ആരംഭം!

ഖുറൈശികളാണ് യുദ്ധത്തിന് തുടക്കം കുറിച്ചത്. ഉത്ബതു ബ്നു റബീഅ തന്റെ സഹോദരന്‍ ശൈബയുടെയും, മകന്‍ വലീദിന്റെയും മദ്ധ്യത്തിലായി നിന്നു കൊണ്ട് മുന്നോട്ടു വന്നു. അവര്‍ മുസ്‌ലിമീങ്ങളെ ധ്വന്തയുദ്ധത്തിന് ക്ഷണിച്ചു.

സ്വഹാബികളുടെ കൂട്ടത്തില്‍ നിന്ന് അന്‍സ്വാരികളായ ചിലരാണ് അതിന് ഉത്തരം നല്‍കാനായി മുന്നോട്ടു വന്നത്. അവരെ കണ്ടപ്പോള്‍ മുശ്രിക്കുകള്‍ പറഞ്ഞു:

“നിങ്ങളെ ഞങ്ങള്‍ക്ക് ആവശ്യമില്ല… ഹേ മുഹമ്മദ്‌! ഞങ്ങളുടെ കൂട്ടത്തില്‍ പെട്ട, ഞങ്ങള്‍ക്ക് ഒത്തവരെ പറഞ്ഞയക്ക്!”

അപ്പോള്‍ നബി -ﷺ- പറഞ്ഞു: “ഉബൈദ ബ്നുല്‍ ഹാരിഥ! എഴുന്നേല്‍ക്ക്! ഹംസ! എഴുന്നേല്‍ക്ക്! അലി! എഴുന്നേല്‍ക്ക്!”

ഹംസ -ِرَضِيَ اللَّهُ عَنْهُ- വിന് അധിക സമയമൊന്നും വേണ്ടി വന്നില്ല. അദ്ദേഹം ശൈബയെ വളരെ പെട്ടെന്ന് തന്നെ കൊലപ്പെടുത്തി. അലി -ِرَضِيَ اللَّهُ عَنْهُ- വും ഒട്ടും താമസമില്ലാതെ വലീദിന്റെ കഥ കഴിച്ചു. എന്നാല്‍ ഉബൈദ -അദ്ദേഹം അക്കൂട്ടത്തില്‍ ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്നു-; അദ്ദേഹം ഉഖ്ബയെ വെട്ടി. ഉഖ്ബ തിരിച്ചും വെട്ടി. രണ്ടു പേര്‍ക്കും വെട്ടു കൊണ്ടിട്ടുണ്ട്. അതിനാല്‍ ഉബൈദയെ ഹംസയും അലിയും -ِرَضِيَ اللَّهُ عَنْهُ- സഹായിച്ചു. അവര്‍ രണ്ടു പേരും കൂടി ഉഖ്ബയെ കൊലപ്പെടുത്തി.

നബി -ﷺ- യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് സ്വഹാബികളോടായി പറഞ്ഞു: “ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്ക് മുന്നേറുക.”

ഇത് കേട്ടപ്പോള്‍ സ്വഹാബികളില്‍ പെട്ട ഉമൈര്‍ ബ്നു ഹുമാം -ِرَضِيَ اللَّهُ عَنْهُ- ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗ്ഗമോ?”

അവിടുന്ന് പറഞ്ഞു: “അതെ.”

“അത്ഭുതം! അത്ഭുതം!” – അദ്ദേഹം പറഞ്ഞു.

നബി -ﷺ- ചോദിച്ചു: “എന്തിനാണ് നീ ഇങ്ങനെ പറഞ്ഞത്?”

അദ്ദേഹം പറഞ്ഞു: “ഞാന്‍ സ്വര്‍ഗക്കാരില്‍ ഉള്‍പ്പെടുന്നതിന് വേണ്ടി.” നബി -ﷺ- പറഞ്ഞു: “നീ അവരില്‍ പെട്ടവനാണ്.”

അപ്പോള്‍ ഉമൈര്‍ -ِرَضِيَ اللَّهُ عَنْهُ- തന്റെ കയ്യിലുണ്ടായിരുന്ന കുറച്ചു ഈത്തപ്പഴം തിന്നാന്‍ തുടങ്ങി. പിന്നെ അത് വലിച്ചെറിഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു: “ഈ ഈത്തപ്പഴങ്ങള്‍ തിന്നുന്നത് വരെ ജീവിച്ചിരിക്കുക എന്നത് വളരെ നീണ്ട ജീവിതം തന്നെ.”

ഇതും പറഞ്ഞു കൊണ്ട് അദ്ദേഹം യുദ്ധക്കളത്തിലേക്ക് കുതിച്ചു. ശത്രുക്കള്‍ക്കിടയില്‍ നിന്ന് ധീരമായി പടവെട്ടി. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ശഹീദായി! (മുസ്‌ലിം: 1901)

പിന്നീട് യുദ്ധം കൊടുമ്പിരി കൊണ്ടു. ഇരുവിഭാഗവും ശക്തമായി പോരാടി. നബി -ﷺ- പ്രാര്‍ഥനയില്‍ മുഴുകി. ഖുറൈശികള്‍ അവരുടെ സര്‍വ്വ സന്നാഹങ്ങളുമായി മുന്നോട്ടു വന്നു.

യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് അബൂ ജഹ്ലും പ്രാര്‍ഥിച്ചിരുന്നു. അല്ലാഹുവിനോട് തന്നെയാണ് അവനും പ്രാര്‍ഥിച്ചത്. അവന്റെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു.

“അല്ലാഹുവേ! ഞങ്ങളില്‍ ഏറ്റവും അധികം കുടുംബബന്ധം മുറിച്ച, ആര്‍ക്കും അറിയാത്ത (പുത്തന്‍വാദവുമായി) വന്നവനെ; ഈ പകലില്‍ നീ നിന്ദ്യനാക്കേണമേ!”

എന്നാല്‍ അല്ലാഹുവിന്റെ സഹായം സത്യത്തിന്റെ പക്ഷക്കാര്‍ക്ക് അനുകൂലമായിരുന്നു. അസത്യത്തിന്റെയും നിഷേധത്തിന്റെയും വക്താക്കള്‍ പരാജയം രുചിച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തക്കപ്രതിഫലം തന്നെ നല്‍കപ്പെട്ടു!

സ്വഹാബികള്‍ പൊരിഞ്ഞ പോരാട്ടം കാഴ്ച വെച്ചു. ശക്തമായി അവര്‍ പോരാടി. അതോടൊപ്പം അല്ലാഹുവിന്റെ സഹായവുമുണ്ടായി. മുശ്രിക്കുകളുടെ എണ്ണം അല്ലാഹു സ്വഹാബികളുടെ കണ്ണില്‍ ചെറുതായി തോന്നിപ്പിച്ചു. അതോടെ അവര്‍ക്ക് യുദ്ധത്തിനുള്ള ആവേശം ശക്തമായി. അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ അക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

وَإِذْ يُرِيكُمُوهُمْ إِذِ الْتَقَيْتُمْ فِي أَعْيُنِكُمْ قَلِيلًا وَيُقَلِّلُكُمْ فِي أَعْيُنِهِمْ

“നിങ്ങള്‍ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ നിങ്ങളുടെ ദൃഷ്ടിയില്‍ നിങ്ങള്‍ക്ക് അവരെ അവന്‍ കുറച്ച് മാത്രമായി കാണിക്കുകയും, അവരുടെ ദൃഷ്ടിയില്‍ നിങ്ങളെ എണ്ണം കുറച്ച് കാണിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക.” (അന്‍ഫാല്‍: 44)

യുദ്ധത്തില്‍ ഏറ്റവും ശക്തമായി പോരാടിയത് നബി -ﷺ- യായിരുന്നു. അലി -ِرَضِيَ اللَّهُ عَنْهُ- പറയുകയുണ്ടായി: “ഞങ്ങള്‍ ബദ്ര്‍ യുദ്ധ വേളയില്‍ നബി -ﷺ- യുടെ അടുക്കല്‍ അഭയം തേടാറുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ശത്രുവിനോട് ഏറ്റവും അടുത്തു നിന്നിരുന്നത് അവിടുന്നായിരുന്നു. അന്നേ ദിവസം ജനങ്ങളില്‍ ഏറ്റവും കഠിനമായി യുദ്ധം ചെയ്തതും അവിടുന്നായിരുന്നു.” (അഹമദ്: 2/228)

മലക്കുകള്‍!

നബി -ﷺ- യുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടു. അല്ലാഹുവിന്റെ സഹായം ഇറങ്ങി. നിരനിരയായി വരുന്ന മലക്കുകളെ അയച്ചു കൊണ്ട് അല്ലാഹു -تَعَالَى- അവന്റെ വാഗ്ദാനം നിറവേറ്റി.

അബൂ ബക്ര്‍ -ِرَضِيَ اللَّهُ عَنْهُ- വിനോട്‌ നബി -ﷺ- സന്തോഷത്തോടെ പറഞ്ഞു: “അബൂബക്ര്‍! സന്തോഷിക്കുക! ഇതാ ജിബ്രീല്‍ തന്റെ തലപ്പാവണിഞ്ഞ്, അദ്ദേഹത്തിന്റെ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചു നില്‍ക്കുന്നു.”

മലക്കുകളെ കൊണ്ട് അല്ലാഹു മുസ്‌ലിംകളെ സഹായിച്ചത് അത്ഭുതകരമായ രൂപത്തിലായിരുന്നു. മുസ്‌ലിമീങ്ങളില്‍ പെട്ട ചിലര്‍ ശത്രുവിന്റെ പിറകില്‍ പിന്തുടരുമ്പോള്‍ പെട്ടെന്ന് മുകളില്‍ നിന്ന് ചാട്ടവാര്‍ വീശുന്ന ശബ്ദം കേള്‍ക്കാം. ‘മുന്നോട്ടു കുതിക്കുക ഹയ്സൂം’ എന്നിങ്ങനെ കുതിരക്കാരന്‍ പറയുന്നതും കേള്‍ക്കാം. (‘ഹയ്സൂം’: മലക്കുകളുടെ കുതിരയുടെ പേര്.)

പൊടുന്നനെ തന്റെ മുന്നില്‍ ഉണ്ടായിരുന്ന മുശ്രിക്ക് താഴെ വീണു കിടക്കുന്നത് കാണാം! അവന്റെ മൂക്ക് മുറിക്കപ്പെടുകയും അതില്‍ അടയാളം വെക്കപ്പെടുകയും ചെയ്തിരിക്കും. അവന്റെ മുഖം -ചാട്ടവാര്‍ കൊണ്ട് അടിച്ചതു പോലെ- പിളര്‍ന്നിട്ടുമുണ്ടാകും. അവന്‍ വീണു കിടക്കുന്ന സ്ഥലമാകട്ടെ; പച്ച നിറത്തില്‍ ആയിട്ടുണ്ടായിരിക്കും.

നബി -ﷺ- യോട് ഒരു സ്വഹാബി ഇക്കാര്യം ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: “നീ പറഞ്ഞത് സത്യമാണ്. അത് മൂന്നാമത്തെ ആകാശത്തു നിന്നുള്ള സഹായമാണ്.” (മുസ്‌ലിം: 1763)

അബ്ബാസ് ബ്നു അബ്ദില്‍ മുത്വലിബിനെ ഒരു അന്‍സ്വാരിയായ സ്വഹാബിയാണ് തടവുകാരനാക്കി കൊണ്ടു വന്നത്. നബി -ﷺ- യുടെ മുന്നിലെത്തിയപ്പോള്‍ അബ്ബാസ്‌ -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! -അല്ലാഹു സത്യം!- ഇയാളല്ല എന്നെ തടവുകാരനാക്കിയത്. തലമുടി കുറഞ്ഞ, ജനങ്ങളില്‍ വളരെ മനോഹരമായ മുഖമുള്ള, തുട വരെ വെളുത്ത രോമങ്ങളുള്ള കുതിരയുടെ മുകളില്‍ ഉണ്ടായിരുന്ന ഒരാളാണ് എന്നെ തടവിലാക്കിയത്. അയാളെ ഇക്കൂട്ടത്തിലൊന്നും ഞാന്‍ കാണുന്നില്ല.”

അപ്പോള്‍ അന്‍സ്വാരിയായ ആ സ്വഹാബി പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! ഞാനാണ് ഇദ്ദേഹത്തെ തടവിലാക്കിയത്.”

നബി -ﷺ- പറഞ്ഞു: “മിണ്ടാതിരിക്കൂ! മാന്യനായ ഒരു മലക്കിനെ കൊണ്ട് അല്ലാഹു നിനക്ക് പിന്‍ബലം നല്‍കിയതാണ്.”

സ്വഹാബികളില്‍ പെട്ട അബൂ ദാവൂദ് അല്‍-മാസുനി -ِرَضِيَ اللَّهُ عَنْهُ- പറയുന്നു: “ഞാന്‍ മുശ്രിക്കുകളില്‍ പെട്ട ചിലരെ വാളു കൊണ്ട് വെട്ടുന്നതിനു വേണ്ടി പിന്തുടരും. പക്ഷേ എന്റെ വാള്‍ അവന്റെ ശരീരത്തിലേക്ക് എത്തുന്നതിന് മുന്‍പ് അവന്‍ തല താഴെ വീഴുന്നത് (കാണാം). ഞാനല്ലാത്ത മറ്റൊരാളാണ് അയാളെ വെട്ടിയത് എന്ന് എനിക്ക് അതിലൂടെ മനസ്സിലായി.”

ഖുര്‍ആനില്‍ ഇക്കാര്യം സ്മരിച്ചു കൊണ്ട് ആയത് അവതരിക്കപ്പെട്ടു.

إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ ﴿٩﴾

“നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.” (അന്‍ഫാല്‍: 9)

إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا ۚ سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ فَاضْرِبُوا فَوْقَ الْأَعْنَاقِ وَاضْرِبُوا مِنْهُمْ كُلَّ بَنَانٍ ﴿١٢﴾

“നിന്റെ റബ്ബ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ മുഅമിനീങ്ങളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. കാഫിറുകളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.” (അന്‍ഫാല്‍: 12)

പിശാചിന്റെ പിന്തിരിയല്‍..!

മുശ്രിക്കുകള്‍ ബദ്ര്‍ യുദ്ധത്തിന് പുറപ്പെടുന്നതിന് മുന്‍പ് യുദ്ധത്തിന് പുറപ്പെടണമോ വേണ്ടയോ എന്ന് ആലോചിക്കുന്നതിനായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. മക്കയില്‍ നിന്ന് എല്ലാവരും യുദ്ധത്തിനായി പുറപ്പെട്ടാല്‍ തങ്ങളുടെ ശത്രുക്കളായ ബനൂ മുദ്ലിജുകാര്‍ തങ്ങളെ ആക്രമിക്കുമെന്ന ഭയം അവര്‍ക്കുണ്ടായിരുന്നു.

ഈ ചര്‍ച്ചക്കിടയിലേക്കാണ് അവരുടെ -ബനൂ മുദ്ലിജുകാരുടെ- നേതാവായ ‘സുറാഖതു ബ്നു മാലിക്’ കടന്നു വന്നത്. അയാള്‍ അവര്‍ക്ക് ഉറപ്പുകള്‍ നല്‍കുകയും, യുദ്ധത്തിനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷേ, യഥാര്‍ത്ഥത്തില്‍ സുറാഖയുടെ രൂപത്തില്‍ അവരുടെ അരികില്‍ വന്നത് ശൈത്വാന്‍ ആയിരുന്നു എന്നു മാത്രം.

എന്നാല്‍ മുസ്‌ലിമീങ്ങളെ സഹായിക്കുന്നതിനായി മലക്കുകള്‍ ഇറങ്ങിയിരിക്കുന്നു എന്ന് കണ്ടതോടെ അവന്‍ ഭയം കൊണ്ട് വിറച്ചു. ഉടനടി അവന്‍ യുദ്ധക്കളം കാലിയാക്കി. അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ ഇതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

وَإِذْ زَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ وَقَالَ لَا غَالِبَ لَكُمُ الْيَوْمَ مِنَ النَّاسِ وَإِنِّي جَارٌ لَّكُمْ ۖ فَلَمَّا تَرَاءَتِ الْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّي بَرِيءٌ مِّنكُمْ إِنِّي أَرَىٰ مَا لَا تَرَوْنَ إِنِّي أَخَافُ اللَّهَ ۚ وَاللَّهُ شَدِيدُ الْعِقَابِ ﴿٤٨﴾

“ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല; തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക.) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്‌, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്‌) പിന്‍മാറിക്കളഞ്ഞു.” (അന്‍ഫാല്‍: 48)

തുടർന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment