വുദൂഇൽ അവയവങ്ങൾ കഴുകുമ്പോൾ വലതുഭാഗം കൊണ്ട് ആരംഭിക്കൽ (തയാമുൻ) സുന്നത്താണ്. ആരെങ്കിലും വലതുഭാഗത്തിന് മുൻപായി ഇടതുഭാഗം കഴുകിയാൽ അയാളുടെ വുദൂ അസാധുവാകില്ല എന്ന് ഈ പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാം. അങ്ങനെ സംഭവിച്ചാല്‍ വുദൂ വീണ്ടും ചെയ്യേണ്ടതില്ല എന്നതിൽ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്.
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നബി -ﷺ- യുടെ വുദൂഇന്റെ രൂപം വിവരിച്ചുകൊണ്ട് പറയുന്നു:
«أَنَّهُ تَوَضَّأَ فَغَسَلَ وَجْهَهُ، أَخَذَ غَرْفَةً مِنْ مَاءٍ، فَمَضْمَضَ بِهَا وَاسْتَنْشَقَ، ثُمَّ أَخَذَ غَرْفَةً مِنْ مَاءٍ، فَجَعَلَ بِهَا هَكَذَا، أَضَافَهَا إِلَى يَدِهِ الأُخْرَى، فَغَسَلَ بِهِمَا وَجْهَهُ، ثُمَّ أَخَذَ غَرْفَةً مِنْ مَاءٍ، فَغَسَلَ بِهَا يَدَهُ اليُمْنَى، ثُمَّ أَخَذَ غَرْفَةً مِنْ مَاءٍ، فَغَسَلَ بِهَا يَدَهُ اليُسْرَى، ثُمَّ مَسَحَ بِرَأْسِهِ، ثُمَّ أَخَذَ غَرْفَةً مِنْ مَاءٍ، فَرَشَّ عَلَى رِجْلِهِ اليُمْنَى حَتَّى غَسَلَهَا، ثُمَّ أَخَذَ غَرْفَةً أُخْرَى، فَغَسَلَ بِهَا رِجْلَهُ، يَعْنِي: اليُسْرَى، ثُمَّ قَالَ: هَكَذَا رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَتَوَضَّأُ»
“അവിടുന്ന് വുദൂഅ് ചെയ്തപ്പോള്‍ മുഖം കഴുകുകയും, ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് വായ കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. പിന്നീട് മറ്റൊരു കൈക്കുമ്പിൾ വെള്ളമെടുത്ത് അത് മറുകൈയിലേക്ക് ചേർത്ത് രണ്ടുംകൂടി മുഖം കഴുകി. പിന്നീട് ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് തന്റെ വലതുകൈ കഴുകി, പിന്നീട് ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് ഇടതുകൈ കഴുകി. ശേഷം തല തടവി. പിന്നീട് ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് തന്റെ വലതുകാലിൽ തളിച്ച് അത് കഴുകി, പിന്നീട് മറ്റൊരു കൈക്കുമ്പിൾ വെള്ളമെടുത്ത് ഇടതുകാൽ കഴുകി.
ശേഷം ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ -ﷺ- ഇപ്രകാരം വുദൂഅ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.” (ബുഖാരി: 140)
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
«إِذَا لَبِسْتُمْ وَإِذَا تَوَضَّأْتُمْ، فَابْدَؤُوا بِأَيَامِنِكُمْ»
“നിങ്ങൾ വസ്ത്രം ധരിക്കുമ്പോഴും വുദൂഅ് ചെയ്യുമ്പോഴും നിങ്ങളുടെ വലതുഭാഗങ്ങൾ കൊണ്ട് ആരംഭിക്കുക.” (അബൂദാവൂദ്: 4141, ഇബ്‌നു മാജ: 402)
ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
«كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ وَتَرَجُّلِهِ وَطُهُورِهِ، وَفِي شَأْنِهِ كُلِّهِ»
“നബി -ﷺ- ചെരുപ്പ് ധരിക്കുമ്പോഴും, മുടി ചീകുമ്പോഴും, ശുദ്ധീകരിക്കുമ്പോഴും തന്റെ എല്ലാ കാര്യങ്ങളിലും വലതുഭാഗം മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു.” (ബുഖാരി: 168, മുസ്‌ലിം: 268)
വുദൂഇൽ വലതുഭാഗം മുന്തിക്കൽ സുന്നത്താണെന്നതിലും, വലതിന് മുൻപ് ഇടത് കഴുകിയാലും വുദൂ ശരിയാകുമെന്നതിലും പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം ഉണ്ടെന്ന് നിരവധി പേര്‍ രേഖപ്പെടുത്തിയിട്ടുണ്ട്:
ഇബ്‌നുൽ മുൻദിർ -رَحِمَهُ اللَّهُ- പറയുന്നു: “വുദൂഇൽ വലതിന് മുൻപായി ഇടതുകൊണ്ട് ആരംഭിച്ചവന് അത് വീണ്ടും ചെയ്യേണ്ടതില്ലെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.” (ഇജ്മാഅ: 35)
ഇബ്‌നു അബ്ദിൽ ബർറ് -رَحِمَهُ اللَّهُ- പറയുന്നു: “വുദുവിന്റെ സന്ദര്‍ഭത്തില്‍ ഇടതുകൈയ്യിന് മുൻപായി വലതുകൈ കഴുകലാണ് കൂടുതൽ ശ്രേഷ്ഠമെന്നതിൽ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു … അതുപോലെ വലതുകൈക്ക് മുൻപായി ഇടതുകൈ കഴുകിയ ഒരാൾക്ക് വുദൂ വീണ്ടും ചെയ്യേണ്ടതില്ല എന്നതിലും അവർ യോജിച്ചിരിക്കുന്നു.” (തംഹീദ്: 20/122)
ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “വലതുഭാഗം മുന്തിക്കൽ സുന്നത്താണെന്നതിലും അത് നിർബന്ധമല്ല (വാജിബല്ല) എന്നതിലും ഇജ്മാഉണ്ട്.” (മജ്മൂഅ: 1/383)
