‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദത് കലിമ രണ്ട് ഭാഗങ്ങളായാണ് നിലകൊള്ളുന്നതെന്ന് ഈ വാക്കിന്റെ ഘടന ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഈ രണ്ട് ഭാഗങ്ങളെ ശഹാദത് കലിമയുടെ റുക്നുകള്‍ -അടിസ്ഥാന സ്തംഭങ്ങള്‍- എന്ന് വിശേഷിപ്പിക്കാം.

‘ലാ ഇലാഹ’ -ഒരു ഇലാഹുമില്ല- എന്ന ആദ്യ ഭാഗം അല്ലാഹുവിന് പുറമെയുള്ള എല്ലാ ആരാധ്യവസ്തുക്കളെയും നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നെങ്കില്‍, ‘ഇല്ലല്ലാഹ്’ -അല്ലാഹു ഒഴികെ- എന്ന രണ്ടാം ഭാഗം അല്ലാഹു മാത്രമാണ് ഇലാഹ് എന്ന് സ്ഥിരപ്പെടുത്തുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു.

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദതിന്റെ അടിസ്ഥാനങ്ങള്‍ ഈ രണ്ട് കാര്യങ്ങളാണ്. ഒന്ന് നിഷേധവും (النَّفْيُ) രണ്ട് സ്ഥിരീകരണവും (الاثْبَاتُ). ഈ രണ്ട് അടിസ്ഥാനങ്ങളും കലിമതുശ്ശഹാദ ഉച്ചരിക്കുന്ന ഓരോ വ്യക്തിയുടെയും വിശ്വാസത്തിലും ആദര്‍ശത്തിലും അടിയുറച്ച നിലയില്‍ ഉണ്ടായിരിക്കണം.

ഒന്നാമത്തെ അടിസ്ഥാനം: അല്ലാഹുവിന് പുറമെയുള്ള എല്ലാ ആരാധ്യവസ്തുക്കളെയും നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമെയുള്ള ഒന്നിനും തന്നെ ആരാധനക്ക് അവകാശമോ, ആരാധ്യനാക്കപ്പെടാന്‍ അര്‍ഹതയോ ഇല്ലെന്നും ഈ ആദ്യ ഭാഗം സംശയലേശമെന്യേ പ്രഖ്യാപിക്കുന്നു.

രണ്ടാമത്തെ അടിസ്ഥാനമാകട്ടെ: ആരാധന അല്ലാഹുവിന് മാത്രമാണ് നല്‍കേണ്ടതെന്നും, അവന്‍ മാത്രമാണ് ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ള ഏകഇലാഹ് എന്നും സ്ഥിരപ്പെടുത്തുന്നു. അല്ലാഹുവിന്റെ ഏകത്വവും ആരാധിക്കപ്പെടാന്‍ അവന് മാത്രമുള്ള അര്‍ഹതയും ഈ രണ്ടാം ഭാഗം സ്ഥിരീകരിക്കുന്നു.

അറബി ഭാഷാ നിയമ പ്രകാരം ഏറ്റവും ആശയസമ്പുഷ്ടവും അങ്ങേയറ്റം കൃത്യതയാര്‍ന്നതുമാണ് കലിമതുശ്ശഹാദയിലെ ഈ പ്രയോഗം. ഒരു നിലക്കും അല്ലാഹുവിന് ഒരു പങ്കാളിയോ, തുല്ല്യനോ, പങ്കുകാരനോ ഉണ്ടെന്ന എന്തെങ്കിലുമൊരു സൂചന പോലും ഈ വാക്കില്‍ നിന്ന് ലഭിക്കുകയില്ലെന്ന് മാത്രമല്ല, അവരെയെല്ലാം ഒന്നു പോലും ബാക്കി വെക്കാതെ ഈ വാക്കുകള്‍ തുടച്ചു നീക്കുകയും ചെയ്യുന്നു.

അല്ലാഹുവാണ് ആരാധനക്കര്‍ഹന്‍ എന്ന് പറയുന്നതിനെക്കാള്‍ ശക്തമാണ് അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല എന്ന് പറയുന്നത്. ‘വീട്ടില്‍ മകന്‍ ഉണ്ട്’ എന്ന് പറയുന്നതും, ‘വീട്ടില്‍ മകനല്ലാതെ മറ്റൊരാളുമില്ല’ എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ചിന്തിക്കുന്നത് ശഹാദത് കലിമയിലെ ഈ പറഞ്ഞ ആശയപരമായ കൃത്യതയും ശക്തിയും ബോധ്യപ്പെടാന്‍ ഒരു പരിധി വരെ സഹായിച്ചേക്കാം.

‘ലാ ഇലാഹ ഇല്ലല്ലാഹ്’ ഹൃദയത്തില്‍ പ്രവേശിക്കുമ്പോള്‍ അതിന്റെ ആദ്യഭാഗം ഹൃദയത്തില്‍ നിന്ന് അല്ലാഹുവിന് പുറമെയുള്ള എല്ലാ ആരാധ്യന്മാരെയും തച്ചുടച്ചു പുറത്തു കളയുന്നു. രണ്ടാം ഭാഗം അല്ലാഹുവിന്റെ ഏകത്വത്തെ അവിടെ ശക്തമായി സ്ഥാപിക്കുന്നു.

ആദ്യ ഭാഗം എല്ലാം ഊരിയെടുക്കുന്നു; രണ്ടാം ഭാഗം റബ്ബുമായുള്ള ബന്ധത്തെ കെട്ടിയുറപ്പിക്കുന്നു. ‘ലാ ഇലാഹ’ അല്ലാഹുവിന് പുറമെയുള്ള എല്ലാ ആരാധ്യന്മാരെയും മായ്ചു കളയുമ്പോള്‍ ‘ഇല്ലല്ലാഹ്’ അല്ലാഹുവിനെ കുറിച്ച് മായാത്ത രൂപത്തില്‍ എഴുതി ചേര്‍ക്കുന്നു.

നിന്റെ കയ്യില്‍ വിലയേറെ മതിക്കുന്നു ഒരു പവിഴമുണ്ടെന്ന് കരുതുക. നിന്റെ മുറിയില്‍ ഏറ്റവും ശുദ്ധമായ സ്ഥാനത്ത് നിനക്കത് വെക്കണം. എന്നാല്‍ മുറിയാകട്ടെ; പൊടിയും മാറാലയും പിടിച്ചു കിടക്കുന്നു. വിലപിടിപ്പുള്ള പവിഴം വെച്ചു കഴിഞ്ഞതിന് ശേഷമാണോ നീ മുറി വൃത്തിയാക്കുക?! അതല്ല, അവിടെയെല്ലാം ശുദ്ധമാക്കിയതിനു ശേഷം –ഒരു പൊടിയോ ചെറിയ കറയോ പോലും ബാക്കിയില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമോ?! ഉത്തരം നിനക്കറിയാം.

നിന്റെ ഹൃദയം അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ടുള്ള മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. കേള്‍ക്കുകയോ കാണുകയോ ചെയ്യാത്തെ വിഗ്രഹങ്ങളും മരിച്ചു പോയ മഹാന്മാരുടെ മഖ്ബറകളും അവിടെ ചെളിയും ചവറും നിറച്ചു വെച്ചിരുന്നു. ആദ്യമതെല്ലാം തൂത്തു വൃത്തിയാക്കുക! പിന്നെ അവിടം ശുദ്ധിയും ഭംഗിയുമുള്ളതാക്കുക –അല്ലാഹുവിനെ കൊണ്ട്, അവനെ കുറിച്ചുള്ള സ്മരണയും അവനുള്ള ആരാധനയും കൊണ്ട്-.

അതിനാല്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ഒരേ സമയം ബന്ധവും ബന്ധവിചേദനവുമാണ്. അല്ലാഹുവിനോടുള്ള ബന്ധവും, അവന് പുറമെ ആരാധിക്കപ്പെടുന്നവയോടുള്ള ബന്ധവിചേദനവും.

ഈ പറഞ്ഞ രണ്ട് അടിസ്ഥാനങ്ങളും ഒരു പോലെ പ്രാധാന്യമുള്ളതാണ്. ചിലര്‍ ധരിക്കുന്നത് പോലെ; അല്ലാഹുവിനെ മാത്രം ആരാധിക്കാമെന്ന് പറഞ്ഞാല്‍ മതിയാകില്ലേ? എന്തിനാണ് അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കരുതെന്നും, അത് അന്യായമാണെന്നും പറയുന്നത്. അവരെ എതിര്‍ക്കുകയും, അവരുടെ ഈ പ്രവൃത്തിയെ ആക്ഷേപിക്കുകയും ചെയ്യാതെ, നിങ്ങള്‍ക്ക് അല്ലാഹുവിനെ മാത്രം ആരാധിച്ചു കഴിഞ്ഞു കൂടാമല്ലോ?

അവര്‍ക്കുള്ള ഉത്തരം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ആദ്യ ഭാഗമാണ്. അതിലടങ്ങിയിരിക്കുന്ന നിഷേധത്തിന്റെ ഭാഷയും സ്വരവുമാണ്. ഖുര്‍ആനിലും ഹദീസിലും ഈ രണ്ട് അടിസ്ഥാനങ്ങള്‍ -നിഷേധവും സ്ഥിരീകരണവും- ആവര്‍ത്തിച്ചു കാണാന്‍ കഴിയും.

وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِّمَّا تَعْبُدُونَ ﴿٢٦﴾ إِلَّا الَّذِي فَطَرَنِي

“ഇബ്രാഹീം തന്റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു; എന്നെ സൃഷ്ടിച്ചവനൊഴികെ.” (സുഖ്റുഫ്: 26-27)

നോക്കൂ! ഇബ്രാഹീം -عَلَيْهِ السَّلَامُ- ആദ്യം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ആരാധ്യവസ്തുക്കളില്‍ നിന്നുള്ള അകല്‍ച്ചയും ബന്ധവിച്ചേദനവുമാണ് പ്രഖ്യാപിച്ചത്. ശേഷമാണ് അല്ലാഹുവിന് മാത്രം ആരാധന നല്‍കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കിയത്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കിന്റെ നേര്‍ഘടനയാണിത്‌.

ഇസ്‌ലാമിനെ കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിക്കുന്ന ആയത്തില്‍ അല്ലാഹു -تَعَالَى- പറഞ്ഞു:

قُلْ يَا أَيُّهَا النَّاسُ إِن كُنتُمْ فِي شَكٍّ مِّن دِينِي فَلَا أَعْبُدُ الَّذِينَ تَعْبُدُونَ مِن دُونِ اللَّـهِ وَلَـٰكِنْ أَعْبُدُ اللَّـهَ الَّذِي يَتَوَفَّاكُمْ ۖ

“പറയുക: ജനങ്ങളേ, എന്റെ മതത്തെ സംബന്ധിച്ച് നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (നിങ്ങള്‍ മനസ്സിലാക്കുക;) അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുകയില്ല. പക്ഷെ നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവെ ഞാന്‍ ആരാധിക്കുന്നു.” (യൂനുസ്: 104)

ഇവിടെയും അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയില്‍ നിന്നുള്ള അകല്‍ച്ച പ്രഖ്യാപിക്കാനാണ് നബി -ﷺ- യോട് അല്ലാഹു -تَعَالَى- ആദ്യം കല്‍പ്പിച്ചത്. ശേഷമാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനെ അവന്‍ പരാമര്‍ശിച്ചത്.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ

“തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, (അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന) ത്വാഗൂതുകളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)” (നഹ്ല്‍: 36)

വിശദീകരണം ആവശ്യമില്ലാത്ത വണ്ണം ഈ ആയത്തിലും ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ രണ്ട് സ്തംഭങ്ങള്‍ പ്രകടമാണ്.

عَنْ أَبِي مَالِكٍ، عَنْ أَبِيهِ، قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «مَنْ قَالَ: لَا إِلَهَ إِلَّا اللَّهُ، وَكَفَرَ بِمَا يُعْبَدُ مَنْ دُونِ اللَّهِ، حَرُمَ مَالُهُ، وَدَمُهُ، وَحِسَابُهُ عَلَى اللَّهِ»

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ അവിശ്വസിക്കുകയും ചെയ്‌താല്‍ അവന്റെ രക്തവും സമ്പാദ്യവും നിഷിദ്ധമായിരിക്കുന്നു; അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്.” (മുസ്‌ലിം: 23)

ഇത്രയും പറഞ്ഞതില്‍ നിന്ന് അല്ലാഹുവിന് മാത്രം ആരാധനകള്‍ സമര്‍പ്പിക്കുക എന്നത് എത്ര മാത്രം പ്രാധാന്യമുള്ളതാണോ, അത് പോലെ പ്രധാനമാണ് അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും അവയെ എതിര്‍ക്കുകയും ചെയ്യുന്നത് എന്ന് മനസ്സിലായി.

ചിലര്‍ പറയുന്നത് പോലെ: ‘നമുക്ക് അല്ലാഹുവിനെ ആരാധിക്കൂ’ എന്ന് മാത്രം പറയാം. മറ്റുള്ളവര്‍ ജാറങ്ങളെയും മഖ്ബറകളെയും ആരാധിക്കുന്നുണ്ടെങ്കില്‍ അതിനെ എതിര്‍ക്കാനോ നിഷേധിക്കാനോ നാം പോകേണ്ടതില്ല.’ ‘നന്മ പറഞ്ഞാല്‍ തിന്മ തനിയെ ഇല്ലാതായിക്കൊള്ളും’ എന്നിത്യാദി ന്യായവാദങ്ങള്‍ ഇസ്‌ലാമിന്റെ രീതിക്ക് യോജിക്കുന്നതല്ലെന്നും ഇതില്‍ നിന്നെല്ലാം ബോധ്യപ്പെടും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment