ഓരോ വ്യക്തിയും ചേര്‍ത്തി പറയേണ്ടത് പിതാവിലേക്കാണ്. വളര്‍ത്തു പിതാവിലേക്കോ ഉമ്മയിലേക്കോ ഭര്‍ത്താവിലേക്കോ ഭാര്യയിലേക്കോ ഒന്നുമല്ല ആരുടെയും പേര് ചേര്‍ത്തേണ്ടത്. ഇത് ഇസ്‌ലാമില്‍ സ്ഥിരപ്പെട്ട നിയമങ്ങളില്‍ ഒന്നാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّـهِ ۚ

“നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌.” (അഹ്സാബ്: 5)

മാത്രമല്ല, ഖിയാമത് നാളില്‍ ഓരോ മനുഷ്യനും അവന്റെ പിതാവിലെക്ക് ചേര്‍ത്ത് കൊണ്ടാണ് വിളിക്കപ്പെടുക എന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِذَا جَمَعَ اللَّهُ الْأَوَّلِينَ وَالْآخِرِينَ يَوْمَ الْقِيَامَةِ، يُرْفَعُ لِكُلِّ غَادِرٍ لِوَاءٌ، فَقِيلَ: هَذِهِ غَدْرَةُ فُلَانِ بْنِ فُلَانٍ»

നബി -ﷺ- പറഞ്ഞു: “അല്ലാഹു -تَعَالَى- ആദ്യ കാലക്കാരെയും അവസാനകാലക്കാരെയും ഖിയാമത് നാളില്‍ ഒരുമിച്ചു കൂട്ടിയാല്‍; എല്ലാ വഞ്ചകര്‍ക്കും (അവരെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍) ഒരു പതാക നാട്ടപ്പെടും. എന്നിട്ട് ഇങ്ങനെ പറയപ്പെടും: ഇത് ഇന്നയാളുടെ മകനായ ഇന്ന വ്യക്തിയുടെ വഞ്ചനയാണ്.” (മുസ്‌ലിം: 1735)

ഭര്‍ത്താവിലേക്ക് പേര് ചേര്‍ത്തുക എന്നത് പാശ്ചാത്യരില്‍ നിന്ന് മുസ്‌ലിമീങ്ങളിലേക്ക് കടന്നു വന്ന അനാചാരമാണ്. മതപരവും ഭൌതികവുമായ അനേകം പ്രശ്നങ്ങള്‍ ഇപ്രകാരം ചെയ്യുന്നതില്‍ ഉണ്ട്. അല്ലാഹുവിന്റെ നിയമം ലംഘിക്കലും, കാഫിറുകളുടെ ആചാരങ്ങള്‍ പിന്‍പറ്റുക എന്നതും മതപരമായി വിലക്കപ്പെട്ട കാര്യമാണ്. നബി -ﷺ- യെ വിവാഹം കഴിച്ച ഉമ്മഹാതുല്‍ മുഅമിനീങ്ങളില്‍ പെട്ട ഒരാള്‍ പോലും അല്ലാഹുവിന്റെ റസൂലിലേക്ക് പേര് ചേര്‍ത്തിയതായി സ്ഥിരപ്പെട്ടിട്ടില്ല. റസൂലുല്ലയേക്കാള്‍ നല്ല മറ്റൊരു ഭര്‍ത്താവുണ്ടോ? അവിടുത്തെക്കാള്‍ നല്ല തറവാട് മറ്റാര്‍ക്കെങ്കിലും ഉണ്ടോ? എന്നിട്ടും അവര്‍ അതുപേക്ഷിച്ചു എങ്കില്‍ മറ്റുള്ളവര്‍ എന്തു കൊണ്ടും അവരെ അതില്‍ പിന്‍പറ്റാന്‍ ബാധ്യസ്ഥരാണ്.

മാത്രവുമല്ല, സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിലേക്ക് ചേര്‍ത്തി പറയുക എന്നത് ഒരിക്കലും ശാശ്വതമായിരിക്കില്ല. ചിലപ്പോള്‍ ഭര്‍ത്താവ് മരണപ്പെടുകയും അവള്‍ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തേക്കാം. അല്ലെങ്കില്‍ ത്വലാഖ് സംഭവിക്കുകയും അവരുടെ ബന്ധം പിരിയുകയും ചെയ്തേക്കാം. അപ്പോഴൊക്കെ പേരില്‍ മാറ്റം വരുത്തുക എന്നത് എന്തു മാത്രം പ്രയാസകരമായിരിക്കും? അതു കൊണ്ട് ഈ പ്രവണതയില്‍ നിന്ന് മുസ്‌ലിംകള്‍ പിന്തിരിയേണ്ടതുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment