ഇസ്‌ലാമില്‍ ഏതൊരു നിയമവും നിശ്ചയിക്കപ്പെട്ടിരിക്കുന്നത് മഹത്തരമായ ചില യുക്തികള്‍ അവക്ക് പിന്നില്‍ ഉണ്ടായി കൊണ്ടു തന്നെയാണ്. സകാതുല്‍ ഫിത്വറും അപ്രകാരം തന്നെ. ഫിത്വര്‍ സകാതിന്റെ പിന്നിലുള്ള പ്രധാനപ്പെട്ട ചില ലക്ഷ്യങ്ങള്‍ താഴെ പറയാം.

ഒന്ന്: നോമ്പുകാരന് തന്റെ നോമ്പില്‍ സംഭവിച്ച തെറ്റുകള്‍ക്കും കുറവുകള്‍ക്കും പ്രായശ്ചിത്തവും ശുദ്ധീകരണവുമാണ് സകാതുല്‍ ഫിത്വര്‍. തന്റെ നോമ്പ് കൂടുതല്‍ ശുദ്ധമായി എന്ന് അറിയുന്നത് നോമ്പുകാരന് പെരുന്നാളില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു.

രണ്ട്: ദരിദ്രര്‍ക്ക് ആശ്വാസവും എളുപ്പവും സകാതുല്‍ ഫിത്വറിലൂടെ ലഭിക്കുന്നു. പെരുന്നാള്‍ ദിവസം ഭക്ഷണം അന്വേഷിച്ചു നടക്കുകയോ അതിനെ കുറിച്ച് ആവലാതിപ്പെടുകയോ ചെയ്യേണ്ടതില്ലാത്ത അവസ്ഥ സകാതുല്‍ ഫിത്വര്‍ സംജാതമാക്കുന്നു.

മൂന്ന്: ശരീരത്തിന്റെ സകാതാണ് സകാതുല്‍ ഫിത്വര്‍. ഒരു വര്‍ഷം കൂടെ ജീവിക്കാന്‍ അല്ലാഹു അവസരം നല്‍കിയെന്നതിലുള്ള സന്തോഷം ഓരോ മുസ്‌ലിമും സകാതുല്‍ ഫിത്വറിലൂടെ പ്രകടിപ്പിക്കുന്നു.

നാല്: നോമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും നന്ദിയും പ്രകടിപ്പിക്കാന്‍ സകാതുല്‍ ഫിത്വറിലൂടെ സാധിക്കുന്നു.

ഇതിനെല്ലാം പുറമെ അല്ലാഹുവിന് മാത്രം അറിയാന്‍ കഴിയുന്ന, ബുദ്ധിമാന്മാരുടെ ചിന്തകള്‍ക്കും അപ്പുറമുള്ള അനേകം രഹസ്യങ്ങള്‍ ഈ സദഖക്ക് പിന്നില്‍ തീര്‍ച്ചയായും ഉണ്ട്. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment