6. വുദു

വുദൂഇൽ കഴുത്ത് തടവൽ സുന്നത്തുണ്ടോ?

വുദൂഅ് ചെയ്യുമ്പോൾ തലയും ചെവികളും തടവിയ ശേഷം കഴുത്ത് തടവൽ (മസ്ഹ് ചെയ്യൽ) സുന്നത്തല്ല. മാലികീ, ശാഫിഈ, ഹമ്പലീ മദ്‌ഹബുകളുടെയും , ഹനഫീ മദ്‌ഹബിലെ ഒരു അഭിപ്രായവുമാണ് ഇത്. കാരണം:

1. അല്ലാഹു വിശുദ്ധ ഖുർആനിൽ വുദൂഇന്റെ അവയവങ്ങളെ കുറിച്ച് വ്യക്തമാക്കിയപ്പോൾ കഴുത്ത് തടവാൻ കൽപിച്ചിട്ടില്ല.

2. നബി -ﷺ- യുടെ വുദൂഇന്റെ പൂർണ്ണ രൂപം വിശദമായി പ്രതിപാദിക്കുന്ന നിരവധി സ്വഹീഹായ ഹദീഥുകൾ വന്നിട്ടുണ്ട്. ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ-, അലി -رَضِيَ اللَّهُ عَنْهُ-, അബ്ദുല്ലാഹിബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- തുടങ്ങിയ പ്രമുഖ സ്വഹാബികൾ അവിടുത്തെ വുദൂഅ് വിശദീകരിച്ചിട്ടുണ്ട്. എന്നാൽ അവയിലൊന്നിൽ പോലും നബി -ﷺ- കഴുത്ത് തടവിയതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. കഴുത്ത് തടവുന്നതുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഹദീസുകളെല്ലാം തികച്ചും ദുർബലമോ കെട്ടിച്ചമച്ചതോ (മൗദ്വൂഅ്) ആണ്.

നവവി -رَحِمَهُ اللَّهُ- പറയുന്നു: “കഴുത്ത് തടവാൻ കൽപ്പിക്കുന്ന ഒന്നും നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല. അത് സുന്നത്തല്ല; മറിച്ച് ബിദ്അത്തുകളിലാണ് ഉൾപ്പെടുക.” (മജ്മൂഅ്: 1/465)

3. ഇബാദത്തുകളുടെ അടിസ്ഥാനം തൗഖീഫിയ്യത്താണ്; അതായത് ഒരു കാര്യം ഇബാദത്തായി സ്ഥിരപ്പെട്ടണമെങ്കിൽ അത് ഖുർആനിലോ സുന്നത്തിലോ വന്നിരിക്കണം. അല്ലാഹുവിൽ നിന്നോ അവന്റെ റസൂൽ -ﷺ- യിൽ നിന്നോ സ്ഥിരപ്പെടാത്ത യാതൊരു കാര്യവും മതത്തിൽ പുണ്യകർമ്മമായി ആചരിക്കാൻ പാടുള്ളതല്ല. 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: