ഇസ്‌ലാമിന്റെ അടിസ്ഥാനശിലയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്’ എന്ന സാക്ഷ്യവചനം ഉച്ചരിക്കല്‍. ഒരാള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുന്നത് മഹത്തരമായ ഈ വാക്ക് പറഞ്ഞു കൊണ്ടാണ്. അനേകം ശ്രേഷ്ഠതകളും മഹത്വങ്ങളും ‘കലിമതുശ്ശഹാദ’ എന്ന് അറിയപ്പെടുന്ന ഈ വാക്കുകള്‍ക്കുണ്ട്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമതുശ്ശഹാദയുടെ ആദ്യ ഭാഗം എല്ലാ നബിമാരുടെയും ദീനിന്റെ –ഇസ്‌ലാമിന്റെ- മുഖ്യപ്രബോധന വിഷയമായിരുന്നു.

وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ

“ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല (ലാ ഇലാഹ ഇല്ലല്ലാഹ്); അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല.” (അമ്പിയാഅ: 25)

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക് ആഴത്തില്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട –അനേകം അടിസ്ഥാനങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന- ഇസ്‌ലാമിലെ തലവാചകമാണ്. അല്ലാഹു -تَعَالَى- പറയുന്നു:

فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ

“അതിനാല്‍ നീ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരും ഇല്ല) എന്നത് അറിയുക.” (മുഹമ്മദ്‌: 19)

മക്കയില്‍ തന്റെ പ്രബോധനം നബി -ﷺ- ആരംഭിച്ചത് ഈ വാക്യത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടായിരുന്നു. ഉയരമുള്ള ചന്തകളില്‍ കയറി നിന്നു കൊണ്ട് അവിടുന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു:

«يَا أَيُّهَا النَّاسُ! قُولُوا لَا إِلَهَ إِلَّا اللَّهُ تُفْلِحُوا»

“അല്ലയോ ജനങ്ങളേ! നിങ്ങള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുക; നിങ്ങള്‍ വിജയിക്കും!” (ഇബ്‌നു ഖുസൈമ: 159)

ജീവിതം അവസാനിക്കുമ്പോഴും അവിടുത്തെ നാവുകളില്‍ നിറഞ്ഞു നിന്നത് ഇതേ വാക്ക് തന്നെയായിരുന്നു. അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു:

«لَا إِلَهَ إِلَّا اللَّهُ! إِنَّ لِلْمَوْتِ سَكَرَاتٍ»

“ലാ ഇലാഹ ഇല്ലല്ലാഹ്! തീര്‍ച്ചയായും മരണത്തിന് വല്ലാത്ത വേദനയുണ്ട്.” (ബുഖാരി: 4449)

ഈ മഹത്തരമായ വചനം ഉച്ചരിച്ചു കൊണ്ട് മരണം വരിച്ചവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന് അവിടുന്ന് തന്നെ അറിയിച്ചിട്ടുണ്ടല്ലോ?

«مَنْ كَانَ آخِرُ كَلاَمِهِ لاَ إِلَهَ إِلاَّ اللَّهُ دَخَلَ الْجَنَّةَ»

“ആരുടെയെങ്കിലും അവസാന വാക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നായാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (അബൂദാവൂദ്: 3118)

ഇസ്‌ലാമിന്റെയും ഈമാനിന്റെയും അടിത്തറയാണ് ഈ വാചകം എന്നതില്‍ സംശയമില്ല. അവന്റെ എല്ലാ നന്മകളുടെയും അടിസ്ഥാനം ഈ വാക്കുകള്‍ തന്നെയാണെന്നതില്‍ സംശയമേതുമില്ല.

«الْإِيمَانُ بِضْعٌ وَسَبْعُونَ شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَهَ إِلَّا اللَّهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيقِ»

“ഈമാന്‍ എഴുപതില്‍ പരം ശാഖകളാണ്. അതില്‍ ഏറ്റവും ശ്രേഷ്ഠം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കാണ്‌. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്ന് തടസ്സം നീക്കലും.” (മുസ്‌ലിം: 58)

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന അടിത്തറയുടെ ശക്തിയും ബലവും ദൃഡതയും അനുസരിച്ചായിരിക്കും ഒരു മുസ്‌ലിമിന്റെ ജീവിതത്തിലെ നന്മകള്‍ അധികരിപ്പിക്കുകയും അതിന്റെ വ്യാപ്തി വിശാലമാക്കുകയും ചെയ്യുന്നത്. വൃക്ഷത്തിന്റെ ആഴ്ന്നിറങ്ങിയ വേരുകള്‍ അതിന്റെ ശാഖകള്‍ക്കും ഇലകള്‍ക്കും ഫലങ്ങള്‍ക്കും കരുത്തു നല്‍കുന്നത് പോലെ, ലാ ഇലാഹ ഇല്ലല്ലാഹ് മുസ്‌ലിമിന്റെ ജീവിതത്തിനും അവന്റെ നന്മകള്‍ക്കും പോഷകം നല്‍കുന്നു. അല്ലാഹു പറഞ്ഞതു പോലെ:

أَلَمْ تَرَ كَيْفَ ضَرَبَ اللَّـهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ ﴿٢٤﴾

“അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്‌) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ വേര് ഉറച്ചു നില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു.” (ഇബ്രാഹീം: 24)

ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘നല്ല വചനം’ എന്നതു കൊണ്ടുള്ള ഉദ്ദേശം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ആണെന്ന് ഇബ്‌നു അബ്ബാസ് –رَضِيَ اللَّهُ عَنْهُمَا- പറഞ്ഞിട്ടുണ്ട്.

ഇതു കൊണ്ടെല്ലാം തന്നെ ഓരോ മുസ്‌ലിമിന്റെയും നിത്യജീവിതത്തില്‍ അനേകം സന്ദര്‍ഭങ്ങളില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക് ദിക്റുകളായും ദുആകളായും ആവര്‍ത്തിച്ചു വരുന്നത് കാണാം. നിസ്കാരത്തിന് വേണ്ടി വുദു എടുക്കുമ്പോഴും, നിസ്കാരത്തിലും, നിസ്കാര ശേഷവും, അനേകം സന്ദര്‍ഭങ്ങളിലെ പ്രാര്‍ത്ഥനകളിലും ഈ വാക്ക് ആവര്‍ത്തിക്കാന്‍ നബി -ﷺ- നമ്മെ പഠിപ്പിച്ചതായി കാണാം. നന്മയുടെ അടിത്തറയായ ഈ വാക്കുകള്‍ക്ക് ഇസ്‌ലാമിലുള്ള മഹത്തരമായ സ്ഥാനം നബി -ﷺ- യുടെ ധാരാളം വാക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. അവിടുന്ന് പറഞ്ഞു:

«يَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، وَفِي قَلْبِهِ وَزْنُ شَعِيرَةٍ مِنْ خَيْرٍ، وَيَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، وَفِي قَلْبِهِ وَزْنُ بُرَّةٍ مِنْ خَيْرٍ، وَيَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، وَفِي قَلْبِهِ وَزْنُ ذَرَّةٍ مِنْ خَيْرٍ»

“‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നു പറയുകയും ഒരു ഗോതമ്പുമണിയോളം നന്മ അവന്റെ ഹൃദയത്തില്‍ ഉണ്ടാവുകയും ചെയ്‌താല്‍ അവന്‍ നരകത്തില്‍ നിന്ന് പുറത്തു കടക്കും. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നു പറയുകയും ഒരു ചോളമണിയോളം നന്മ അവന്റെ ഹൃദയത്തില്‍ ഉണ്ടാവുകയും ചെയ്‌താല്‍ അവന്‍ നരകത്തില്‍ നിന്ന് പുറത്തു കടക്കും. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നു പറയുകയും ഒരു ചോളമണിയോളം നന്മ അവന്റെ ഹൃദയത്തില്‍ ഉണ്ടാവുകയും ചെയ്‌താല്‍ അവന്‍ നരകത്തില്‍ നിന്ന് പുറത്തു കടക്കും.” (മുസ്‌ലിം: 325)

പ്രവര്‍ത്തിച്ച തിന്മകള്‍ കാരണത്താല്‍ നരകത്തില്‍ പ്രവേശിക്കേണ്ടി വന്ന ഏതൊരാളും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക് ജീവിതത്തില്‍ പാലിച്ചിട്ടുണ്ടെങ്കില്‍ അവന് നരകം ശാശ്വതമാകില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ ഹദീസിലുണ്ട്. എന്നാല്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതില്‍ പിഴവ് വരുത്തിയവര്‍ക്ക് ഒരു കാരണവശാലും നരകമോചനം സാധ്യമാകില്ലെന്നും, അവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമായി തീരുമെന്നും കൂടി ഈ ഹദീസിന്റെ ആശയമായി ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കിന്റെ ചില ശ്രേഷ്ഠതകള്‍ മാത്രമാണ് മേലെ പറഞ്ഞത്. വിശദീകരിക്കാന്‍ തുനിഞ്ഞാല്‍ ഒരിക്കലും അവസാനിക്കുന്ന വിഷയമേ അല്ല ഇത്. എന്നാല്‍ മേലെ നല്‍കിയതില്‍ തന്നെ ചിന്തിക്കുന്നവര്‍ക്ക് ധാരാളം പാഠങ്ങളും ഓര്‍മ്മപ്പെടുത്തലുകളും ഉണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment