നബി -ﷺ- യുടെ സ്വാഅ എന്നാല്‍ നാല് മുദ്ദാണ്. ഒരു മുദ്ദ് എന്നാല്‍ ഒത്ത വീതിയും നീളവുമുള്ള കൈകുമ്പിള്‍ നിറയെയാണ്. വളരെ വലിയ കൈയ്യോ, വളരെ ചെറുതോ ആയ കൈയ്യല്ലാത്ത മദ്ധ്യമ നിലവാരത്തിലുള്ള കൈയ്യാണ് പരിഗണിക്കപ്പെടുക. ഏതാണ്ട് മൂന്ന് കിലോയാണ് ഒരു സാഇന്റെ തൂക്കം കണക്കാക്കപ്പെട്ടിട്ടുള്ളത്. അപ്പോള്‍ സകാതുല്‍ ഫിത്വര്‍ ആയി നല്കാന് അനുവാദമുള്ള ഭക്ഷ്യവിഭവങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഏതെങ്കിലും മൂന്ന് കിലോയോളം നല്കിയാല് അയാളുടെ ഫിത്വര്‍ സകാതായി. (അവലംബം: മജ്മൂഉ ഫതാവ/ഇബ്നു ബാസ്: 14/204-205) ഇതേ കണക്കാണ് സഊദിയിലെ പണ്ഡിത സഭയായ ലജ്നതുദ്ദാഇമയും സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ ഇതല്ലാത്ത അഭിപ്രായങ്ങളും സ്വാഇനെ നിർണ്ണയിക്കുന്നതിൽ വന്നിട്ടുണ്ട്. ശൈഖ് ഇബ്നു ഉസൈമീൻ -رَحِمَهُ اللَّهُ- യുടെ അഭിപ്രായത്തിൽ ഒരു സ്വാഅ് എന്നാൽ രണ്ട് കിലോയും നൂറ് ഗ്രാമുമാണ് (2.100). ഒരു സ്വാഅ് രണ്ടേ കാൽ കിലോയാണ് എന്ന അഭിപ്രായമാണ് ശൈഖ് അബ്ദുല്ലാഹ് അത്ത്വയ്യാറിൻ്റേത്. (വബ്ലുൽ ഗമാമ: 2/38)
ഈ രൂപത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാനുള്ള കാരണം സ്വാഅ് തോതിന്റെ അടിസ്ഥാനത്തിലാണ് -തൂക്കത്തിന്റെ അടിസ്ഥാനത്തിലല്ല- കണക്കുകൂട്ടുക എന്നതിനാലാണ്. നാല് കൈക്കുമ്പിളിൽ കൊള്ളുന്നതാണ് ഒരു സ്വാഅ്. ഒരു കൈക്കുമ്പിളിൽ കൊള്ളുന്ന അരിയുടെയും ഈത്തപ്പഴത്തിന്റെയും മറ്റും തൂക്കത്തിൽ വ്യത്യാസമുണ്ടായിരിക്കും. (ഒരു ഗ്ലാസിൽ എടുക്കുന്ന അരിയും സ്പോഞ്ചും തൂക്കുന്നത് ഊഹിച്ചു നോക്കുക. ഒരേ വലിപ്പമാണെങ്കിലും വ്യത്യസ്ത തൂക്കങ്ങളായിരിക്കും രണ്ടിനും ഉണ്ടായിരിക്കുക. ഇത് ധാന്യങ്ങളുടെ കാര്യത്തിലും സംഭവിക്കും.) അതു കൊണ്ടാണ് ഈ പറഞ്ഞ അഭിപ്രായവ്യത്യാസങ്ങൾ സംഭവിക്കുന്നത്.
അതു കൊണ്ട് ആരെങ്കിലും സൂക്ഷ്മതക്ക് വേണ്ടി ഇതിൽ ഏറ്റവും കൂടുതൽ പറഞ്ഞ അഭിപ്രായം സ്വീകരിച്ചാൽ തെറ്റില്ല. ഉദാഹരണത്തിന് മേൽ പറഞ്ഞ അഭിപ്രായങ്ങളിൽ മൂന്ന് കിലോ എന്ന അഭിപ്രായം സൂക്ഷ്മതക്ക് വേണ്ടി ഒരാൾക്ക് സ്വീകരിക്കാം. എന്നാൽ സൂക്ഷ്മതയുടെ പേരിൽ ആരും പറഞ്ഞിട്ടില്ലാത്ത അളവ് എടുത്തു കൊടുക്കുന്നത് ശരിയില്ല. അത് ഒരു നിലക്കുള്ള അതിരുകവിച്ചിലാണ്. ഉദാഹരണത്തിന് ഒരാൾ നാല് കിലോ സകാത്തുൽ ഫിത്വറായി നൽകേണ്ടതില്ല. അയാൾക്ക് അത് മറ്റ് സ്വദഖയായി നൽകാവുന്നതാണ്. വല്ലാഹു അഅ്ലം.