തൗഹീദിന് വേരുകള്‍ ഉള്ളത് പോലെ തന്നെ അതിന് ശാഖകളും ഇലകളും ഫലങ്ങളുമുണ്ടെന്ന് പറഞ്ഞല്ലോ? തൗഹീദിന്റെ വേര് ആഴത്തില്‍ ഇറങ്ങുകയും പടര്‍ന്നു പിടിക്കുകയും ചെയ്യുന്നതിന് അനുസരിച്ച് അതിന്റെ വ്യാപ്തി വര്‍ദ്ധിക്കും. ഉയരവും വണ്ണവും കൂടും.

ഹൃദയത്തില്‍ തൗഹീദിന്റെ അടിസ്ഥാനം ശക്തമായാല്‍ അതിന്റെ പ്രതിഫലനങ്ങള്‍ സംസാരത്തിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം പ്രകടമായി തുടങ്ങും. അയാളുടെ സര്‍വ്വ വ്യവഹാരങ്ങളുടെയും അടിസ്ഥാനം തൗഹീദായി മാറും. ഇതിനെയാണ് തൗഹീദിന്റെ പൂര്‍ത്തീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

തൗഹീദിന്റെ അടിസ്ഥാനം ശരിയായി എന്ന് ബോധ്യമായാല്‍ പിന്നീട് ഓരോ മുസ്‌ലിമും അതിന്റെ പൂര്‍ത്തീകരണത്തിനായി ശ്രമം തുടങ്ങണം. ഉദാഹരണത്തിന് അല്ലാഹുവിന് മാത്രം ഇബാദത് നല്‍കുകയും, ജാറങ്ങളെയും മഖ്ബറകളെയും ഉപേക്ഷിക്കുകയും ചെയ്ത ഒരു വ്യക്തി അതിന് ശേഷം തൗഹീദിന്റെ അടുത്ത പടിയിലേക്ക് പ്രവേശിക്കണം. ഈ വഴിയെ രണ്ട് ഘട്ടങ്ങളായി തിരിക്കാം.

ഒന്ന്: നിര്‍ബന്ധമായ തൗഹീദ്.

രണ്ട്: സുന്നത്തായ തൗഹീദ്.

ഖുര്‍ആനിലും ഹദീസിലും ഈ വിഷയത്തില്‍ വന്നിട്ടുള്ള തെളിവുകള്‍ സ്വരൂപിച്ച ശേഷം പണ്ഡിതന്മാര്‍ വിശദീകരിച്ചതിന്റെ ചുരുക്കം ഇവിടെ പറയട്ടെ.

നിര്‍ബന്ധമായ തൗഹീദ് നേടിയെടുക്കാന്‍ ഒരാളില്‍ നാല് കാര്യങ്ങള്‍ ഉണ്ടായിരിക്കണം. താഴെ പറയുന്നവയാണ് അവ.

ഒന്ന്: ചെറിയ ശിര്‍ക് ഒഴിവാക്കല്‍.

അല്ലാഹുവിന് വേണ്ടി ചെയ്യേണ്ട ഇബാദതുകളില്‍ ചിലതെല്ലാം ജനങ്ങള്‍ കാണുന്നതിനോ അവരുടെ പ്രശംസ പിടിച്ചു പറ്റുന്നതിനോ മറ്റോ ചെയ്യുകയും, അങ്ങനെ അല്ലാഹുവിന് മാത്രം ഇബാദതുകള്‍ നിഷ്കളങ്കമാക്കുന്നതില്‍ പിഴവ് വരുത്തലുമാണ് ചെറിയ ശിര്‍ക് എന്നത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ലോകമാന്യം. ഇത് ഒരാളില്‍ സംഭവിക്കുന്നത് ഇബാദതുകള്‍ അല്ലാഹുവിന് മാത്രം ചെയ്യുക എന്ന തൗഹീദിന്റെ പരമപ്രധാനമായ അടിസ്ഥാനത്തിന് പോറലേല്‍പ്പിക്കും എന്നതില്‍ സംശയമില്ല.

രണ്ട്: ബിദ്അത്തുകള്‍ ഒഴിവാക്കല്‍.

ദീനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്ലാഹുവോ റസൂലോ പഠിപ്പിക്കാത്ത ആചാരങ്ങളും അനുഷ്ടാനങ്ങളുമൊക്കെയാണ് ബിദ്അതുകള്‍ (പുത്തനാചാരങ്ങള്‍). ഉദാഹരണത്തിന് നബിദിനാഘോഷം. അല്ലാഹു അവതരിപ്പിച്ച ദീനിന് പൂര്‍ണ്ണമായി കീഴൊതുങ്ങുകയും, എല്ലാ നന്മ-തിന്മകളും അവന്‍ വിശദമാക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുകയും ചെയ്യേണ്ട ഒരു മുസ്‌ലിം അല്ലാഹുവിന്റെ ദീനില്‍ അവന്‍ തെളിവ് അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കാര്യം കൊണ്ടു വരുന്നുണ്ടെങ്കില്‍ അത് അല്ലാഹുവിന് എതിരാകലാണ്. തൗഹീദിന്റെ അന്തസ്സത്തക്ക് അത് കുറവ് വരുത്തുമെന്നതില്‍ സംശയമില്ല.

മൂന്ന്: കബാഇറുകള്‍ തുടര്‍ച്ചയായി ചെയ്യുന്നത് ഒഴിവാക്കല്‍.

അല്ലാഹുവോ റസൂലോ വന്‍പാപങ്ങളില്‍ ഉള്‍പ്പെട്ടതായി അറിയിച്ച തിന്മകളാണ് കബാഇറുകള്‍ (വന്‍പാപങ്ങള്‍). അത്തരം തിന്മകളില്‍ തുടര്‍ന്നു പോവുകയും അല്ലാഹുവിനോട് പശ്ചാത്താപം തേടുന്നത് വൈകിക്കുകയും ചെയ്യുന്നത് ഒഴിവാക്കണം. ഉദാഹരണത്തിന് വ്യഭിചാരം. അല്ലാഹുവിന്റെ മഹത്വവും ഗാംഭീര്യവും അവന്റെ നാമ-ഗുണ-വിശേഷണങ്ങളിലൂടെ മനസ്സിലാക്കുകയും, അതില്‍ അല്ലാഹുവിനെ ഏകാനാക്കുകയും ചെയ്യല്‍ തൗഹീദിന്റെ ഇനങ്ങളില്‍ ഒന്നാണല്ലോ? ഈ അറിവിലും ബോധ്യത്തിലുമുള്ള കുറവില്‍ നിന്നാണ് വന്‍പാപങ്ങളില്‍ തുടര്‍ന്നു പോകാനുള്ള ധൈര്യം അവന് കൈവന്നിരിക്കുന്നത്. അത് തൗഹീദിന്റെ പൂര്‍ണ്ണതയെ ബാധിക്കുമെന്നതില്‍ സംശയമില്ല.

നാല്: നിര്‍ബന്ധകര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുക.

അല്ലാഹു -تَعَالَى- നിര്‍ബന്ധമായും ചെയ്യണം എന്ന് കല്‍പ്പിക്കുകയും, ഒഴിവാക്കാന്‍ സ്വാതന്ത്ര്യം നല്‍കാതെ കണിശമായി പറയുകയും ചെയ്ത കാര്യങ്ങളാണ് നിര്‍ബന്ധ കര്‍മ്മങ്ങള്‍ (വാജിബുകള്‍). ഉദാഹരണത്തിന് അഞ്ചു നേരത്തെ നിസ്കാരം. അല്ലാഹു -تَعَالَى- നിര്‍ബന്ധമായും ചെയ്യാന്‍ കല്‍പ്പിച്ച ഒരു കാര്യം ഉപേക്ഷിക്കുക അല്ലാഹുവിനെ ശരിയാംവണ്ണം മനസ്സിലാക്കിയ ഒരു മുവഹ്ഹിദിന് കഠിനമായിരിക്കും. അല്ലാഹുവിനുള്ള അനുസരണം എന്ന തൗഹീദിന്റെ പ്രധാനപങ്കിലുള്ള കുറവ് കൊണ്ടായിരിക്കും നിര്‍ബന്ധകാര്യങ്ങള്‍ ഒരാള്‍ ഒഴിവാക്കുന്നത് എന്നതിനാല്‍ അതും ഒരാളുടെ തൗഹീദിന്റെ പൂര്‍ണ്ണതക്ക് പരിക്കേല്‍പ്പിക്കും.

എന്താണ് ‘നിര്‍ബന്ധമായ തൗഹീദ്’ പൂര്‍ത്തീകരിച്ചവര്‍ക്കുള്ള പ്രതിഫലം? അവര്‍ക്ക് പരലോകത്ത് നേരിട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കാം; നരകശിക്ഷ തീര്‍ത്തും അനുഭവിക്കേണ്ടി വരില്ല. ദുനിയാവില്‍ പരിപൂര്‍ണ്ണ നിര്‍ഭയത്വവും സൗഭാഗ്യം നിറഞ്ഞ ജീവിതവും അവര്‍ക്കുണ്ടായിരിക്കും. എന്നാല്‍ മേല്‍ പറഞ്ഞതില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ കുറവ് വരുത്തിയവര്‍ക്ക് ഈ ഉറപ്പ് ഒരിക്കലും ലഭിക്കുകയില്ല. അവരെ അല്ലാഹു നരകത്തില്‍ പ്രവേശിപ്പിക്കാനും ശിക്ഷ നല്‍കാനും സാധ്യതയുണ്ട്. ചിലപ്പോള്‍ അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. എന്നാല്‍ നിര്‍ബന്ധമായ തൗഹീദ് പൂര്‍ത്തീകരിച്ചവര്‍ക്ക് ഉണ്ടാകുന്ന നിര്‍ഭയത്വവും സമാധാനവും സ്വസ്ഥതയും അവര്‍ക്ക് ഒരിക്കലും ഉണ്ടാവുകയില്ല.

അല്ലാഹു -تَعَالَى- പറഞ്ഞു:

الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾

“വിശ്വസിക്കുകയും, പിന്നീട് തങ്ങളുടെ വിശ്വാസത്തില്‍ ‘ദ്വുല്‍മ്’ (അതിക്രമം) കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ; അവര്‍ക്കാകുന്നു നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാകുന്നു സന്മാര്‍ഗം പ്രാപിച്ചവരും.” (അന്‍ആം: 82)

ഈ ആയത്തില്‍ നിന്ന് ഈമാന്‍ സ്വീകരിച്ചതിന് ശേഷം അതിക്രമം പ്രവര്‍ത്തിക്കാത്തവര്‍ക്ക് നിര്‍ഭയത്വം -ദുനിയാവിലും ആഖിറതിലും- ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കാം. അതിന്റെ നേര്‍വിപരീതാര്‍ഥം ആരെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അവരുടെ അതിക്രമത്തിന്റെ വണ്ണവും തോതുമനുസരിച്ച് അതില്‍ കുറവുണ്ടാകും എന്നുമാണെന്ന് മനസ്സിലാക്കാം.

(തുടര്‍ന്നു വായിക്കുക)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment