ആയിരക്കണക്കിന് മനുഷ്യർ ലോകത്തിന്റെ വിവിധി ഭാഗങ്ങളിൽ മരിച്ചു വീണു കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിലേക്കും റൂമിലേക്കും മരണത്തിന്റെ കാൽപ്പാടുകൾ വന്നെത്തുമോ എന്ന് പലരും ഭയക്കുന്നു. ഒരു മാസം മുൻപ് ആരും പ്രതീക്ഷിക്കുക പോലും ചെയ്തിട്ടില്ലാത്ത സംഭവവികാസങ്ങൾ പൊടുന്നനെ ഉണ്ടാകുന്നു. വാർത്തകളും സംസാരങ്ങളും ഈ രോഗത്തെ കുറിച്ച് മാത്രമായി പോകുന്നു പലർക്കും. അതിനെ ‘നേരിടണ’മെന്നും, ‘പരാജയപ്പെടു’ത്തുമെന്നും പ്രതീക്ഷയോടെ പറഞ്ഞു കൊണ്ടിരിക്കുന്നു.
എന്നാൽ ഹൃദയത്തിനുള്ളിലേക്ക് നോക്കുക. ഈ വൈറസിനെ കുറിച്ച് നാം ചില ഭൗതിക വിവരങ്ങൾ നേടിയെടുത്തു എന്നതിനപ്പുറം നമ്മുടെ ഹൃദയത്തിൽ മറ്റെന്തെങ്കിലും നല്ല മാറ്റങ്ങൾ ഉടലെടുത്തോ?!
ഇതെല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണ്; എന്റെ ഹൃദയത്തിലും വാക്കുകളിലും അല്ലാഹുവിന് വേണ്ടിയുള്ള ക്ഷമയും സഹനവും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചോ?!
ഞാൻ ഈ പ്രയാസങ്ങളിൽ ക്ഷമയോടെ നിലകൊണ്ടാൽ എന്റെ തിന്മകൾ അല്ലാഹു പൊറുത്തു നൽകുന്നതാണ് എന്ന വാഗ്ദാനത്തെ കുറിച്ച് ഓർത്തുവോ?!
അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, ആത്മാർത്ഥമായ തൗബ ചെയ്യുകയും, യാതൊരു തിന്മകളുമില്ലാതെ ജനിച്ചു വീണ ഒരു കുഞ്ഞിനെ പോലെ ആകാനും ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ചിന്തിച്ചോ?!
ജനങ്ങളുടെ തിന്മകളാണ് ഇത്തരം രോഗങ്ങളുടെയും പ്രയാസങ്ങളുടെയും കാരണം; അതിനാൽ ഞാൻ അല്ലാഹുവിനുള്ള ഇബാദതുകൾ അധികരിപ്പിക്കുകയും സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യട്ടെ എന്നാലോചിക്കാൻ കഴിഞ്ഞോ?!
എന്റെ സുഹൃത്തുകളെയും എനിക്ക് പരിചയമുള്ളവരെയും ഈ രോഗമെങ്ങാനും പിടികൂടുകയും, അവരോടൊന്ന് ക്ഷമ ചോദിക്കാൻ കഴിയുന്നതിന് മുൻപേ അവർ എന്നെ വിട്ടുപിരിയുകയും ചെയ്തേക്കാം എന്ന ചിന്ത പരസ്പരമുള്ള പ്രശ്നങ്ങളും അകൽച്ചകളും തീർക്കാൻ നമുക്കൊരു കാരണമായി മാറിയോ?!
ഈ വൈറസ് എന്നെയും പിടികൂടുകയും, രണ്ടോ മൂന്നോ ആഴ്ച്ചകൾക്കപ്പുറം ഞാൻ മരണപ്പെടുകയും ചെയ്താൽ, മരണത്തിന്റെ മലക്കുകളെ ഞാൻ എപ്രകാരമായിരിക്കും കണ്ടുമുട്ടുക എന്നാലോചിട്ടുണ്ടോ?! ഇത്രയെല്ലാം അവസരങ്ങളും ഓർമ്മപ്പെടുത്തലും ലഭിച്ച ശേഷവും തിന്മകളിൽ തുടരാനാണ് എന്റെ ഭാവമെങ്കിൽ അല്ലാഹുവിനെ ഞാൻ കണ്ടുമുട്ടുന്നത് എപ്രകാരമായിരിക്കും എന്ന് ചിന്തിച്ചോ?!
ഈ പറഞ്ഞതിനെല്ലാം ‘ഇല്ല’ എന്ന് തന്നെയാണ് നമ്മുടെ ഉത്തരമെങ്കിൽ സങ്കടകരമായ ഒരു യാഥാർത്ഥ്യം മനസ്സിലാക്കി കൊള്ളുക.
ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَٰلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ
“അതിന് ശേഷം നിങ്ങളുടെ ഹൃദയങ്ങൾ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി മാറിയിരിക്കുന്നു.” (ബഖറ: 74)
ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞു: “പർവ്വതങ്ങൾ പോലും വിറച്ചു പോകുന്ന തരത്തിലുള്ള വാർത്തകളും ദൃഷ്ടാന്തങ്ങളും അനുഭവിച്ചിട്ടു പോലും തങ്ങളുടെ തെറ്റുകളിലും തിന്മകളിലും ഒരാൾ തുടർന്നു പോകുന്നെങ്കിൽ, അല്ലാഹു നൽകിയ ആയുസ്സിൽ അവൻ വഞ്ചിതനായിട്ടുണ്ടെങ്കിൽ; മനസ്സിലാക്കുക! അവന്റെ ഹൃദയം വല്ലാതെ കടുത്തു പോവുകയും, തുടച്ചു നീക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നതിന്റെ അടയാളമാണത്.” (മജ്മൂഅ്: 9/160)
✍️ അബ്ദുല്‍ മുഹ്സിന് ഐദീദ് -وَفَّقَهُ اللَّهُ-
Join alaswala.com/SOCIAL