ഭക്ഷ്യയോഗ്യങ്ങളായ മൃഗങ്ങളുടെയും പക്ഷികളുടെയും മലമൂത്ര വിസർജ്യങ്ങൾ നജസല്ല. മാലികീ ഹമ്പലീ മദ്‌ഹബുകളുടെ അഭിപ്രായം ഇപ്രകാരമാണ്. [1] ഇമാം ശൗകാനീ -رَحِمَهُ اللَّهُ-, ഇബ്‌നു ബാസ് -رَحِمَهُ اللَّهُ-, ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- [2] തുടങ്ങിയവർ ഈ അഭിപ്രായമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَدِمَ أُنَاسٌ مِنْ عُكْلٍ أَوْ عُرَيْنَةَ، فَاجْتَوَوْا المَدِينَةَ فَأَمَرَهُمُ النَّبِيُّ -ﷺ-، بِلِقَاحٍ، وَأَنْ يَشْرَبُوا مِنْ أَبْوَالِهَا وَأَلْبَانِهَا.

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉക്‌ലിൽ നിന്നോ ഉറൈനയിൽ നിന്നോ ആയി കുറച്ചു പേർ (മദീനയിലേക്ക്) വന്നു. മദീനയിലെ താമസം കാരണത്താൽ അവർക്ക് വയറിന് രോഗം ബാധിച്ചു. അപ്പോൾ നബി -ﷺ- പാൽ കറവക്കുള്ള ഒട്ടകങ്ങളുടെ പാലും മൂത്രവും കുടിക്കാൻ അവരോട് കൽപ്പിച്ചു.” (ബുഖാരി: 233, മുസ്‌ലിം: 1671)

ഒട്ടകത്തിന്റെ മൂത്രം രോഗചികിത്സയുടെ ഭാഗമായി കുടിക്കാനാണ് നബി -ﷺ- ഈ ഹദീഥിലൂടെ കൽപ്പിക്കുന്നത്. അവയുടെ മൂത്രം നജിസായിരുന്നെങ്കിൽ നബി -ﷺ- അപ്രകാരം കൽപ്പിക്കില്ലായിരുന്നു. ഇതൊരു അനിവാര്യ സാഹചര്യത്തിൽ നൽകിയ നിർദേശമായിരുന്നു എന്ന് ചിലർ വ്യാഖ്യാനിക്കാറുണ്ടെങ്കിലും അത്തരമൊരു അനിവാര്യത ദ്യോതിപ്പിക്കുന്ന ഒന്നും തന്നെ ഹദീഥുകളിലില്ല. ഒട്ടകത്തിന്റെ മൂത്രം കുടിച്ചതിന് ശേഷം അവരുടെ മുഖവും വായയും കൈയ്യും പാത്രവുമെല്ലാം കഴുകണമെന്നോ മറ്റോ നബി -ﷺ- കൽപ്പിച്ചതായി ഹദീഥുകളിലെവിടെയും കാണുന്നില്ല. അതിനാൽ ഈ ഹദീഥ് ഒട്ടകത്തിന്റെയും -സമാനരൂപത്തിൽ ഭക്ഷ്യയോഗ്യമായ മൃഗങ്ങളുടെയും- മൂത്രം നജസല്ല എന്ന് ബോധ്യപ്പെടുത്തുന്നു. (മജ്‌മൂഉൽ ഫതാവാ: 21/559)

ഇതല്ലാതെയും മറ്റു ചില തെളിവുകൾ ഈ വിഷയസംബന്ധമായി പറയപ്പെട്ടിട്ടുണ്ട്. ആടുകളുടെ തൊഴുത്തിൽ നിസ്കരിക്കാൻ അനുവാദം നൽകിയ ഹദീഥ്. (മുസ്‌ലിം: 360) അതിലൊന്നാണ്. ആടുകളുടെ മലവും മൂത്രവും നിർബന്ധമായും അത്തരം തൊഴുത്തുകളിൽ ഉണ്ടായിരിക്കുമെന്നിരിക്കെ അവിടെ നിസ്കരിക്കാൻ അനുവാദം നൽകിയതിൽ നിന്ന് അവയുടെ മലമൂത്ര വിസർജ്യങ്ങൾ നജസല്ലെന്ന് മനസ്സിലാക്കാം. നിസ്കരിക്കുന്ന സ്ഥലം നജസിൽ നിന്ന് ശുദ്ധീകരിക്കുക എന്നത് നിസ്കാരം ശരിയാകാനുള്ള നിബന്ധനകളിൽ പെട്ടതാണെന്നത് കൂടെ ചേർത്തു വായിക്കുമ്പോൾ അക്കാര്യം ബോധ്യപ്പെടുന്നതാണ്.

ഹജ്ജതുൽ വദാഇൽ നബി -ﷺ- ഒരു ഒട്ടകപ്പുറത്തിരുന്നാണ് കഅ്ബ ത്വവാഫ് ചെയ്തത് എന്നറിയിക്കുന്ന ഹദീഥും വിഷയത്തിലെ തെളിവുകളിലൊന്നാണ്. (ബുഖാരി: 1607, മുസ്‌ലിം: 1272) ഒട്ടകത്തെ മസ്ജിദിൽ പ്രവേശിപ്പിക്കുകയും, അതിന് മുകളിലിരുന്ന് ത്വവാഫ് നടത്തുകയും ചെയ്യുന്ന വേളയിൽ അവയുടെ മലവും മൂത്രവും മസ്ജിദിൽ ആകുമെന്നതിൽ സംശയമില്ല. എന്നിട്ടും നബി -ﷺ- അവയെ മസ്ജിദിൽ പ്രവേശിപ്പിച്ചുവെങ്കിൽ അവയുടെ മലമൂത്ര വിസർജ്യങ്ങൾ നജസല്ല എന്നാണല്ലോ മനസ്സിലാക്കേണ്ടത്?

ഈ വിഷയത്തിൽ മുൻഗാമികൾക്കിടയിൽ ഇജ്മാഅ് ഉണ്ടെന്നും ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയതായി കാണാം.

ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللَّهُ- പറയുന്നു: “(ഭക്ഷ്യയോഗ്യമായ പക്ഷിമൃഗാധികളുടെ മലമൂത്ര വിസർജ്യങ്ങൾ) നജസാണെന്ന അഭിപ്രായം മുൻഗാമികളിൽ നിന്ന് അറിയപ്പെട്ടിട്ടില്ല എന്ന് ഇബ്‌നുൽ മുൻദിറും മറ്റും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നാം പറയുകയുണ്ടായി. ഇവ നജസല്ലെന്നതിലുള്ള ഇജ്മാആണ് അതിലൂടെ മനസ്സിലാക്കാൻ കഴിയുക എന്നതിൽ സംശയമില്ല.” (മജ്‌മൂഉ ഫതാവാ: 21/580)

قَالَ ابْنُ تَيْمِيَّةَ: «رُوِيَ عَنْ جَابِرٍ رَضِيَ اللَّهُ عَنْهُ قَوْلُهُ: مَا أُكِلَ لَحْمُهُ، فَلَا بَأْسَ بِبَوْلِهِ» وَهُوَ قَوْلُ صَحَابِيٍّ، وَقَدْ جَاءَ مِثْلُهُ عَنْ غَيْرِهِ مِنَ الصَّحَابَةِ؛ أَبِي مُوسَى الأَشْعَرِيِّ وَغَيْرِهِ، فَيَنْبَنِي عَلَى أَنَّ قَوْلَ الصَّحَابَةِ أَوْلَى مِنْ قَوْلِ مَنْ بَعْدَهُمْ، وَأَحَقُّ أَنْ يُتَّبَعَ، وَإِنْ عُلِمَ أَنَّهُ انْتَشَرَ فِي سَائِرِهِمْ وَلَمْ يُنْكِرُوهُ، فَصَارَ إِجْمَاعًا سُكُوتِيًّا» [مجموع الفتاوى: 21/574]

അദ്ദേഹം തന്നെ പറഞ്ഞു: “ഭക്ഷ്യയോഗ്യമായവയുടെ മൂത്രം കുഴപ്പമുള്ളതല്ല’ എന്ന് ജാബിർ -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു സ്വഹാബിയുടെ വാക്കാണിത്. സമാനമായ അഭിപ്രായങ്ങൾ അബൂമൂസൽ അശ്അരിയെ പോലുള്ള മറ്റു സ്വഹാബികളിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വഹാബികളുടെ അഭിപ്രായത്തിനാണ് അവർക്ക് ശേഷം വന്ന മറ്റുള്ളവരുടെ അഭിപ്രായങ്ങളേക്കാൾ മുൻഗണന നൽകപ്പെടേണ്ടത്. പിൻപറ്റപ്പെടാൻ കൂടുതൽ അർഹമായിട്ടുള്ളതും അത് തന്നെ. ഈ അഭിപ്രായം സ്വഹാബികൾക്കിടയിൽ പ്രചരിച്ചിരുന്നുവെന്നും, അവരിൽ ആരും തന്നെ അതിനെ എതിർക്കുകയുണ്ടായിട്ടില്ലെന്നും കൂടി ബോധ്യപ്പെടുകയാണെങ്കിൽ ഇജ്മാഇന്റെ കൂട്ടത്തിലാണ് അത് പരിഗണിക്കപ്പെടുക.” (മജ്‌മൂഅ്: 21/574)

[1]  المالكية: التاج والإكليل للمواق (1/94)، وينظر: القوانين الفقهية لابن جزي (ص: 27).

الحنابلة: الإنصاف للمرداوي (1/339)، وينظر: المغني لابن قدامة (2/65).

[2]  الشوكاني: نيل الأوطار (1/50).

ابن باز: مجموع فتاوى ابن باز (29/105)

ابن عثيمين: لقاء الباب المفتوح (اللقاء رقم: 17).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: