ലൈംഗികതയെ കുറിച്ച് ചിന്തിക്കുകയോ, ലൈംഗികബന്ധം ഉദ്ദേശിക്കുകയോ ചെയ്യുമ്പോൾ ഗുഹ്യസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന, പശിമയുള്ള, വെള്ള നിറത്തിലുള്ള ദ്രാവകമാണ് മദ്യ്. മനിയ്യ് (ശുക്ളം) പുറപ്പെടുമ്പോൾ ഉണ്ടാകാറുള്ളതു പോലെ ആസ്വാദനമോ രതിമൂർച്ചയോ മദ്യ് പുറപ്പെടുമ്പോൾ ഉണ്ടായിക്കൊള്ളണമെന്നില്ല. മനിയ്യ് പുറപ്പെട്ടാൽ ശേഷം ക്ഷീണവും തളർച്ചയും ഉണ്ടാകാറുണ്ടെങ്കിൽ മദ്യ് പുറപ്പെട്ട ശേഷം അതുണ്ടാകുന്നതല്ല. ചിലപ്പോൾ മദ്യ് പുറത്തു പോകുന്നത് അറിഞ്ഞു കൊള്ളണമെന്ന് തന്നെയില്ല. പുരുഷനും സ്ത്രീക്കും മദ്യ് ഉണ്ടാകാമെങ്കിലും സ്ത്രീകളിലാണ് മദ്യ് കൂടുതലായി ഉണ്ടാവുക. [1]
മദ്യ് ശുദ്ധീകരിക്കാൻ കല്ലു കൊണ്ട് ഇസ്തിജ്മാർ ചെയ്താൽ മതിയാകുമോ എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്.
ഒന്നാമത്തെ അഭിപ്രായം: മദ്യ് ലിംഗാഗ്രത്തില് നിന്ന് മറ്റിടങ്ങളിലേക്ക് പരന്നിട്ടില്ലെങ്കില് കല്ലു കൊണ്ട് മദ്യ് തുടക്കുന്നത് മതിയാകുന്നതാണ്. ഹനഫീ മദ്ഹബിന്റെയും, ഹമ്പലീ മദ്ഹബിന്റെയും അഭിപ്രായം ഇതാണ്. [2] മാലികി, ശാഫിഈ മദ്ഹബുകളിലും ഇപ്രകാരം അഭിപ്രായമുണ്ട്. [3] ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- സ്വീകരിച്ച അഭിപ്രായം ഇതാണ്. [4]
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِذَا ذَهَبَ أَحَدُكُمْ إِلَى الْغَائِطِ، فَلْيَذْهَبْ مَعَهُ بِثَلَاثَةِ أَحْجَارٍ يَسْتَطِيبُ بِهِنَّ، فَإِنَّهَا تُجْزِئُ عَنْهُ»
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിലാരെങ്കിലും വിസർജന സ്ഥലത്തേക്ക് പോകുന്നെങ്കിൽ ശുദ്ധീകരിക്കാൻ മൂന്ന് (ചെറിയ) കല്ലുകൾ കയ്യിൽ എടുക്കട്ടെ. അത് അവന് പര്യാപ്തമാകുന്നതാണ്.” (അബൂദാവൂദ്: 40, നസാഈ: 44, അഹ്മദ്: 25056, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)
ഈ ഹദീഥാണ് മദ്യ് ശുദ്ധീകരിക്കുന്നതിനും കല്ലു കൊണ്ട് ശുദ്ധീകരിച്ചാൽ മതിയെന്നതിനുള്ള തെളിവായി പറയപ്പെട്ടത്. വിസർജനം ശുദ്ധീകരിക്കുന്നതിന് കല്ലു കൊണ്ട് ഇസ്തിജ്മാർ ചെയ്താൽ മതിയാകുന്നതാണ് എന്ന ഹദീഥിലെ ഇളവ് എല്ലാ കാര്യത്തിലും ബാധകമാണ് എന്നതാണ് ഈ അഭിപ്രായം സ്വീകരിച്ചവരുടെ ന്യായം.
രണ്ടാമത്തെ അഭിപ്രായം: മദ്യ് ശുദ്ധീകരിക്കാൻ വെള്ളം തന്നെ ഉപയോഗിക്കുക എന്നത് നിർബന്ധമാണ്. മാലികീ മദ്ഹബിലെ അഭിപ്രായം ഇപ്രകാരമാണ്. [5] ശാഫിഈ മദ്ഹബിൽ പ്രബലമായി കണക്കാക്കപ്പെടുന്ന അഭിപ്രായവും ഇപ്രകാരം തന്നെ. [6] ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- ഈ അഭിപ്രായം ശരിയായി സ്വീകരിച്ചിട്ടുണ്ട്.
عَنْ عَلِيٍّ قَالَ: كُنْتُ رَجُلًا مَذَّاءً فَأَمَرْتُ رَجُلًا أَنْ يَسْأَلَ النَّبِيَّ -ﷺ- لِمَكَانِ ابْنَتِهِ، فَسَأَلَ فَقَالَ: «تَوَضَّأْ وَاغْسِلْ ذَكَرَكَ»
അലി -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഞാൻ ധാരാളമായി മദ്യ് വന്നിരുന്ന വ്യക്തിയായിരുന്നു. നബി -ﷺ- യുടെ മകളുടെ സ്ഥാനം കാരണത്താൽ അവിടുത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിക്കാൻ ഞാനൊരാളെ ഏൽപ്പിച്ചു. [7] അദ്ദേഹം ചോദിച്ചപ്പോൾ നബി -ﷺ- പറഞ്ഞു: “നീ വുദു എടുക്കുകയും, നിന്റെ ലൈംഗികാവയവം കഴുകുകയും ചെയ്യുക.” (ബുഖാരി: 269, മുസ്ലിം: 303)
മദ്യ് ശുദ്ധീകരിക്കുന്നതിന് കല്ലു കൊണ്ട് തുടച്ചാൽ മതിയാകില്ലെന്ന അഭിപ്രായത്തിനുള്ള തെളിവായി ഈ ഹദീഥ് പറയപ്പെട്ടിരിക്കുന്നു. ലൈംഗികാവയവം കഴുകണമെന്ന നബി -ﷺ- യുടെ കൽപ്പന വെള്ളം തന്നെ ഉപയോഗിക്കുക എന്നത് നിർബന്ധമാണെന്ന് അറിയിക്കുന്നു എന്നതാണ് ന്യായം. [8]
അതോടൊപ്പം മദ്യ് ശുദ്ധീകരിക്കുന്നതിൽ കേവലം നജസ് വൃത്തിയാക്കുക എന്ന ഉദ്ദേശം മാത്രമല്ല ഉള്ളത്; അതിനാലാണ് മദ്യ് വന്നാൽ വൃഷ്ണങ്ങൾ കൂടെ കഴുകണമെന്ന കൽപ്പന നബി -ﷺ- നൽകിയത് എന്നും ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- വിശദീകരിച്ചിട്ടുണ്ട്. നബി -ﷺ- യുടെ ഹദീഥാണ് ഈ പറഞ്ഞതിനുമുള്ള തെളിവ്.
عَنْ عَبْدِ اللَّهِ بْنِ سَعْدٍ الْأَنْصَارِيِّ قَالَ: سَأَلْتُ رَسُولَ اللَّهِ -ﷺ- … عَنِ المَاءِ يَكُونَ بَعْدَ الْمَاءِ، فَقَالَ: «ذَاكَ الْمَذْيُ، وَكُلُّ فَحْلٍ يَمْذِي، فَتَغْسِلُ مِنْ ذَلِك فَرْجَكَ وَأُنْثَيَيْكَ، وَتَوَضَّأْ وُضُوءَكَ لِلصَّلَاةِ»
അബ്ദുല്ലാഹി ബ്നു സഅ്ദ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഞാൻ നബി -ﷺ- യോട് തുടരെത്തുടരെ വരുന്ന വെള്ളത്തെ കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: “അത് മദ്യാണ്. എല്ലാ പുരുഷന്മാർക്കും മദ്യ് ഉണ്ടാകുന്നതാണ്. [9] അങ്ങനെ വന്നാൽ നിന്റെ ലൈംഗികാവയവവും വൃഷ്ണങ്ങളും കഴുകുക. അതോടൊപ്പം നിസ്കാരത്തിന് വേണ്ടി ചെയ്യുന്നത് പോലെ വുദു എടുക്കുകയും ചെയ്യുക.” (അബൂദാവൂദ്: 211, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)
മദ്യ് കല്ലു കൊണ്ട് ശുദ്ധീകരിക്കുന്നത് ശരിയാകില്ല എന്നാണ് ഈ ഹദീഥുകളുടെ വെളിച്ചത്തിൽ മനസ്സിലാകുന്നത്. ഇതേ കാരണത്താൽ ടവ്വലോ മറ്റോ കൊണ്ട് മദ്യ് തുടക്കുന്നതും ശരിയാവുന്നതല്ല എന്നാണ് മനസ്സിലാകുന്നത്. വല്ലാഹു അഅ്ലം.
[1] الحنابلة: شرح مسلم للنووي: 3/213.
[2] الحنفية: شرح مختصر الطحاوي للجصاص: 1/348، البناية للعيني: 1/756، وينظر: بدائع الصنائع للكاساني: 1/19.
الحنابلة: كشاف القناع للبهوتي: 1/70، وينظر: المغني لابن قدامة: 1/114.
[3] المالكية: التمهيد لابن عبدِ البَرِّ: 21/205، الذخيرة للقرافي: 1/206.
الشافعية: الحاوي الكبير للماوردي: 1/160، شرح النووي على مسلم: 3/213.
[4] شرح عمدة الفقه لابن تيميَّة: 1/156.
[5] المالكية: مواهب الجليل للحطَّاب: 1/412، وينظر: القوانين الفقهيَّة لابن جَزِي: ص: 29.
[6] شرح النووي على مسلم: 3/213، المجموع للنووي: 2/144.
[7] നബി -ﷺ- യുടെ മകൾ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- യെ ആയിരുന്നല്ലോ അലി -رَضِيَ اللَّهُ عَنْهُ- വിവാഹം ചെയ്തിരുന്നത്. തന്റെ പത്നിയുടെ പിതാവിനോട് ലജ്ജാകരമായ ഒരു കാര്യം ചോദിക്കാൻ അദ്ദേഹം മടിച്ചുവെന്നാണ് ഉദ്ദേശം.
[8] إحكام الأحكام: ص 56.