ആലോചിച്ചു നോക്കൂ! ഈ വൈറസ് എവിടെ നിന്നാണ് വന്നെത്തിയത് എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ഉത്തരവും ഇപ്പോഴും ആർക്കും നൽകാൻ കഴിയുന്നില്ല. എങ്ങനെയാണിത് സംഭവിച്ചത് എന്ന ചോദ്യത്തിന് മുൻപിൽ കൈമലർത്തുന്നത് ലോകമാകമാനമുള്ള ശാസ്ത്രജ്ഞരും ഡോക്ടർമാരുമാണ്. എപ്പോഴാണ് ഈ രോഗത്തിനൊരു മരുന്നു കണ്ടുപിടിക്കുക എന്നതിന് കൃത്യമായ ഒരു അനുമാനം പോലും കണ്ടെത്താൻ കഴിയുന്നില്ല. തങ്ങളുടെ മുൻപിൽ കിടന്ന് ഇയ്യാംപാറ്റകളെ പോലെ മരിച്ചു വീഴുന്ന മനുഷ്യജീവനുകൾക്ക് മുൻപിൽ അവരിൽ പലരും തകർന്ന ഹൃദയവുമായി നിൽക്കുന്നു!
എന്നാൽ ഇതും ഇതു പോലുള്ള സർവ്വ പ്രയാസങ്ങളും എങ്ങനെയാണ് വന്നെത്തുന്നത് എന്നതിന് ഇസ്‌ലാം നൽകിയ ഉത്തരമുണ്ട്. അതെ! പകർച്ചവ്യാധികൾ വന്നെത്തിയാൽ അത് സംഭവിച്ച നാട്ടിൽ നിന്നും പുറത്തു പോകരുത് എന്ന് 1400 വർഷങ്ങൾക്ക് മുൻപ് ഉപദേശിച്ച, വായിക്കാനോ എഴുതാനോ അറിയാത്ത നിരക്ഷരനായിരുന്ന, മുഹമ്മദ് നബി -ﷺ- തന്നെ ഇത്തരം രോഗങ്ങളുടെ കാരണവും അറിയിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:
«لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ، حَتَّى يُعْلِنُوا بِهَا، إِلَّا فَشَا فِيهِمُ الطَّاعُونُ، وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا»
“ഒരു ജനതയിൽ (വ്യഭിചാരം എന്ന) മ്ലേഛവൃത്തി പ്രകടമാവുകയും, അവരത് പരസ്യപ്പെടുത്തുകയും ചെയ്താൽ പ്ലേഗും, അവർക്ക് മുൻപുള്ളവരിൽ കാണപ്പെടാത്ത രോഗങ്ങളും വ്യാപകമാകാതിരിക്കുകയില്ല.” (ഇബ്‌നു മാജ: 4019)
അന്ധവിശ്വാസമെന്നും ‘അശാസ്ത്രീയ’മെന്നുമെല്ലാം മുദ്ര കുത്തി പരിഹസിക്കാൻ ഒരുങ്ങുന്നതിന് മുൻപ് ചിന്തിച്ചു നോക്കൂ! വ്യഭിചാരവും സ്വവർഗരതിയും ‘സ്വതന്ത്ര’ ലൈംഗികതയുമെല്ലാം സൃഷ്ടിച്ച അപകടങ്ങളുടെ വ്യാപ്തിയെ കുറിച്ചൊന്ന് ചിന്തിച്ചു നോക്കുക. ഈ ഹദീഥ് ആധുനിക കാലഘട്ടത്തിന്റെ യഥാർത്ഥ ചിത്രമാണ് വിവരിക്കുന്നത് എന്ന് നിനക്ക് ബോധ്യപ്പെടും.
1980 കളിലാണ് എയ്‌ഡ്‌സ് തിരിച്ചറിയപ്പെടുന്നത്. അതിനും മുൻപ് -ചിലരുടെ അഭിപ്രായത്തിൽ 1920 കൾക്ക് ശേഷം തന്നെ- ഈ രോഗം ഉടലെടുത്തിട്ടുണ്ട്. രോഗം തിരിച്ചറിയുന്നത് പിന്നീടും 60 വർഷങ്ങൾക്ക് ശേഷമാണെന്ന് മാത്രം. സ്വവർഗലൈംഗികതയും അസാന്മാർഗിക വേഴ്ച്ചകളുമാണ് രോഗം ബാധിക്കുന്നതിന്റെ പ്രധാന കാരണമെന്നതിൽ ആർക്കും രണ്ടഭിപ്രായമില്ല. വർഷങ്ങളിത്രയുമായി; ഇതിനൊരു മരുന്നായി എന്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞോ?! കോടിക്കണക്കിന് ഡോളറുകൾ വർഷാവർഷം ഈ രോഗത്തിനൊരു മരുന്ന് കണ്ടെത്താനായി മാത്രം ചിലവഴിക്കപ്പെടുന്നു. എന്നാൽ ഈ നിമിഷം വരെയും എടുത്തു പറയാവുന്ന ഒരു പരിഹാരവും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ശരീരമാസകലം വ്രണങ്ങളും കഠിനമായ വേദനകളും സമ്മാനിക്കുന്ന സിഫിലിസ് ലൈംഗിക അസാന്മാർഗിക വഴികളുടെ ഫലമാണ്. വേശ്യാവൃത്തിയും, സ്വവർഗരതിയുമാണ് രോഗത്തിന്റെ വ്യാപനത്തിന് പ്രധാന കാരണമായത് എന്ന കാര്യത്തിലും സംശയമില്ല. 2015 ൽ രണ്ട് ലക്ഷത്തോളം പേരാണ് ഈ രോഗം കാരണത്താൽ മരണമടഞ്ഞത്. ഈ രോഗം സൃഷ്ടിക്കുന്ന വ്രണങ്ങളും ശാരീരിക വൈകൃതങ്ങളും ചികിത്സ കൊണ്ട് പോലും മാറ്റാൻ കഴിയാതെ വന്നേക്കാം.
ഈ പറഞ്ഞതല്ലാതെയും വ്യഭിചാരവും സ്വവർഗരതിയും മൂലം പരക്കുന്ന രോഗങ്ങൾ വേറെയുമുണ്ട്. ഈ പറഞ്ഞ രോഗങ്ങളെല്ലാം വികൃതമായ ലൈംഗികബന്ധത്തിന്റെ നേരിട്ടുള്ള ഫലങ്ങളാണെങ്കിൽ കൊറോണയും സാർസും പോലുള്ള പകർച്ചവ്യാധികൾ പരക്കുന്നതിന് പിന്നിലും ഇത്തരം തിന്മകൾക്ക് പങ്കുണ്ട്. അവയെ കുറിച്ചാണ് നബി -ﷺ- മേലെ നൽകിയ ഹദീഥിൽ അറിയിച്ചത്. ഇന്നലെ വരെ കേട്ടുകേൾവി പോലുമില്ലാതിരുന്ന രോഗങ്ങൾ, എവിടെ നിന്നു വന്നുവെന്നോ, എന്താണ് പരിഹാരമെന്നോ അറിയാൻ കഴിയാതെ മനുഷ്യരെ അടിമുടി തകർത്തു കളയുമ്പോൾ ഈ രോഗത്തിന് നമ്മോട് പറയാൻ ഒരു സന്ദേശവുമില്ലെന്ന് കരുതുന്നവരാണ് ഏറ്റവും വലിയ വിഡ്ഢികൾ!
‘സ്വതന്ത്രലൈംഗികതക്ക്’ വേണ്ടിയുള്ള മുറവിളികളുമായി ചുംബനസമരങ്ങൾ നടത്തിയവരും, തിന്മകൾ വിലക്കുന്നതിനെ ‘സദാചാര പോലീസിംഗിന്റെ’ മുദ്രയടിച്ച് നേരിട്ടവരും, ‘സ്ത്രീപുരുഷ ബന്ധങ്ങൾക്ക് ഒരു മറയും തടസ്സവും സൃഷ്ടിക്കരുതെന്ന് വാശി പിടിച്ചവർക്കും, ‘ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടു’മെല്ലാം സാംസ്കാരികമായ അനിവാര്യതയാണെന്ന് മേനിനടിച്ചവർക്കും നബി -ﷺ- യുടെ ഇത്തരം വാക്കുകൾ ഇപ്പോഴും ബോധ്യപ്പെട്ടില്ലെന്ന് വന്നേക്കാം; മരണത്തിന് ശേഷം അവർക്കത് ഉറപ്പായും ബോധ്യപ്പെടുമെന്നതിൽ നമുക്ക് സംശയമില്ലെങ്കിലും.
എന്നാൽ ഈ വൃത്തികേടുകളെയും മ്ലേഛതകളെയും നേരിടുകയും എതിർക്കുകയും ചെയ്യുന്നതിൽ നാം -ഇസ്‌ലാം മുറുകെ പിടിക്കണമെന്ന് ആഗ്രഹിക്കുന്നവർ- വരുത്തിയ കുറവിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടതുണ്ട്. ഒറ്റപ്പെടുത്തപ്പെടുമെന്ന ഭയത്താൽ, പിന്തിരിപ്പനെന്ന് വിളിക്കപ്പെടുമെന്ന പേടിയാൽ ഈ ‘തോന്നിവാസികൾക്ക്’ മുൻപിൽ നിശബ്ദരായി നിന്നതിന്റെ അപരാധം നാം തിരിച്ചറിയേണ്ടതുണ്ട്. മേൽ നൽകിയ നബി -ﷺ- യുടെ ഹദീഥിൽ ‘വ്യഭിചാരം നടമാടിയാൽ’ എന്നു മാത്രമല്ല അവിടുന്ന് പറഞ്ഞു വെച്ചത്; മറിച്ച് ‘അത് പ്രകടമാവുകയും, അവരത് പരസ്യമാക്കുകയും’ ചെയ്താൽ എന്നാണ്.
കഅ്ബ് അൽ-അഹ്ബാർ -رَحِمَهُ اللَّهُ- പറഞ്ഞു: “പകർച്ചവ്യാധികൾ വ്യാപിച്ചത് താങ്കൾ കണ്ടാൽ അറിഞ്ഞു കൊള്ളുക; വ്യഭിചാരം വ്യാപകമായിരിക്കുന്നു!” (ഹില്യതുൽ ഔലിയാഅ്: 6/42)
ഈ പറഞ്ഞതിന് തെളിവുകൾ തേടുന്നവർ റോഡുകളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോയതിന് മുൻപുള്ള ദിവസങ്ങൾ ഓർക്കുക!
✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ് -وَفَّقَهُ اللَّهُ-
Join alaswala.com/SOCIAL