റഹീം എന്നത് അല്ലാഹുവിന്റെ പേരാണ്. ഒരാള്‍ക്ക് അബ്ദുല്‍ റഹീം എന്ന് പേരുണ്ടെങ്കില്‍ അതിന്റെ അര്‍ഥം റഹീമിന്റെ അടിമ എന്നാണ്. എന്നാല്‍ ഈ വ്യക്തിയെ വിളിക്കുമ്പോള്‍ ‘അബ്ദുല്‍’ എന്ന വാക്ക് ഒഴിവാക്കി റഹീം എന്ന് മാത്രം വിളിക്കാമോ എന്നതാണ് ചോദ്യം. അബ്ദുല്‍ റഹീം എന്നു പേരുള്ളവര്‍ക്ക് മാത്രമല്ല, അബ്ദുല്‍ എന്ന് തുടങ്ങുന്ന -അല്ലാഹുവിന്റെ പേരുകളില്‍ ഏതിലേക്കെങ്കിലും ചേര്‍ത്ത പേരുള്ളവര്‍ക്കൊക്കെ ഈ സംശയം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന് അബ്ദുല്‍ റഹ്മാന്‍ എന്ന് പേരുള്ള വ്യക്തിയെ ‘റഹ്മാന്‍’ എന്നും, അബ്ദുല്‍ മുഹ്സിന്‍ എന്നു പേരുള്ള വ്യക്തിയെ മുഹ്സിന്‍ എന്നുമൊക്കെ വിളിക്കാമോ എന്ന സംശയം പൊതുവെ പലരും ചോദിക്കാറുണ്ട്. ഈ ചോദ്യത്തിനു മറുപടി നല്‍കുന്നതിന് മുന്‍പ് ഒരു അടിസ്ഥാനം ഓര്‍മ്മപ്പെടുത്തട്ടെ:

അല്ലാഹുവിന്റെ പേരുകള്‍ രണ്ടു തരമുണ്ട്.

ഒന്ന്: അല്ലാഹുവിന് മാത്രം പ്രത്യേകമായ പേരുകള്‍. അത് അല്ലാഹുവല്ലാത്തവര്‍ക്ക് ഇടുന്നത് അനുവദനീയമല്ല. ഉദാഹരണത്തിന് ‘അല്ലാഹ്’, ‘റബ്ബ്’, ‘റഹ്മാന്‍’, ‘അഹദ്’, ‘സ്വമദ്’, ‘ഖുദ്ദൂസ്’, ‘ജബ്ബാര്‍’ പോലുള്ള പേരുകള്‍. ഇത്തരം പേരുകള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ഇടാന്‍ പാടില്ലെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായത്തിലാണ്.

രണ്ട്: അല്ലാഹുവിന് മാത്രം പ്രത്യേകമല്ലാത്ത നാമങ്ങള്‍. അവ മനുഷ്യര്‍ക്കും നല്‍കുന്നത് അനുവദനീയമാകും. ഉദാഹരണത്തിന്; സമീഅ, ബസ്വീര്‍, അലിയ്യ്, ഹകീം, റഹീം പോലുള്ള പേരുകള്‍. ഇത്തരം പേരുകള്‍ മനുഷ്യര്‍ക്കും ഇടുന്നത് അനുവദനീയമാകും.

മേല്‍ പറഞ്ഞത് മനസ്സിലായാല്‍ നമ്മുടെ ചോദ്യത്തിനുള്ള ഉത്തരവും മനസ്സിലാക്കാന്‍ കഴിയും. ആരുടെയെങ്കിലും പേര് അല്ലാഹുവിന് മാത്രം പ്രത്യേകമായ പേരുകള്‍ അടങ്ങുന്നതാണെങ്കില്‍ അവനെ വിളിക്കുമ്പോള്‍ അബ്ദ് എന്നത് ഒഴിവാക്കി വിളിക്കാന്‍ പാടില്ല. ഉദാഹരണത്തിന് അബ്ദു റഹ്മാന്‍ എന്നു പേരുള്ള വ്യക്തിയെ റഹ്മാന്‍ എന്നോ, അബ്ദുല്‍ അഹദ് എന്നു പേരുള്ള വ്യക്തിയെ അഹദ് എന്നോ വിളിക്കരുത്.

എന്നാല്‍ അല്ലാഹുവിനും സൃഷ്ടികള്‍ക്കും യോജിക്കുന്ന പേരുകളില്‍ പെട്ടതാണ് ഒരാളുടെ പേരില്‍ അടങ്ങിയിട്ടുള്ളത് എങ്കില്‍ അവരെ വിളിക്കുമ്പോള്‍ അബ്ദ് എന്നത് ഒഴിവാക്കി വിളിക്കാവുന്നതാണ്. ഉദാഹരണത്തിന് അബ്ദുല്‍ കരീമിനെ ‘കരീം’ എന്നും, അബ്ദുല്‍ റഹീമിനെ ‘റഹീം’ എന്നും വിളിക്കാം.

വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

Leave a Comment