പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ വിധിയിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. മൂന്ന് പ്രബലമായ അഭിപ്രായങ്ങൾ ഈ വിഷയത്തിലുണ്ട്. അവ താഴെ പറയാം:
ഒന്ന്: ഓരോ വ്യക്തിയുടെയും മേൽ നിർബന്ധമാകുന്ന ഫർദ്വ് അയ്നാണ് പെരുന്നാൾ നിസ്കാരം. ഇമാം അഹ്മദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരഭിപ്രായം ഇതാണ്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ശൗകാനി, സ്വിദ്ദീഖ് ഹസൻ ഖാൻ, അൽബാനി തുടങ്ങിയവരും ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്.
രണ്ട്: ഓരോ നാട്ടിലെയും കുറച്ചാളുകൾ ചെയ്താൽ മറ്റുള്ളവരുടെ മേൽ നിന്നെല്ലാം ബാധ്യത ഒഴിവാകുന്ന തരത്തിൽ ഫർദ്വ് കിഫായഃ ആണെന്നാണ്. ഇമാം അഹ്മദിന്റെ പ്രസിദ്ധമായ അഭിപ്രായം ഇതാണ്.
മൂന്ന്: പെരുന്നാൾ നിസ്കാരം വളരെ പ്രബലമായ സുന്നതുൻ മുഅക്കദഃ എന്ന് വിശേഷിപ്പിക്കാവുന്ന കാര്യമാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇതാണ്. ഇമാം മാലിക്, ഇമാം ശാഫിഈ തുടങ്ങിയവരുടെ അഭിപ്രായമാണിത്.
പെരുന്നാൾ നിസ്കാരം നിർബന്ധമാണ് എന്ന് ചില പണ്ഡിതന്മാർ പറയാനുള്ള കാരണം ഈ വിഷയത്തിൽ വന്നിട്ടുള്ള തെളിവുകളുടെ ശക്തി തന്നെയാണ്. നബി -ﷺ- പെരുന്നാൾ നിസ്കാരം ആരംഭിച്ചത് മുതൽ ഒരിക്കൽ പോലും അതിൽ നിന്ന് വിട്ടുനിൽക്കുകയോ, അത് ഒഴിവാക്കുകയോ ചെയ്തിട്ടില്ല. അവിടുത്തേക്ക് ശേഷം ഖുലഫാഉകളും ലോകമുസ്ലിംകളുമെല്ലാം ഒഴിവാക്കാതെ തുടരുകയും ചെയ്തതാണ് പെരുന്നാൾ നിസ്കാരം. നബി -ﷺ- സ്ത്രീകളോട് ഹാജരാകുവാൻ കൽപ്പിക്കുകയും, ആർത്തവകാരികളെ വരെ കൊണ്ടുവരണമെന്ന് നിർദേശിക്കുകയും, സ്ത്രീകളിൽ ചിലർക്ക് പുറത്തിറങ്ങാൻ മതിയായ ജിൽബാബില്ലെന്ന് പറഞ്ഞപ്പോൾ പരസ്പരം അക്കാര്യത്തിൽ സഹായിക്കണമെന്ന് ഓർമ്മപ്പെടുത്തുകയുമെല്ലാം ചെയ്ത വിഷയം കൂടിയാൺ ഇത്. അതിനാൽ ഈ നിസ്കാരം നിർബന്ധമാകുമെന്നാണ് ആദ്യത്തെ അഭിപ്രായം പറഞ്ഞവരുടെ തെളിവ്.
എന്നാൽ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും പെരുന്നാൾ നിസ്കാരം സുന്നത്താണ് എന്നതിന് തെളിവായി സ്വീകരിച്ചത് ത്വൽഹതു ബ്നു ഉബൈദ് -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥാണ്. പ്രസ്തുത ഹദീഥിൽ നബി -ﷺ- യുടെ അരികിൽ ഒരു അഅ്രാബി വരുകയും ഇസ്ലാമിനെ കുറിച്ച് ചോദിക്കുകയും ചെയ്തതായി കാണാം. ആ ഹദീഥിൽ നബി -ﷺ- പറഞ്ഞു:
حَدِيثُ طَلْحَةَ بْنِ عُبَيْدِ اللَّهِ، وَفِيهِ: … فَإِذَا هُوَ يَسْأَلُ عَنِ الإِسْلاَمِ، فَقَالَ رَسُولُ اللَّهِ -ﷺ-: «خَمْسُ صَلَوَاتٍ فِي اليَوْمِ وَاللَّيْلَةِ» فَقَالَ: هَلْ عَلَيَّ غَيْرُهَا؟ قَالَ: «لاَ، إِلَّا أَنْ تَطَوَّعَ»
“പകലും രാത്രിയുമായി അഞ്ചു നേരത്തെ നിസ്കാരം.” അപ്പോൾ അഅ്രാബി ചോദിച്ചു: “എന്റെ മേൽ അതല്ലാത്ത മറ്റു വല്ലതും നിർബന്ധമുണ്ടോ?!” നബി -ﷺ- പറഞ്ഞു: “ഇല്ല. നീ ഐഛികമായ (സുന്നത്തായി) വല്ലതും നിസ്കരിക്കുന്നുണ്ടെങ്കിൽ (നിസ്കരിക്കാം എന്ന്) അല്ലാതെ.” (ബുഖാരി: 46, മുസ്ലിം: 11)
ഈ ഹദീഥിൽ നബി -ﷺ- അഞ്ചു നേരത്തെ നിസ്കാരത്തിന് പുറമെ മറ്റൊന്നും നിർബന്ധമില്ലെന്ന് വ്യക്തമാക്കുന്നു. എന്നാൽ പെരുന്നാൾ നിസ്കാരം വാജിബാണെന്ന് പറഞ്ഞവർ ഉന്നയിച്ച തെളിവുകൾ ഈ നിസ്കാരം പ്രബലമായ സുന്നത്താണെന്നും മനസ്സിലാക്കി തരുന്നു. വല്ലാഹു അഅ്ലം.