ചത്ത ശവങ്ങളുടെ തൊലി നജസാണ്. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1] ഈ വിഷയത്തിൽ ഇജ്മാഉണ്ട് എന്ന് ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയതായി കാണാം. [2] വിശുദ്ധ ഖുർആനിലെ ആയത്ത് ഈ വിഷയത്തിലെ തെളിവാണ്.

അല്ലാഹു പറയുന്നു:

قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ 

“(നബിയേ,) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ.” (അൻആം: 145)

എന്നാൽ ചത്ത ശവങ്ങളുടെ തൊലി ഊറക്കിട്ടതിന് ശേഷം ഉപയോഗിക്കാമോ എന്നതിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പ്രബലമായ രണ്ട് അഭിപ്രായങ്ങൾ താഴെ പറയാം.

ഒന്ന്: പന്നി, നായ എന്നിവയുടെയും, വേട്ടയാടി ഭക്ഷണം കണ്ടെത്തുന്ന മൃഗങ്ങളുടെയും തൊലിയൊഴികെ മറ്റെല്ലാ മൃഗങ്ങളുടെയും ശവങ്ങൾ ഊറക്കിട്ട ശേഷം ഉപയോഗിക്കാവുന്നതാണ്. ശാഫിഈ മദ്‌ഹബിന്റെ അഭിപ്രായം ഇപ്രകാരമാണ്. [3] ചില വ്യത്യാസങ്ങളോടെ ഹനഫീ മദ്‌ഹബും ഇതേ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. [4]

عَنْ عَبْدِ اللهِ بْنِ عَبَّاسٍ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «إِذَا دُبِغَ الْإِهَابُ فَقَدْ طَهُرَ»

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “തൊലി ഊറക്കിടപ്പെട്ടാൽ അത് ശുദ്ധിയായി കഴിഞ്ഞിരിക്കുന്നു.” (മുസ്‌ലിം: 366)

ഈ ഹദീഥിൽ നബി -ﷺ- ഒരു മൃഗത്തെയും ഒഴിച്ചു പറയാതെ, ‘ഊറക്കിടപ്പെട്ടാൽ തൊലി ശുദ്ധിയാകുന്നതാണ്’ എന്ന് അറിയിച്ചിരിക്കുന്നു. ഇതിൽ നിന്ന് നായയെയും പന്നിയെയും മാറ്റിനിർത്താനുള്ള തെളിവ് അവ രണ്ടും ജീവിതകാലത്ത് തന്നെ നജസാണെന്നതാണ്.

സിംഹം, കടുവ പോലുള്ള വേട്ടമൃഗങ്ങളുടെ തൊലി ഉപയോഗപ്പെടുത്തരുതെന്നതിനുള്ള തെളിവ് നബി -ﷺ- യുടെ ഹദീഥാണ്.

عَنْ أَبِي المَلِيحِ، عَنْ أَبِيهِ، «أَنَّ النَّبِيَّ -ﷺ- نَهَى عَنْ جُلُودِ السِّبَاعِ أَنْ تُفْتَرَشَ»

അബൂ മലീഹ് തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: “നബി -ﷺ- വേട്ടമൃഗങ്ങളുടെ തൊലി വിരിപ്പായി ഉപയോഗിക്കുന്നത് വിരോധിച്ചിരിക്കുന്നു.” (തിർമിദി: 1771, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തിയിരിക്കുന്നു.)

قَالَ النَّوَوِيُّ: «والثالث: يَطهُرُ به كلُّ جلودِ المَيتةِ إلَّا الكَلبَ والخِنزير والمتولِّدَ من أحدهما، وهو مذهَبُنا، وحَكَوه عن عليِّ بن أبي طالب وابنِ مَسعودٍ رَضِيَ اللهُ عنهما»

ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “ഊറക്കിടുന്നതോടെ എല്ലാ മൃഗങ്ങളുടെയും ശവങ്ങളുടെ മേൽ നിന്ന് ലഭിക്കുന്ന തൊലിയും ശുദ്ധിയാകുന്നതാണ്; എന്നാൽ നായയും പന്നിയും അതിൽ നിന്നുണ്ടാകുന്നവയും ഈ വിധിയിൽ നിന്ന് ഒഴിവാണ്. അലി ബ്നു അബീ ത്വാലിബ്, ഇബ്‌നു മസ്ഊദ് എന്നിവരിൽ നിന്ന് ഈ അഭിപ്രായം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.” (മജ്മൂഅ്: 1/217)

രണ്ട്: ഭക്ഷ്യയോഗ്യമായ മൃഗങ്ങളുടെ തൊലി മാത്രമേ ഊറക്കിട്ടാൽ ശുദ്ധിയാകൂ. അവയിൽ പെടാത്ത വന്യമൃഗങ്ങളുടെയും മറ്റും തൊലി ഊറക്കിടുന്നത് കൊണ്ട് ശുദ്ധീകരിക്കപ്പെടുന്നതല്ല. ഇമാം മാലിക്, [5] ഇമാം അഹ്മദ് [6] എന്നിവരിൽ നിന്ന് ഈ അഭിപ്രായം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. സലഫുകളിൽ പെട്ട ചിലർക്കും ഈ അഭിപ്രായം ഉള്ളതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഇബ്‌നുൽ അറബി, ഇബ്‌നു ഖുദാമഃ, ഇബ്‌നു തൈമിയ്യഃ, ഇബ്‌നു ബാസ്, ഇബ്‌നു ഉഥൈമീൻ തുടങ്ങിയവരും ഈ അഭിപ്രായം സ്വീകരിച്ചവരാണ്. [7]

عَنِ ابْنِ عَبَّاسٍ، قَالَ: تُصُدِّقَ عَلَى مَوْلَاةٍ لِمَيْمُونَةَ بِشَاةٍ فَمَاتَتْ فَمَرَّ بِهَا رَسُولُ اللَّهِ -ﷺ- فَقَالَ: «هَلَّا أَخَذْتُمْ إِهَابَهَا فَدَبَغْتُمُوهُ فَانْتَفَعْتُمْ بِهِ؟» فَقَالُوا: إِنَّهَا مَيْتَةٌ فَقَالَ: «إِنَّمَا حَرُمَ أَكْلُهَا»

അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മയ്മൂനഃ -رَضِيَ اللَّهُ عَنْهَا- യുടെ അടിമസ്ത്രീക്ക് ഒരു ആടിനെ ദാനമായി ലഭിച്ചു. അതാകട്ടെ, ചത്തു പോവുകയും ചെയ്തു. നബി -ﷺ- അതിന്റെ ശവത്തിനരികിലൂടെ നടന്നു പോയപ്പോൾ അവിടുന്ന് പറഞ്ഞു: “നിങ്ങൾക്ക് അതിന്റെ തൊലി എടുക്കുകയും, ഊറക്കിടുകയും, അത് പ്രയോജനപ്പെടുത്തുകയും ചെയ്തുകൂടേ?” കേട്ടവർ പറഞ്ഞു: “അത് (ചത്തു പോയ) ശവമാണ്.” അപ്പോൾ നബി -ﷺ- പറഞ്ഞു: “ശവം ഭക്ഷിക്കുന്നത് മാത്രമാണ് നിരോധിക്കപ്പെട്ടിരിക്കുന്നത്.” (ബുഖാരി: 1492, മുസ്‌ലിം: 363)

ഈ ഹദീഥിലും ഇതിന് സമാനമായ മറ്റു ഹദീഥുകളിലും പരാമർശിക്കപ്പെട്ടത് ഭക്ഷ്യയോഗ്യമായ ആടിന്റെ തൊലിയാണ് എന്നതിനാൽ അവ മാത്രമേ ഊറക്കിടുന്നത് കൊണ്ട് ശുദ്ധിയാകൂ എന്ന് മനസ്സിലാക്കാം. ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളുടെ തൊലി ശുദ്ധിയാണെന്ന് അറിയിക്കുന്ന ഹദീഥ് മറ്റൊന്നും വന്നിട്ടില്ലാത്തതിനാൽ അവയെ ഈ ഹദീഥിലേക്ക് ചേർത്തു വായിക്കുന്നത് ശരിയല്ല എന്നാണ് ഈ വിഭാഗം പണ്ഡിതന്മാരുടെ പക്ഷം. ഒന്നാമത്തെ അഭിപ്രായം പറഞ്ഞവര്‍ തെളിവു പിടിച്ച ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- യുടെ ഹദീഥിൽ ‘തൊലി’ എന്ന് അർത്ഥം നൽകപ്പെട്ട അറബി പദം (إِهَابٌ) ഭക്ഷ്യയോഗ്യമായ മൃഗങ്ങളുടെ തൊലിക്ക് മാത്രമേ ഉപയോഗിക്കൂ എന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

ഈ പറയപ്പെട്ട അഭിപ്രായങ്ങളില്‍ രണ്ടാമത് നൽകിയ അഭിപ്രായമാണ് കൂടുതൽ ശരിയോട് അടുത്തു നിൽക്കുന്നതായി മനസ്സിലാകുന്നത്. വല്ലാഹു അഅ്ലം.

ഇത്രയും പറഞ്ഞതിൽ നിന്ന് ചോദ്യത്തിൽ ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ മറുപടി മനസ്സിലാകേണ്ടതാണ്.

  • ചത്ത ശവങ്ങളുടെ തൊലി ഊറക്കിടാതെയാണ് ബാഗുകൾ നിർമ്മിക്കുന്നതിനും മറ്റും ഉപയോഗിക്കപ്പെട്ടത് എങ്കിൽ അവ നജസാണ്.
  • ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളുടെ തൊലി ഊറക്കിട്ടിട്ടുണ്ടെങ്കിലും, അവ കൊണ്ട് നിർമ്മിച്ച ബാഗുകളും മറ്റും ഉപയോഗിക്കാൻ പാടില്ല എന്നാണ് വലിയൊരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം.
  • ഭക്ഷ്യയോഗ്യമായ മൃഗങ്ങളുടെ തൊലി ഊറക്കിട്ട ശേഷമാണ് ഉപയോഗപ്പെടുത്തിയതെങ്കിൽ അവ ഉപയോഗിക്കുന്നത് അനുവദനീയവുമാണ്.

സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ഭക്ഷ്യയോഗ്യമായ മൃഗങ്ങളെ ഇസ്‌ലാമിക നിർദേശപ്രകാരം അറുത്തതിന് ശേഷമാണ് അവയുടെ തൊലി എടുത്തിട്ടുള്ളത് എങ്കിൽ അത് അനുവദനീയമാണ് എന്നതിൽ പണ്ഡിതന്മാർക്ക് ഇജ്മാഉണ്ട്.

قال ابن حزم رحمه الله : «وَاتَّفَقُوا أَن جلد مَا يُؤْكَل لَحْمه إذا ذكي : طَاهِر ، جَائِز استعماله ، وَبيعه»

ഇബ്‌നു ഹസ്മ് -رَحِمَهُ اللَّهُ- പറയുന്നു: “ഭക്ഷ്യയോഗ്യമായ മൃഗങ്ങൾ ഇസ്‌ലാമിക രീതിയിൽ അറുക്കപ്പെട്ടാൽ അവയുടെ തൊലി ശുദ്ധിയുള്ളതാണ്. അത് ഉപയോഗിക്കുന്നതും, വിൽക്കുന്നതും അനുവദനീയവുമാണ്.” (മറാതിബുൽ ഇജ്മാഅ്: 23)

[1]  الحنفية: البحر الرائق لابن نجيم (6/88)، مراقي الفلاح للشرنبلالي (ص 65).

المالكية: منح الجليل لعليش (1/51)، وينظر: شرح مختصر خليل للخرشي (1/89)، القوانين الفقهية لابن جزي (1/27).

الشافعية: روضة الطالبين للنووي (1/27)، وينظر: الحاوي الكبير للماوردي (1/62).

الحنابلة: الإنصاف للمرداوي (1/72،324)، وينظر: المغني لابن قدامة (1/49).

[2]  قال ابن قدامة: لا نعلم أحدا خالف فيه. المغني (1/49).

وقال ابن عبد البر: قال المروزي: وما علمت أحدا قال ذلك -أي طهارة جلد الميتة قبل الدبغ- قبل الزهري. الاستذكار (5/301)

[3]  المجموع (1/217)، وينظر: الأم للشافعي (1/22).

[4]  شرح مختصر الطحاوي للجصَّاص (1/293-297)، فتح القدير (1/92).

[5]  قال ابنُ عبدِ البَرِّ: « … وسُئل مالك: أترى ما دُبِغَ من جلود الدوابِّ طاهرًا؟ فقال: إنما يُقالُ هذا في جلودِ الأنعامِ، فأمَّا جلودُ ما لا يُؤكَل لحمه؛ فكيف يكون جِلدُه طاهرًا إذا دُبِغَ وهو ممَّا لا ذَكاةَ فيه، ولا يُؤكل لحمه؟!» الاستذكار (5/294).

[6]  الإنصاف للمرداوي (1/72)، كشاف القناع للبهوتي (1/55).

[7]  ابن العربي المالكي: عارضة الأحوذي (7/235).

ابن قدامة: المغني (1/52).

ابن تيمية: الإنصاف (1/72).

ابن باز: فتاوى نور على الدرب لابن باز بعناية الشويعر (5/13).

ابن عثيمين: الشرح الممتع (1/91).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: