6. വുദു

വുദൂവിന്റെ വെള്ളം തുടച്ചു കളയുന്നത് അനുവദനീയമാണോ?

വുദൂഇന് ശേഷം അവയവങ്ങളിലെ വെള്ളം തുണിയോ ടവ്വലോ ഉപയോഗിച്ച് തുടച്ചുണക്കുന്നത് (തൻശീഫ്) അനുവദനീയമാണ് (മുബാഹ്). നാല് കർമ്മശാസ്ത്ര മദ്ഹബുകളുടെയും പൊതുവായ അഭിപ്രായമാണിത്. കാരണം, ആരാധനാ കർമ്മങ്ങളല്ലാത്ത സാധാരണ പ്രവൃത്തികളിലും ഇടപാടുകളിലും വ്യക്തമായ വിലക്ക് സ്ഥിരപ്പെടാത്തിടത്തോളം അവയെല്ലാം അനുവദനീയമാണ് എന്നതാണ് അടിസ്ഥാന വിധി. വുദൂഅ് ചെയ്ത ശേഷം ശരീരം തുടക്കുക എന്നതും അതിൽ പെട്ടതാണ്.
ശൈഖ് ഇബ്‌നു ഉസൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: “വുദൂഇന്റെ വെള്ളം തുടച്ചു കളയുന്നതിൽ യാതൊരു വിരോധവുമില്ല; കാരണം ഇത്തരം വിഷയങ്ങളിലെല്ലാം പൊതുഅനുവാദമുണ്ട് എന്നതാണ് അടിസ്ഥാന തത്വം. ആരാധനകൾ അല്ലാത്ത കാര്യങ്ങളിലും പ്രവൃത്തികളിലും അവ വിലക്കുന്ന പ്രത്യേക തെളിവ് വരാത്തിടത്തോളം അവയെല്ലാം അനുവദനീയമാണ് എന്നതാണ് അടിസ്ഥാനം. 
നബി -ﷺ- കുളിച്ചതിന് ശേഷം താൻ തുണി കൊണ്ടുവന്നു നൽകിയെങ്കിലും അവിടുന്ന് അത് നിരസിച്ചു എന്ന മൈമൂന -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥ് ചിലർ വുദൂവിന്റെ വെള്ളം തുടച്ചു കളയരുത് എന്നതിന് തെളിവാക്കാറുണ്ട്; എന്നാൽ പ്രസ്തുത ഹദീഥിലെ നബി -ﷺ- യുടെ ഈ പ്രവൃത്തി -ധാരാളം വിശദീകരണ സാധ്യതകളുള്ള- ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ഒന്നുകിൽ ആ തുണി അനുയോജ്യമല്ലെന്നതു കൊണ്ടോ അത് വൃത്തിയില്ലാത്തത് കൊണ്ടോ ആയിരിക്കാം അവിടുന്ന് അത് നിരസിച്ചത്. അതുമല്ലെങ്കിൽ ആ തുണിയിൽ വെള്ളം നനക്കേണ്ടതില്ലെന്ന് അവിടുന്ന് കരുതിയിരിക്കാം. 
മറ്റൊരർത്ഥത്തിൽ നോക്കിയാൽ, മൈമൂന -رَضِيَ اللَّهُ عَنْهَا- നബി -ﷺ- ക്ക് തുണി കൊണ്ടുവന്നു കൊടുത്തു എന്നത് തന്നെ വുദൂവിന്റെ വെള്ളം തുടക്കാം എന്നതിനുള്ള തെളിവാണ്; കാരണം നബി -ﷺ- സാധാരണയായി അങ്ങനെ ചെയ്യാറുണ്ട് എന്നതിനാലായിരിക്കണമല്ലോ അവർ അത് നബി -ﷺ- ക്ക് കൊണ്ടു വന്നു കൊടുത്തത്.” (മജ്മൂഅ്: 11/153)
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: