6. വുദു

വുദൂഇന്റെ അവയവങ്ങൾ പരിധിയിൽ കൂടുതൽ നീട്ടി കഴുകുന്നത് സുന്നത്തുണ്ടോ?

നബി -ﷺ- യുടെ ഉമ്മത്തിന്റെ പ്രത്യേകതയായി അവർക്ക് പരലോകത്ത് വുദൂഇന്റെ അവയവങ്ങൾ പ്രകാശിക്കുന്നതാണ് എന്ന് നബി -ﷺ- യുടെ ഹദീഥുകളിൽ വന്നിട്ടുണ്ട്. നബി -ﷺ- യുടെ ഉമ്മത്തിന്റെ മുഖങ്ങളിൽ പ്രകാശിക്കുന്ന ശോഭയെ ഗുർറത് എന്നും, കൈകാലുകളിലുണ്ടാകുന്ന പ്രകാശത്തെ തഹ്ജീൽ എന്നുമാണ് പറയുക. ഈ പ്രകാശം കൂടുതൽ ലഭിക്കുന്നതിന് വേണ്ടി വുദൂഇന്റെ അവയവങ്ങൾ നിർബന്ധമായ പരിധിയേക്കാൾ കൂടുതൽ ഭാഗങ്ങളിലേക്ക് (കൈമുട്ടിന് മുകളിലേക്കും, കാലുകളിൽ നെരിയാണിക്ക് മുകളിലേക്കും) നീട്ടി കഴുകുക എന്നത് പാടുണ്ടോ?

കർമ്മശാസ്ത്രത്തിൽ ‘ഇത്വാാലതുൽ ഗുർറഃ വത്തഹ്ജീൽ’ (إطالة الغرة والتحجيل) എന്നാണ് ഈ വിഷയത്തിനെ വിശേഷിപ്പിക്കാറുള്ളത്. ഇത് സുന്നത്താണോ അല്ലയോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. 

വുദൂഇൽ ഇത്തരത്തിൽ പരിധിവിട്ട് നീട്ടി കഴുകൽ സുന്നത്തല്ല എന്നതാണ് മാലികീ മദ്‌ഹബിന്റെ വീക്ഷണവും, ഇമാം അഹ്‌മദിൽ നിന്നുള്ള ഒരു നിവേദനവും. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ, ഇബ്‌നുൽ ഖയ്യിം, ശൈഖ് ഇബ്‌നു ബാസ്, ശൈഖ് ഇബ്‌നു ഉഥൈമീൻ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാർ ഈ അഭിപ്രായമാണ് പ്രബലപ്പെടുത്തിയത്.

ഈ വീക്ഷണത്തിനുള്ള തെളിവുകൾ:

1. മേൽക്കൈയ്യിന്റെ ഭാഗത്തേക്ക് നീട്ടി കഴുകുക എന്നത് ‘ഗുർറത്തിൽ’ പെട്ടതല്ല; കാരണം ഗുർറത് എന്നത് മുഖത്താണ് ഉള്ളത്. കൈകാലുകളിലുള്ളത് തഹ്ജീലാണ്.

2. മുഖത്തിന്റെ മുഴുവൻ ഭാഗങ്ങളും വുദൂഇൽ കഴുകൽ നിർബന്ധമാണ്. മുഖത്തിന്റെ പരിധി വിട്ട് തലയുടെ ഭാഗത്തേക്ക് കൂടുതൽ കഴുകുക എന്നത് അസാധ്യമാണ്; കാരണം തലയിൽ കഴുകലല്ല, മറിച്ച് മസ്ഹ് (തടവൽ) മാത്രമാണ് ശർഇൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

3. നബി -ﷺ- യുടെ വുദൂഅ് വിശദീകരിച്ച സ്വഹാബികളാരും തന്നെ നബി -ﷺ- ഇപ്രകാരം പരിധിവിട്ട് മേലോട്ട് നീട്ടി കഴുകിയതായി ഉദ്ധരിച്ചിട്ടില്ല. ഹദീഥിൽ വന്നിട്ടുള്ള «ആർക്കെങ്കിലും തന്റെ പ്രകാശം വർദ്ധിപ്പിക്കാൻ സാധിക്കുമെങ്കിൽ അവൻ ചെയ്യട്ടെ» എന്ന വാക്ക് നബി -ﷺ- യുടേതല്ല; മറിച്ച് അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- വിന്റെ വാക്കുകളിൽ പെട്ടതാണെന്ന്, അത് ഹദീഥിലേക്ക് പിന്നീട് കടന്നു കൂടിയതാണെന്നും (മുദ്‌റജ്) ഇബ്‌നു ഹജർ വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ ബാരീ: 1/236)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: