ഓരോ വ്യക്തിയും ചേര്‍ത്തി പറയേണ്ടത് അവന്റെ ശരിയായ പിതാവിലേക്കാണ്. വളര്‍ത്തു പിതാവിലേക്കോ ഉമ്മയിലേക്കോ ഭര്‍ത്താവിലേക്കോ ഭാര്യയിലേക്കോ ഒന്നുമല്ല ആരുടെയും പേര് ചേര്‍ത്തേണ്ടത്. ഇത് ഇസ്‌ലാമില്‍ സ്ഥിരപ്പെട്ട നിയമങ്ങളില്‍ ഒന്നാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّـهِ ۚ

“നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌.” (അഹ്സാബ്: 5)

മാത്രമല്ല, ഖിയാമത് നാളില്‍ ഓരോ മനുഷ്യനും അവന്റെ പിതാവിലെക്ക് ചേര്‍ത്ത് കൊണ്ടാണ് വിളിക്കപ്പെടുക എന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِذَا جَمَعَ اللَّهُ الْأَوَّلِينَ وَالْآخِرِينَ يَوْمَ الْقِيَامَةِ، يُرْفَعُ لِكُلِّ غَادِرٍ لِوَاءٌ، فَقِيلَ: هَذِهِ غَدْرَةُ فُلَانِ بْنِ فُلَانٍ»

നബി -ﷺ- പറഞ്ഞു: “അല്ലാഹു -تَعَالَى- ആദ്യ കാലക്കാരെയും അവസാനകാലക്കാരെയും ഖിയാമത് നാളില്‍ ഒരുമിച്ചു കൂട്ടിയാല്‍; എല്ലാ വഞ്ചകര്‍ക്കും (അവരെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍) ഒരു പതാക നാട്ടപ്പെടും. എന്നിട്ട് ഇങ്ങനെ പറയപ്പെടും: ഇത് ഇന്നയാളുടെ മകനായ ഇന്ന വ്യക്തിയുടെ വഞ്ചനയാണ്.” (മുസ്‌ലിം: 1735)

നബി -ﷺ- യുടെ ദത്തു പുത്രനായിരുന്ന സൈദ്‌ ബ്നു ഹാരിഥയെ -رَضِيَ اللَّهُ عَنْهُ- ചിലര്‍ സൈദ്‌ ബ്നു മുഹമ്മദ്‌ എന്ന് വിളിക്കാറുണ്ടായിരുന്നു. അല്ലാഹു -تَعَالَى- ഈ ആയതിലൂടെ അത് വിലക്കുകയാണ് ഉണ്ടായത്. റസൂല്‍ -ﷺ- യേക്കാള്‍ സ്നേഹമുള്ള മറ്റൊരു വളര്‍ത്തു പിതാവ് ഉണ്ടാകുമോ? അവിടുത്തെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു തറവാട് ഉണ്ടാകുമോ? എന്നിട്ടും സൈദ്‌ -رَضِيَ اللَّهُ عَنْهُ- വിനെ അപ്രകാരം വിളിക്കുന്നത് അല്ലാഹു -تَعَالَى- അനുവദിച്ചില്ലെങ്കില്‍ ബാക്കിയുള്ളവര്‍ക്കും അതേ നിയമം തന്നെയാണ്.

ഈ നിയമം മാറ്റി നിര്‍ത്തുന്നത് ഭാവിയില്‍ കുടുംബ പരമ്പരകള്‍ കൂടിക്കലരാനും, വിവാഹം നിഷിദ്ധമായവര്‍ പരസ്പരം -അറിയാതെ- വിവാഹിതരാകുവാനും കാരണമാകും. ചിലപ്പോള്‍ ഒരു രക്തത്തില്‍ പിറന്ന സഹോദരനും സഹോദരിയും അറിയാതെ വിവാഹം കഴിച്ചു പോകാന്‍ വരെ അത് കാരണമായേക്കാം. അതിനാല്‍ എന്തെല്ലാം മാനസികമായ താല്‍പര്യങ്ങള്‍ ഉണ്ടെങ്കിലും ഈ നിയമം ധിക്കരിക്കുന്നത് ശരിയല്ല. ശരിയായ പിതാവ് ആരാണെന്ന് അറിഞ്ഞിട്ടും അത് മാറ്റി വിളിക്കുന്നത് വളരെ ഗുരുതരമായ തെറ്റാണ്.

عَنْ أَبِي ذَرٍّ رَضِيَ اللَّهُ عَنْهُ، أَنَّهُ سَمِعَ النَّبِيَّ -ﷺ- يَقُولُ: «لَيْسَ مِنْ رَجُلٍ ادَّعَى لِغَيْرِ أَبِيهِ – وَهُوَ يَعْلَمُهُ – إِلَّا كَفَرَ »

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും അറിഞ്ഞു കൊണ്ട് തന്റേതതല്ലാത്ത പിതാവിലെക്ക് ചേര്‍ത്തി പറഞ്ഞാല്‍ അവന്‍ കാഫിറാവാതിരിക്കുകയില്ല.” (ബുഖാരി: 3508)

ഇവിടെ കാഫിര്‍ ആകും എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ഇക്കാര്യം അനുവദനീയമാക്കി കൊണ്ട് ചെയ്‌താല്‍ ആണെന്ന് ചില പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു -تَعَالَى- അവന് നിശ്ചയിച്ചു നല്‍കിയ പിതാവിനെ മാറ്റി കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹം കുഫ്ര്‍ (നിഷേധിക്കുക) എന്ന അര്‍ത്ഥത്തിലാണ് എന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment