6. വുദു

വുദൂഇൽ ഓരോ അവയവം കഴുകുമ്പോഴും പ്രത്യേകം പ്രാർത്ഥനകൾ ചൊല്ലേണ്ടതുണ്ടോ?

വുദൂഅ് ചെയ്യുമ്പോൾ ഓരോ അവയവം കഴുകുമ്പോഴും പ്രത്യേകം പ്രാർത്ഥനകൾ (ദുആകൾ) നിർവ്വഹിക്കുന്നത് സുന്നത്തല്ല. ശാഫിഈ ഹമ്പലീ മദ്‌ഹബുകളുടെ നിലപാടും, മാലികീ മദ്‌ഹബിലെ പ്രബലമായ ഒരു വീക്ഷണവുമാണ് ഇത്. ഇബ്‌നുൽ ഖയ്യിം, സൻആനീ, ഇബ്‌നു ബാസ്, ഇബ്‌നു ഉഥൈമീൻ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. കാരണം, ഓരോ അവയവം കഴുകുമ്പോഴും പ്രത്യേക പ്രാർത്ഥനകൾ ചൊല്ലുക എന്നത് അല്ലാഹുവിന്റെ റസൂൽ -ﷺ- യിൽ നിന്നോ, സ്വഹാബികളിൽ നിന്നോ, താബിഉകളിൽ നിന്നോ സ്ഥിരപ്പെട്ടു വന്നിട്ടില്ല.

മാലികീ പണ്ഡിതനായ അൽ-ഖർശീ -رَحِمَهُ اللَّهُ- പറയുന്നു: “ഓരോ അവയവം കഴുകുമ്പോഴും ചൊല്ലേണ്ടതായി പറയപ്പെടുന്ന കാര്യങ്ങൾ തീർത്തും ദുർബലമായ (ദ്വഈഫായ) ഹദീസാണ്; അത് പ്രാവർത്തികമാക്കാൻ പറ്റിയതല്ല. ഇക്കാര്യം സുന്നത്താണെന്ന് ചിലർ അഭിപ്രായപ്പെട്ടത് ശരിയല്ല.” (ശർഹു മുഖ്തസ്വറിൽ ഖലീൽ: 1/139)

ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “വുദൂഇൽ ഓരോ അവയവങ്ങൾ കഴുകുമ്പോഴും ചിലർ ചൊല്ലാറുള്ള ദിക്‌റുകൾ നബി -ﷺ- യിൽ നിന്നോ, ഏതെങ്കിലുമൊരു സ്വഹാബിയിൽ നിന്നോ, താബിഉകളിൽ നിന്നോ, നാല് മദ്‌ഹബുകളുടെ ഇമാമുമാരിൽ നിന്നോ സ്ഥിരപ്പെട്ടിട്ടില്ല. ഈ വിഷയത്തിൽ പറയപ്പെടാറുള്ള ഹദീഥ് അല്ലാഹുവിന്റെ റസൂൽ -ﷺ- യുടെ മേൽ കെട്ടിച്ചമച്ച വ്യാജനിർമ്മിതി മാത്രമാണ്.” (അൽവാബിൽ: 215)

ഈ വിധിക്കുള്ള കാരണങ്ങൾ:

1. ഇബാദത്തുകളുടെ അടിസ്ഥാനം ഇസ്‌ലാമിലെ തെളിവുകളായ ഖുർആനും ഹദീഥുമാണ്. അല്ലാഹുവോ അവന്റെ റസൂലോ കൽപിക്കാത്ത ഒരു കാര്യം ആരാധനയായി നിശ്ചയിക്കാൻ പാടുള്ളതല്ല.

2. നബി -ﷺ- യുടെ വുദൂഇന്റെ പൂർണ്ണ രൂപം വിശദമായി പ്രതിപാദിക്കുന്ന നിരവധി സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്. എന്നാൽ അവയിലൊന്നിൽ പോലും ഓരോ അവയവം കഴുകുമ്പോഴും പ്രത്യേക പ്രാർത്ഥനകൾ നബി -ﷺ- നിർവ്വഹിച്ചതായി വന്നിട്ടില്ല.

വുദൂഇന്റെ ആരംഭത്തിൽ ബിസ്മി ചൊല്ലുക എന്നതും, വുദൂഅ് പൂർത്തിയായ ശേഷം ശഹാദത്ത് കലിമയും സ്ഥിരപ്പെട്ടു വന്ന പ്രാർത്ഥനകളും ചൊല്ലുക എന്നതുമാണ് സുന്നത്തായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: