6. വുദു

വുദൂഅ് ചെയ്യുമ്പോൾ സംസാരിക്കാൻ പാടുണ്ടോ?

വുദൂഅ് ചെയ്യുന്നതിനിടയിൽ സംസാരിക്കുന്നത് നിഷിദ്ധമല്ല (ഹറാമല്ല). നാല് മദ്‌ഹബുകളുടെയും ഏകോപിച്ച അഭിപ്രായമാണിത്. വുദൂഇന്റെ വേളയിൽ സംസാരിക്കുന്നതിനെ വിലക്കുന്ന യാതൊരു തെളിവും വന്നിട്ടില്ല. ഇത്തരം വിഷയങ്ങളിൽ അടിസ്ഥാനപരമായ വിധി അവ അനുവദനീയമാണെന്നതാണ്. അതിനെല്ലാം പുറമെ, ശുദ്ധീകരണ വേളയിൽ സംസാരിക്കാമെന്നതിന് സുന്നത്തിൽ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുമുണ്ട്.

ഉമ്മു ഹാനിഅ് ബിൻത് അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهَا- നിവേദനം:

((ذَهَبْتُ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَامَ الفَتْحِ، فَوَجَدْتُهُ يَغْتَسِلُ، وَفَاطِمَةُ ابْنَتُهُ تَسْتُرُهُ، قَالَتْ: فَسَلَّمْتُ عَلَيْهِ، فَقَالَ: «مَنْ هَذِهِ؟» فَقُلْتُ: أَنَا أُمُّ هَانِئٍ بِنْتُ أَبِي طَالِبٍ، فَقَالَ: «مَرْحَبًا بِأُمِّ هَانِئٍ». فَلَمَّا فَرَغَ مِنْ غُسْلِهِ، قَامَ فَصَلَّى ثَمَانِيَ رَكَعَاتٍ، مُلْتَحِفًا فِي ثَوْبٍ وَاحِدٍ))

“മക്കാ വിജയത്തിന്റെ വർഷത്തിൽ ഞാൻ നബി -ﷺ- യുടെ അടുക്കലേക്ക് ചെന്നു. അപ്പോൾ അവിടുന്ന് കുളിക്കുകയായിരുന്നു; മകൾ ഫാത്വിമ അവിടുത്തേക്ക് മറപിടിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഞാൻ അവിടുത്തേക്ക് സലാം പറഞ്ഞു. അപ്പോൾ അവിടുന്ന് ചോദിച്ചു: ‘ആരാണിത്?’ ഞാൻ പറഞ്ഞു: ‘ഞാൻ അബൂ ത്വാലിബിന്റെ മകൾ ഉമ്മു ഹാനിഅ് ആണ്.’ അവിടുന്ന് പറഞ്ഞു: ‘ഉമ്മു ഹാനിഇന് സ്വാഗതം.’ അങ്ങനെ കുളി കഴിഞ്ഞപ്പോൾ ഒരൊറ്റ വസ്ത്രം പുതച്ചുകൊണ്ട് അവിടുന്ന് എട്ട് റക്അത്തുകൾ നമസ്കരിച്ചു.”(ബുഖാരി: 357, മുസ്‌ലിം: 336)

നബി -ﷺ- കുളിക്കുന്നതിനിടയിൽ സംസാരിച്ചു എന്നത് ഈ ഹദീഥിൽ നിന്ന് വ്യക്തമാണ്. വലിയ അശുദ്ധിയിൽ നിന്നുള്ള കുളിക്കിടെ സംസാരിക്കാമെങ്കിൽ ചെറിയ അശുദ്ധി നീക്കുന്ന വുദൂഇന്റെ വേളയിൽ സംസാരിക്കാമെന്നത് കൂടുതൽ വ്യക്തമാണ്.

ശാഫിഈ മദ്‌ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “വുദൂഇന്റെയും കുളിയുടെയും വേളയിൽ സംസാരിക്കുന്നത് പണ്ഡിതന്മാർ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് സ്വഹീഹ് മുസ്‌ലിമിന്റെ വിശദീകരണത്തിൽ ഖാദി ഇയാദ്വ് ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം ഉദ്ധരിച്ച ഈ കറാഹത് ‘ഉത്തമമായതിന് എതിര്’ എന്ന അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. അതല്ലാതെ അക്കാര്യം വിലക്കുന്ന യാതൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല.” (മജ്‌മൂഅ്: 1/466)

ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: “വുദൂഇനിടയിലുള്ള സംസാരം വെറുക്കപ്പെട്ടതല്ല. എങ്കിലും വുദൂഅ് ചെയ്യുന്നവനെ അത്  അശ്രദ്ധയിലാക്കും. കാരണം മുഖം കഴുകുമ്പോഴും കൈകൾ കഴുകുമ്പോഴും തല തടവുമ്പോഴും കാലുകൾ കഴുകുമ്പോഴും താൻ അല്ലാഹുവിന്റെ കൽപ്പന നിറവേറ്റുകയാണെന്ന നിയ്യത് അവൻ മനസ്സിൽ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മറ്റൊരാൾ അവനോട് സംസാരിക്കുകയും അവൻ പ്രതികരിക്കുകയും ചെയ്യുമ്പോൾ ഈ ശ്രദ്ധ മുറിഞ്ഞുപോവുകയും മനസ്സ് അസ്വസ്ഥമാവുകയും വസ്‌വാസിന് കാരണമാവുകയും ചെയ്തേക്കാം. അതിനാൽ വുദൂഅ് പൂർത്തിയാകുന്നത് വരെ സംസാരിക്കാതിരിക്കലാണ് ഉത്തമം. എന്നാൽ സംസാരിച്ചാൽ അവന്റെ മേൽ അതൊരു കുറ്റമാണെന്ന് പറയാനാകില്ല.” (ശൈഖിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന്)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: