6. വുദു

വുദൂഅ് സ്വയം ചെയ്യാൻ സാധിക്കില്ലെങ്കിൽ എന്തു ചെയ്യണം?

വുദൂഅ് ചെയ്യുന്നതിൽ മറ്റൊരാളുടെ സഹായം സ്വീകരിക്കൽ അനുവദനീയമാണ്; ഒരാൾക്ക് സ്വയം വുദൂഅ് ചെയ്യാൻ സാധിക്കുമെങ്കിലും ഇല്ലെങ്കിലും അത് അനുവദനീയമാണ്. ഹമ്പലീ മദ്ഹബിന്റെ വീക്ഷണവും, ശാഫിഈ-ഹനഫീ മദ്ഹബുകളിലെ ഒരഭിപ്രായവുമാണ് ഇത്. ശൈഖ് ഇബ്‌നു ബാസ്, ശൈഖ് ഇബ്‌നു ഉഥൈമീൻ എന്നിവരും ഈ അഭിപ്രായമാണ് പ്രബലപ്പെടുത്തിയിട്ടുള്ളത്. 
മുഗീറത്തുബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- നിവേദനം:

كُنْتُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي سَفَرٍ، فَقَالَ: «يَا مُغِيرَةُ، خُذِ الإِدَاوَةَ»، فَأَخَذْتُهَا، فَانْطَلَقَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَتَّى تَوَارَى عَنِّي، فَقَضَى حَاجَتَهُ، وَعَلَيْهِ جُبَّةٌ شَأْمِيَّةٌ، فَذَهَبَ لِيُخْرِجَ يَدَهُ مِنْ كُمِّهَا فَضَاقَتْ، فَأَخْرَجَ يَدَهُ مِنْ أَسْفَلِهَا، فَصَبَبْتُ عَلَيْهِ، فَتَوَضَّأَ وُضُوءَهُ لِلصَّلَاةِ، وَمَسَحَ عَلَى خُفَّيْهِ، ثُمَّ صَلَّى

“ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. അവിടുന്ന് പറഞ്ഞു: ‘മുഗീറാ, ആ പാത്രം എടുക്കൂ.’ ഞാനത് എടുത്തു. തുടർന്ന് നബി -ﷺ- എന്നിൽ നിന്ന് മറയുന്നിടത്തോളം പോയി തന്റെ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിച്ചു. 
അവിടുന്ന് ഒരു ശാമീ ജൂബ്ബയായിരുന്നു ധരിച്ചിരുന്നത്; അതിന്റെ കൈക്കുഴയിലൂടെ തന്റെ കൈ പുറത്തെടുക്കാൻ നോക്കിയപ്പോൾ അത് ഇടുങ്ങിയതായതിനാൽ അവിടുത്തേക്ക് അതിന് സാധിച്ചില്ല. അതിനാൽ അതിന്റെ അടിയിലൂടെ അവിടുന്ന് തന്റെ കൈകൾ പുറത്തെടുത്തു. 
ശേഷം ഞാൻ അവിടുത്തേക്ക് വെള്ളമൊഴിച്ചു കൊടുത്തു; അവിടുന്ന് നിസ്കാരത്തിനെന്ന പോലെ വുദൂഅ് ചെയ്യുകയും, തന്റെ ഖുഫ്ഫകളുടെ മേൽ തടവുകയും ശേഷം നമസ്കരിക്കുകയും ചെയ്തു.” (ബുഖാരി: 363, മുസ്‌ലിം: 274)
മുഗീറ -رَضِيَ اللَّهُ عَنْهُ- “ഞാൻ അവിടുത്തേക്ക് വെള്ളമൊഴിച്ചു കൊടുത്തു” എന്നു പറഞ്ഞതിൽ നിന്ന് വുദൂഅ് നിർവ്വഹിക്കുമ്പോൾ മറ്റൊരാളുടെ സഹായം തേടുന്നത് അനുവദനീയമാണ് എന്ന് വ്യക്തമായി മനസ്സിലാക്കാം. 
സമാനമായ ഹദീഥ് ഉസാമതു ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- വിൽ നിന്നും സ്ഥിരപ്പെട്ടിട്ടുണ്ട്. (ബുഖാരി: 139, മുസ്‌ലിം: 1280) 
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: