6. വുദു

വുദൂഇന്റെ അവയവങ്ങള്‍ എവിടെ നിന്നാണ് കഴുകി തുടങ്ങേണ്ടത്?

വുദുവിന്റെ സന്ദര്‍ഭത്തില്‍ കൈകാലുകൾ കഴുകുമ്പോൾ വിരലുകളുടെ അഗ്രങ്ങളിൽ നിന്നും, തല തടവുമ്പോൾ തലയുടെ മുൻഭാഗത്തുനിന്നും തുടങ്ങി പൂർത്തിയാക്കൽ സുന്നത്താണ്. ഭൂരിപക്ഷം പണ്ഡിതന്മാരും (ഹനഫീ, മാലികീ, ശാഫിഈ മദ്ഹബുകൾ) ഈ അഭിപ്രായക്കാരാണ്.

﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ﴾

“അല്ലാഹുവില്‍ വിശ്വസിച്ചവരേ! നിങ്ങൾ നിസ്കാരത്തിന് ഒരുങ്ങിയാൽ നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ നിങ്ങളുടെ കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും, ഞെരിയാണിവരെ കാലുകൾ കഴുകുകയും ചെയ്യുക.” [അൽമാഇദഃ: 6]

ഇവിടെ കൈമുട്ടുകളെയും ഞെരിയാണികളെയും കഴുകലിന്റെ അവസാനമെന്നോണമാണ് (إلى المرافق / إلى الكعبين) എണ്ണിയിട്ടുള്ളത്. അതിനാൽ കൈമുട്ടുകളും നെരിയാണിയും അവസാനമായിരിക്കണം കഴുകേണ്ടത് എന്ന് അതില്‍ നിന്ന് മനസ്സിലാക്കാം; സ്വാഭാവികമായും കഴുകലിന്റെ ആരംഭം വിരൽതുമ്പുകളിൽ നിന്നായിരിക്കേണ്ടതുണ്ട്. (ഫത്ഹുല്‍ ഖദീര്‍ / ഇബ്‌നുല്‍ ഹുമാം: 1/36)

അബ്ദുല്ലാഹ് ബിൻ സൈദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഇന്റെ രൂപം കാണിച്ചുകൊടുത്തപ്പോൾ, കൈകൾ കൈമുട്ടുകൾ വരെ കഴുകുകയും തല തടവുമ്പോൾ മുൻഭാഗത്തുനിന്ന് തുടങ്ങി പിരടിവരെ കൊണ്ടുപോയി തിരികെ തുടങ്ങിയ സ്ഥലത്തേക്ക് തന്നെ കൊണ്ടുവരികയും ചെയ്തതായി ഹദീഥിലും സ്ഥിരപ്പെട്ടിട്ടുണ്ട്. (ബുഖാരി: 185, മുസ്‌ലിം: 235)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: