുക എന്നത് നിർബന്ധമാണ്.” (ഫതാവല്ലജ്ന: 4/193)

സാന്ദർഭികമായി സൂചിപ്പിക്കട്ടെ, ചർദ്ദിൽ നജസല്ല എന്ന് അഭിപ്രായപ്പെട്ട ഒരു വിഭാഗം പണ്ഡിതന്മാരും ഉണ്ട്. മാലികീ മദ്‌ഹബിലെ ചില പണ്ഡിതന്മാരുടെ [3] ഈ വീക്ഷണം ഇമാം ശൗകാനീ, ശൈഖ് അൽബാനീ, ഇബ്‌നു ഉഥൈമീൻ [4] തുടങ്ങിയവർ സ്വീകരിച്ച അഭിപ്രായമാണ്. വ്യാപകമായി ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നായ ചർദ്ദി നജസാണ് എന്ന് ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളില്ല എന്നതിനാൽ അത് നജസാണെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല എന്നതാണ് ഈ വിഭാഗം പണ്ഡിതന്മാരുടെ വീക്ഷണം. എങ്കിലും സൂക്ഷ്മതയുടെ ഭാഗമായി ചർദ്ദിൽ നജസായി പരിഗണിക്കുകയും, ശരീരത്തിലോ വസ്ത്രത്തിലോ ബാധിച്ചാൽ അത് കഴുകിക്കളയുകയും ചെയ്യുന്നതാണ് നല്ലത് എന്നതിൽ സംശയമില്ല.

[1]  الحنفية: الدر المختار وحاشية ابن عابدين (1/205)، بدائع الصنائع للكاساني (1/60).

المالكية: الشرح الكبير (1/51)

الشافعية: منهاج الطالبين للنووي (1/70)، مغني المحتاج للشربيني (1/79)

الحنابلة: منار السبيل في شرح الدليل لابن ضويان (1/53)، شرح منتهى الإرادات (1/102)

[2]  ابن تيمية: مجموع الفتاوى (21/597)

ابن القيم: تحفة المورود (ص 218)

ابن باز: فتاوى نور على الدرب (5/379)

[3]  قول عند بعض المالكية كابن رشد، والقاضي عياض وغيرهما، مواهب الجليل للحطاب (2/176)، منح الجليل لعليش (1/48).

[4]  الشوكاني: الدراري المضية (1/27)

الألباني: تمام المنة (1/53-54)

ابن عثيمين: لقاء الباب المفتوح (رقم 88)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: