വാക്കുകളിൽ ഏറ്റവും മഹത്തരമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക്. മഹത്തരമായ ആശയങ്ങളുടെ പ്രപഞ്ചം ഈ വാക്ക് ഉൾക്കൊള്ളുന്നു. അങ്ങേയറ്റം സൗന്ദര്യമാർന്ന ഒരു ലക്ഷ്യത്തിലേക്കാണ് അത് ക്ഷണിക്കുന്നത്. ഏതൊരു മനുഷ്യനെയും അടിമുടി മാറ്റിമറിക്കുന്ന സ്വാധീനവും ശക്തിയും ഈ വാക്കിനും അതിന്റെ അർത്ഥത്തിനുണ്ട്. ഇങ്ങനെയെല്ലാം പ്രാധാന്യവും ശ്രേഷ്ഠതയുമുള്ള ഒരു വാക്ക് വിശ്വാസ-ആചാരാനുഷ്ഠാനങ്ങളിലൊന്നും ഒരു മാറ്റവുമുണ്ടാക്കാതെ കേവലം നാവിൽ മാത്രം ഒതുങ്ങേണ്ടതായിരിക്കുമോ? ഒരിക്കലുമല്ല!
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക് അനേകം മാറ്റങ്ങളുടെ തുടക്കമാണ്. ഒരു മാറ്റവും സംഭവിക്കാതെ -കേവലം വാക്കു മാത്രമായി- അത് നിലകൊള്ളുന്നുവെങ്കിൽ ശഹാദതിന് അവന്റെ ജീവിതത്തിൽ ഒരു അർഥവുമില്ലാതായി മാറും. അതല്ല അല്ലാഹു നിന്നിൽ നിന്നാഗ്രഹിക്കുന്നത്. അങ്ങനെയല്ല നബി -ﷺ- അവിടുത്തെ മുന്നിലുള്ള സമൂഹത്തെ ശഹാദതിൽ വളർത്തി കൊണ്ടു വന്നത്. കേവലം ശഹാദത് കലിമ പുറമേക്ക് ശബ്ദത്തിൽ ഉച്ചരിച്ചതു കൊണ്ട് മാത്രം ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കിൽ നബി -ﷺ- യോടൊപ്പം ജീവിച്ച, മുനാഫിഖുകൾ (കപടവിശ്വാസികൾ) സ്വർഗത്തിൽ പ്രവേശിക്കണമായിരുന്നു. എന്നാൽ നിനക്കറിയാം! അവർ നരകത്തിന്റെ അടിത്തട്ടിലേക്കാണ് നാളെ വലിച്ചെറിയപ്പെടുക.
അപ്പോൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ കൊണ്ട് ദുനിയാവിലും പരലോകത്തും ഉപകാരമുണ്ടാകണമെങ്കിൽ തീർച്ചയായും പാലിച്ചിരിക്കേണ്ട ചില ബാധ്യതകളുണ്ട്. ശഹാദത് കലിമയുടെ ശർത്വുകൾ (നിബന്ധനകൾ) എന്ന് നമുക്കവയെ വിളിക്കാം. വിശുദ്ധ ഖുർആനിൽ നിന്നും തിരുസുന്നത്തിൽ നിന്നും പണ്ഡിതന്മാർ സ്വാംശീകരിച്ചെടുത്തവയാണ് അവ. ശരിയായ ഇസ്‌ലാം നമുക്കെത്തിച്ചു തന്ന മുൻഗാമികളുടെ വാക്കുകളിൽ അതിലേക്കുള്ള സൂചനകൾ ധാരാളം കാണാൻ കഴിയും.
وَقِيلَ لِوَهْبِ بْنِ مُنَبِّهٍ: أَلَيْسَ لاَ إِلَهَ إِلَّا اللَّهُ مِفْتَاحُ الجَنَّةِ؟ قَالَ: «بَلَى، وَلَكِنْ لَيْسَ مِفْتَاحٌ إِلَّا لَهُ أَسْنَانٌ، فَإِنْ جِئْتَ بِمِفْتَاحٍ لَهُ أَسْنَانٌ فُتِحَ لَكَ، وَإِلَّا لَمْ يُفْتَحْ لَكَ»
താബിഈങ്ങളിൽ പെട്ട വഹബ് ബ്നു മുനബ്ബിഹ് -ُرَحِمَهُ اللَّه- യോട് ചിലർ ചോദിച്ചു: “‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക് സ്വർഗത്തിന്റെ താക്കോലല്ലേ?!” അദ്ദേഹം പറഞ്ഞു: “അതെ! എന്നാൽ ഏതൊരു താക്കോലിനും അതിൻ്റേതായ പല്ലുകളുണ്ട്. പല്ലുകളുള്ള താക്കോലുമായാണ് നീ വാതിൽക്കൽ ചെല്ലുന്നതെങ്കിൽ അത് നിനക്കായി തുറക്കപ്പെടും. ഇല്ലെങ്കിൽ തുറക്കപ്പെടുകയുമില്ല.” (ബുഖാരി: 1237 ാം ഹദീഥിന് മുൻപ്)
സ്വഹാബികളുടെ ശിഷ്യനായിരുന്ന ഹസനുൽ ബസ്വ്‌രി -ُرَحِمَهُ اللَّه- യോട് ചിലർ ചോദിച്ചു: “ജനങ്ങളിൽ ചിലർ പറയുന്നു: ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും?!” അദ്ദേഹം പറഞ്ഞു: “അതെ! ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയും, അതിന്റെ അവകാശവും നിർബന്ധബാധ്യതകളും നിറവേറ്റുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും.” (ശർഹുന്നവവി: 1/219)
ചുരുക്കത്തിൽ, ലാ ഇലാഹ ഇല്ലല്ലാഹ് അല്ലാഹുവിങ്കൽ സ്വീകാര്യമാകണമെങ്കിൽ അതിനോടൊപ്പം നിർബന്ധമായും ഉണ്ടാകേണ്ട നിബന്ധനകൾ ജീവിതത്തിൽ പാലിക്കുക കൂടി വേണം. അങ്ങനെ ഏഴോളം നിബന്ധനകൾ ശഹാദത് കലിമക്കുള്ളതായി ചില പണ്ഡിതന്മാർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അവ തെളിവുകളോടൊപ്പം ചുരുങ്ങിയ രൂപത്തിൽ ഇവിടെ വിശദീകരിക്കാം.
ഒന്ന്: അറിവ് (العِلْمُ).
ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലുന്നവൻ അതിനെ കുറിച്ച് അറിവുള്ളവനായിരിക്കണം. അതിന്റെ അർഥവും ആശയവും മറ്റുമെല്ലാം അവൻ മനസ്സിലാക്കിയിരിക്കണം. ശഹാദത് കലിമയുടെ വിജ്ഞാന സാഗരത്തിന്റെ വിശാലത മുൻപുള്ള ലേഖനങ്ങളിൽ നാം സൂചിപ്പിച്ചിട്ടുമുണ്ട്. അവയിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവ പഠിച്ചിട്ടില്ലെങ്കിൽ അല്ലാഹു അവനിൽ നിന്ന് ഈ വാക്ക് സ്വീകരിക്കുകയില്ല. കാരണം എന്താണ് ഈ വാക്കിന്റെ അർഥം എന്ന് അവന് അറിയില്ലെങ്കിൽ സ്വാഭാവികമായും അവന് അതനുസരിച്ച് പ്രവർത്തിക്കാനും കഴിയില്ല.
فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ
“അതിനാല്‍ നീ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരും ഇല്ല) എന്നത് അറിയുക.” (മുഹമ്മദ്: 19)
അല്ലാഹു ഒരു കാര്യം കൽപ്പിച്ചാൽ അത് നിർബന്ധമാണ്. ഇവിടെ ‘ശഹാദത് കലിമ’ പഠിക്കുവാൻ അല്ലാഹു നമ്മോട് കൽപ്പിക്കുന്നു. അത് പാലിക്കാതെയാണ് ഒരാൾ ഈ വാക്ക് ഉച്ചരിച്ചതെങ്കിൽ അതു കൊണ്ട് അവന് യാതൊരു ഉപകാരവുമില്ല. നബി -ﷺ- അക്കാര്യം അവിടുത്തെ ഹദീഥുകളിൽ സൂചിപ്പിച്ചിട്ടുമുണ്ട്.
عَنْ عُثْمَانَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لَا إِلَهَ إِلَّا اللهُ، دَخَلَ الْجَنَّةَ»
“ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അറിയുന്നവനായിരിക്കെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (മുസ്‌ലിം: 43)
നോക്കൂ! സ്വർഗപ്രവേശനത്തിന് നബി -ﷺ- ഈ ഹദീഥിൽ വെച്ച നിബന്ധന ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക് അറിഞ്ഞു കൊണ്ട് മരിക്കാൻ കഴിയുക എന്നതാണ്. അപ്പോൾ ആരെങ്കിലും ഈ നിബന്ധന പാലിക്കാതെയും പൂർത്തീകരിക്കാതെയും -ശഹാദതിനെ കുറിച്ചുള്ള അറിവില്ലായ്മയിൽ ആയിക്കൊണ്ടാണ്- ആണ് മരിക്കുന്നതെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കില്ലെന്നു കൂടി ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
രണ്ട്: ദൃഢവിശ്വാസം (اليَقِينُ)
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവചനം ഏറ്റുപറഞ്ഞ ഓരോ വ്യക്തിക്കും അയാൾ പറഞ്ഞ കാര്യത്തിൽ ചാഞ്ചാട്ടമില്ലാത്ത ഉറപ്പും ദൃഢതയും വേണം. സംശയത്തിൽ ആടിക്കളിക്കുന്നതും വേരുകൾക്ക് ഉറപ്പില്ലാത്തതുമാണ് അവന്റെ വിശ്വാസമെങ്കിൽ അതു കൊണ്ട് യാതൊരു ഉപകാരവുമില്ല. ഇസ്‌ലാം പുറമേക്ക് സ്വീകരിച്ച പല മുനാഫിഖുകളുടെയും മനസ്സിനുള്ളിലെ അവസ്ഥ ഇതായിരുന്നു. അവർക്ക് തങ്ങൾ ഏറ്റുപറഞ്ഞിരിക്കുന്ന ഈ ശഹാദത് സത്യമാണോ എന്നതിൽ ഉറപ്പില്ലായിരുന്നു.
إِنَّمَا يَسْتَأْذِنُكَ الَّذِينَ لَا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ وَارْتَابَتْ قُلُوبُهُمْ فَهُمْ فِي رَيْبِهِمْ يَتَرَدَّدُونَ ﴿٤٥﴾
“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, മനസ്സുകളില്‍ സംശയം കുടികൊള്ളുകയും ചെയ്യുന്നവര്‍ മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. കാരണം അവര്‍ അവരുടെ സംശയത്തില്‍ ആടിക്കളിച്ച് കൊണ്ടിരിക്കുകയാണ്.” (തൗബ: 45)
എന്നാൽ അല്ലാഹുവിൽ ശരിയാംവണ്ണം വിശ്വസിച്ച മുഅ്മിനീങ്ങളുടെ അവസ്ഥ ഇപ്രകാരമല്ല. അവരുടെ വിശ്വാസം അടിയുറച്ചതും മനസ്സിൽ ആഴത്തിൽ പതിഞ്ഞിറങ്ങിയതുമാണ്.
إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّـهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا
“അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും, ശേഷം സംശയിക്കാതിരിക്കുകയും .. ചെയ്തവരാണ് യഥാർഥ മുഅ്മിനീങ്ങൾ (ഇസ്‌ലാമിൽ വിശ്വസിച്ചവർ).” (ഹുജുറാത്: 15)
عَنْ أَبِي هُرَيْرَةَ، قَالَ:قَالَ رَسُولُ اللَّهِ -ﷺ-: «فَمَنْ لَقِيتَ مِنْ وَرَاءِ هَذَا الْحَائِطَ يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ مُسْتَيْقِنًا بِهَا قَلْبُهُ، فَبَشِّرْهُ بِالْجَنَّةِ»
നബി -ﷺ- പറഞ്ഞു: “ഹൃദയത്തിൽ ദൃഢതയോടെ ലാ ഇലാഹ ഇല്ലല്ലാഹ് സാക്ഷ്യം വഹിക്കുന്നതായി ആരെയെങ്കിലും നീ കണ്ടാൽ അവന് നീ സ്വർഗം സന്തോഷവാർത്ത അറിയിക്കുക.” (മുസ്‌ലിം: 52)
عَنْ أَبِي هُرَيْرَةَ، قَالَ:قَالَ رَسُولُ اللَّهِ -ﷺ-: «أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنِّي رَسُولُ اللَّهِ، لَا يَلْقَى اللَّهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا، إِلَّا دَخَلَ الْجَنَّةَ»
നബി -ﷺ- പറഞ്ഞു: “‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന രണ്ട് സാക്ഷ്യവചനങ്ങളിൽ ഒരു സംശയവുമില്ലാതെ അല്ലാഹുവിനെ കണ്ടു മുട്ടുന്ന ഏതൊരാളും സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല.” (മുസ്‌ലിം: 44)
മേൽ വായിച്ച ഹദീഥുകളിൽ നിന്ന് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ ഓരോ മുസ്‌ലിമിനും ഉണ്ടായിരിക്കേണ്ട ഉറച്ച വിശ്വാസവും ദൃഢതയും എത്രത്തോളമാണെന്ന് ബോധ്യപ്പെടും. ആരെങ്കിലും അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടാൻ മറ്റാർക്കെങ്കിലും അർഹതയുണ്ടെന്നോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നത് അത്ര വലിയ ഗുരുതരമായ തെറ്റാണോ എന്നോ ഒക്കെ സംശയിച്ചാൽ അവൻ ശഹാദത് കലിമ ഉച്ചരിക്കാത്തവനെ പോലെയാണ്. അപ്പോൾ ലാ ഇലാഹ ഇല്ലല്ലാഹ് ഉച്ചരിച്ചതിന് ശേഷം ഈ പറഞ്ഞതെല്ലാം പ്രവർത്തിക്കുകയും, അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുകയും മറ്റും ചെയ്യുന്നവന്റെ അവസ്ഥ എന്തായിരിക്കും?
മൂന്ന്: സ്വീകരിക്കൽ (القَبُولُ)
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് ഉൾക്കൊള്ളുന്ന ആശയങ്ങളെയും അന്തസത്തയെയും മനസ്സും നാവും കൊണ്ട് ഏറ്റുവാങ്ങുകയും സ്വീകരിക്കുകയും ചെയ്യണം. അതിന് അവൻ തന്റെ ഹൃദയത്തെ പാകപ്പെടുത്തുകയും, നനവും മാർദ്ദവവുമുള്ളതാക്കി അതിനെ പരുവപ്പെടുത്തുകയും വേണം. എന്നാൽ ആരെങ്കിലും ഈ വാക്ക് ഉൾക്കൊള്ളുന്ന ആശയങ്ങളെ തള്ളുകയും, അവയെ മനസ്സ് കൊണ്ട് പുറത്തു നിർത്തുകയുമാണ് ചെയ്യുന്നതെങ്കിൽ ഈ വാക്ക് കൊണ്ട് അവന് യാതൊരു ഉപകാരവുമില്ല. മനോഹരമായ ഒരു ഉപമയിലൂടെ നബി -ﷺ- അക്കാര്യം നമുക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്.
عَنْ أَبِي مُوسَى، عَنِ النَّبِيِّ -ﷺ- قَالَ: «إِنَّ مَثَلَ مَا بَعَثَنِيَ اللَّهُ بِهِ عَزَّ وَجَلَّ مِنَ الْهُدَى، وَالْعِلْمِ كَمَثَلِ غَيْثٍ أَصَابَ أَرْضًا، فَكَانَتْ مِنْهَا طَائِفَةٌ طَيِّبَةٌ، قَبِلَتِ الْمَاءَ فَأَنْبَتَتِ الْكَلَأَ وَالْعُشْبَ الْكَثِيرَ … فَذَلِكَ مَثَلُ مَنْ فَقُهَ فِي دِينِ اللَّهِ، وَنَفَعَهُ بِمَا بَعَثَنِيَ اللَّهُ بِهِ، فَعَلِمَ وَعَلَّمَ»
അവിടുന്ന് പറഞ്ഞു: “സന്മാർഗവും വിജ്ഞാനവുമായി അല്ലാഹു എന്നെ അയച്ചതിന്റെ ഉപമ ഒരു സമൃദ്ധമായ മഴയുടെ ഉപമയാണ്. അത് ഭൂമിയിൽ പതിച്ചു. അവിടെ നല്ല മണ്ണുള്ള പ്രദേശങ്ങളുണ്ട്. അത് വെള്ളം വലിച്ചെടുക്കുകയും, ധാരാളം സസ്യലതാദികൾ മുളപ്പിക്കുകയും ചെയ്തു… അല്ലാഹുവിന്റെ മതത്തിൽ അവഗാഹം നേടുകയും, അത് ഉപകാരപ്പെടുകയും, അങ്ങനെ ദീൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവന്റെ ഉപമയാണത്.” (ബുഖാരി: 79, മുസ്‌ലിം: 2282)
ഈ പറഞ്ഞത് ഒരു വിശ്വാസിയുടെ ഉപമയാണ്. അവൻ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചരിക്കുന്നതോടൊപ്പം അത് ഉൾക്കൊള്ളുന്ന ആശയത്തെ സ്വീകരിക്കാൻ തന്റെ ഹൃദയം പരുവപ്പെടുത്തുകയും തയ്യാറാക്കി നിർത്തുകയും ചെയ്തിട്ടുണ്ട്. ഈ കലിമതിന്റെ സ്വാധീനങ്ങൾ സസ്യലതാദികൾ മുളച്ചു പൊങ്ങുന്നത് പോലെ അവന്റെ ശരീരത്തിൽ നിന്ന് വാക്കുകളും പ്രവർത്തനങ്ങളുമായി പുറത്തു വന്നിട്ടുണ്ട്.
എന്നാൽ എത്രയെത്ര പേരാണ് ഈ വചനം അറിയുകയും, മനസ്സിലാക്കുകയും, അതുൾക്കൊള്ളുന്ന ആദർശം സത്യമാണെന്ന ദൃഢബോധ്യം വരുകയും ചെയ്തതിന് ശേഷം അത് സ്വീകരിക്കാതിരിക്കുന്നത്. ഈ ആദർശത്തെ തള്ളിക്കളയുകയും തീർത്തും അകറ്റിനിർത്തുകയും ചെയ്യുന്നത്. നബി -ﷺ- അവരുടെ അവസ്ഥയും പ്രസ്തുത ഹദീഥിൽ തന്നെ ഉപമയോടെ വിശദീകരിച്ചിട്ടുണ്ട്.
عَنْ أَبِي مُوسَى، عَنِ النَّبِيِّ -ﷺ- قَالَ: « … وَأَصَابَ طَائِفَةً مِنْهَا أُخْرَى، إِنَّمَا هِيَ قِيعَانٌ لَا تُمْسِكُ مَاءً، وَلَا تُنْبِتُ كَلَأً، فَذَلِكَ مَثَلُ مَنْ … لَمْ يَقْبَلْ هُدَى اللَّهِ الَّذِي أُرْسِلْتُ بِهِ»
അവിടുന്ന് പറഞ്ഞു: “(ആ മഴ) ഭൂമിയിൽ മറ്റൊരിടത്ത് പതിച്ചു. അതാകട്ടെ; മിനുസമായ പ്രതലമുള്ള, വെള്ളം പിടിച്ചു നിർത്തുകയോ, ചെടികൾ മുളക്കുകയോ ചെയ്യാത്തയിടമാണ്… അല്ലാഹുവിന്റെ സന്മാർഗം സ്വീകരിക്കാത്തവന്റെ ഉപമയാണിത്.” (ബുഖാരി: 79, മുസ്‌ലിം: 2282)
അപ്പോൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞതു കൊണ്ട്, അതിന്റെ ആശയങ്ങൾ സത്യമാണെന്ന ദൃഢബോധ്യം ഉണ്ടായത് കൊണ്ടോ മാത്രമായില്ല. അതോടൊപ്പം അതിന്റെ ആശയവും അർഥവും മനസ്സിൽ സ്വീകരിക്കുകയും അതിന്റെ ഫലങ്ങൾ പുറത്തേക്ക് പ്രകടമാവുകയും വേണം.
നാല്: കീഴൊതുങ്ങൽ (الانْقِيَادُ)
ശഹാദത് കലിമ ചൊല്ലിയ ഓരോ വ്യക്തിയും അല്ലാഹുവിന്റെ ദീനായ ഇസ്‌ലാമിന്റെ നിയമങ്ങൾക്ക് കീഴൊതുങ്ങുകയും, അതിന്റെ വിധികൾക്ക് താഴ്ന്നു കൊടുക്കുകയും, അല്ലാഹുവിന് തന്നെ പൂർണ്ണമായി സമർപ്പിക്കുകയും വേണം. ആരെങ്കിലും ശഹാദത് ചൊല്ലിയ ശേഷവും അല്ലാഹുവിന്റെ ദീനിന്റെ നിയമങ്ങളെ ഉപേക്ഷിക്കുകയും തിരിഞ്ഞു നോക്കാതിരിക്കുകയും, അവ സ്വീകരിക്കാതെ അഹങ്കാരം നടിക്കുകയുമാണെങ്കിൽ പിന്നെന്തിനാണ് അവൻ ശഹാദത് ചൊല്ലിയിരിക്കുന്നത്?!
ശഹാദത് ചൊല്ലുന്നതോടെ ഏതൊരാളും മുസ്‌ലിമാകുകയാണ്; ഇസ്‌ലാം സ്വീകരിക്കുകയാണ്. ഇസ്‌ലാം എന്നാൽ ഒരാൾ സ്വന്തത്തെ അല്ലാഹുവിന് പൂർണ്ണമായി സമർപ്പിക്കലാണ്. അവന്റെ ജീവിതവും മരണവുമെല്ലാം അല്ലാഹുവിന്റെ മാർഗത്തിലാണ്.
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ ﴿١٦٣﴾
“പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും, എന്റെ ആരാധനാകര്‍മ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. മുസ്‌ലിമീങ്ങളിൽ ഞാന്‍ ഒന്നാമനാണ്.” (അൻആം: 162-163)
وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُ لِلَّـهِ وَهُوَ مُحْسِنٌ
“സൽകർമ്മങ്ങൾ ചെയ്യുന്നവനായി, അല്ലാഹുവിന് സ്വയം സമർപ്പിച്ചവനെക്കാൾ നല്ല മതമുള്ള മറ്റാരുണ്ട്?!” (നിസാഅ്: 125)
وَمَن يُسْلِمْ وَجْهَهُ إِلَى اللَّـهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ ۗ وَإِلَى اللَّـهِ عَاقِبَةُ الْأُمُورِ ﴿٢٢﴾
“സൽകർമ്മങ്ങൾ ചെയ്യുന്നവനായി കൊണ്ട് ആരെങ്കിലും അല്ലാഹുവിന് സ്വന്തത്തെ സമർപ്പിച്ചാൽ, അവൻ തന്നെയാണ് ‘ഉർവതുൽ വുസ്ത്വ’യിൽ (ബലമുള്ള പാശം) മുറുകെ പിടിച്ചിരിക്കുന്നത്.” (ലുഖ്മാൻ: 22)
ഇവിടെ പറയപ്പെട്ട ബലമുള്ള പാശം കൊണ്ടുള്ള ഉദ്ദേശം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദത് കലിമയാണെന്ന് ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പോലെയുള്ളവർ പറഞ്ഞിട്ടുണ്ട്. അതിൽ നിന്ന് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിൽ മുറുകെ പിടിക്കുന്ന ഒരാൾ സ്വന്തത്തെ ഹൃദയം കൊണ്ടും മറ്റു പ്രവർത്തനങ്ങൾ കൊണ്ടും അല്ലാഹുവിന് സമർപ്പിക്കുകയും, അവന്റെ എല്ലാ കൽപ്പനകൾക്കും കീഴൊതുങ്ങുകയും ചെയ്യേണ്ടവനാണ് എന്ന് മനസ്സിലാക്കാൻ കഴിയും.
അഞ്ച്: സത്യസന്ധത (الصِّدْقُ)
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് ഉച്ചരിച്ച ചിലരെങ്കിലും അത് ഉച്ചരിച്ചിട്ടുള്ളത് സത്യസന്ധമായിട്ടല്ല. അവരിൽ ചിലർ ഭൗതികമായ ചില നേട്ടങ്ങൾക്ക് വേണ്ടിയോ, ആരുടെയെല്ലാമോ എതിർപ്പും ഉപദ്രവവും പേടിച്ചോ, ഒറ്റപ്പെട്ടു പോകുമോ എന്ന ഭയത്താലോ ഒക്കെയാണ് ഈ വാക്ക് ഉച്ചരിച്ചിരിക്കുന്നത്. അവന്റെ നാവ് ഉച്ചരിച്ച ഈ വാക്കിന്റെ അവന്റെ ഹൃദയം സത്യപ്പെടുത്തിയിട്ടില്ല.
സത്യസന്ധമായിട്ടായിരിക്കണം ഈ വാക്ക് ഉച്ചരിക്കുന്നത്. ഈ വാക്ക് സത്യമാണെന്ന ഉറച്ച ബോധ്യം അവന്റെ മനസ്സിൽ രൂഢമൂലമായിരിക്കണം. ഇതിന് എതിരാകുന്നതെല്ലാം -ആരെല്ലാം പറഞ്ഞാലും, എത്രയെല്ലാം പേർ പിന്തുണച്ചാലും- കളവാണെന്ന ഉറച്ച ബോധ്യമുണ്ടായിരിക്കണം.
عَنْ أَنَسِ بْنِ مَالِكٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، صِدْقًا مِنْ قَلْبِهِ، إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ»
നബി -ﷺ- യുടെ ഹദീഥിൽ ഈ നിബന്ധനയുടെ സൂചനകളുണ്ട്. അവിടുന്ന് പറഞ്ഞു: “‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന കാര്യം ഹൃദയത്തിൽ നിന്ന് സത്യസന്ധമായി ആരെങ്കിലും സാക്ഷ്യം വഹിക്കുന്നെങ്കിൽ അവന്റെ മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല.” (ബുഖാരി: 128, മുസ്‌ലിം: 32)
ഒരിക്കൽ നജ്ദിന്റെ ഭാഗത്ത് നിന്ന് നബി -ﷺ- യെ കാണുന്നതിനായി ഒരാൾ വന്നു. ഇസ്‌ലാമിനെ കുറിച്ച് പലതും ചോദിച്ചറിഞ്ഞു. ശഹാദത് കലിമ ചൊല്ലി, നിർബന്ധ കർമ്മങ്ങൾ ഒന്നും ഞാൻ ഒഴിവാക്കില്ലെന്ന തീരുമാനം അറിയിച്ചു കൊണ്ട് മടങ്ങുന്ന അയാളെ നോക്കി നബി -ﷺ- പറഞ്ഞു:
«أَفْلَحَ إِنْ صَدَقَ»
“സത്യമാണ് പറഞ്ഞതെങ്കിൽ അവൻ വിജയിച്ചിരിക്കുന്നു.” (ബുഖാരി: 46, മുസ്‌ലിം: 11)
നോക്കൂ! വിജയിക്കണമെങ്കിൽ അയാൾ ഇപ്പോൾ സാക്ഷ്യം വഹിച്ച ശഹാദത് കലിമയിൽ അവന് സത്യസന്ധതയുണ്ടായിരിക്കണം. സത്യസന്ധമാണെങ്കിൽ, അവൻ പറഞ്ഞതു പോലെ പ്രവർത്തിച്ചാൽ അവന് വിജയമുണ്ട്. അതിന്റെ നേർവിപരീതമെന്തായിരിക്കും?! അവൻ സത്യമല്ല പറഞ്ഞതെങ്കിൽ -കളവാണ് പറഞ്ഞതെങ്കിൽ- അവൻ വിജയിക്കില്ല -മറിച്ച് പരാജയപ്പെടും-!
ശഹാദത് കലിമ ഉച്ചരിച്ചതു കൊണ്ട് പ്രയാസമനുഭവിച്ച എത്രയോ പേരുടെ ചരിത്രം നാം വായിച്ചിട്ടില്ലേ?! നബിമാരുടെ, അവരുടെ അനുചരന്മാരുടെ; വേദന നിറഞ്ഞ കഥകൾ?! എന്തു കൊണ്ടാണ് അവർ പരീക്ഷിക്കപ്പെട്ടത്?! ഒരു പരീക്ഷണവുമില്ലാതെ -എല്ലാ സുഖങ്ങളോടും കൂടി- അവർക്ക് ഇവിടെ ജീവിതമൊരുക്കാൻ അല്ലാഹു കഴിവുള്ളവനായിരുന്നില്ലേ?! അതിനുള്ള ഉത്തരം അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു.
الم ﴿١﴾ أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّـهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ ﴿٣﴾
“അലിഫ്-ലാം-മീം. ഞങ്ങള്‍ (ഇസ്‌ലാമിൽ) വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുക തന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.” (അൻകബൂത്: 1-3)
പരീക്ഷണങ്ങൾ സത്യസന്ധത തിരിച്ചറിയാനാണ്. സത്യസന്ധമല്ല സാക്ഷ്യവചനമെങ്കിൽ പരീക്ഷണങ്ങൾ അവനെ തളർത്തും. സംശയത്തിലാക്കും. രക്ഷപ്പെട്ടാൽ മതിയെന്നവൻ ചിന്തിച്ചു തുടങ്ങും. അവന്റെ ഉറപ്പും ദൃഢതയും ശഹാദതിന്റെ സത്യസന്ധ പോലിരിക്കും. അത്തരം പരീക്ഷണങ്ങളിൽ ഉറച്ചു നിൽക്കാൻ മാത്രം ശക്തമാണോ നമ്മുടെ ശഹാദത് എന്ന് ഓരോരുത്തരും സ്വയം ചോദിക്കുകയാണ് വേണ്ടത്.
ആറ്: നിഷ്കളങ്കത (الاخْلَاصُ)
ഇഖ്ലാസിനെ (നിഷ്കളങ്കത) കുറിച്ച് ചിലതെല്ലാം മുൻപ് നാം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. കളങ്കമേതുമില്ലാതെ അല്ലാഹുവിന് വേണ്ടി മാത്രം പ്രവർത്തിക്കലാണ് ഇഖ്‌ലാസ്. അതാണ് ശഹാദത് കലിമയുടെ അർഥവും ആശയവും ലക്ഷ്യമാക്കുന്ന പ്രധാന വിഷയവും. ആരെങ്കിലും അല്ലാഹുവിന്റെ തൃപ്തിയോ അവന്റെ സ്വർഗത്തിൽ പ്രവേശിക്കണമെന്നതോ നരകത്തിൽ നിന്ന് രക്ഷപ്പെടണമെന്നതോ ആഗ്രഹിക്കാതെയാണ് ഈ സാക്ഷ്യവചനം ഉച്ചരിക്കുന്നതെങ്കിൽ അതിൽ യാതൊരു കാര്യവുമില്ല.
عَنْ أَبِي هُرَيْرَةَ أَنَّهُ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ القِيَامَةِ، مَنْ قَالَ لاَ إِلَهَ إِلَّا اللَّهُ، خَالِصًا مِنْ قَلْبِهِ، أَوْ نَفْسِهِ»
നബി -ﷺ- പറഞ്ഞു: “പരലോകത്ത് എന്റെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യം ലഭിക്കുക ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി -ഇഖ്ലാസോടെ- ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവനായിരിക്കും.” (ബുഖാരി: 99)
عَنْ عِتْبَانِ بْنِ مَالِكٍ، عَنِ النَّبِيِّ -ﷺ- أَنَّهُ قَالَ: «إِنَّ اللَّهَ حَرَّمَ عَلَى النَّارِ مَنْ قَالَ: لاَ إِلَهَ إِلَّا اللَّهُ، يَبْتَغِي بِذَلِكَ وَجْهَ اللَّهِ»
നബി -ﷺ- പറഞ്ഞു: “അല്ലാഹുവിന്റെ തിരുവദനം ഉദ്ദേശിച്ചു കൊണ്ട് മാത്രം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവന്റെ മേൽ അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു.” (ബുഖാരി: 425, മുസ്‌ലിം: 33)
ഈ ഹദീഥുകളിലെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായി -നിഷ്കളങ്കമായ മനസ്സും സ്വർഗപ്രതീക്ഷയുമായി- ശഹാദത് കലിമ ഉച്ചരിച്ചവർക്ക് മാത്രമാണ് നബി -ﷺ- പരലോകരക്ഷ വാഗ്ദാനം ചെയ്തത്. അല്ലാത്തവർ അതിനർഹരാവുകയില്ല എന്ന് ഈ ഹദീഥുകളുടെ വിപരീതാർത്ഥത്തെ കുറിച്ച് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയും. അല്ലാഹു നമുക്കെല്ലാം ഇഖ്ലാസ് പ്രദാനം ചെയ്യുമാറാകട്ടെ.
ഏഴ്: സ്നേഹം (المَحَبَّةُ)
ശഹാദത് കലിമയുടെ അവസാന നിബന്ധനയാണിത്. ഇസ്‌ലാമിൽ പ്രവേശിക്കുന്ന ഏതൊരാളും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ഈ സാക്ഷ്യവചനത്തെ സ്നേഹിക്കണം. ഏതൊരു അല്ലാഹുവിന്റെ ഏകത്വമാണോ ഈ വാക്ക് ഉദ്ഘോഷിക്കുന്നത് അവനെ എല്ലാത്തിനുമപ്പറം സ്നേഹിക്കണം. അവൻ അയച്ച നബിയെ -അല്ല! നബിമാരെയെല്ലാം- സ്നേഹിക്കണം. ഈ വാക്ക് ഉച്ചരിച്ച മറ്റു മനുഷ്യരെയെല്ലാം ഇഷ്ടപ്പെടണം. ഈ വാക്ക് വിജയിക്കുന്നത് ഇഷ്ടപ്പെടണം. അതിന്റെ പ്രതാപവും ഉയർച്ചയും ആഗ്രഹിക്കണം.
ഇതിന് വിരുദ്ധമായി നിൽക്കുന്നവയോട് സ്നേഹമുണ്ടാകരുത്. മറിച്ച് ദേഷ്യവും അകൽച്ചയും വെറുപ്പുമാണുണ്ടാകേണ്ടത്. അല്ലാഹുവിന്റെ ഏകത്വത്തിന് കടകവിരുദ്ധമായ ആശയങ്ങളെയും അതിന്റെ പ്രചാരകരെയും പിൻഗാമികളെയും അതിനെ സ്നേഹിക്കുന്നവരെയും വെറുക്കണം.
عَنْ أَنَسِ بْنِ مَالِكٍ -ؓ-، عَنِ النَّبِيِّ -ﷺ- قَالَ: «ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ: أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ المَرْءَ لاَ يُحِبُّهُ إِلَّا لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ»
നബി -ﷺ- പറഞ്ഞു: “മൂന്ന് കാര്യങ്ങൾ ഒരാളിലുണ്ടായാൽ അയാൾ ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. അല്ലാഹുവും റസൂലും മറ്റെന്തിനെക്കാളും അവന് പ്രിയങ്കരമായി തീരുക. അല്ലാഹുവിന് വേണ്ടി മാത്രമായി അവൻ ഒരാളെ സ്നേഹിക്കുക. തീയിലേക്ക് വലിച്ചെറിയപ്പെടുന്നത് എപ്രകാരം വെറുക്കുന്നോ; അതു പോലെ (ഇസ്‌ലാമിൽ നിന്ന്) നിഷേധത്തിലേക്ക് തിരിച്ചു പോകുന്നത് അവൻ വെറുക്കുക.” (ബുഖാരി: 16, മുസ്‌ലിം: 43)
ഈ സ്നേഹവും വെറുപ്പുമെല്ലാമാണ് ഇഹലോകത്ത് ശഹാദത് കലിമയുടെ പ്രകടമായ അടയാളമായി നിലകൊള്ളുന്നത്. അതിലാണ് അല്ലാഹുവിന്റെ സൈന്യവും പിശാചിന്റെ സൈന്യവും വേർതിരിയുന്നത്. സത്യസന്ധതയുള്ളവർക്കും കപടവിശ്വാസികൾക്കും ഇടയിൽ മറയുണ്ടാകുന്നത്. അല്ലാഹു പറഞ്ഞു:
وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّـهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّـهِ ۖ
“അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ (ഇസ്‌ലാമിൽ) വിശ്വസിച്ചവർ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ.” (ബഖറ: 165)
ദീനിന്റെ മഹത്തരമായ പദവിയാണ് അവസാനം പറഞ്ഞ ഈ നിബന്ധന. അതിനെ കുറിച്ച് വാക്കുകൾ കൊണ്ട് വർണ്ണിക്കുക എന്നത് അസാധ്യം തന്നെ. ഓരോ മുസ്‌ലിമും അവന്റെ ശഹാദതിലുള്ള ആഴവും പരപ്പുമനുസരിച്ച് അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹത്തിന്റെ ഈ സമുദ്രത്തിൽ ഇറങ്ങിത്തിരിക്കുക മാത്രമേ അതറിയാൻ മാർഗമായുള്ളൂ.
അപ്പോൾ നീ ചിന്തിക്കുക! അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യാൻ പറഞ്ഞാൽ ധൈര്യത്തോടെ കള്ളസത്യം ചെയ്യുകയും, ‘ഔലിയയുടെ’ ജാറത്തിലെ കയറിന്മേൽ പിടിച്ച് സത്യം ചെയ്യാൻ പറഞ്ഞാൽ ഹൃദയം പേടികൊണ്ടു വിറക്കുകയും ചെയ്യുന്നവന്റെ സ്നേഹമെവിടെ?! നിസ്കാരത്തിൽ നിന്നാൽ നിരന്തരം കോട്ടുവായിട്ടും, മേലാസകലം ചൊറിഞ്ഞും അലസതയോടെ തീർക്കുന്നവൻ ജാറത്തിലെ വലിയ്യിന് മുൻപിൽ ഹൃദയം തുറന്നും കണ്ണുകൾ നിറഞ്ഞും വിനയത്തോടെ നിൽക്കുമ്പോൾ അവന്റെ ശഹാദതും അതിനോടുള്ള സ്നേഹവുമെവിടെ?!
എന്റെ പ്രിയ സഹോദരാ -അല്ലാഹു നിനക്ക് എല്ലാ നന്മകളും നൽകട്ടെ! നിന്റെ മേൽ നിന്ന് എല്ലാ തിന്മകളെയും അകറ്റട്ടെ-! മേൽ പറഞ്ഞ നിബന്ധനകൾ ഒരാവർത്തി കൂടി വായിക്കുക! എന്നിട്ട് സ്വന്തം ജീവിതത്തിലേക്ക് നഷ്ടപ്പെട്ട സൂചി തിരയുന്ന ശ്രദ്ധയോടെ തിരിഞ്ഞു നോക്കുക. വിടവുകൾ നികത്തുക. അധികപ്പറ്റുകൾ തുടച്ചു നീക്കുക. വളവുകൾ നേരെയാക്കുക. കൃത്യമാക്കുക. മരണം നിനക്ക് തൊട്ടടുത്ത് തന്നെയുണ്ട്!
Assalamu alaikum
pdf download option vekkamo?
وعليكم السلام ورحمة الله وبركاته
No problem. Give the link if you wish.
السلام عليكم ورحمة الله
Copy paste anuvadikkumo?