ചോദ്യം: ഞാന്‍ ഒരിക്കല്‍ വുദു എടുത്തു കൊണ്ടിരിക്കവെ എന്റെ വുദു ശരിയായിട്ടില്ലെന്ന് ഒരാള്‍ കാണിച്ചു തന്നു. പിന്നീടൊരിക്കലും ഇത് ആവര്‍ത്തിച്ചു. അതോടെ, മുന്‍പ് ഞാന്‍ വുദു എടുത്തതെല്ലാം ശരിക്കല്ലായിരുന്നു എന്നു എനിക്ക് തോന്നിത്തുടങ്ങി. ഞാന്‍ മുന്‍പ് എടുത്ത വുദുവിന്റെ വിധിയെന്താണ്? ജനാബതിലും ഇതു പോലെ സംശയമുണ്ട്.
ഉത്തരം: വുദു എത്താത്ത ചില സ്ഥലങ്ങള്‍ ഒന്നോ രണ്ടോ തവണ ശ്രദ്ധിച്ചു എന്നത് കാരണത്താല്‍ മുന്‍പ് എടുത്ത എല്ലാ വുദുവിനെ കുറിച്ചും സംശയിക്കേണ്ട കാര്യമില്ല. അതെല്ലാം ശരിയായിട്ടില്ല എന്ന്‍ ഇതില്‍ നിന്ന് മനസ്സിലാക്കാനും കഴിയില്ല.
കാരണം മുന്‍പെടുത്ത വുദുവെല്ലാം ശരിയാണ് എന്നതാണ് നമ്മുടെ അടുക്കലുള്ള അടിസ്ഥാനം. ഈ ഉറപ്പ് ഇല്ലാതെയാകാന്‍ കേവല സംശയമോ സാധ്യതയോ മതിയാകില്ല. ജനാബതില്‍ നിന്നുള്ള കുളിയുടെ കാര്യവും ഇത് പോലെ തന്നെയാണ്.
ചോദ്യകര്‍ത്താവിനോട് ഞങ്ങള്‍ക്ക് നല്‍കാനുള്ള ഉപദേശം: ഇത്തരം സംശയങ്ങളും വസ്വാസുകളും ഒഴിവാക്കണമെന്നും, കൃത്യമായ ഉറപ്പുള്ള കാര്യങ്ങളെ മാത്രം പരിഗണിക്കണമെന്നുമാണ്. അതിനാല്‍ മുന്‍പ് കഴിഞ്ഞു പോയ വുദുകളും, അതിന്റെ അടിസ്ഥാനത്തിലുള്ള നിസ്കാരങ്ങളുമെല്ലാം ശരിയാണ്.
(ലജ്നതുദ്ദാഇമ: 1/1318 ആശയവിവര്‍ത്തനം)