ചില വഴിത്തിരിവുകള്‍

നബി -ﷺ- യും സ്വഹാബികളും ബദ്റിന് അടുത്തായി താവളമടിച്ചു. മുശ്രിക്കുകള്‍ക്ക് വെള്ളം ശേഖരിക്കുന്നതിനായി വന്ന രണ്ടു പേരെ ഇതിനിടയില്‍ സ്വഹാബികള്‍ പിടികൂടി. അവര്‍ പറഞ്ഞ വിവരങ്ങളില്‍ നിന്ന് മുശ്രിക്കുകളുടെ സൈന്യം 900 നും 1000 നും ഇടയില്‍ ആണെന്ന് നബി -ﷺ- കണക്കുകൂട്ടി.

ഈ സമയം അബൂ സുഫ്യാന്റെ യാത്രാസംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയും മക്കയില്‍ സുരക്ഷിതരായി എത്തിച്ചേരുകയും ചെയ്തിരുന്നു. തന്റെ യാത്രാ സംഘം രക്ഷപ്പെട്ടുവെന്നും, അതിനാല്‍ സൈന്യത്തെ തിരിച്ചു പറഞ്ഞയക്കണമെന്നും അറിയിച്ചു കൊണ്ട് അബൂ സുഫ്യാന്‍ ഖുറൈശികള്‍ക്ക് കത്തെഴുതി.

വിവരമറിഞ്ഞപ്പോള്‍ ഖുറൈഷികളുടെ കൂട്ടത്തില്‍ നിന്ന് ചിലര്‍ തിരിച്ചു പോയി. അവര്‍ പറഞ്ഞു: “നാം പുറപ്പെട്ടത് നമ്മുടെ യാത്രാസംഘത്തെ സംരക്ഷിക്കുന്നതിനാണ്. അത് സാധിച്ചിരിക്കുന്നു. ഇനി യുദ്ധത്തിന്റെ ആവശ്യമില്ല.”

എന്നാല്‍ അബൂജഹ്ല്‍; അവന്‍ അതൊന്നും ചെവികൊണ്ടില്ല. അവന്‍ പറഞ്ഞു: “അല്ലാഹു സത്യം! ബദ്റില്‍ പോവുകയും, മദ്യം കുടിച്ചും ഒട്ടകത്തെ അറുത്തും ഭക്ഷിച്ചും മദ്യം കുടിച്ചും, നര്‍ത്തതികളുടെ നൃത്തം ആസ്വദിച്ചും മൂന്ന് ദിവസം അവിടെ കഴിച്ചു കൂട്ടുകയും ചെയ്തതിന് ശേഷമേ നാം തിരിച്ചു പോകൂ. അങ്ങനെ അറബികള്‍ ഇനി എന്നെന്നേക്കുമായി നമ്മെ ഭയക്കണം!”

അവന്റെ അഹങ്കാരം മുശ്രിക്കുകളെ ബദ്ര്‍ യുദ്ധത്തില്‍ ഉറപ്പിച്ചു നിര്‍ത്തി. പലര്‍ക്കും മനസ്സില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും അവര്‍ അബൂ ജഹ്ലിന്റെ കണിശമായ തീരുമാനത്തിന് മുന്നില്‍ നിശബ്ദരായിരുന്നു.

പ്രാര്‍ത്ഥന..! പ്രാര്‍ത്ഥന..!

നബി -ﷺ- ഖുറൈഷികളെക്കാള്‍ മുന്‍പ് ബദ്റിലെ വെള്ളത്തിന് അരികില്‍ എത്തിയിരുന്നു. അത് മുസ്‌ലിംകള്‍ക്ക് വലിയ സഹായമായി തീര്‍ന്നു. അവര്‍ക്ക് കുടിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമെല്ലാം സുലഭമായി വെള്ളം ലഭിച്ചു. എന്നാല്‍ ഖുറൈശികള്‍ക്കും ബദ്റിലെ വെള്ളത്തിനും ഇടയില്‍ അല്ലാഹു തടസ്സം സൃഷ്ടിച്ചു.

നബി -ﷺ- ക്ക് വേണ്ടി ഒരു ചെറിയ കൂടാരം നിര്‍മ്മിക്കപ്പെട്ടു. ഉമര്‍ -ِرَضِيَ اللَّهُ عَنْهُ- വിന്റെ ഹദീസില്‍ വന്നതു പോലെ: അവിടുന്ന് ഖുറൈഷികളുടെ സൈന്യത്തെ വീക്ഷിച്ചു. അവര്‍ ആയിരക്കണക്കിന് പേരുണ്ട്. നബി -ﷺ- യോടൊപ്പമുള്ള സ്വഹാബികളാകട്ടെ; മുന്നൂറ്റി പത്തൊമ്പത് പേരും.

അവിടുന്ന് ഖിബ്ലക്ക് നേരെ തിരിഞ്ഞു. അല്ലാഹുവിനോട് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.

«اللهُمَّ أَنْجِزْ لِي مَا وَعَدْتَنِي، اللهُمَّ آتِ مَا وَعَدْتَنِي، اللهُمَّ إِنْ تُهْلِكْ هَذِهِ الْعِصَابَةَ مِنْ أَهْلِ الْإِسْلَامِ لَا تُعْبَدْ فِي الْأَرْضِ»

“അല്ലാഹുവേ! നീ എനിക്ക് വാഗ്ദാനം ചെയ്തത് പൂര്‍ത്തീകരിച്ചു നല്‍കേണമേ! നീ എനിക്ക് വാഗ്ദാനം ചെയ്തത് നല്‍കേണമേ! അല്ലാഹുവേ! മുസ്‌ലിംകളില്‍ പെട്ട ഈ കൊച്ചു സംഘത്തെ നീ നശിപ്പിക്കുകയാണെങ്കില്‍ നീ ഭൂമിയില്‍ ആരാധിക്കപ്പെടുകയില്ല.”

നബി -ﷺ- അവിടുത്തെ കൈകള്‍ ഖിബ്ലയിലേക്ക് നീട്ടി പ്രാര്‍ഥിച്ചു കൊണ്ടേയിരുന്നു. അവിടുത്തെ മേല്‍മുണ്ട് തോളുകളില്‍ നിന്ന് ഊര്‍ന്നു വീഴുന്നത് വരെ ആ പ്രാര്‍ത്ഥന തുടര്‍ന്നു. അബൂ ബക്ര്‍ -ِرَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അരികില്‍ ചെന്നു. താഴെ വീണു കിടന്ന റസൂലുല്ലയുടെ മേല്‍മുണ്ട് അവിടുത്തെ തോളിലേക്ക് എടുത്തു വെച്ചു കൊണ്ട്, അദ്ദേഹം നബി -ﷺ- യെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു.

അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! അങ്ങയുടെ റബ്ബിനോട് ചോദിച്ചത് മതി! അവന്‍ അങ്ങേക്ക് നല്‍കിയ വാഗ്ദാനം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും.”

നബി -ﷺ- സ്വഹാബികള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു.

«اللَّهُمَّ إِنَّهُمْ حُفَاةٌ فَاحْمِلْهُمُ اللَّهُمَّ إِنَّهُمْ عُرَاةٌ فَاكْسُهُمُ اللَّهُمَّ إِنَّهُمْ جِيَاعٌ فَأَشْبِعْهُمْ»

“അല്ലാഹുവേ! അവര്‍ നഗ്നപാദരാണ്; നീ അവരെ ചുമക്കുക! അല്ലാഹുവേ! അവര്‍ നഗ്നരാണ്; നീ അവരെ ധരിപ്പിക്കുക അല്ലാഹുവേ! അവര്‍ വിശപ്പുള്ളവരാണ്; നീ അവരുടെ വയര്‍ നിറക്കുക!!”

ബദ്റിന്റെ ഈ ഭയാനകമായ വേള ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് പടയാളികള്‍ അണിനിരന്ന സൈന്യത്തിന് മുന്‍പിലേക്ക് ശക്തിയിലും ശേഷിയിലും എത്രയോ പിന്നില്‍ നില്‍ക്കുന്ന ഒരു കൂട്ടര്‍ അകപ്പെട്ടിരിക്കുകയാണ്. മരണം ഉറച്ച പോലെ അവരില്‍ ചിലര്‍ നിലകൊണ്ടു. അല്ലാഹു -تَعَالَى- ആ ഭയാനകമായ അവസ്ഥയെ ഖുര്‍ആനില്‍ ഇപ്രകാരമാണ് വിശേഷിപ്പിച്ചത്.

كَأَنَّمَا يُسَاقُونَ إِلَى الْمَوْتِ وَهُمْ يَنظُرُونَ ﴿٦﴾

“അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നത് പോലെ.” (അന്‍ഫാല്‍: 6)

നബി -ﷺ- യുടെ യുദ്ധപാടവം

യുദ്ധം കേവല ശക്തിപ്രകടനവും എടുത്തു ചാട്ടവുമല്ലല്ലോ? തന്ത്രങ്ങള്‍ക്കും ആലോചിച്ചെടുക്കേണ്ട തീരുമാനങ്ങള്‍ക്കും യുദ്ധത്തിലെ വിജയത്തില്‍ വലിയ പങ്കുണ്ട്. നബി -ﷺ- ഖുറൈശികളുടെ അവസ്ഥ അറിയുന്നതിന് വേണ്ടി ചാരന്മാരെ പറഞ്ഞയച്ചു. അവര്‍ ഖുറൈഷീ സൈന്യത്തിന്റെ ചില വിവരങ്ങളുമായി തിരിച്ചു വന്നു.

ഖുറൈശികളില്‍ അണി നിരന്നിരിക്കുന്ന നേതാക്കന്മാരുടെ പേരുകള്‍ കേട്ടപ്പോള്‍ നബി -ﷺ- സ്വഹാബികളോടായി പറഞ്ഞു:

«هَذِهِ مَكَّةُ قَدْ أَلْقَتْ إِلَيْكُمْ أفْلَاذَ كَبِدِهَا»

“ഇതാ മക്ക; അതിന്റെ കരളിന്റെ കഷ്ണങ്ങളെ നിങ്ങള്‍ക്കായി പുറത്തേക്ക് ഇട്ടിരിക്കുന്നു.”

നബി -ﷺ- സ്വഹാബികളുമായി യുദ്ധക്കളത്തിലൂടെ നടന്നു. ഖുറൈഷികളില്‍ ഒരോരുത്തരും എവിടെയാണ് മരിച്ചു വീഴുകയെന്നത് അവിടുന്ന് അവര്‍ക്ക് കാണിച്ചു കൊടുത്തു. പിന്നീട് അവരില്‍ ഓരോരുത്തരും നബി -ﷺ- ചൂണ്ടിക്കാണിച്ച ഇടങ്ങളില്‍ തന്നെയാണ് മരിച്ചു വീണത്.

യുദ്ധത്തിന് മുന്‍പുള്ള രാത്രി! നബി -ﷺ- നിസ്കാരത്തിലും പ്രാര്‍ത്ഥനയിലുമാണ്. അടുത്ത ദിവസം സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് ഓര്‍ത്ത് സ്വഹാബികളില്‍ പലര്‍ക്കും ഉറക്കം വരുന്നില്ല. പലരും ഭീതിയിലാണ്. അപ്പോഴും അല്ലാഹുവിന്റെ സഹായം അവര്‍ക്ക് മേല്‍ ഇറങ്ങി.

രാത്രിയില്‍ അവര്‍ക്ക് ഒരു ഉറക്കം ബാധിച്ചു. എല്ലാവരും നന്നായി ഉറങ്ങി; നബി -ﷺ- ഒഴികെ. അവിടുന്ന് നിസ്കാരത്തിലും പ്രാര്‍ത്ഥനയിലുമായിരുന്നു. യുദ്ധത്തിന് മുന്‍പുള്ള ഈ ഉറക്കം അവര്‍ക്ക് മാനസികമായ ആശ്വാസം നല്‍കി. ഉണര്‍വ്വും ഉന്മേഷവും പകര്‍ന്നു.

ഉറക്കമുണര്‍ന്നപ്പോള്‍ ചിലര്‍ ജനാബതുകാരായിരുന്നു. കുളിക്കണം! വെള്ളമില്ല. അല്ലാഹുവിന്റെ സഹായം വീണ്ടും ഇറങ്ങി. അവര്‍ക്ക് മേല്‍ അല്ലാഹു മഴ വര്‍ഷിപ്പിച്ചു. യുദ്ധത്തിന് മുന്‍പ് പെയ്ത ഈ മഴ മുഅമിനീങ്ങള്‍ക്ക് സഹായമായി. അവര്‍ നില്‍ക്കുന്ന പ്രദേശം മഴ പെയ്തതോടെ യുദ്ധത്തിന് അനുയോജ്യമായ പ്രതലമായി.

കാഫിറുകള്‍ക്കാകട്ടെ; അത് വലിയ പ്രയാസവുമുണ്ടാക്കി. മുശ്രിക്കുകളുടെ ഭാഗത്തുള്ള മണ്ണ് ചെളി നിറഞ്ഞതും, നില്‍ക്കാന്‍ പ്രയാസമുള്ളതുമായി. അതവരുടെ യുദ്ധത്തിന് മുന്‍പുള്ള ആത്മവിശ്വാസം കുറക്കുകയും, പോരാട്ടവേളയില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

ഖുര്‍ആനില്‍ ഈ ഉറക്കത്തെ കുറിച്ചും മഴയെ കുറിച്ചും  പരാമര്‍ശമുണ്ട്. അല്ലാഹു -تَعَالَى- പറഞ്ഞു:

إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ السَّمَاءِ مَاءً لِّيُطَهِّرَكُم بِهِ وَيُذْهِبَ عَنكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ الْأَقْدَامَ ﴿١١﴾

“അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍ നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക.)” (അന്‍ഫാല്‍: 11)

രണാങ്കണം!

രാവിലെയായി! യുദ്ധത്തിന്റെ ദിവസം!

സത്യവും അസത്യവും വേര്‍തിരിയുന്ന ദിവസം!

അല്ലാഹു -تَعَالَى- പറയുന്നു:

يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعَانِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٤١﴾

“സത്യാസത്യവിവേചനത്തിന്റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍” (അന്‍ഫാല്‍: 41)

യുദ്ധം ആരംഭിക്കുന്ന ദിവസം ഖുറൈശികളില്‍ ചിലര്‍ യുദ്ധത്തില്‍ നിന്ന് പിന്തിരിയാം എന്ന അഭിപ്രായം വീണ്ടും മുന്നോട്ടു വെച്ചു. ചര്‍ച്ച മുന്നോട്ടു പോകുന്നതിനിടെ അബൂ ജഹ്ല്‍ അംര്‍ ബ്നുല്‍ ഹദ്വ്റമിയുടെ സഹോദരനോട് തന്റെ സഹോദരന്റെ രക്തത്തിന് പകരം വീട്ടണമെന്ന കാര്യം എടുത്തിടാന്‍ പറഞ്ഞു. അത് കേട്ടതോടെ ജനങ്ങളെല്ലാം വീണ്ടും ആവേശത്തിലായി. അവരുടെ രക്തം തിളച്ചു.

നബി -ﷺ- സ്വഹാബികളുടെ യുദ്ധമുന്നണി ശരിയാക്കി കൊണ്ടിരുന്നു. അതിനിടയില്‍ ഒരു സംഭവമുണ്ടായി. വളരെ മനോഹരമായ ഒരു സംഭവം.

നബി -ﷺ- ഒരു ചെറിയ വടി കൊണ്ടാണ് സ്വഹാബികളുടെ സ്വഫ്ഫ് ശരിയാക്കി കൊണ്ടിരുന്നത്. അപ്പോള്‍ സവ്വാദ് ബ്നു ഗസിയ്യ എന്ന സ്വഹാബി സ്വഫ്ഫില്‍ നിന്ന് കുറച്ചു മുന്നോട്ടായി നില്‍ക്കുന്നു. നബി -ﷺ- അദ്ദേഹത്തിന്റെ വയറ്റില്‍ വടി കൊണ്ട് ഒരു കുത്തു കൊടുത്തിട്ടു പറഞ്ഞു: “സവ്വാദ്! നേരെ നിലക്ക്!”

അപ്പോള്‍ സവ്വാദ് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! അങ്ങ് എന്നെ വേദനിപ്പിച്ചിരിക്കുന്നു. അല്ലാഹു -تَعَالَى- അങ്ങയെ നിയോഗിച്ചിരിക്കുന്നത് സത്യവും നീതിയുമായി കൊണ്ടാണ്. അതിനാല്‍ എനിക്ക് പകരം വീട്ടണം.”

നബി -ﷺ- അവിടുത്തെ വയറിന്റെ മുകളിലുള്ള വസ്ത്രം നീക്കിക്കൊടുത്തു കൊണ്ടു പറഞ്ഞു: “പകരം വീട്ടികൊള്ളുക.”

അതോടെ സവ്വാദ് നബി -ﷺ- യെ കെട്ടിപ്പിടിച്ചു. അവിടുത്തെ വയറ്റില്‍ ചുംബിച്ചു. നബി -ﷺ- അത്ഭുതത്തോടെ ചോദിച്ചു: “എന്തിനാണ് -സവ്വാദ്- നീ ഇപ്രകാരം ചെയ്തത്?”

അദ്ദേഹം പറഞ്ഞു: “താങ്കള്‍ കാണുന്നത് പോലെ -വലിയൊരു സൈന്യം- ഇതാ മുന്നില്‍ നില്‍ക്കുന്നു. അങ്ങയുമായുള്ള എന്റെ അവസാനത്തെ ബന്ധം എന്റെ ശരീരം അങ്ങയുടെ ശരീരത്തെ സ്പര്‍ശിക്കുക എന്നതാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു.” (സില്‍സിലതുസ്സ്വഹീഹ: 2835)

യുദ്ധം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നബി -ﷺ- അബൂ ബക്റിനോടൊപ്പം തന്റെ കൂടാരത്തില്‍ പ്രവേശിച്ചു. അനസ്വാരികള്‍ അതിന്റെ പുറത്ത് കാവലുമായി നിലകൊണ്ടു.

തുടർന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment