അഥര്‍

عَنْ أَبِي بَكْرِ بْنِ مُحَمَّدٍ الْأَنْصَارِيِّ، أَنَّ أَبَا بَكْرٍ الصِّدِّيقَ، رَضِيَ اللَّهُ تَعَالَى عَنْهُ قِيلَ لَهُ: يَا خَلِيفَةَ رَسُولِ اللَّهِ -ﷺ-، أَلَا تَسْتَعْمِلُ أَهْلَ بَدْرٍ؟ قَالَ: «إِنِّي أَرَى مَكَانَهُمْ، وَلَكِنِّي أَكْرَهُ أَنْ أُدَنِّسَهُمْ بِالدُّنْيَا»

അര്‍ഥം

സുഫ്യാന്‍ അബൂബക്ര്‍ അസ്സിദ്ധീഖ്-رَضِيَ اللَّهُ عَنْهُ-വിനോട് ചിലര്‍ ചോദിച്ചു: “ഹേ അല്ലാഹുവിന്റെ റസൂലിന്റെ ഖലീഫയായ അബൂബക്ര്‍! താങ്കള്‍ക്ക് ബദ്റില്‍ പങ്കെടുത്ത സ്വഹാബികള്‍ക്ക് അധികാരം നല്‍കിക്കൂടെയോ?” അദ്ദേഹം പറഞ്ഞു: “അവര്‍ക്ക് മഹത്തരമായ പദവിയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ദുനിയാവ് കൊണ്ട് അവരില്‍ കലര്‍പ്പുണ്ടാക്കുന്നത് ഞാന്‍ വെറുക്കുന്നു.”

(ഹില്‍യതുല്‍ ഔലിയാ: 1/37)

വിശദീകരണം

ബദ്രീങ്ങള്‍ക്ക് ഇസ്‌ലാമിലുള്ള സ്ഥാനമെന്താണെന്ന് ഖുര്‍ആനിലും ഹദീഥിലും വളരെയധികം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ചില ഹദീഥുകളില്‍ വന്ന പോലെ: “അല്ലാഹു -تَعَالَى- അവരോട് ‘നിങ്ങളുദ്ദേശിക്കുന്നത് ചെയ്തു കൊള്ളൂ; ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു’ എന്ന് പറഞ്ഞതു പോലെയുണ്ടെന്ന്” വരെ നബി -ﷺ- അവരെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

നബി-ﷺ-യുടെ വഫാതിന് ശേഷം അബൂബക്ര്‍ അസ്സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ഇസ്‌ലാമിക ഖിലാഫതിന്റെ നേതൃത്വം ഏറ്റെടുത്തു. പല അധികാര മേഖലകളിലും പലര്‍ക്കും പങ്കു നല്‍കി. ബദ്റില്‍ പങ്കെടുത്ത ചിലര്‍ക്ക് അതിലൊന്നും ലഭിച്ചില്ല. അപ്പോള്‍ ചിലര്‍ അദ്ദേഹത്തോട് അതിനെ കുറിച്ച് ചോദിച്ച ചോദ്യവും, അതിനദ്ദേഹം നല്‍കിയ ഉത്തരവുമാണ് മേലെ നല്‍കിയ അഥറിലുള്ളത്.

‘ഇഹലോകത്തിന്റെ സൗകര്യങ്ങള്‍ അവരില്‍ കലര്‍പ്പുണ്ടാക്കുമോ’ എന്ന ഭയമല്ലാതെ മറ്റൊന്നുമായിരുന്നില്ല അവരെ അതില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കാരണം ദുനിയാവിന്റെ സൗകര്യങ്ങള്‍ പലപ്പോഴും മനുഷ്യനെ വഞ്ചിക്കുകയും, നന്മകളില്‍ നിന്ന് ചിലപ്പോഴെല്ലാം അകറ്റിക്കളയുകയും ചെയ്യും.

ദുനിയാവിലെ അധികാരവും സൗകര്യങ്ങളും മനുഷ്യരെ വഞ്ചിക്കുന്നതിന് കാരണമാകുമെന്നും, അതില്‍ നിന്ന് സാധിക്കുന്നിടത്തോളം അകന്നു നില്‍ക്കണമെന്നും അറിയിക്കുന്ന ഖുര്‍ആന്‍ ആയത്തുകളും, ഹദീഥ് വചനങ്ങളും ധാരാളമുണ്ട്. ഖിലാഫതിന്റെ നേതൃത്വം ഏറ്റെടുത്തപ്പോള്‍ അബൂബക്ര്‍ അസ്സിദ്ധീഖ്-رَضِيَ اللَّهُ عَنْهُ-വും വളരെ പ്രയാസത്തോടെയും, ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയുമോ എന്ന ഭയത്തോടെയുമാണ് അതേറ്റെടുത്തത്.

മേല്‍ പറഞ്ഞ വാക്കുകളില്‍ നമുക്ക് വലിയ പാഠമുണ്ട്. മഹാന്മാരായ ബദ്രീങ്ങളുടെ കാര്യത്തില്‍ വരെ ദുനിയാവിന്റെ സൗകര്യങ്ങളും, അധികാരപദവികളും അബൂബക്ര്‍ -رَضِيَ اللَّهُ عَنْهُ- ഇഷ്ടപ്പെട്ടില്ലെങ്കില്‍, നമ്മെ പോലുള്ളവരുടെ കാര്യത്തില്‍ അതെപ്രകാരമായിരിക്കണം?!

തൗഹീദിന്റെ വഴിയിലേക്ക് അടുത്തെപ്പോഴെങ്കിലും കടന്നു വരികയോ, മതപഠനം ആരംഭിച്ചു ഒന്നു രണ്ടു വര്‍ഷങ്ങള്‍ പിന്നിടുകയോ, ഏതെങ്കിലും ഡിഗ്രിയോ സര്‍ട്ടിഫിക്കറ്റോ കരസ്ഥമാക്കുകയോ ചെയ്യുമ്പോഴേക്ക് സംഘടനകളുടെയും സംഘങ്ങളുടെ അധികാരപദവികളിലേക്കും, പൊതുമുസ്‌ലിംകളെ ബാധിക്കുന്ന സ്ഥാനങ്ങളിലേക്കും അവരെ പിടിച്ചിടുക എന്നത് ഇന്ന് സ്ഥിരമായിരിക്കുന്നു. യഥാര്‍ഥത്തില്‍ നന്മയുടെ വഴിയില്‍ സ്ഥിരതയോടെ നില്‍ക്കാന്‍ പോലും ശീലിച്ചിട്ടില്ലാത്ത ഇത്തരക്കാരെ അധികാരത്തിന്റെ കലര്‍പ്പ് കൊണ്ട് നശിപ്പിക്കുക എന്നത് വലിയ അപരാധം തന്നെ.

ഓരോരുത്തരും തങ്ങളോടൊപ്പം നില്‍ക്കണമെങ്കില്‍ എല്ലാവര്‍ക്കും സ്ഥാനങ്ങളും പദവികളും നല്‍കണമെന്നതാണ് ഇക്കാലഘട്ടത്തിലെ ‘സംഘപാഠം’. ഈ പാഠം ഇസ്‌ലാമിക മര്യാദകളുമായി യോജിച്ചു പോകുന്നതല്ലെന്ന് നാമോരോരുത്തരും മനസ്സിലാക്കുന്നത് വളരെ നന്ന്.

സലഫുകള്‍ അധികാരപദവികളില്‍ നിന്ന് ഓടിയൊളിക്കുന്നവരും, ആത്മാര്‍ഥമായി അതിനെ വെറുക്കുന്നവരുമായിരുന്നു. ഇമാം ശാഫിഇയുടെ അടുക്കല്‍ നിരന്തരം സന്ദര്‍ശിക്കാറുണ്ടായിരുന്നു ഇമാം അഹ്മദ്. അപ്പോഴെല്ലാം അദ്ദേഹത്തോട് ചില അധികാരപദവികള്‍ ഏറ്റെടുക്കാന്‍ ഇമാം ശാഫിഇ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. ഇമാം അഹ്മദാകട്ടെ, അതില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്തു കൊണ്ടിരുന്നു. ഒരിക്കല്‍ ഇമാം ശാഫിഇ ഇക്കാര്യം ശക്തമായി ഊന്നിപ്പറഞ്ഞപ്പോള്‍ ഇമാം അഹ്മദ് പറഞ്ഞു: “ഇനി നിങ്ങള്‍ ഇക്കാര്യം പറയുകയാണെങ്കില്‍ നിങ്ങളുടെ അടുക്കല്‍ ഞാന്‍ വരികയില്ല!”

ഈ പറഞ്ഞതിന്റെയൊന്നുമര്‍ഥം അധികാരപദവികള്‍ ആരും ഏറ്റെടുക്കരുതെന്നോ, അത് പൂര്‍ണമായും നിഷിദ്ധമാണെന്നോ അല്ല. മറിച്ച് അതിന് കഴിവും പ്രാപ്തിയുമുള്ളവര്‍ അതേറ്റെടുക്കുക തന്നെ വേണം. ചില സന്ദര്‍ഭങ്ങളില്‍ -അര്‍ഹരായ ആരെയും കാണുന്നില്ലെങ്കില്‍- അത് സ്വയം ഏറ്റെടുക്കേണ്ടിയും വരും. പക്ഷേ, അക്കാര്യത്തില്‍ അല്ലാഹുവിനെ ഗൗരവത്തില്‍ സൂക്ഷിക്കുകയും, അധികാരപദവികള്‍ തന്റെ ദീനിന്റെ മഹത്വം കുറക്കുന്നുണ്ടോ എന്ന് നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കുകയും ചെയ്യണം.

വല്ലാഹു അഅ്ലം.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment