ഇസ്‌ലാമിലെ ഏറ്റവും മഹത്തരമായ വിശ്വാസവും പ്രവര്‍ത്തനവുമാണ് തൗഹീദ്. ഏകാനാക്കുക എന്നതാണ് തൗഹീദിന്റെ ഭാഷാര്‍ത്ഥം. അല്ലാഹു -تَعَالَى- ക്ക് മാത്രം അര്‍ഹമായ കാര്യങ്ങളില്‍ അവന്‍ ഏകനാണെന്ന് വിശ്വസിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യലാണ് തൗഹീദ് എന്ന് ചുരുക്കി പറയാം.

എന്തെല്ലാം കാര്യങ്ങളിലാണ് അല്ലാഹുവിനെ ഏകാനാക്കേണ്ടത്? മൂന്ന് അടിസ്ഥാനപരമായ വിഷയങ്ങളില്‍ എന്ന് ആമുഖമായി പറയാം. അല്ലാഹു -تَعَالَى- ക്ക് മാത്രം അര്‍ഹമായ കാര്യങ്ങളാണ് ഈ മൂന്ന് കാര്യങ്ങള്‍. അല്ലാഹുവിന് പുറമെയുള്ള ഒരാള്‍ക്കും തന്നെ ഈ മൂന്ന് കാര്യങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ല. അവ താഴെ പറയാം.

ഒന്ന്: റുബൂബിയ്യഃ. അല്ലാഹു മാത്രമാണ് നമ്മുടെ റബ്ബ് എന്ന് വിശ്വസിക്കലാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.

അല്ലാഹു മാത്രമാണ് നമ്മെ സൃഷ്ടിച്ചത്. അവനാണ് നമ്മെ ഉടമപ്പെടുത്തുകയും സര്‍വ്വചരാചരങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നവന്‍. അവന്‍ സര്‍വ്വാധികാരിയും രാജാധിരാജനുമാണ്. അവന്റെ തീരുമാനത്തിന് വിരുദ്ധമായി ഒന്നും തന്നെ ഈ പ്രപഞ്ചത്തില്‍ സംഭവിക്കുകയില്ല.

ഈ പറഞ്ഞ കാര്യങ്ങളില്‍ എല്ലാം അല്ലാഹു ഏകനാണ് എന്ന് വിശ്വസിക്കുന്നതോടെ തൗഹീദിന്റെ ഒന്നാമത്തെ പടി അയാള്‍ ശരിയാക്കിയിരിക്കുന്നു. ആരെങ്കിലും സ്രഷ്ടാവായ അല്ലാഹു തന്നെയില്ലെന്നോ, അല്ലാഹുവല്ല ഇതെല്ലാം സൃഷ്ടിച്ചതെന്നോ, അല്ലാഹുവിന് പുറമെ മറ്റു സൃഷ്ടാക്കള്‍ ഉണ്ടെന്നോ മറ്റൊ വിശ്വസിച്ചാല്‍ അവന് ഈ തൗഹീദില്‍ പിഴവ് സംഭവിച്ചിരിക്കുന്നു.

രണ്ട്: ഉലൂഹിയ്യഃ. അല്ലാഹു മാത്രമാണ് നമ്മുടെ ഇലാഹ് എന്ന് വിശ്വസിക്കലാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.

മനുഷ്യര്‍ പരമമായ വിനയവും താഴ്മയും അങ്ങേയറ്റത്തെ സ്നേഹവും, അതിന്റെ രൂപമായ ആരാധനകള്‍ (ഇബാദതുകള്‍) സര്‍വ്വവും അല്ലാഹുവിന് മുന്നില്‍ മാത്രമാണ് പ്രകടിപ്പിക്കേണ്ടത്. അവ നല്‍കപ്പെടാന്‍ അര്‍ഹതയുള്ളവന്‍ അല്ലാഹു മാത്രമാണ്. മറ്റാര്‍ക്കും അവ നല്‍കിക്കൂട.

എല്ലാ സല്‍ഗുണങ്ങളുടെയും പൂര്‍ണ്ണത അവന് മാത്രമാണ്. സര്‍വ അനുഗ്രഹങ്ങളും നല്‍കിയതും അവന്‍ തന്നെ. അങ്ങനെയുള്ളവന് മാത്രമേ പരിപൂര്‍ണ്ണ വിനയത്തിന്റെ അടയാളമായ ഇബാദതുകള്‍ സമര്‍പ്പിക്കാവൂ എന്നത് കേവല ബുദ്ധിയാണ്.

ആരെങ്കിലും അല്ലാഹുവല്ലാത്തവര്‍ക്ക് ആരാധന നല്‍കാം എന്ന് വിശ്വസിക്കുകയോ, നബിമാരെയോ മലക്കുകളെയോ പോലുള്ള മഹാന്മാരെയോ മറ്റോ അല്ലാഹുവിന് പുറമെ ആരാധിക്കുകയോ ചെയ്‌താല്‍ അവന് ഈ തൗഹീദില്‍ പിഴവ് സംഭവിച്ചിരിക്കുന്നു. നബിമാര്‍ മുഴുവന്‍ ക്ഷണിച്ച പരമപ്രധാനമായ വിഷയത്തെ തകിടം മറിച്ചിരിക്കുന്നു.

മൂന്ന്: അല്‍അസ്മാഉ വസ്സ്വിഫാത്. അല്ലാഹുവിന് ഏറ്റവും ഉത്തമമായ നാമങ്ങളും അത്യുന്നതമായ വിശേഷണങ്ങളും ഉണ്ട്. അവയിലെല്ലാം അല്ലാഹു -تَعَالَى- ഏകനാണ് എന്ന് വിശ്വസിക്കലാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.

സര്‍വ്വവിശാലമായ കാരുണ്യത്തെ സൂചിപ്പിക്കുന്ന ‘അര്‍റഹ്മാന്‍’ എന്ന നാമവും, സമ്പൂര്‍ണ്ണമായ അറിവിനെ സൂചിപ്പിക്കുന്ന ‘അല്‍അലീം’ എന്ന നാമവും എല്ലാ ആരാധനകള്‍ക്കും അര്‍ഹതയുള്ളവന്‍ എന്നറിയിക്കുന്ന ‘അല്‍ഇലാഹ്’ എന്ന നാമവും ചില ഉദാഹരണങ്ങള്‍ മാത്രം. ഈ നാമങ്ങളെല്ലാം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അല്ലാഹു -تَعَالَى- ക്ക് മാത്രം അര്‍ഹമായവയാണ്. അവ മറ്റൊരു സൃഷ്ടിക്കും യോജിക്കുകയില്ല.

ഇതു പോലെ തന്നെ അല്ലാഹുവിന് അനേകം വിശേഷണങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് ഒരു അജ്ഞതയും കൂടിക്കലരാത്ത അറിവും, ഒരു ദുര്‍ബലതയും ബാധിക്കാത്ത ശക്തിയും അല്ലാഹുവിന്റെ വിശേഷണങ്ങളാണ്. അല്ലാഹുവിന്റെ പ്രതാപത്തിന് യോജിക്കുന്ന മുഖവും കൈകളും കണ്ണുകളും അവനുണ്ട്. അവന്റെ പൂര്‍ണ്ണതയും ഭംഗിക്കും യോജിച്ച ചിരിയും സിംഹാസനാരോഹണവും അവനുണ്ട്.

ഇതിലെല്ലാം അല്ലാഹു ഏകനാണ്. അവയിലൊന്നും അല്ലാഹുവിന് ഏതെങ്കിലും നിലക്ക് സദൃശ്യനോ സമനോ തുല്ല്യനോ പങ്കാളിയോ ഇല്ല തന്നെ. ഈ പറഞ്ഞതിലൊന്നും അല്ലാഹുവിനെ സൃഷ്ടികളുമായി താരതമ്യപ്പെടുത്തലോ ചേര്‍ത്തിപ്പറയലോ പാടില്ല. കാരണം അവയിലെല്ലാം അല്ലാഹു അവന് യോജിച്ച രൂപത്തില്‍ ഏകനാണ്.

മേല്‍ പറഞ്ഞ ഈ മൂന്ന് കാര്യങ്ങളിലും അല്ലാഹുവിനെ ഏകനാക്കുക എന്നതാണ് ഇസ്‌ലാമിലെ തൗഹീദിന്റെ ഉദ്ദേശം. ഈ മൂന്ന് അടിസ്ഥാനങ്ങളിലേക്ക് സൂചന നൽകുന്ന അനേകം തെളിവുകൾ ഖുർആനിലും ഹദീഥിലും കാണാൻ കഴിയും. ഉദാഹരണത്തിന് സൂറ. ഫാതിഹയിൽ തൗഹീദിന്റെ ഈ മൂന്ന് അടിസ്ഥാനങ്ങളിലേക്കുള്ള വ്യക്തമായ സൂചനകൾ കാണാൻ കഴിയും.

‘അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ’ (ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് സർവ്വ സ്തുതിയും) എന്ന ആയത്തിൽ സർവ്വ ലോകങ്ങളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന, റുബൂബിയ്യത്തിൽ ഏകത്വമുള്ള അല്ലാഹുവിനെ കുറിച്ച് ഓർമ്മപ്പെടുത്തുന്നു. ‘ഇയ്യാക നഅ്ബുദു’ (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു) എന്ന ആയത്ത് പാരായണം ചെയ്യുന്നതിലൂടെ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ എന്ന് ഓരോ മുസ്‌ലിമും പ്രഖ്യാപിക്കുന്നു. ഫാതിഹയുടെ തുടക്കത്തിലെ മൂന്ന് ആയത്തുകളിൽ വരുന്ന -അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളുടെ അടിസ്ഥാനമെന്ന് പണ്ഡിതന്മാർ വിശേഷിപ്പിച്ച- മൂന്ന് നാമങ്ങൾ (റബ്ബ്, റഹ്മാൻ, മലിക്) അസ്മാഉവസ്വിഫാതിലെ തൗഹീദിലേക്ക് വെളിച്ചം വീശുന്നു.

സൂറ. മർയമിലെ 65 ാം ആയത്ത് തൗഹീദിന്റെ മൂന്ന് ഇനങ്ങളും ചുരുങ്ങിയ രൂപത്തിൽ സൂചിപ്പിക്കുന്ന ആയത്താണ്. അല്ലാഹു പറയുന്നു:

رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا ﴿٦٥﴾

“ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും റബ്ബത്രെ അവന്‍. അതിനാല്‍ അവനെ മാത്രം താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?” (മർയം: 65)

ഈ ആയത്തിലെ മൂന്ന് വാചകങ്ങളും ശ്രദ്ധയോടെ വായിക്കുക. അതിന്റെ ആദ്യ ഭാഗം തൗഹീദിന്റെ ഒന്നാമത്തെ അടിസ്ഥാനമായ റുബൂബിയ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും സൃഷ്ടിച്ച് പരിപാലിക്കുന്ന, അവയെ ഉടമപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന, സർവ്വതിന്റെയും റബ്ബായ ഒരുവനുണ്ട് എന്ന് ഈ ആരംഭം വ്യക്തമാക്കുന്നു. തൗഹീദിന്റെ ഒന്നാം ഭാഗമാണത്. രണ്ടാമത്തെ ഭാഗം ഉലൂഹിയ്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു; ആകാശലോകങ്ങളുടെ റബ്ബായ അല്ലാഹുവിനെ മാത്രം ആരാധിക്കൂ എന്ന കൽപ്പന ആരാധിക്കപ്പെടാനുള്ള അർഹതയിൽ അല്ലാഹു ഏകനാണെന്ന് ബോധ്യപ്പെടുത്തുന്നു. നബിമാരെല്ലാം ക്ഷണിച്ച ഉലൂഹിയ്യതിലെ തൗഹീദ് തന്നെയാണത്. ശേഷം ആയത്തിന്റെ അവസാനത്തിൽ അല്ലാഹുവിന് പേരൊത്ത മറ്റാരെയെങ്കിലും താങ്കൾക്കറിയുമോ? എന്ന ചോദ്യത്തിൽ അസ്മാഉവസ്വിഫാതിലെ തൗഹീദും പരാമർശിക്കപ്പെടുന്നു. അല്ലാഹുവിന് മാത്രം പ്രത്യേകമായ ചില നാമങ്ങളും, അവ ഉൾക്കൊള്ളുന്ന വിശേഷണങ്ങളും അല്ലാഹുവിനുണ്ട് എന്ന അസ്മാഉ വസ്വിഫാതിലെ തൗഹീദാണത്.

ഇതല്ലാതെയും അനേകം ആയത്തുകളിലും ഹദീഥുകളിലും തൗഹീദിന്റെ ഈ മൂന്ന് അടിസ്ഥാനങ്ങളിലേക്കുള്ള സൂചനകളുണ്ട്. ഖുർആനിലെ അവസാനത്തെ സൂറതായ സൂറ. നാസ് ഈ പറഞ്ഞതിന് ഉദാഹരണമാണ്. നബി -ﷺ- പഠിപ്പിച്ച, ‘സയ്യിദുൽ ഇസ്തിഗ്ഫാർ’ എന്ന് അവിടുന്ന് വിശേഷിപ്പിച്ച പ്രാർഥനയിലും, മറ്റനേകം ദിക്റുകളിലും ദുആകളിലും ഈ സൂചനകൾ ചിന്തിച്ചാൽ കണ്ടെത്താൻ കഴിയും.

അല്ലാഹു നാമേവരെയും തൗഹീദിൽ അടിയുറച്ചു നിൽക്കുന്നവരായി തന്നെ മരിപ്പിക്കുകയും, തൗഹീദിന്റെ വക്താക്കളുടെ കൂട്ടത്തിൽ തന്നെ ഉയർത്തെഴുന്നേൽപ്പിക്കുകയും ചെയ്യട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment