6. വുദു

വുദൂഇൽ അവയവങ്ങൾ ഉരച്ചു കഴുകല്‍ നിര്‍ബന്ധമാണോ?

വുദൂഇൽ നിർബന്ധമായും കഴുകേണ്ട അവയവങ്ങൾ കൈകൊണ്ട് തടവുകയും ഉരച്ചു കഴുകുകയും അവയവങ്ങളുടെ മുൻഭാഗത്തുനിന്ന് (വിരലുകളുടെ അഗ്രങ്ങളിൽ നിന്ന്) തുടങ്ങുകയും ചെയ്യുന്നത് സുന്നത്താണ്. ഇതിന് ‘ദൽക്’ എന്നാണ് പറയുക.

ഭൂരിപക്ഷം കർമ്മശാസ്ത്ര പണ്ഡിതന്മാരുടെയും (ഹനഫീ, ശാഫിഈ, ഹമ്പലീ മദ്ഹബുകൾ) വീക്ഷണം ദല്‍ക് സുന്നത്താണ് എന്നാണ്. എന്നാൽ ഉരച്ചു കഴുകിയില്ലെങ്കില്‍ വെള്ളം തൊലിയില്‍ ചേരില്ല എന്ന അവസ്ഥയുണ്ടെങ്കിൽ തടവൽ നിർബന്ധമാകുന്നതാണ്.

ഉഥ്മാൻ ബിൻ അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

«مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ، حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ»

“ആരെങ്കിലും വുദൂഅ് ചെയ്യുകയും അത് ഏറ്റവും നന്നാക്കുകയും ചെയ്‌താല്‍, അവന്റെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തുപോകുന്നതാണ്; നഖങ്ങളുടെ അടിയിൽ നിന്ന് പോലും അവ കൊഴിഞ്ഞു പോകും.” (മുസ്‌ലിം: 245)

വുദൂഅ് നന്നാക്കുക (إحسان الوضوء) എന്നതിന്റെ വിവക്ഷയിൽ അവയവങ്ങൾ മൂന്നുതവണ കഴുകുന്നതും കൈകൊണ്ട് തടവുന്നതും ഉൾപ്പെടുമെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: