യുദ്ധത്തിന്റെ ആകെത്തുക

മുസ്‌ലിമീങ്ങളുടെ വിജയം ഏകപക്ഷീയമായിരുന്നു. മുശ്രിക്കുകള്‍ക്ക് ഒരു സാധ്യതയും അവര്‍ അവശേഷിപ്പിച്ചില്ല. മുശ്രിക്കുകള്‍ പിന്തിരിഞ്ഞോടുകയും, തങ്ങളുടെ സമ്പത്ത് പോലും ശ്രദ്ധിക്കാതെ രക്ഷപ്പെടുകയും ചെയ്തു.

അല്ലാഹു -تَعَالَى- മുശ്രിക്കുകളുടെ നേതാക്കന്മാരെയാണ് മുസ്‌ലിമീങ്ങള്‍ക്ക് നല്‍കിയത്. മുസ്‌ലിംകളുടെ വിജയം കണ്ടതോടെ മുശ്രിക്കുകള്‍ പിന്തിരിഞ്ഞോടി. ഈ ഉമ്മത്തിലെ ഫിര്‍ഔന്‍ എന്നറിയപ്പെട്ട അബൂ ജഹ്ലിന്റെ മരണം ഹദീസുകളില്‍ പ്രത്യേകം വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

അബ്ദു റഹ്മാന്‍ ബ്നു ഔഫ്‌ -ِرَضِيَ اللَّهُ عَنْهُ- പറയുന്നു: ബദ്ര്‍ യുദ്ധത്തില്‍ ചെറിയ പ്രായം മാത്രമുള്ള രണ്ട് കുട്ടികള്‍ക്ക് ഇടയിലായിരുന്നു ഞാന്‍. അവരെക്കാള്‍ വലിയ രണ്ടാളുകള്‍ക്ക് ഇടയിലായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.

അപ്പോള്‍ എന്റെ വലതു ഭാഗത്തുള്ളവന്‍ എന്നെ തോണ്ടി കൊണ്ട് ചോദിച്ചു: “അമ്മാവാ! അബൂ ജഹ്ല്‍ എവിടെ?”

ഞാന്‍ ചോദിച്ചു: “നിനക്ക് എന്തിനാണ് അബൂ ജഹ്ലിനെ?”

അവന്‍ പറഞ്ഞു: “അമ്മാവാ! അവന്‍ നബി -ﷺ- യെ ചീത്ത പറയാറുണ്ടായിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അവനെ ഞാന്‍ കണ്ടു മുട്ടുകയാണെങ്കില്‍ ഞങ്ങളില്‍ രണ്ടിലൊരാളേ പിന്നീട് ബാക്കിയുണ്ടാകൂ.”

അപ്പോള്‍ എന്റെ ഇടതു ഭാഗത്ത് നിന്നവനും എന്നെ തോണ്ടി. ഒന്നാമന്‍ ചോദിച്ചത് പോലെ അവനും എന്നോട് ചോദിച്ചു. ഏറെ സമയം കഴിയുന്നതിന് മുന്‍പ് തന്നെ ഞാന്‍ അബൂ ജഹ്ലിനെ കണ്ടു. അവന്‍ ജനങ്ങള്‍ക്കിടയില്‍ ചുറ്റി നടക്കുന്നുണ്ടായിരുന്നു.

അവരോടു രണ്ടു പേരോടുമായി ഞാന്‍ പറഞ്ഞു: “നിങ്ങള്‍ രണ്ടു പേരും എന്നോടു ചോദിച്ചു കൊണ്ടിരുന്നവന്‍ അതാ നില്‍ക്കുന്നു.”

ഇത് കേള്‍ക്കേണ്ട താമസം! രണ്ടു പേരും തങ്ങളുടെ വാളുമേന്തി അവന്റെ അരികിലേക്ക് കുതിച്ചു. രണ്ടു പേരും ഒരുമിച്ചു തന്നെ അവന്റെ കഥ കഴിച്ചു.” (ബുഖാരി: 3141, മുസ്‌ലിം: 1752)

അല്ലാഹുവിന്റെ ശത്രുവിന് യോജിച്ച അന്ത്യം!

മുശ്രിക്കുകളില്‍ നിന്ന് നിന്ന് എഴുപതോളം പേര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു. മുശ്രിക്കുകളില്‍ കൊല്ലപ്പെട്ടവരില്‍ ചിലര്‍ നബി -ﷺ- യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് കൊല്ലപ്പെടും എന്ന് അറിയിച്ചവര്‍ തന്നെയായിരുന്നു. നബി -ﷺ- കാണിച്ചു കൊടുത്ത സ്ഥലങ്ങളില്‍ തന്നെ അവര്‍ മലര്‍ന്നടിച്ചു കിടന്നിരുന്നു. അക്കൂട്ടത്തില്‍ അവരിലെ നേതാക്കന്മാരായ അബൂ ജഹ്ലും, ഉത്ബതും, ശൈബതും, ഉമയ്യയും, വലീദുമെല്ലാമുണ്ട്.

അതിക്രമികളുടെ പര്യവസാനം എത്ര നിന്ദ്യം!

നബി -ﷺ- യുടെ കല്‍പ്പന പ്രകാരം മുശ്രിക്കുകളില്‍ പതിനാലോളം പേരെ ഖലീബ് പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. അവിടുന്ന് ഒരു യുദ്ധത്തില്‍ വിജയിച്ചാല്‍ അവിടെ തുറസ്സായ മൈതാനത്ത് മൂന്നു രാത്രികള്‍ താമസിക്കുമായിരുന്നു.

ബദ്ര്‍ യുദ്ധം കഴിഞ്ഞു മൂന്നാം ദിവസമായപ്പോള്‍ നബി -ﷺ- തന്റെ യാത്രാ വാഹനം ഒരുക്കാന്‍ കല്‍പ്പിച്ചു. അവിടുത്തെ പിന്നില്‍ സ്വഹാബികള്‍ അനുഗമിച്ചു. ബദ്റിനോട് വിട പറയുന്നതിന് മുന്‍പ് മുശ്രിക്കുകളെ വലിച്ചെറിഞ്ഞ പൊട്ടക്കിണറിന് അടുത്തു നിന്നു കൊണ്ട് അവിടുന്ന് അവരെ ഓരോരുത്തരെയായി പേരെടുത്ത് വിളിക്കാന്‍ തുടങ്ങി. എന്നിട്ട് നബി -ﷺ- പറഞ്ഞു:

“അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചിരുന്നുവെങ്കില്‍ എന്നത് നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടോ? ഞങ്ങളുടെ റബ്ബ് ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഞങ്ങള്‍ സത്യമായി പുലര്‍ന്നു കണ്ടിരിക്കുന്നു. നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിങ്ങള്‍ സത്യമായി പുലര്‍ന്നു കണ്ടോ?”

അപ്പോള്‍ ഉമര്‍ -ِرَضِيَ اللَّهُ عَنْهُ- ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ആത്മാവുകളില്ലാത്ത ഈ ശരീരങ്ങളോട് അങ്ങ് എന്താണ് സംസാരിക്കുന്നത്?”

നബി -ﷺ- പറഞ്ഞു: “മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ; അവന്‍ തന്നെ സത്യം! ഞാന്‍ പറയുന്നത് അവരെക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല നിങ്ങള്‍.”

ഹദീസിനെ വിശദീകരിച്ചെന്നോണം ഖതാദ -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- യുടെ വാക്ക് കേള്‍പ്പിക്കുന്നതിനായി അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കി. അവരെ ഭയപ്പെടുത്തുന്നതിനും, നിന്ദ്യരാക്കുന്നതിനും, അവര്‍ക്കൊരു ശിക്ഷയും ഖേദവുമായി കൊണ്ടാണ് അപ്രകാരം ചെയ്തത്.” (ബുഖാരി: 3976, മുസ്‌ലിം: 2874)

യുദ്ധശേഷം

മുശ്രിക്കുകളുടെ സമ്പത്ത് സ്വഹാബികള്‍ ഗനീമതായി -യുദ്ധാര്‍ജ്ജിത സ്വത്തായി- എടുത്തു. വിശന്നും പ്രയാസപ്പെട്ടും യുദ്ധത്തിന് വന്നവര്‍ തിരിച്ചു പോകുമ്പോള്‍ ഒന്നും രണ്ടും ഒട്ടകങ്ങളുടെ മേല്‍ നിറയെ ചുമടുകളുമായാണ് തിരിച്ചു പോയത്. വേണ്ടത്ര വസ്ത്രം! വേണ്ടത്ര ഭക്ഷണം!

അല്‍ഹംദുലില്ലാഹ്!

എഴുപതോളം മുശ്രിക്കുകളെ മുസ്‌ലിമീങ്ങള്‍ ബന്ദികള്‍ ആക്കിയിരുന്നെന്നു പറഞ്ഞല്ലോ? അവരുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്നു നബി -ﷺ- സ്വഹാബികളിലെ പ്രമുഖരായ ചിലരോട് കൂടിയാലോചിച്ചു.

അബൂബക്ര്‍ സിദ്ധീഖ് -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! അവര്‍ പിതൃസഹോദരങ്ങളുടെ മക്കളും അടുത്ത കുടുംബക്കാരുമെല്ലാമാണ്. അങ്ങ് അവരില്‍ നിന്ന് ഫിദ്-യ സ്വീകരിക്കുകയും, അപ്രകാരം നമുക്ക് കാഫിറുകളുടെ മേല്‍ ശക്തിയുണ്ടാകുകയും ചെയ്യുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാഹു -تَعَالَى- പിന്നീട് അവര്‍ക്ക് ഇസ്‌ലാമിലേക്ക് ഹിദായത് നല്‍കുകയും ചെയ്തേക്കാം.”

എന്നാല്‍ ഉമര്‍ -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “അങ്ങനെയല്ല അല്ലാഹുവിന്റെ റസൂലേ! അബൂബക്റിന്റെ അഭിപ്രായമല്ല എനിക്കുള്ളത്. മറിച്ച്, അവരുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് അങ്ങ് അനുവാദം നല്‍കുക. ഞങ്ങള്‍ അവരുടെ കഴുത്തുകള്‍ വെട്ടാം.

ഉഖൈലിന്റെ കാര്യത്തില്‍ അങ്ങ് അലിക്ക് അനുവാദം നല്‍കുക. അലി -ِرَضِيَ اللَّهُ عَنْهُ- അവന്റെ കഴുത്ത് വെട്ടട്ടെ. എനിക്ക് ഇന്ന വ്യക്തിയെ നല്‍കുക; ഞാന്‍ അവന്റെ കഴുത്ത് വെട്ടാം. കാരണം, ഇവര്‍ കാഫിറുകളുടെ നേതാക്കന്മാരും, അവരുടെ തലവന്മാരുമാണ്.”

എന്നാല്‍ നബി -ﷺ- അബൂബക്റിന്റെ അഭിപ്രായമാണ് ഇഷ്ടപ്പെട്ടത്. ഉമറിന്റെ അഭിപ്രായം അവിടുന്ന് സ്വീകരിച്ചില്ല.

അടുത്ത ദിവസം പുലര്‍ന്നു. ഉമര്‍ -ِرَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടുന്നും അബൂബക്റും കരയുകയാണ്.

ഉമര്‍ -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! എന്തിനാണ് അങ്ങും അങ്ങയുടെ കൂട്ടുകാരനും കരയുന്നതെന്ന് എന്നോടു പറയുക. എനിക്കും കരച്ചില്‍ വരുകയാണെങ്കില്‍ ഞാനും കരയാം. എനിക്ക് കരച്ചില്‍ വന്നില്ലെങ്കില്‍ നിങ്ങളോടൊപ്പം കരയാന്‍ ഞാന്‍ ശ്രമിക്കാം.”

നബി -ﷺ- പറഞ്ഞു: “(മുശ്രിക്കുകളുടെ പക്കല്‍ നിന്ന്) ഫിദാഅ സ്വീകരിച്ചതിന്റെ പേരില്‍ നിന്റെ സുഹൃത്തുകള്‍ക്ക് മേല്‍ പതിക്കാനിരുന്ന ശിക്ഷ കാരണത്താലാണ് ഞാന്‍ കരഞ്ഞത്. ഈ വൃക്ഷത്തോടു അടുത്തായി അവരുടെ ശിക്ഷ എനിക്ക് കാണിക്കപ്പെട്ടു.”

ഈ വിഷയത്തില്‍ അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ ആയത് അവതരിപ്പിച്ചിട്ടുണ്ട്. അവന്‍ പറഞ്ഞു:

مَا كَانَ لِنَبِيٍّ أَن يَكُونَ لَهُ أَسْرَىٰ حَتَّىٰ يُثْخِنَ فِي الْأَرْضِ ۚ تُرِيدُونَ عَرَضَ الدُّنْيَا وَاللَّهُ يُرِيدُ الْآخِرَةَ ۗ وَاللَّهُ عَزِيزٌ حَكِيمٌ ﴿٦٧﴾ لَّوْلَا كِتَابٌ مِّنَ اللَّهِ سَبَقَ لَمَسَّكُمْ فِيمَا أَخَذْتُمْ عَذَابٌ عَظِيمٌ ﴿٦٨﴾ فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ ﴿٦٩﴾

“ഒരു നബിക്കും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

അല്ലാഹുവിങ്കല്‍ നിന്നുള്ള നിശ്ചയം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.

എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ” (അന്‍ഫാല്‍: 67-69)

ബദ്രീങ്ങളുടെ സ്ഥാനം

ബദ്രീങ്ങള്‍ക്ക് ഇസ്‌ലാമിലുള്ള സ്ഥാനം വളരെ വലുതാണ്‌. അല്ലാഹു -تَعَالَى- അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുത്തിരിക്കുന്നു. ഒരിക്കല്‍ നബി (സ പറഞ്ഞു:

«مَا يُدْرِيكَ، لَعَلَّ اللَّهَ اطَّلَعَ عَلَى أَهْلِ بَدْرٍ فَقَالَ: اعْمَلُوا مَا شِئْتُمْ»

“നിനക്കെന്തറിയാം? അല്ലാഹു ബദ്രീങ്ങളെ നോക്കി: നിങ്ങള്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിച്ചു കൊള്ളുക; ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു എന്ന് പറഞ്ഞതു പോലെയുണ്ട്.” (ബുഖാരി: 3081)

ശവ്വാലോടു കൂടി നബി -ﷺ- ബദ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിരമിച്ചു.

അല്ലാഹു -تَعَالَى- പറഞ്ഞതെത്ര സത്യം!

وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ ﴿١٢٣﴾ إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَاثَةِ آلَافٍ مِّنَ الْمَلَائِكَةِ مُنزَلِينَ ﴿١٢٤﴾ بَلَىٰ ۚ إِن تَصْبِرُوا وَتَتَّقُوا وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ آلَافٍ مِّنَ الْمَلَائِكَةِ مُسَوِّمِينَ ﴿١٢٥﴾ وَمَا جَعَلَهُ اللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِ ۗ وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ الْعَزِيزِ الْحَكِيمِ ﴿١٢٦﴾

“നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ നന്ദിയുള്ളവരാകേണ്ടതിന് അല്ലാഹുവെ സൂക്ഷിക്കുക.

(നബിയേ,) നിങ്ങളുടെ റബ്ബ് മുവ്വായിരം മലക്കുകളെ ഇറക്കികൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ മുഅമിനീങ്ങളോട് പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.)

(പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്‌.

നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും, നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു പിന്‍ബലം നല്‍കിയത്‌. (സാക്ഷാല്‍) സഹായം അസീസും (പ്രതാപി) ഹകീമുമായ അല്ലാഹുവിങ്കല്‍ നിന്നു മാത്രമാകുന്നു.” (ആലു ഇംറാന്‍: 123-126)

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

ലേഖനത്തിന്റെ പ്രധാന അവലംബം:

1- അസ്സ്വഹീഹുല്‍ മുസ്വഫ്ഫാ മിന്‍ സീറതിന്നബിയ്യില്‍ മുസ്വഫ്ഫാ – ശൈഖ് സലീം അല്‍-ഹിലാലി.

2- സുബുലുസ്സലാം മിന്‍ സീറതി ഖയ്റില്‍ അനാം – സ്വാലിഹ് ബ്നു ത്വാഹാ അബ്ദില്‍ വാഹിദ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment