ഓരോ മുസ്‌ലിമും അവന്റെ ജീവിതത്തില്‍ അറിയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട മൂന്ന് അടിസ്ഥാനങ്ങള്‍ ഉണ്ട്. അവന്റെ ദീന്‍ നിലകൊള്ളുന്നത് അവയുടെ മേലായിരിക്കും. അവ താഴെ പറയാം.

ഒന്ന്: അവന്റെ സൃഷ്ടാവായ റബ്ബിനെ അറിയല്‍. ലോകങ്ങളുടെ സൃഷ്ടാവായ, എല്ലാ ജീവജാലങ്ങളെയും പടച്ച അല്ലാഹുവാണ് അവന്റെ റബ്ബ്.

രണ്ട്: അവനിലേക്ക് നിയോഗിക്കപ്പെട്ട നബിയെ അറിയല്‍. നബിമാരില്‍ അന്തിമനായ, എല്ലാ സല്‍സ്വഭാവങ്ങളുടെയും ഉടമയായ, മക്കയില്‍ ജനിച്ച മുഹമ്മദ്‌ ബ്നു അബ്ദില്ല -ﷺ- യാണ് അവന്റെ നബി.

മൂന്ന്: അവന്‍ സ്വീകരിക്കേണ്ട ദീനിനെ തെളിവുകളോടെ അറിയല്‍. എല്ലാ നന്മയിലേക്കും ക്ഷണിക്കുന്ന, പരിപൂര്‍ണ്ണവും സുവ്യക്തവവുമായ ഇസ്‌ലാമാണ് അവന്റെ ദീന്‍.

ഈ മൂന്ന് അടിസ്ഥാനങ്ങള്‍ ഒരാള്‍ ശരിയാക്കിയാല്‍ അവന്റെ ദീനും ദുനിയാവും രക്ഷപ്പെട്ടു. ഖബറില്‍ ഈ മൂന്ന് കാര്യങ്ങളെ കുറിച്ചാണ് അവന്‍ ആദ്യം ചോദ്യം ചെയ്യപ്പെടുക. ‘ആരാണ് നിന്റെ റബ്ബ്?’, ‘ആരാണ് നിന്റെ നബി?’, ‘ഏതാണ് നിന്റെ ദീന്‍?’ എന്ന് ഓരോ മനുഷ്യരോടും ചോദിക്കപ്പെടും.

സത്യസന്ധനായ മുസ്‌ലിം മേലെ നല്‍കിയ രൂപത്തില്‍ മറുപടി നല്‍കും. എന്നാല്‍ ഇതിനെ കുറിച്ച് അറിയാന്‍ ശ്രമിക്കാതെ അലസത കാട്ടുകയോ, അറിഞ്ഞിട്ടും നിഷേധിച്ചു തള്ളുകയോ ചെയ്തവര്‍; ‘എനിക്ക് അറിയില്ല’ എന്ന് അട്ടഹസിച്ചു പറയാനല്ലാതെ മറ്റൊന്നിനും അവര്‍ക്ക് കഴിയില്ല.

ഈ മൂന്ന് അടിസ്ഥാനങ്ങളെ കുറിച്ച് നമ്മെ എല്ലാ ദിവസവും ഓര്‍മ്മപ്പെടുത്തുന്ന ഒരു പ്രാര്‍ത്ഥനയാണ് താഴെ.

«رَضِيتُ بِاللَّهِ رَبًّا وَبِالإِسْلَامِ دِينًا وَبِمُحَمَّدٍ -ﷺ- نَبِيًّا»

സാരം: “അല്ലാഹുവിനെ റബ്ബായും, ഇസ്‌ലാമിനെ ദീനായും, മുഹമ്മദ്‌ -ﷺ- യെ നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.”

പ്രഭാതത്തില്‍ ഈ ദിക്ര്‍ ചൊല്ലുന്നനെ സ്വര്‍ഗത്തിലേക്ക് കൈ പിടിച്ചു കൊണ്ടു പോകാം എന്നതിന് ഞാന്‍ ഉറപ്പു നല്‍കാം എന്ന് നബി -ﷺ- പറഞ്ഞിട്ടുണ്ട്. (സ്വഹീഹ: 2686)

ഈ മൂന്ന് അടിസ്ഥാനങ്ങള്‍ ശരിയാംവണ്ണം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നത് ഓരോ മുസ്‌ലിമിന്റെ മേലും നിര്‍ബന്ധമാണ്‌.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • السلام عليكم ورحمة الله وبركاته
    ഈ മൂന്നു അടിസ്ഥാനങ്ങൾ അറിയാൻ ഒന്ന് ഹെല്പ് ചെയ്യണം .ഓന്നും അറിയില്ല
    ഒന്ന് പഠിക്കാൻ സഹായിക്കണം .നസീഹത് തെരണം .എങ്ങനെ പഠിക്കണം .ക്ലാസുകൾ ഉണ്ടൊ ?ബറകളാഹു ഫീക്

Leave a Comment