കാഫിറുകള്‍ക്ക് മാത്രം പ്രത്യേകമായ പേരുകള്‍ ഇടരുത്. കാരണം അത് അവരോടു സാദൃശ്യരാവലാണ്. മുസ്ലിംകള് മുസ്ലിംകളുടെ രീതികളോടും ആചാരങ്ങളോടുമാണ് സാദൃശ്യം കാണിക്കേണ്ടത്. ‘ഞാന്‍ ഒരു മുസ്ലിമാണ്’ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് ഒരാളുടെ പേരും. ഞാന്‍ മുസ്ലിമാണ് എന്ന് പറയലാകട്ടെ; അഭിമാനമേകേണ്ട പുണ്യകര്‍മ്മവുമാണ്. അല്ലാഹു -تَعَالَى- പറഞ്ഞു:
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ ﴿٣٣﴾
“അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?” (ഫുസ്സ്വിലത്: 33)
കേട്ടു കഴിഞ്ഞാല്‍ മുസ്ലിമാണ് എന്നു മനസ്സിലാക്കാവുന്ന പേരുകള്‍ ആയിരിക്കണം ഇടേണ്ടത്. ഇത് ഓരോ നാട്ടിലും വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ ജോസഫ്, സന്തോഷ്, ഡയാന എന്നിങ്ങനെയുള്ള പേരുകള്‍ അന്യമതസ്ഥര്‍ ഇടുന്ന പേരുകളില്‍ പെട്ടതാണ് എന്ന് എല്ലാവര്ക്കും അറിയാം. അത്തരം പേരുകള്‍ മുസ്ലിംകള് സ്വീകരിക്കരുത്. എന്നാല്‍ പ്രത്യേകിച്ച് ഒരു മതക്കാര്‍ മാത്രം ഇടാത്ത പേരുകള്‍ ആണെങ്കില്‍ അവ സ്വീകരിക്കുന്നതില്‍ തെറ്റില്ല; ഏറ്റവും നല്ലത് മുസ്ലിമീങ്ങള്‍ മാത്രം ഇടുന്ന പേരുകള്‍ സ്വീകരിക്കലാണ് എങ്കിലും.
ആരെങ്കിലും ഇത്തരം പേരുകള്‍ ഇട്ടു പോയെങ്കില്‍ അവര്‍ അത്തരം പേര് മാറ്റുകയും, മറ്റേതെങ്കിലും പേര് സ്വീകരിക്കുകയോ ചെയ്യണം. ഔദ്യോഗിക രേഖകളില്‍ പേരു മാറ്റുക എന്നത് വലിയ പ്രയാസമുണ്ടാക്കുമെങ്കില്‍ -രേഖകളില്‍ മാറ്റം വരുത്താതെ- പരിചയക്കാര്‍ക്കിടയില്‍ പേര് മാറ്റി വിളിപ്പിക്കാം.