കാരണം അവ്യക്തമായ, നിഗൂഢമായ കാര്യങ്ങള്‍ക്കാണ് അറബി ഭാഷയില്‍ സിഹ്ര്‍ എന്ന് പറയുക. വളരെ അവ്യക്തമായ കാര്യങ്ങളെ വിശേഷിപ്പിക്കാന്‍ അറബികള്‍ ‘സിഹ്റിനെക്കാള്‍ അവ്യക്തമായത്’ (أَخْفَى مِنَ السِّحْرِ) എന്ന് പറയാറുണ്ട്. ഇസ്‌ലാമിക പണ്ഡിതന്മാര്‍ സാങ്കേതികമായി സിഹ്റിന് അനേകം നിര്‍വചനങ്ങള്‍ നല്‍കിയിട്ടുണ്ട്.

قَالَ ابْنُ قُدَامَة : «هُوَ عُقَدٌ وَرُقَى يَتَكَلَّمُ بِهِ أَوْ يَكْتُبُهُ، أَوْ يَعْمَلُ شَيْئاً يُؤَثِّرُ فِي بَدَنِ المَسْحُورِ أَوْ قَلْبِهِ أَوْ عَقْلِهِ مِنْ غَيْرِ مُبَاشَرَةٍ لَهُ»

ഇബ്‌നു ഖുദാമ -رَحِمَهُ اللَّهُ- പറഞ്ഞു: “സിഹ്ര്‍ ചെയ്യപ്പെട്ടവന്റെ ശരീരത്തിലോ, ഹൃദയത്തിലോ, ബുദ്ധിയിലോ അവനുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാതെ തന്നെ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുന്ന ചില (നിഷിദ്ധമായ) മന്ത്രങ്ങളും ഉറുക്കുകളും പ്രവര്‍ത്തികളുമാണ് സിഹ്ര്‍.” (അല്‍-മുഗ്നി:8/150)

قَالَ ابْنُ عَابِدِين: «عِلْمٌ يُسْتَفَادُ مِنْهُ حُصُول مَلَكَةٍ نَفْسَانِيَّةٍ يَقْتَدِرُ بِهَا عَلَى أَفْعَالٍ غَرِيبَةٍ لِأَسْبَابٍ خَفِيَّةٍ»

ഇബ്‌നു ആബിദീന്‍ പറഞ്ഞു: “കാരണം അവ്യക്തമായ, അത്ഭുകരമായ ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ആത്മീയ ജീവികളുടെ (ജിന്നുകള്‍) സഹായം നേടിയെടുക്കാന്‍ സാധിക്കുന്ന ഒരു വിജ്ഞാനമാണ് സിഹ്ര്‍.” (ഹാഷിയതു ഇബ്നി ആബിദീന്‍:1/44)

ശൈഖ് സ്വാലിഹ് അല്‍-ഫൗസാന്‍ പറഞ്ഞു: “സിഹ്ര്‍ എന്നാല്‍ ചില മന്ത്രങ്ങളും ഉറുക്കുകളും വാക്കുകളും ജപങ്ങളുമാണ്. അതിന് യാഥാര്‍ഥ്യമുണ്ട്. (സിഹ്റികളില്‍ പെട്ട) ചിലത് ഹൃദയങ്ങളില്‍ സ്വാധീനമുണ്ടാക്കുന്നവയാണ്. മറ്റു ചിലത് ശരീരത്തിലും. ചിലവ രോഗമുണ്ടാക്കും; മറ്റു ചിലത് സിഹ്ര്‍ ബാധിച്ചവനെ കൊലപ്പെടുത്തും. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ബന്ധം വേര്‍പ്പെടുത്തും. അല്ലാഹുവിന്റെ പ്രാപഞ്ചികമായ വിധിക്ക്   അനുസരിച്ചായിരിക്കും ഇതിന്റെ സ്വാധീനമുണ്ടാവുക. ഇത് പൈശാചികമായ പ്രവര്‍ത്തനമാണ്.

സിഹ്റില്‍ പെട്ട ബഹുഭൂരിപക്ഷം പ്രവര്‍ത്തനങ്ങളും ശിര്‍ക്കിലൂടെയും, മോശം ആത്മാക്കളോടുള്ള സാമീപ്യത്തിലൂടെയും, അവര്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെയും, അവരെ ആരാധനയില്‍ പങ്കു ചേര്‍ക്കുന്നതിലൂടെയും അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയുമാണ് സാധിച്ചെടുക്കുന്നത്.” (അഖീദത്തുതൗഹീദ്: സ്വാലിഹ് അല്‍-ഫൗസാന്‍)

മേല്‍ നിര്‍വ്വചനങ്ങളെല്ലാം എന്താണ് സിഹ്ര്‍ എന്നതു കൊണ്ട് ഉദ്ധേശിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കി നല്‍കുന്നുണ്ട്. സിഹ്ര്‍ പല ഇനങ്ങള്‍ ഉണ്ടെന്നും, അതില്‍ പ്രധാനപ്പെട്ട ഇനമാണ് സാഹിറിനെയും അയാളെ പിന്‍പറ്റുന്നവരെയും ശിര്‍ക്കിലേക്കും കുഫ്റിലേക്കും നയിക്കുന്നതിനായി പിശാച് ചെയ്തു കൊടുക്കുന്ന സഹായങ്ങളില്‍ പെട്ട സിഹ്ര്‍ എന്നും മേലെ നല്‍കിയ പണ്ഡിതവചനങ്ങളില്‍ നിന്ന് മനസ്സിലാക്കിയെടുക്കാം.

സിഹ്റിലൂടെ -പൊതുജനങ്ങൾക്ക് കാരണം അവ്യക്തമാകുന്ന- പല അത്ഭുതപ്രവൃത്തികളും ചെയ്യാൻ സാധിക്കും. ഈ അത്ഭുതസംഭവങ്ങളുടെ മറപിടിച്ച്, താൻ അല്ലാഹുവിന്റെ വലിയ്യും മഹാത്ഭുതങ്ങൾ പ്രവർത്തിക്കാൻ ശേഷിയുള്ള ദിവ്യനുമാണെന്ന് സാഹിറന്മാർ (സിഹ്ർ ചെയ്യുന്നവർ) അവകാശപ്പെടാറുണ്ട്. എത്രയോ പാമരജനങ്ങൾ സാഹിറിന്റെ അടുക്കൽ കാണുന്ന അത്ഭുതസംഭവങ്ങൾ കണ്ട് ഇതെല്ലാം ‘ഔലിയയുടെ കറാമതാ’ണെന്നും ഇദ്ദേഹം അല്ലാഹുവിന്റെ യഥാർത്ഥ വലിയ്യാണെന്നും തെറ്റിദ്ധരിക്കുകയും ചെയ്തേക്കാം.

എല്ലാ അത്ഭുതപ്രവര്‍ത്തികളും കറാമത്താണെന്ന് മനപാഠമാക്കിയിട്ടുള്ള പാമരജനങ്ങള്‍ക്ക് സിഹ്റും കറാമത്തും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി നല്‍കേണ്ടത് അനിവാര്യമാണ്.

– മുഅജിസത് എന്നാല്‍ നബിമാരുടെ കൈകളിലൂടെ അല്ലാഹു പ്രദര്‍ശിപ്പിക്കുന്ന അത്ഭുത സംഭവങ്ങളാണ്. തങ്ങളിലേക്ക് വന്നിരിക്കുന്ന വ്യക്തി അല്ലാഹുവിന്റെ ദൂതനാണെന്ന് ബോധ്യപ്പെടുത്തി നൽകുന്ന അത്ഭുതസംഭവങ്ങളായിരിക്കും മുഅ്ജിസതുകൾ. മൂസാ നബി -عَلَيْهِ السَّلَامُ- ക്ക് നൽകപ്പെട്ട വടി പാമ്പായി മാറിയതും, ഈസാ നബി -عَلَيْهِ السَّلَامُ- പാണ്ഡ് രോഗിയെ സുഖപ്പെടുത്തിയതും മുഅ്ജിസതിന്റെ ഉദാഹരണങ്ങളാണ്.

കറാമത് എന്നാൽ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കളിലൂടെ സംഭവിക്കുന്ന അത്ഭുത പ്രവൃത്തികളാണ്. മുഅ്ജിസതുകൾ ജനങ്ങൾക്കെല്ലാം കാണാൻ കഴിയുന്ന രൂപത്തിൽ പരസ്യമായിട്ടായിരിക്കും സംഭവിക്കുക; കാരണം ജനങ്ങളെ സത്യം ബോധ്യപ്പെടുത്തുക എന്നതാണ് അതിന്റെ പിന്നിലെ പ്രധാനലക്ഷ്യം. എന്നാൽ കറാമതുകൾ രഹസ്യമായും പരസ്യമായുമെല്ലാം സംഭവിച്ചേക്കാം; ചിലപ്പോൾ ഒരാൾക്ക് കറാമത് സംഭവിച്ചത് ജനങ്ങളിലൊരാളും അറിഞ്ഞില്ലെന്ന് തന്നെ വന്നേക്കാം.

അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാര്‍ സിഹ്റും മുഅജിസതും കറാമതും തമ്മിലുള്ള വ്യത്യാസം വിശദമാക്കിയത് താഴെ ചുരുക്കി പറയാം.

ഒന്ന്: സിഹ്ര്‍ പഠനത്തിലൂടെയും പരിശ്രമത്തിലൂടെയും ആര്‍ക്കും ചെയ്യാന്‍ സാധിക്കും; എന്നാല്‍ മുഅ്ജിസത്തോ കറാമത്തോ അപ്രകാരമല്ല.

ബാബിലോണിലെ സിഹ്റിനെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു:

فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ

“അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള (സിഹ്ര്‍) ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു.” (ബഖറ: 102)

ഫിര്‍ഔന്‍ കൊണ്ടു വന്ന മാരണക്കാരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു:

إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ

“അവരുണ്ടാക്കിയത് സാഹിറിന്റെ തന്ത്രം മാത്രമാണ്.” (ത്വാഹ: 69)

പിശാചിനെ തൃപ്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ സിഹ്ര്‍ പഠിച്ചെടുക്കാന്‍ സാധിക്കുന്നതാണ്; എന്നാല്‍ ഒരു നബിക്കും തന്റെ സ്വന്തം പരിശ്രമത്തിലൂടെ ഒരു മുഅ്ജിസത്തും കൊണ്ടു വരാന്‍ സാധിക്കില്ല. ഒരു വലിയ്യിന് താൻ ഉദ്ദേശിക്കുമ്പോൾ കറാമതുകൾ കാണിക്കാനും സാധിക്കില്ല.

അല്ലാഹു പറഞ്ഞു:

وَمَا كَانَ لِرَسُولٍ أَن يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّـهِ ۗ

“ഒരു റസൂലിനും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല.” (റഅ്ദ്: 38)

അല്ലാഹുവിന്റെ ദൂതന്മാരാണ് മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠരായിട്ടുള്ളവർ; നബിമാരുടെ താഴെയാണ് ഔലിയാക്കന്മാരുടെ സ്ഥാനം. അല്ലാഹുവിന്റെ ദൂതന്മാർക്ക് പോലും തങ്ങളുടെ ജനങ്ങൾ ആവശ്യപ്പെടുമ്പോൾ അത്ഭുതസംഭവങ്ങളും ദൃഷ്ടാന്തങ്ങളും പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ഔലിയാക്കന്മാരുടെ കാര്യം എന്തായാലും അതിനേക്കാൾ താഴെയായിരുക്കുമല്ലോ?!

എന്നാൽ നമ്മുടെ നാട്ടിലെ ‘ഔലിയാക്കന്മാരായി അറിയപ്പെടുന്ന ചിലരുടെ’ കറാമതുകളായി അവരുടെ മുരീദുമാര്‍ പ്രചരിപ്പിക്കുന്ന കഥകളെ കുറിച്ച് ആലോചിച്ചു നോക്കൂ. അവരില്‍ ചിലര്‍ വെള്ളത്തിനു മുകളിലൂടെ നടക്കുന്നു. മറ്റു ചിലര്‍ വായുവില്‍ നിന്ന് ഭസ്മം പുറത്തെടുക്കുന്നു. ചിലര്‍ മറഞ്ഞ കാര്യങ്ങലെ കുറിച്ച് അറിയിക്കുന്നു. തന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന രോഗിയുടെ ‘മനസ്സിലുള്ള’ കാര്യങ്ങള്‍ പുറത്തു പറയുന്നു. എന്തെല്ലാം എന്തെല്ലാം അത്ഭുതങ്ങള്‍!

ബുദ്ധിയുള്ള സഹോദരാ! ചിന്തിക്കൂ! എങ്ങനെയാണ് അല്ലാഹുവിന്റെ റസൂലിന് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഒരു വലിയ്യിന് കഴിയുക?! നബിയെക്കാള്‍ മഹാനാണോ വലിയ്യ്‌? എങ്ങനെയാണ് ഈ വിഡ്ഢിത്തം ഒരു മുസ്‌ലിമിന് വിശ്വസിക്കാന്‍ കഴിയുക?! ഇപ്രകാരം ഉദ്ദേശിക്കുന്ന സമയത്തെല്ലാം ഒരാൾ അത്ഭുതസംഭവങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെങ്കിൽ അയാൾ സാഹിറാണ് എന്ന് മനസ്സിലാക്കുക; കാരണം കറാമതുകൾ ഉദ്ദേശിക്കുമ്പോഴെല്ലാം പുറത്തെടുക്കാൻ കഴിയുന്ന ഒരു കാര്യമല്ല.

(തുടർന്നു വായിക്കുക)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

5 Comments

 • ജസാകല്ലാഹു ഖൈറന്‍. വളരെ ഉപകാരപ്രദമായ തിരുത്തലുകള്‍. അല്ലാഹു താങ്കള്‍ക്ക് മഹത്തായ പ്രതിഫലം നല്‍കട്ടെ.

 • ചില അക്ഷര തിരുത്തലുകൾ സൂചിപ്പിക്കട്ടെ….
  1) ജ്യോതിഷികള്‍ പറയുന്ന ചില കാര്യങ്ങള്‍ സത്യമാവാറുണ്ടോ എന്ന് ചോദിച്ച ആയിശ-ﷺ- യോട്…… (റദിയല്ലാഹു അന്‍ഹ എന്നു തിരുത്തുവാൻ അപേക്ഷ.)

  2) ….ചുരുക്കി പറയട്ടെ; മുഅജിസതുകള്‍ ഭൌതികമായ കാരണങ്ങള്‍ക്ക് ഉള്ളില്‍ വരുന്ന കാര്യമല്ല. എന്നാല്‍ സിഹ്ര്‍ തീര്‍ത്തും അഭൌതികമാണ്. ……….. (സിഹ്ര്‍ തീര്‍ത്തും ഭൌതികമാണ് എന്നു തിരുത്തുവാൻ അപേക്ഷ)

  3)……അതിന് പിന്നില്‍ യാതൊരു മാനുഷിക കൈകടത്തലോ, സൃഷ്ടികളുടെ ഇടപെടലോ ഇല്ല. (‘അതിന്’ എന്നതിനു പകരം മുഅജിസതുകള്‍ക്ക് എന്ന് വ്യക്തമായി എഴുതിയാൽ, വായനയിൽ ഉണ്ടായേക്കാവുന്ന അവ്യക്തത മാറും എന്ന് തോന്നുന്നു)

 • ഇസ്ലാമിലെ ഏറ്റവും വലിയ ഔലിയാക്കന്മാരില്‍ ഒരാള്‍ അബൂബക്ര്‍ അസ്സിദ്ധീഖ് -റദിയല്ലാഹു അന്‍ഹു- ആണ്. അവര്‍ക്കാര്‍ക്കും മറ്റാര്‍ക്കും മനസ്സിലാകാത്ത നിസ്കാരങ്ങള്‍ ഉണ്ടായിട്ടില്ല. ജദുബിന്റെ ഹാല് എന്ന് നിങ്ങള്‍ ഓമന പേരിട്ടു വിളിക്കുന്ന ‘ഭ്രാന്തും’ അവര്‍ക്ക് സംഭവിച്ചിട്ടില്ല.

  പിന്നെങ്ങനെ മുന്‍ഗാമികള്‍ക്കാര്‍ക്കും ലഭിക്കാത്ത ‘അനുഭൂതി’ ഇസ്ലാമിന്‍റെ പേരില്‍ അവര്‍ക്ക് ലഭിച്ചു?

  പണ്ടാരോ പറഞ്ഞതു പോലെ: ‘തസ്വവ്വുഫ് ഇസ്ലാമാണെങ്കില്‍ പിന്നെ ഇസ്ലാമെന്ന പേര് മാറ്റി വെച്ച് ഈ പുതിയ പേര് നമുക്ക് വേണ്ടതില്ല. ഇനി തസ്വവ്വുഫ് ഇസ്ലാമാല്ലെങ്കിലോ; ഇസ്ലാമല്ലാത്ത ഒന്നും നാം തൃപ്തിപ്പെടുകയുമില്ല.’

  ഖുര്‍ആനും സുന്നത്തുമാണ് -സുഹൃത്തേ- ദീനിന്‍റെ അടിസ്ഥാനം; അത് അവതരിക്കപ്പെട്ട നബി -ﷺ- ക്കോ, അത് ആദ്യമായി കേട്ട സ്വഹാബികള്‍ക്കോ ഒരിക്കല്‍ പോലും ലഭിക്കാതെ പോയ അനുഭൂതികളെങ്ങനെ ഇസ്ലാമാകും? അവരുടെ വഴി പിന്‍പറ്റണമെന്നാണ് അല്ലാഹു -തആല- എത്രയോ ആയത്തുകളില്‍ നമ്മോട് കല്‍പ്പിച്ചിരിക്കുന്നത്.

  പിന്നെ താങ്കള്‍ ചോദിച്ച ചോദ്യം: അവര്‍ ചെയ്ത സിഹ്ര്‍ എന്താണെന്ന്? അതിനുള്ള ഉത്തരം താങ്കള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. താങ്കള്‍ ജദുബിന്റെ ഹാല് എന്ന് പേരിട്ടു വിളിച്ചതിലും പലതും തനിച്ച സിഹ്ര്‍ തന്നെ.

  ഹദാനല്ലാഹു വ ഇയ്യാകും.

 • cm മടവൂരും ബീരാൻ ഔലിയായും ഒക്കെ സാഹിരീങ്ങളാണെന്നാണ് നിങ്ങളുടെ വാദം , അതെല്ലെങ്കിൽ ഭ്രാന്തന്മാർ എന്ന്..അവർ എന്ത് സിഹ്‌റാണ് ചെയ്തതെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു…ഔലിയക്കാൾക്ക് ജെദ്ബിന്റെ അവസ്ഥ ഉണ്ടാകാറുണ്ട്…അവർ ആ സമയങ്ങളിൽ നിസ്കരിക്കുന്നത് മറ്റുള്ളവർ കാണുന്ന രീതിയിലാകനമെന്നില്ല അവർ അവരുടെ ലോകത്താണ്..ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ തസവ്വുഫ് എന്താണെന്നറിയണം…തസവ്വുഫിനെ ഭയപ്പെടുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉൽപ്പനമായ വഹ്ഹാബി പ്രസ്താനത്തിന്റെ ആളുകൾക്ക് ഇതൊന്നും ദഹിക്കണമെന്നില്ല

Leave a Comment