റമദാന്‍ മാസം പതിനേഴ്‌ മുസ്‌ലിംകളുടെ മനസ്സില്‍ ചില ഓര്‍മ്മകളാല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ബദ്‌റിന്റെ, ബദ്രീങ്ങളുടെ, അവരുടെ നേതാവായ മുഹമ്മദ്‌ നബി -ﷺ- യുടെ ഓര്‍മ്മകള്‍. വിജയത്തിന്റെയും പ്രതാപത്തിന്റെയും ചരിത്രം. ആദര്‍ശ തെളിമയുടെയും ധീരതയുടെയും ഓര്‍മ്മകള്‍. തങ്കലിപികളാല്‍ ചരിത്രം രേഖപ്പെടുത്തിയ തുല്ല്യതയില്ലാത്ത സ്മരണകള്‍. ബദ്റിന്റെ ചരിത്രമാണീ ലേഖനത്തില്‍.

യുദ്ധത്തിന് പിന്നിലെ കാരണം

നബി -ﷺ- യുടെ ഹിജ്റ -പാലായനം- കഴിഞ്ഞു രണ്ട് വര്‍ഷമായിരിക്കുന്നു. മുശ്രിക്കുകള്‍ മുസ്‌ലിമീങ്ങളെ വെറുതെ വിടുകയുണ്ടായിട്ടില്ല. അല്ലാഹുവിനെ മാത്രമേ ഇബാദത് ചെയ്യൂ എന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ തങ്ങളുടെ നാട്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട ഒരു സമൂഹത്തോട് ചെയ്യാവുന്ന ഉപദ്രവങ്ങളെല്ലാം മക്കക്കാര്‍ ഇപ്പോഴും തുടരുന്നുണ്ട്.

ആയിടക്കാണ് മക്കയില്‍ നിന്ന് അബൂ സുഫ്യാന്റെ നേതൃത്വത്തില്‍ ഒരു യാത്രാസംഘം ശാമില്‍ നിന്ന് മക്കയിലേക്ക് തിരിച്ചിട്ടുണ്ട് എന്ന വിവരം നബി -ﷺ- ക്ക് ലഭിക്കുന്നത്. വളരെ വലിയ സമ്പത്തുമായാണ് അവരുടെ വരവ്.

പ്രസ്തുത കച്ചവട സംഘത്തെ പിടികൂടുന്നതിനായി ഒരു ചെറിയ സൈന്യത്തെ നബി -ﷺ- തയ്യാറാക്കി. യാത്രക്ക് സൌകര്യങ്ങള്‍ പെട്ടെന്ന് ഒരുക്കാന്‍ കഴിയുന്നവര്‍ സൈന്യത്തിനോടൊപ്പം ചേരാന്‍ നബി -ﷺ- യുടെ അറിയിപ്പ് വന്നു. ഒരു നിര്‍ബന്ധ കല്‍പ്പന അല്ലാതിരുന്നതിനാല്‍ ചിലര്‍ പുറപ്പെട്ടു. മറ്റു ചിലര്‍ മദീനയില്‍ തന്നെ നിന്നു.

മുന്നൂറില്‍ പരം സ്വഹാബികളുമായി മുസ്‌ലിംകളുടെ സൈന്യം മദീനയില്‍ നിന്ന് പുറപ്പെട്ടു. അബ്ദുല്ലാഹി ബ്നു ഉമ്മി മക്തൂമിനെയാണ് മദീനയിലെ കാര്യങ്ങള്‍ -നിസ്കാരവും മറ്റും- നിയന്ത്രിക്കുന്നതിനായി നബി -ﷺ- ഏല്‍പ്പിച്ചത്.

മുസ്‌ലിം സൈന്യം

മുസ്‌ലിംകളുടെ സൈന്യത്തോടൊപ്പം രണ്ടു കുതിരകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എഴുപത് ഒട്ടകങ്ങളുണ്ട്. രണ്ടും മൂന്നും പേര്‍ ഒരു ഒട്ടകത്തിന്റെ പുറത്ത് യാത്ര ചെയ്യും. നബി -ﷺ- യും അലി -ِرَضِيَ اللَّهُ عَنْهُ- യും, മര്‍ഥദ്‌ ബ്നു അബീ മര്‍ഥദ് -ِرَضِيَ اللَّهُ عَنْهُ- യും ഒരു ഒട്ടകപ്പുറത്താണ് യാത്ര ചെയ്തത്.

ഊഴം വെച്ചു നടന്നു കൊണ്ടായിരുന്നു അവര്‍ യാത്ര ചെയ്തിരുന്നത്. രണ്ടു പേര്‍ ഒട്ടകത്തിന് മുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ നടക്കും. നബി -ﷺ- യും അപ്രകാരം നടക്കുമായിരുന്നു.

അലി -ِرَضِيَ اللَّهُ عَنْهُ- അവിടുത്തോട്‌ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! അങ്ങേക്ക് പകരം ഞങ്ങള്‍ നടക്കാം.”

«مَا أَنْتُمَا بِأَقْوَى مِنِّي عَلَى المَشْيِ، وَلَا أَنَا بِأَغْنَى عَنِ الأَجْرِ مِنْكُمَا»

നബി -ﷺ- പറഞ്ഞു: “എന്നെക്കാള്‍ നടക്കാനുള്ള ശക്തി നിങ്ങള്‍ക്ക് രണ്ടു പേരുമില്ല. ഞാനാകട്ടെ; (അല്ലാഹുവിങ്കലുള്ള) പ്രതിഫലത്തില്‍ നിങ്ങളെക്കാള്‍ ധന്യനുമല്ല.” (ഫിഖ്ഹുസ്സീറ: 219)

മുസ്വ്അബു ബ്നു ഉമൈര്‍ -ِرَضِيَ اللَّهُ عَنْهُ- വിന്റെ കൈകളിലായിരുന്നു ഇസ്‌ലാമിന്റെ പതാകയുണ്ടായിരുന്നത്. അലി -ِرَضِيَ اللَّهُ عَنْهُ- യും അന്‍സ്വാരികളില്‍ പെട്ട മറ്റൊരു വ്യക്തിയും രണ്ട് കൊടിക്കൂറകളും ഏന്തി.

മക്കക്കാര്‍ വിവരമറിയുന്നു

മുശ്രിക്കുകളുടെ യാത്രാസംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി നബി -ﷺ- രണ്ടു പേരെ പറഞ്ഞയച്ചിരുന്നു. എന്നാല്‍ അബൂ സുഫ്യാന്‍ നബി -ﷺ- യുടെ പുറപ്പാടിനെ കുറിച്ച് മറ്റു വഴികളിലൂടെ അറിഞ്ഞു. അതിനാല്‍ മക്കക്കാരെ വിവരമറിയിക്കുന്നതിനായി അവന്‍ ദ്വമ്ദ്വമ് (ضَمْضَم) എന്നു പേരുള്ള ഒരാളെ മക്കയിലേക്ക് അയച്ചു.

മക്കക്കാരെ വിറപ്പിച്ചു കൊണ്ടാണ് ദ്വംദ്വം ആ വാര്‍ത്ത അറിയിച്ചത്. അവന്‍ തന്റെ കുതിരയുടെ ചെവി മുറിച്ചും, വസ്ത്രം കീറിയും, ഉച്ചത്തില്‍ അട്ടഹസിച്ചുമാണ് മക്കയില്‍ പ്രവേശിച്ചതു തന്നെ.

അയാള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു: “അല്ലയോ ഖുറൈഷി സമൂഹമേ! യാത്രാസംഘം! യാത്രാസംഘം! നിങ്ങളുടെ സമ്പത്ത് മുഴുവന്‍ അബൂ സുഫ്യാന്റെ കയ്യിലാണ്. മുഹമ്മദും കൂട്ടരും അതിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് അവരെ പിടികൂടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സഹായം! സഹായം!”

തങ്ങളുടെ സമ്പത്തിന്റെ വലിയൊരു ഭാഗമാണ് മുഹമ്മദ്‌ ലക്ഷ്യം വെച്ചിരിക്കുന്നത്. അത് വിട്ടു കൊടുക്കുക എന്നത് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും. അറബികള്‍ക്കിടയില്‍ വലിയ അപമാനം വരുത്തി വെക്കും. പ്രത്യേകിച്ച് മുഹമ്മദിനെയും കൂട്ടരെയും തങ്ങള്‍ നാട്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കിയതുമാണ്. ഒരിക്കലും അത് സംഭവിച്ചു കൂടാ!

മുശ്രിക്കുകളുടെ സൈന്യം

ഉടനടി അവര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. മക്കയിലെ നേതാക്കന്മാരെല്ലാം യുദ്ധത്തിന് പുറപ്പെട്ടു. അബൂ ലഹബ് മാത്രമാണ് പിന്തിനിന്നത്. എങ്കിലും തനിക്കു പകരം അയാള്‍ ഒരാളെ പറഞ്ഞയച്ചു. എല്ലാ ഖുറൈഷി ഗോത്രങ്ങളും യുദ്ധത്തില്‍ പങ്കെടുത്തു; അദിയ്യ് ഗോത്രക്കാര്‍ ഒഴികെ.

തങ്ങളുടെ മേനിയും പ്രതാപവും പ്രകടമാക്കി തന്നെയായിരുന്നു അവരുടെ പുറപ്പാട്. നൂറില്‍ പരം കുതിരപ്പടയാളികള്‍! ധാരാളം ഒട്ടകങ്ങള്‍! പാട്ടു പാടാനും നൃത്തം വെക്കാനും സ്ത്രീകള്‍!

അവരുടെ പുറപ്പാടിനെ കുറിച്ച് അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്:

كَالَّذِينَ خَرَجُوا مِنْ دِيَارِهِمْ بَطَرًا وَرِئَاءَ النَّاسِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ

“ഗര്‍വ്വോട് കൂടിയും, ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ.” (അന്‍ഫാല്‍: 47)

കൂടിയാലോചന

ഖുറൈഷികളുടെ പുറപ്പാടിനെ കുറിച്ച് നബി -ﷺ- അറിഞ്ഞു. ചെറിയൊരു കച്ചവട സംഘത്തെ പിടികൂടാന്‍ വേണ്ടി പുറപ്പെട്ട സൈന്യമാണ്‌ തങ്ങളുടേത്. അവര്‍ക്കെതിരെ ആര്‍ത്തലച്ചു വരാന്‍ പോകുന്നത് വലിയൊരു സൈന്യമാണ്‌.

എന്തു ചെയ്യണം?!

നബി -ﷺ- സ്വഹാബികളുമായി കൂടിയാലോചിച്ചു. മുഹാജിറുകളില്‍ പലരും പല നല്ല അഭിപ്രായങ്ങളും പറഞ്ഞു. അബൂബക്റും ഉമറും സംസാരിച്ചു. അവരുടെയെല്ലാം സംസാരം വളരെ നല്ലതായിരുന്നു. എങ്കിലും നബി -ﷺ- യുടെ മുഖത്ത് പരിപൂര്‍ണ്ണ തൃപ്തി പ്രകടമായിട്ടില്ല.

മുഹാജിറുകളില്‍ പെട്ട മിഖ്ദാദു ബ്നു അംറിന്റെ -ِرَضِيَ اللَّهُ عَنْهُ- വാക്കുകള്‍ ഇപ്രകാരമായിരുന്നു.

“അല്ലാഹുവിന്റെ റസൂലേ! അല്ലാഹു താങ്കള്‍ക്ക് കാണിച്ചു തന്നതനുസരിച്ച് മുന്നോട്ടു പോവുക. ഞങ്ങള്‍ അങ്ങയോടൊപ്പമുണ്ട്. ഇസ്രാഈല്‍ സന്തതികള്‍ മൂസ -عَلَيْهِ السَّلَامُ- യോട് പറഞ്ഞതു പോലെ ഞങ്ങള്‍ അങ്ങയോട് പറയില്ല. മൂസ -عَلَيْهِ السَّلَامُ- യോട് ഇസ്രാഈല്യര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു:

فَاذْهَبْ أَنْتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ

“നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തു കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കട്ടെ!” (മാഇദ: 24)

മറിച്ച്, (ഞങ്ങള്‍ അങ്ങയോട് പറയുന്നത്:) അങ്ങും അങ്ങയുടെ റബ്ബും പോയി യുദ്ധം ചെയ്തു കൊള്ളുക. ഞങ്ങള്‍ നിങ്ങളോടൊപ്പം യുദ്ധം ചെയ്തു കൊണ്ടുണ്ട്.

അങ്ങയെ സത്യം കൊണ്ട് നിയോഗിച്ച അല്ലാഹു തന്നെ സത്യം!

അങ്ങ് ഞങ്ങളുമായി ബര്‍കുല്‍ ഗമാദിലേക്ക് (മക്കയില്‍ നിന്ന് അഞ്ചു രാത്രി യാത്രാ ദൂരമുള്ള ഒരു തീരപ്രദേശം. യമനിലെ ഒരു സ്ഥലമാണ് എന്നും പറയപ്പെട്ടിട്ടുണ്ട്.) പുറപ്പെട്ടാല്‍, അവിടെയെത്തും വരെ വാളുമേന്തി ഞങ്ങള്‍ താങ്കളോടൊപ്പം നിലകൊള്ളും.”

നബി -ﷺ- മിഖ്ദാദിന് വേണ്ടി പ്രാര്‍ഥിച്ചു. ഇതു വരെ സംസാരിച്ചതെല്ലാം മുഹാജിറുകളാണ്. അന്‍സ്വാറുകള്‍ ഒന്നും പറഞ്ഞിട്ടില്ല. അവിടുന്നാകട്ടെ; അന്‍സ്വാറുകളെയാണ് ഉദ്ദേശിക്കുന്നത്. കാരണം മദീനയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നബി -ﷺ- യെ സഹായിക്കാമെന്നു മാത്രമേ അവര്‍ കരാറിലേര്‍പ്പെട്ടിട്ടുള്ളൂ. ബദ്റാകട്ടെ, മദീനക്കു പുറത്താണ്.

അന്‍സ്വാറുകള്‍ തങ്ങളുടെ കരാറില്‍ തന്നെ നിലകൊള്ളുകയും, മദീനയുടെ പുറത്ത് നിങ്ങളെ സഹായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു പിന്മാറുകയും ചെയ്യുമോ? എന്താണ് അവര്‍ക്ക് പറയാനുള്ളത്. നബി -ﷺ- വീണ്ടും ചോദിച്ചു: “ജനങ്ങളേ! നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നോട് പറയൂ!”

നബി -ﷺ- യുടെ ഉദ്ദേശം മനസ്സിലായെന്നോണം അന്‍സ്വാറുകളിലെ പ്രധാനിയായ സഅദ്‌ ബ്നു മുആദ്‌ -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! അങ്ങ് ഞങ്ങളെയാണ് ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു!”

നബി -ﷺ- പറഞ്ഞു: “അതെ!”

അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ അങ്ങയില്‍ വിശ്വസിച്ചിരിക്കുന്നു. അങ്ങയെ സത്യപ്പെടുത്തിയിരിക്കുന്നു. അങ്ങ് കൊണ്ടു വന്ന ദീന്‍ സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അതില്‍ ഞങ്ങള്‍ കരാറില്‍ ഏര്‍പ്പെടുകയും, അങ്ങേക്ക് ഉറപ്പുകള്‍ നല്‍കുകയും ചെയ്തിരിക്കുന്നു.

അല്ലാഹുവിന്റെ റസൂലേ! അങ്ങ് ഉദ്ദേശിക്കുന്നത് പോലെ മുന്നോട്ടു പോവുക! ഞങ്ങള്‍ അങ്ങയോടൊപ്പമുണ്ട്.

അല്ലാഹു സത്യം! ഈ സമുദ്രത്തിലേക്ക് ഞങ്ങളെ മുന്നില്‍ നിര്‍ത്തി അങ്ങ് നയിച്ചാലും താങ്കളോടൊപ്പം ഞങ്ങള്‍ അതില്‍ പ്രവേശിക്കും. ഞങ്ങളില്‍ ഒരാളും പിന്തിനില്‍ക്കില്ല.

നാളെ ശത്രുവിനെ കണ്ടു മുട്ടുന്നത് ഞങ്ങള്‍ വെറുക്കുന്നില്ല. യുദ്ധത്തില്‍ ഞങ്ങള്‍ അങ്ങേയറ്റം ക്ഷമാലുക്കളായിരിക്കും. ശത്രുവിനെ കണ്ടുമുട്ടുമ്പോഴാകട്ടെ; (വാക്കുകള്‍) സത്യപ്പെടുത്തുന്നവരും. അല്ലാഹു ഞങ്ങളില്‍ നിന്ന് അങ്ങേക്ക് കണ്‍കുളിര്‍പ്പിക്കുന്ന (കാഴ്ചകള്‍) കാണിച്ചു തരുമാറാകട്ടെ. അതിനാല്‍ -അല്ലാഹുവിന്റെ അനുഗ്രഹത്തോടെ- അങ്ങ് മുന്നോട്ടു ഗമിക്കുക!”

നബി -ﷺ- ക്ക് സന്തോഷമായി. അവിടുന്ന് പറഞ്ഞു:

«سِيرُوا وَأَبْشِرُوا، فَإِنَّ اللَّهَ تَعَالَى قَدْ وَعَدَنِي إحْدَى الطَّائِفَتَيْنِ»

“മുന്നോട്ട് ഗമിക്കുക! സന്തോഷിക്കുക! അല്ലാഹു -تَعَالَى- എനിക്ക് രണ്ടാലൊരു കക്ഷിയെ -സമ്പത്തുമായി മുന്നോട്ടു പോകുന്ന അബൂ സുഫ്യാന്റെ സംഘത്തെയോ, യുദ്ധത്തിനായി പുറപ്പെട്ട ഖുറൈഷികളെയോ- വിജയിച്ചടക്കാം എന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നു.” (സീറതു ഇബ്നി ഹിശാം: 1/614-615)

ഖുര്‍ആനില്‍ അല്ലാഹു ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. അവന്‍ പറഞ്ഞു:

وَإِذْ يَعِدُكُمُ اللَّهُ إِحْدَى الطَّائِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ الشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ اللَّهُ أَن يُحِقَّ الْحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ الْكَافِرِينَ ﴿٧﴾

“രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും കാഫിറുകളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്‌.” (അന്‍ഫാല്‍: 7)

തുടർന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment