ഒരു മുസ്‌ലിം അവന്റെ ദീന്‍ പൂര്‍ണ്ണതയിലേക്ക് എത്തിക്കാനും അല്ലാഹുവിനുള്ള തന്റെ സമര്‍പ്പണം അങ്ങേയറ്റം കീഴൊതുക്കമുള്ളതാക്കാനും എപ്പോഴും പരിശ്രമിച്ചു കൊണ്ടേയിരിക്കും. തൗഹീദിന്റെ വിശാലമായ വാതായനങ്ങള്‍ താണ്ടിക്കടക്കുവാനുള്ള അവന്റെ പരിശ്രമം നിരന്തരം അവന്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.

തൗഹീദിന്റെ നിര്‍ബന്ധമായ പൂര്‍ത്തീകരണത്തെ കുറിച്ചാണ് കഴിഞ്ഞ കുറിപ്പില്‍ പറഞ്ഞത്. സുന്നത്തായ തൗഹീദിന്റെ പൂര്‍ത്തീകരണത്തെ കുറിച്ച് ഈ കുറിപ്പില്‍ വായിക്കാം. അഞ്ച് കാര്യങ്ങള്‍ ശരിയാക്കിയവര്‍ സുന്നത്തായ തൗഹീദ് പൂര്‍ത്തീകരിച്ചിരിക്കുന്നു എന്നു പറയാം.

ഒന്ന്: മക്‌റൂഹായ കാര്യങ്ങള്‍ ഉപേക്ഷിക്കുക.

അല്ലാഹു നിര്‍ബന്ധമായും വെടിയണമെന്ന് കല്‍പ്പിച്ചിട്ടില്ലാത്ത, എന്നാല്‍ ഒഴിവാക്കുന്നത് അല്ലാഹുവിന് പ്രിയങ്കരമായ ചില കാര്യങ്ങളുണ്ട്. ഹറാമായ കാര്യങ്ങള്‍ പോലെ നിര്‍ബന്ധമായും ഉപേക്ഷിക്കണം എന്നില്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ ഉപേക്ഷിക്കലാണ് ഏറ്റവും ഉത്തമം. രോഗത്തില്‍ അക്ഷമ പ്രകടിപ്പിക്കലും, ഒപ്പമുള്ളവരോട് ആവലാതി പറഞ്ഞു കൊണ്ടേയിരിക്കലും, വലതു കൈ കൊണ്ട് മല-മൂത്ര വിസര്‍ജനം ശുദ്ധീകരിക്കലുമെല്ലാം ചില ഉദാഹരണങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ ഉപേക്ഷിക്കുക എന്നത് അല്ലാഹുവിനോടുള്ള ഒരാളുടെ അടിമത്വത്തിന്റെ പൂര്‍ണ്ണതയെ അറിയിക്കുന്നു. അതിനാല്‍ അത് തൗഹീദിന്റെ ഭാഗവുമായിത്തീരുന്നു.

രണ്ട്: അനുവദനീയമായ കാര്യങ്ങള്‍ പരിധിവിട്ട് അധികരിപ്പിക്കുന്നത് ഉപേക്ഷിക്കുക.

അല്ലാഹു ദുനിയാവില്‍ അനേകം കാര്യങ്ങള്‍ നമുക്ക് അനുവദിച്ചു തന്നിട്ടുണ്ട്. ഭക്ഷണം കഴിക്കലും, ചിരിയും ഉറക്കവും, സംസാരത്തില്‍ ഏര്‍പ്പെടലും, അനുവദനീയമായ വിനോദങ്ങളില്‍ ഏര്‍പ്പെടലുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍ ഇവ പരിധിവിട്ട് അധികരിപ്പിക്കുക എന്നത് അല്ലാഹുവിനു ഇബാദത് ചെയ്യുന്നതിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ് താന്‍ എന്ന ബോധ്യം ദൃഡമായിട്ടുള്ള ഒരു പരിപൂര്‍ണ്ണ മുസ്‌ലിമില്‍ നിന്നുണ്ടാവുകയില്ല. അതിനാല്‍ അല്ലാഹുവിനുള്ള അടിമത്വം പൂര്‍ത്തീകരിച്ചവര്‍ അതില്‍ നിന്ന് മുക്തരായിരിക്കും.

മൂന്ന്: അവ്യക്തമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍.

അല്ലാഹുവിന്റെ ദീനില്‍ ഹലാലുകളും ഹറാമുകളും വ്യക്തമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ഹലാലാണോ ഹറാമാണോ എന്നത് ജനങ്ങളില്‍ ചിലര്‍ക്ക് അവ്യക്തമായി വന്നേക്കാം. അവയുടെ വിധി എന്താണ് എന്ന് അവര്‍ക്ക് വ്യക്തമായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടായിരിക്കില്ല. ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക എന്നത് അല്ലാഹുവിനെ വളരെ സൂക്ഷിക്കുകയും അവന്റെ വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കണം എന്ന നിഷ്കര്‍ഷത വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന ഒരു മുസ്‌ലിമിന്റെ സ്വഭാവത്തില്‍ പെട്ടതായിരിക്കും. അല്ലാഹുവിനെ അറിഞ്ഞു കൊണ്ട് തൗഹീദ് മനസ്സിലാക്കിയ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനു ഇഷ്ടമില്ലാത്തത് എന്തെങ്കിലും തന്നില്‍ നിന്ന് സംഭവിക്കുമോ എന്ന വ്യഥയും ആശങ്കയും അവനുണ്ടായിരിക്കും. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ഉപേക്ഷിക്കുന്നതും തൗഹീദിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ്.

നാല്: ജനങ്ങളോട് ചോദിക്കുന്നത് ഉപേക്ഷിക്കല്‍.

അല്ലാഹുവില്‍ പരിപൂര്‍ണ്ണമായി ഭരമേല്‍പ്പിച്ച മുസ്‌ലിമിന് അവന്റെ ഏതു കാര്യങ്ങള്‍ക്കും അല്ലാഹു മതിയായവനായിരിക്കും. അല്ലാഹുവിന്റെ അടിമയാകാനും, അതില്‍ പ്രതാപവും അഭിമാനവും ഉള്ളവനായിരിക്കാനും അവന്‍ സന്നദ്ധനായിരിക്കും. അതു കൊണ്ട് തന്നെ അവന്റെ സര്‍വ്വ ആവശ്യങ്ങളും അവന്‍ അല്ലാഹുവിനു മുന്‍പില്‍ മാത്രമേ സമര്‍പ്പിക്കുകയുള്ളൂ. ഈ ബോധ്യം മനസ്സില്‍ രൂഡമൂലമായ ഒരാള്‍ അല്ലാഹുവിനു പുറമേ മറ്റൊരാള്‍ക്ക് മുന്നില്‍ ദൈന്യതയോടെ കൈ നീട്ടേണ്ട ഒരു സ്ഥിതി വിശേഷവും തന്റെ ജീവിതത്തില്‍ ഉണ്ടാകുന്നത് തൃപ്തിപ്പെടുകയില്ല. അല്ലാഹു തന്റെ കാര്യങ്ങള്‍ പൂര്‍ണ്ണമായി ഏറ്റെടുക്കും എന്ന ബോധ്യം ഉള്ളതിനാല്‍ തന്നെ മറ്റാരുടെയും സഹായത്തിനായി അവന്‍ താഴ്ന്നു നില്‍ക്കുകയുമില്ല.

തൗഹീദിന്റെ പൂര്‍ണ്ണതയിലെ അങ്ങേയറ്റം മനോഹരമായ –പ്രതാപം നിറഞ്ഞു നില്‍ക്കുന്ന- അവസ്ഥകളില്‍ ഒന്നാണിത്. ഒട്ടകപ്പുറത്ത് ഇരിക്കവെ താഴെ വീണു പോയ തന്റെ വടിയൊന്നു എടുത്തു നല്‍കാന്‍ വേണ്ടി പോലും മറ്റൊരാളോട് ചോദിക്കാതിരുന്ന ചില സ്വഹാബികളെ സൃഷ്ടിച്ചത് ഈ തൗഹീദിന്റെ പൂര്‍ണ്ണ വെളിച്ചമല്ലാതെ മറ്റൊന്നല്ല. പ്രയാസങ്ങള്‍ കഠിനമായാലും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു കൊണ്ട് –മറ്റൊരാളോട് മന്ത്രിച്ചു നല്‍കാന്‍ ആവശ്യപ്പെടാതിരിക്കുക എന്നതും- പരിപൂര്‍ണ്ണമായ ഈ തൗഹീദിന്റെ ഭാഗം തന്നെയാണ്.

അഞ്ച്: സുന്നത്തുകള്‍ പ്രവര്‍ത്തിക്കല്‍.

അല്ലാഹു നിര്‍ബന്ധമായും ചെയ്യണമെന്ന് കല്‍പ്പിച്ചിട്ടില്ലാത്ത –എന്നാല്‍ അവന് ഏറെ പ്രിയങ്കരമായ പ്രവര്‍ത്തനങ്ങളാണ്- സുന്നത്തുകള്‍. മുസ്തഹബ്ബായ പ്രവര്‍ത്തനങ്ങള്‍ എന്നും അവക്ക് പറയാം. ഫര്‍ദ്വ് നിസ്കാരങ്ങളോട് ഒപ്പമുള്ള റവാതിബ് നിസ്കാരങ്ങള്‍, തിങ്കള്‍-വ്യാഴം ദിവസങ്ങളിലെ നോമ്പ്, സകാത്തല്ലാത്ത ദാനദര്‍മ്മങ്ങള്‍; ഇവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. അല്ലാഹുവിനു പ്രിയങ്കരമായ ഇത്തരം കര്‍മ്മങ്ങള്‍ നിറവേറ്റുക എന്നത് അല്ലാഹുവിനോടുള്ള പരിപൂര്‍ണ്ണമായ സ്നേഹത്തിന്റെയും ആദരവിന്റെയും ഭാഗമാണ്. അതിനാല്‍ തന്നെ അത് തൗഹീദിന്റെ പൂര്‍ത്തീകരണത്തെ അതിന്റെ ഉത്തുംഗതയില്‍ എത്തിക്കുന്ന മഹത്തരമായ കാര്യമായി തീരുന്നു.

മേല്‍ പറഞ്ഞ അഞ്ചു കാര്യങ്ങള്‍ സുന്നത്തായ തൗഹീദിന്റെ പൂര്‍ത്തീകരണമാണ്. നിര്‍ബന്ധമായ തൗഹീദ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള പ്രതിഫലം കഴിഞ്ഞ കുറിപ്പില്‍ നാം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍എന്നാല്‍്ടുണ്ട്ള‍ല സുന്നത്തായ തൗഹീദ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള പ്രതിഫലം അതിനേക്കാള്‍ മഹത്തരമാണ്.

അവരുടെ പ്രവര്‍ത്തനങ്ങള്‍ പരലോകത്ത് വിചാരണ ചെയ്യപ്പെടുകയേ ഇല്ല. ഒരു ചോദ്യവുമില്ലാതെ, പരിപൂര്‍ണ്ണ നിര്‍ഭയത്വത്തോടെ അവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയും. ഇതിനെല്ലാം പുറമെ ദുനിയാവില്‍ പരിപൂര്‍ണ്ണ നിര്‍ഭയത്വയും സമാധാനവും സൗഭാഗ്യകരമായ ജീവിതവും, ഖബറില്‍ അങ്ങേയറ്റത്തെ സ്വസ്ഥതയും സന്തോഷവും അല്ലാഹുവില്‍ നിന്നുള്ള പിന്‍ബലവും അവര്‍ക്ക് ഉണ്ടായിരിക്കും.

عَنْ ابْنِ عَبَّاسٍ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «يَدْخُلُ الجَنَّةَ مِنْ أُمَّتِي سَبْعُونَ أَلْفًا بِغَيْرِ حِسَابٍ، هُمُ الَّذِينَ لاَ يَسْتَرْقُونَ، وَلاَ يَتَطَيَّرُونَ، وَعَلَى رَبِّهِمْ يَتَوَكَّلُونَ»

നബി -ﷺ- പറഞ്ഞു: “എന്റെ ഉമ്മതില്‍ നിന്ന് എഴുപതിനായിരം പേര്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. മന്ത്രിക്കാന്‍ ആവശ്യപ്പെടുകയോ, ശകുനം നോക്കുകയോ ചെയ്യാത്ത; തങ്ങളുടെ റബ്ബില്‍ ഭരമേല്‍പ്പിക്കുന്നവരാണ് അവര്‍.” (ബുഖാരി: 6472)

ഈ ഹദീസ് സുന്നത്തായ തൗഹീദ് പൂര്‍ത്തീകരിച്ചവരുടെ ചില സ്വഭാവങ്ങളും സവിശേഷതകളുമാണ് പരാമര്‍ശിച്ചത്. മേലെ നല്‍കിയ ഹദീസ് അതിലേക്കുള്ള ചില സൂചനകളും, സുന്നത്തായ തൗഹീദ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള പ്രതിഫലത്തെ കുറിച്ചുമാണ് അറിയിക്കുന്നത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment