ഇസ്‌ലാമിന് രണ്ട്  പെരുന്നാളുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ മറ്റു മതസ്ഥര്‍ക്കും മതമില്ലാത്ത നിരീശ്വരവാദികള്‍ക്കും ധാരാളം ആഘോഷദിനങ്ങളും ആഹ്ലാദദിനങ്ങളും ഉണ്ട്. ഇസ്‌ലാമിലെ പെരുന്നാളുകളുമായി വലിയ വ്യത്യാസം അവയെല്ലാം വെച്ചു പുലര്‍ത്തുന്നുണ്ട്. അതില്‍ ചിലത് മാത്രം താഴെ പറയാം.

ഒന്ന്: ആഘോഷങ്ങളുടെയും പെരുന്നാളിന്റെയും കാരണം.

മുസ്‌ലിമീങ്ങളുടെ പെരുന്നാളുകള്‍ മഹത്തരമായ രണ്ട് ഇബാദതുകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. നോമ്പും ഹജ്ജുമാണ് അവ. എന്നാല്‍ മറ്റു മതസ്ഥരുടെ ആഘോഷങ്ങള്‍ അവരുടെ വിഗ്രഹങ്ങളുമായോ അവരെ പോലെ തന്നെയുള്ള സൃഷ്ടികളായ ആരാധ്യവസ്തുക്കളുമായോ ഒക്കെ ബന്ധപ്പെട്ടിരിക്കുന്നു. മതമില്ലാത്തവരുടെ ആഘോഷങ്ങളും അതു പോലെ തന്നെ. അതില്‍ ചില ആഘോഷങ്ങളാകട്ടെ; ഒരു നിലക്കും സ്ഥിരപ്പെട്ടിട്ടില്ലാത്ത -അന്ധവിശ്വാസങ്ങളുടെയും ‘ഇല്ലാ’ചരിത്രങ്ങളുടെയും- ഭാഗമായി നിശ്ചയിക്കപ്പെട്ടതുമാണ്.

രണ്ട്: ആഘോഷങ്ങളുടെയും പെരുന്നാളിന്റെയും ആരംഭം.

ഇസ്‌ലാമിലെ പെരുന്നാളുകള്‍ ആരംഭിക്കുന്നത് ഹിലാലിനെ അടിസ്ഥാനപ്പെടുത്തിയാണ്. മറ്റു മതസ്ഥരുടെ ആഘോഷങ്ങളും ഉത്സവങ്ങളുമാകട്ടെ, കണക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്. നബി -ﷺ- മുസ്‌ലിം ഉമ്മത്തിന്റെ പ്രത്യേകതയായി എടുത്തു പറഞ്ഞു:

«إِنَّا أُمَّةٌ أُمِّيَّةٌ، لاَ نَكْتُبُ وَلاَ نَحْسُبُ»

“നാം നിരക്ഷരരായ സമൂഹമാണ്. നമ്മള്‍ (മാസം) കണക്കു കൂട്ടുകയോ എഴുതുകയോ ചെയ്യുന്നവരല്ല.” (ബുഖാരി: 1814, മുസ്‌ലിം: 1080) ചിലര്‍ ധരിക്കുന്നത് പോലെ ഇത് നമ്മുടെ ഉമ്മതിന്റെ കുറവോ ന്യൂനതയോ അല്ല. കാരണം തെറ്റാനും അബദ്ധം പിണയാനും സാധ്യതയുള്ള കണക്ക് നോട്ടത്തിലേക്കോ എഴുതി വെക്കുന്നതിലേക്കോ മാസം നിശ്ചയിക്കുന്നതിനെ അവലംബമാക്കാതെ, ഏതു സാധാരണക്കാരനും അറിവ് കുറവുള്ളവനും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന മാസപ്പിറവിയെ അവലംബിച്ചു എന്നത് ഇസ്‌ലാമിക നിയമങ്ങളുടെ മേന്മയും ശ്രേഷ്ഠതയുമാണ് കാണിക്കുന്നത്. ഹൃദയത്തിന് മറയിടപ്പെട്ടവര്‍ക്കല്ലാതെ അത് അവ്യക്തമാവുകയില്ല.

മൂന്ന്: ആഘോഷങ്ങളുടെയും പെരുന്നാളിന്റെയും പ്രകടമായ അടയാളങ്ങള്‍.

ഇസ്‌ലാമിലെ പെരുന്നാളുകളില്‍ ഒരു മുസ്‌ലിം പ്രകടിപ്പിക്കുന്നത് അല്ലാഹുവിനോടുള്ള നന്ദിയും, അവനെ ‘തക്ബീറുകളി’ലൂടെ മഹത്വപ്പെടുത്തലും, നിസ്കാരത്തിനും ഇബാദതിനും വേണ്ടി ഒരുമിച്ചു കൂടലും, ഫിത്വര്‍ സകാതായും ഉദ്വ്-ഹിയ്യതായും പാവങ്ങളെയും ദരിദ്രരെയും സഹായിക്കലും കുടുംബബന്ധങ്ങള്‍ ഇണക്കി ചേര്‍ക്കലുമെല്ലാമാണ്. എന്നാല്‍ മറ്റു ആഘോഷങ്ങളും ഉത്സവങ്ങളും പലപ്പോഴും മദ്യം ഒഴുക്കുന്നതിലും നിഷിദ്ധമായ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും യാതൊരു നിയന്ത്രണവുമില്ലാത്ത ആഘോഷപ്രകടനങ്ങളില്‍ ഏര്‍പ്പെടുന്നതിലും, യാത്രക്കാര്‍ക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രകടനങ്ങളിലും മുന്നില്‍ നില്‍ക്കുന്നതായി കാണാം.

നാല്: ആഘോഷങ്ങളുടെയും പെരുന്നാളുകളുടെയും എണ്ണം.

ഇസ്‌ലാമില്‍ ആകെയുള്ളത് രണ്ട് പെരുന്നാളുകള്‍ മാത്രമാണ്. എന്നാല്‍ മറ്റു പല ചിന്താധാരകളും മതവിശ്വാസങ്ങളും പത്തോ അതിലധികമോ ആഘോഷവേളകള്‍ തങ്ങള്‍ക്കായി നിശ്ചയിച്ചു വെച്ചിട്ടുള്ളത് കാണാം. തങ്ങളുടെ ജീവിത ലക്ഷ്യത്തെ കുറിച്ച് മറക്കുകയും, അമിതമായി സന്തോഷിക്കുകയും ചെയ്യുക എന്നത് ഒരു മുസ്‌ലിമിന്റെ ലക്ഷണമല്ല എന്നത് ഈ താരതമ്യത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ജീവിതത്തില്‍ ആഘോഷങ്ങള്‍ അധികവും കാര്യഗൗരവമുള്ള വിഷയങ്ങള്‍ അതിനെക്കാള്‍ കുറവുമാകുക എന്നത് എത്ര നഷ്ടകരമാണ്?! അധികരിച്ച ആഘോഷദിനങ്ങള്‍ മനുഷ്യരുടെ അധ്വാനത്തെ വലിയൊരു സമയം പിടിച്ചു നിര്‍ത്താനും, അവധിയിലാക്കി വെക്കാനും കാരണമാകും. അത് സമൂഹത്തിന് സാമ്പത്തികവും രാഷ്ട്രീയവുമായി ഉണ്ടാക്കുന്ന നഷ്ടങ്ങളും പ്രയാസങ്ങളും ചില്ലറയല്ല എന്നതും ഇതോടൊപ്പം കൂട്ടി വായിക്കാവുന്ന കാര്യമാണ്.

മേല്‍ പറഞ്ഞത് ചില പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ മാത്രമാണ്. അവയില്‍ തന്നെ -ചിന്തിക്കുന്നവര്‍ക്ക്- ഇസ്‌ലാമിന്റെ വ്യതിരിക്തതയും മനോഹാരിതയും ദര്‍ശിക്കാന്‍ കഴിയും. -ഉറ്റാലോചിക്കുന്നവര്‍ക്ക്- ഇനിയും പാഠങ്ങള്‍ ധാരാളമുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment