ദീനിലേക്കോ ഇസ്‌ലാമിലേക്കോ ചേര്‍ത്തുന്ന പേരുകള്‍ സ്വീകരിക്കുന്നത് ഹറാം അല്ലെങ്കിലും വെറുക്കപ്പെട്ട കാര്യമാണ്. ഉദാഹരണത്തിന് നൂറുദ്ദീന്‍ (ദീനിന്റെ പ്രകാശം), ശംസുദ്ധീന്‍ (ദീനിന്റെ സൂര്യന്‍), നൂറുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ വെളിച്ചം), ശംസുല്‍ ഇസ്‌ലാം (ഇസ്‌ലാമിന്റെ സൂര്യന്‍), മുഹ്യുദ്ദീന്‍ (ദീനിനെ ജീവിപ്പിക്കുന്നവന്‍), നാസ്വിറുദ്ദീന്‍ (ദീനിനെ സഹായിക്കുന്നവന്‍) പോലുള്ള പേരുകള്‍. അവ ഒരു വ്യക്തിയെ അയാള്‍ക്ക് ഉള്ളതിനെക്കാള്‍ ഉയരമുള്ള സ്ഥാനത്തില്‍ പ്രതിഷ്ടിക്കുന്നു എന്നതിനാലാണത്. കാരണം ദീന്‍ അല്ലാഹുവിന്റേതാണ്. അത് ഏതെങ്കിലും വ്യക്തികളിലേക്ക് ആശ്രയിച്ചു നിലകൊള്ളുന്നില്ല. മറിച്ച് വ്യക്തികള്‍ ദീനിലേക്ക് ആശ്രിതര്‍ മാത്രമാണ്.

ഇമാം നവവി -رَحِمَهُ اللَّهُ- അദ്ദേഹത്തെ മുഹ്യുദ്ദീന്‍ എന്ന് വിശേഷിപ്പിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- അദ്ദേഹത്തെ തഖിയ്യുദ്ദീന്‍ എന്നു വിശേഷിപ്പിക്കുന്നതും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ അവര്‍ പില്‍ക്കാലത്ത് ഇത്തരം വിളിപ്പേരുകളില്‍ അറിയപ്പെട്ടു; അവര്‍ക്ക് ഇഷ്ടമില്ലായിരുന്നെങ്കിലും. മേലെ പറഞ്ഞത് പോലെ ഇത്തരം പേരുകള്‍ സ്വീകരിക്കുന്നത് അല്ലാഹുവിങ്കല്‍ കുറ്റം കിട്ടുന്ന ഹറാം ആണെന്ന് പറയാന്‍ കഴിയില്ല; എന്നാല്‍ വെറുക്കപ്പെട്ടതാണ്. ഒഴിവാക്കുന്നതാണ് നല്ലത്.

ഇനി ആരെങ്കിലും ഇത്തരം പേരുകളില്‍ അറിയപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ പേര് മാറ്റേണ്ടതില്ല. കാരണം അത് സ്വാഭാവികമായും ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയേക്കും. ഹറാമായ പേരുകള്‍ മാറ്റാന്‍ പ്രയാസം അനുഭവിക്കുന്നത് പോലെ ഇത്തരം പേരുകള്‍ മാറ്റാന്‍ പ്രയാസപ്പെടേണ്ടതില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment